ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിമ്പിക്സിന്റെ വേദിയിൽ തന്നെയാണ് കായികപ്രേമികളുടെ കണ്ണും മനസും. വര്‍ഷങ്ങളുടെ പ്രയത്നവും കഠിനാധ്വാനവുമൊക്കെയായി ഈ വേദിയിലേക്ക് എത്തുന്ന എല്ലാവരും മെഡൽ നേടാറില്ല. ഏറ്റവും വലിയ കായിക വേദിയിൽ മത്സരിക്കാനുള്ള അഭിനിവേശത്താൽ ഇവിടെയെത്തുന്ന കായിക താരങ്ങളിൽ പലർക്കും മെഡലിന്റെ തിളക്കം ഇല്ലെങ്കിലും ലോകമെമ്പാടുമുള്ള മനുഷ്യർക്ക് പ്രചോദനമാകാൻ കഴിയുന്ന ഒരു കഥ പറയാൻ ഉണ്ടാവും. അത്തരം ചില നല്ല നിമിഷങ്ങൾ കൂടി നമുക്ക് സമ്മാനിക്കുന്നുന്നുണ്ട് ഇത്തവണത്തെ പാരീസ് ഒളിമ്പിക്സും.
യയ്ലാഗുൽ റമസനോവ(അസർബൈജാൻ അമ്പെയ്ത്ത്)
പാരീസ് ഒളിമ്പിക്സിന്റെ വേദിയിലും എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തുവന്ന ചിലർ ഉണ്ടായിരുന്നു. അതിൽ ഒരാൾ ആണ് യയ്ലാഗുൽ റമസനോവ. 34 കാരിയായ റമസനോവ ആറര മാസം ഗർഭിണിയാണ് പാരീസ് ഒളിമ്പിക്സിന്റെ വേദിയിലേക്ക് പോയത്. കണ്ണട ധരിച്ചുകൊണ്ട് ആണ് റമസനോവ വനിതകളുടെ വ്യക്തിഗത റികർവ് അമ്പെയ്ത്ത് ഇനത്തിൽ മത്സരിച്ചത്. 2016 ൽ റിയോ ഗെയിംസിൽ പങ്കെടുത്ത സ്വഹാബിയായ ഓൾഗ സെൻയുക്കിന് ശേഷം ഒളിമ്പിക് കട്ട് നേടുന്ന അസർബൈജാനിൽ നിന്നുള്ള രണ്ടാമത്തെ അമ്പെയ്ത്ത് താരം കൂടിയാണ് റമസനോവ. യയ്ലാഗുൽ തൻ്റെ കായിക ജീവിതം ആരംഭിച്ചത് ഒരു ഷൂട്ടർ ആയിട്ടായിരുന്നു. പിന്നീട് അവളുടെ നീളമുള്ള കൈകളിൽ അമ്പെയ്ത്തും വഴങ്ങും എന്ന് കണ്ടെത്തിയത് പരിശീലകൻ ആയിരുന്നു. പാരീസിലെ 36 ഡിഗ്രി സെൽഷ്യസ് ചൂടിൽ ആയിരുന്നു ആറര മാസം ഗർഭിണിയായ റമസനോവ മത്സരിക്കാനിറങ്ങിയത്.
ഉജ്വലമായ വിജയം നേടിക്കൊണ്ട് തന്നെ ആയിരുന്നു റമസനോവ ആദ്യ വേദിയിൽ നിന്നും ഇറങ്ങിയത്. “അമ്പ് എയ്യും മുൻപ് എൻ്റെ കുഞ്ഞ് എന്നെ ചവിട്ടിയതായി എനിക്ക് തോന്നി, അതിനുശേഷമാണ് ഞാൻ ഈ 10 റൺസ് എടുത്തത്. ഒളിമ്പിക്സിനുള്ള പരിശീലന സമയത്ത്, എൻ്റെ ഗർഭധാരണത്തെക്കുറിച്ച് എനിക്ക് അസ്വസ്ഥത തോന്നിയില്ല. പകരം, ഞാൻ ഒറ്റയ്ക്ക് പോരാടുകയല്ല, എൻ്റെ കുട്ടിയുമായി ഒരുമിച്ച് പോരാടുകയാണെന്ന് എനിക്ക് തോന്നി” എന്നാണ് റമസനോവ മാധ്യമങ്ങളോട് പ്രതികരിച്ചത്. റമസനോവ അടുത്ത റൗണ്ടിൽ പുറത്തായെങ്കിലും പറഞ്ഞത് തനിക്ക് ജനിക്കുന്ന കുഞ്ഞ് ആൺകുട്ടി ആയാലും പെൺകുട്ടി ആയാലും അവർക്ക് അമ്പെയ്ത്തിൽ താല്പര്യം ഉണ്ടെങ്കിൽ പരിശീലനം കൊടുക്കും എന്നായിരുന്നു.
നദ ഹഫീസ് (ഈജിപ്ഷ്യൻ ഫെൻസർ)
ഇത്തവണ ഒളിമ്പിക്സില്‍ ഫെന്‍സിങ് താരം നദ ഹഫീസ് ഉള്ളിലൊരു ജീവന്റെ തുടിപ്പുമായാണ് മത്സരത്തിനിറങ്ങിയത്. കായിക ലോകത്തെ അമ്പരപ്പിച്ച്, താരം താന്‍ ഏഴുമാസം ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തുകയായിരുന്നു. വനിതാ ഫെന്‍സിങ് സാബ്റെ ഇനത്തില്‍ പ്രീക്വാര്‍ട്ടറിലെത്തി കരിയറിലെ മികച്ച നേട്ടം കൈവരിച്ചാണ് ഈജിപ്തിന്റെ വനിതാ താരത്തിന്റെ ഈ മനോഹരമായ വെളിപ്പെടുത്തല്‍. 26 കാരിയായ നദ ലോക പത്താം നമ്പര്‍ താരം അമേരിക്കയുടെ എലിസബേത്ത് തര്‍ട്ടകോവിസ്കിയെ തോല്പിച്ചാണ് പ്രീക്വാര്‍ട്ടര്‍ കടന്നത്.
എന്നാല്‍ അടുത്ത പടിയില്‍ ദക്ഷിണ കൊറിയന്‍ താരത്തോട് നദ പരാജയപ്പെട്ടു. എങ്കിലും തന്റെ ജീവിതത്തിലെ ഏറ്റവും പ്രത്യേകത നിറഞ്ഞ ഒളിമ്പിക്സായിരുന്നു ഇതെന്ന് താരം പറഞ്ഞു. ‘മത്സരവേദിയില്‍ എന്നെയും എതിരാളിയെയും മാത്രമാണ് നിങ്ങള്‍ കണ്ടത്. എന്നാല്‍ ശരിക്കും ഞങ്ങള്‍ 3 പേരുണ്ടായിരുന്നു. ഞാനും എതിരാളിയും പിന്നെ ലോകത്തേക്ക് എത്താത്ത എന്റെ കുഞ്ഞും. ജീവിതവും സ്പോര്‍ട്സും ഒന്നിച്ചുകൊണ്ടുപോകുന്നതിനായി പോരാടുന്നത് സാഹസികമായി തോന്നുന്നു’ എന്നായിരുന്നു നദ പറഞ്ഞത്.
യൂസഫ് ഡികെച്ച് (ടർക്കിഷ് ഷൂട്ടർ)
ഏത് ഷൂട്ടറിനോടും ചോദിച്ചാൽ അവർ പറയും, ഷൂട്ടിംഗ് ഒരു ഒളിമ്പിക് സ്പോർട്സാണ്, അവിടെ പ്രായത്തിന് പ്രസക്തിയില്ല എന്ന്. ഈ പ്രസ്താവന ശരിയാണ് എന്ന് തെളിയിച്ച ഒരാൾ ഇത്തവണ പാരീസ് ഒളിമ്പിക്സ് വേദിയിൽ ഉണ്ടായിരുന്നു. പ്രായം 51 വയസ്സാണെങ്കിലും ശാരീരികമായും മാനസികമായും 20 വയസ്സുകാരനെ പോലെ ഒരാൾ. സൗമ്യനായി കണ്ണട ധരിച്ചെത്തിയ ഷൂട്ടറായ യൂസഫ് ഡികെച്ച് സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്നാണ് വൈറൽ ആയത്. പാരീസ് ഒളിമ്പിക്സിലെ ഷൂട്ടിങ് സെന്റില്‍ 10 മീറ്റർ എയർ പിസ്റ്റള്‍ മിക്സഡ് വിഭാഗം ഇവന്റ് നടക്കുമ്പോൾ ലോകം മുഴുവൻ ശ്രദ്ധിച്ചത് ഈ മനുഷ്യനെ ആണ്. സാധാരണയായി ഷൂട്ടർമാർ ഏകാഗ്രത ലഭിക്കുന്നതിനായി ധരിക്കുന്ന ഒരു ഉപകരണത്തിന്റേയും സഹായമില്ലാതെയായിരുന്നു അയാള്‍ വെടിയുതിർത്തുകൊണ്ടിരുന്നത്.
ഒരു കൈ പോക്കറ്റിലുമിട്ട് വളരെ കൂളായിട്ട് ആയിരുന്നു അയാളുടെ പ്രകടനം. മാത്രമല്ല വെള്ളിമെഡലും നേടിയായിരുന്നു ഡികെച്ചും പങ്കാളിയായ സെവല്‍ ടർഹാനും ഷൂട്ടിങ് സെന്റർ വിട്ടത്. ഗ്ലെയർ ഒഴിവാക്കിയുള്ള പ്രത്യേക കണ്ണട, മറ്റു ശബ്ദങ്ങൾ ഒഴിവാക്കാനുള്ള ചെവിക്കുള്ള പ്രൊട്ടക്ഷൻ ഇങ്ങിനെയുള്ള സാധാരണയായി ഷൂട്ടിങ് താരങ്ങൾ ഉപയോഗിക്കുന്ന ഒന്നും ഇല്ലാതെ ആണ് ഈ കണ്ണട ധരിച്ച മനുഷ്യൻ വന്നിട്ട് കൂളായി ആ മെഡലും കൊണ്ട് പോയത്. അങ്കാരയിലെ ഗാസി യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ഫിസിക്കല്‍ ട്രെയിനിങ് ആൻഡ് എജുക്കേഷനിലായിരുന്നു ഇദ്ദേഹത്തിന്റെ പഠനം. പിന്നീട് കോന്യയിലെ സെല്‍ക്കുക്ക് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഷൂട്ടിങ് പരിശീലനത്തില്‍ ബിരുദാനന്ത ബിരുദമെടുത്തു. 2008, 2012, 2016, 2020 ഒളിമ്പിക്സുകളിലും ഇതിനു മുൻപ് ഡികെച്ച് പങ്കെടുത്തിട്ടുണ്ട്. 2014 ലോക ചാമ്പ്യൻഷിപ്പില്‍ 25 മീറ്റർ സ്റ്റാൻഡേർഡ് പിസ്റ്റളിലും 25 മീറ്റർ സെന്റർ ഫയർ പിസ്റ്റളിലും ചാമ്പ്യനായി. 10 മീറ്റർ എയർ പിസ്റ്റളിലും വെള്ളി സ്വന്തമാക്കിയിരുന്നു. യൂറോപ്യൻ ചാമ്പ്യൻഷിപ്പില്‍ ഏഴ് കിരീടങ്ങളാണ് നേടിയത്. ഒരു മെഡൽ ജേതാവ് എന്ന നിലയിൽ മാത്രമല്ല, 2024-ലെ പാരീസ് ഒളിമ്പിക്സിൽ ഏറ്റവും ജനപ്രീതിയാർജ്ജിച്ച വ്യക്തി എന്ന നിലയിലും ഒളിമ്പിക് ചരിത്ര പുസ്തകങ്ങളിൽ അദ്ദേഹം തൻ്റെ പേര് എഴുതി ചേർത്ത് കഴിഞ്ഞു. 2028-ലെ ലോസ് ഏഞ്ചൽസിൽ നടക്കുന്ന എഡിഷനിൽ, 55-ാം വയസ്സിൽ അദ്ദേഹം തിരിച്ചെത്തിയാൽ, ലോകം മുഴുവൻ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന കായികതാരങ്ങളിൽ ഒരാളായിരിക്കും ഡികെച്ച്.
ഷിയിംഗ് സെങ്(ചൈനീസ് വംശജയായ ചിലിയൻ ടേബിൾ ടെന്നീസ് താരം)
ചൈനീസ് വംശജനായ ചിലിയൻ ടേബിൾ ടെന്നീസ് കളിക്കാരനായ ഷിയിംഗ് സെങ്ങിൻ്റെ ഉള്ളിൽ 1970-കൾ മുതൽ ജ്വലിച്ച തീ തന്നെയാണ് 58-ാം വയസ്സിൽ പാരീസ് ഒളിമ്പിക്സിൽ അരങ്ങേറ്റം കുറിച്ചപ്പോഴും ഉണ്ടായിരുന്നത്. പാരിസ് ഒളിംപിക്സിൽ മത്സരിക്കുന്ന പ്രായം കൂടിയ കായിക താരമാണ് 58 വയസ്സുള്ള ചിലിയുടെ ഈ ടെന്നീസ് മുത്തശ്ശി. തന്റെ ആദ്യ ഒളിംപിക്സിന് തയ്യാറെടുക്കുന്ന ഷിയിംഗിന് ഗെയിംസ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ജൂലായ് 17 നാണ് 58 വയസ്സ് തികഞത്. തന്റെ 20-ാം വയസിൽ കൈവിട്ട് പോയ സ്വപ്നങ്ങളിലേക്കാണ് 38 വർഷങ്ങൾക്ക് ശേഷം ഷിയിംഗ് സെങ് തന്റെ 58-ാം വയസ്സിൽ വീണ്ടും നടന്നടുക്കുന്നത്.
1970 കളിൽ ചൈനയിലെ പ്രൊഫഷണൽ യൂത്ത് ടീമിൽ കളിച്ചു തുടങ്ങിയ ഷിയിംഗിന്റെ കരിയർ മുഴുവൻ ട്വിസ്റ്റുകൾ നിറഞ്ഞതായിരുന്നു. ടേബിൾ ടെന്നീസ് പരിശീലകയായിരുന്ന അമ്മയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ടേബിൾ ടെന്നീസിലെത്തുന്നത്. നിരവധി ദേശീയ അന്തർ ദേശീയ ടൂർണമെന്റുകൾ വിജയിക്കാനായ ഷിയിംഗിന് പക്ഷെ ഒളിംപിക്സിൽ എത്താൻ സാധിച്ചില്ല. 1986-ൽ 20-ാം വയസ്സിലാണ് ഷിയിംഗ് പ്രൊഫഷണൽ ടേബിൾ ടെന്നീസിൽ നിന്ന് വിരമിച്ചത്. ദ്വി വർണ്ണ നിയമമെന്ന പുതിയ പരിഷ്കാരം ടേബിൾ ടെന്നീസിൽ കൊണ്ട് വന്നതിനെ തുടർന്നാണ് പിന്മാറിയത്. പിന്നീട് പരിശീലക വേഷത്തിലേക്ക് മാറിയ ഷിയിംഗ് പിന്നീട് പരിശീലക കുപ്പായവും അഴിച്ച് വെച്ച് ഫർണിച്ചർ ബിസിനസ്സിലേക്ക് കടന്നു. പിന്നീട് ചിലിയിലേക്ക് കുടിയേറിയ ഷിയിംഗ് പിന്നീട് അവിടെ തുടർന്നു.
2019 ൽ ലോകത്തെ അപ്രതീക്ഷിത യു ടേൺ അടിപ്പിച്ച കോവിഡ് പാൻഡമിക്കാണ് ഷിയിംഗിന്റെ ജീവിതത്തിൽ വീണ്ടും വഴിത്തിരിവായത്. രോഗ വ്യാപനം തടയാൻ രാജ്യം മുഴുവൻ അടച്ചുപൂട്ടിയപ്പോൾ വിരസതയകറ്റാൻ ഷിയിംഗ് ടെന്നീസ് റാക്കറ്റ് വീണ്ടും കയ്യിലെടുത്തു. മണിക്കൂറുകളോളം വീട്ടിൽ ഒറ്റയ്ക്ക് കളിച്ചു തുടങ്ങി. യൗവന കാലത്തെ തന്റെ ടേബിൾ ടെന്നീസ് പ്രിയം മുപ്പത്തഞ്ചു വർഷങ്ങൾക്ക് ശേഷം ഷിയിംഗിനെ വീണ്ടും ട്രാക്കിലെത്തിച്ചു. പ്രാദേശിക ടൂർണമെൻ്റുകളിലൂടെയായിരുന്നു ആ തിരിച്ചു വരവ്. തന്നെക്കാൾ ഇരട്ടിയോളം പ്രായം കുറവുള്ളവരോടായിരുന്നു ഏറ്റുമുട്ടലൊക്കെയും, അങ്ങനെ 2023-ഓടെ, രാജ്യത്തെ ഏറ്റവും ഉയർന്ന റാങ്കുള്ള വനിതാ കളിക്കാരിയായി ഷിയിംഗ് ചിലിയുടെ ദേശീയ ടീമിൽ ഇടം നേടി. ശേഷം ചിലിയുടെ വനിതാ ടീമിൻ്റെ ഭാഗമായി, 2023 ലെ സുഡാമേരിക്കാനോസിൽ ഒന്നാം സ്ഥാനവും 2023 പാൻ-അമേരിക്കൻ ഗെയിംസിൽ വെങ്കലവും നേടി. ഈ രണ്ട് ടൂര്‍ണമെന്റുകളിലും ഒളിംപിക്സിന്റെ യോഗ്യത കടന്നു.
പാരീസിൽ നടന്ന പ്രാഥമിക റൗണ്ടിൽ ലെബനനിലെ മരിയാന സഹാക്കിയനോട് തോറ്റെങ്കിലും, പ്രായത്തെ വകവയ്ക്കാതെ തന്റെ ആഗ്രഹങ്ങൾക്കും അടങ്ങാത്ത അഭിനിവേശത്തിനും പിന്നാലെ ഈ വേദി വരെ എത്താൻ ഷിയിംഗ് സെങ്ങിനു കഴിഞ്ഞു എന്നത് തന്നെയാണ് അവരുടെ വിജയം.
റെക്കോര്‍ഡ് വേഗം കുറിച്ച് വേഗരാജാവായ അമേരിക്കയുടെ നോഹ ലൈല്‍സ് പാരീസ് ഒളിമ്പിക്സിൽ നടന്ന പുരുഷന്മാരുടെ 100 മീറ്ററില്‍ ത്രസിപ്പിക്കുന്ന മത്സരത്തിൽ ഫോട്ടോ ഫിനിഷിലൂടെ കിരീടം ചൂടിയിരുന്നു. എന്നാല്‍ ട്രാക്കിലെ കുതിപ്പിലൂടെ നോഹ തോല്പിച്ചത് ഒപ്പം ഓടിയ താരങ്ങളെ മാത്രമല്ല, തന്നെ അലട്ടിയ രോഗങ്ങളെ കൂടിയാണ്. ഒരു തുമ്മലോ ജലദോഷമോ വന്നാല്‍ ഉടന്‍ തളരുന്നവരാകും നമ്മളിലധികവും. എന്നാല്‍ രോഗങ്ങള്‍ തീര്‍ത്ത മുള്ളുവേലികള്‍ തകര്‍ത്താണ് അമേരിക്കയുടെ നോഹ ലൈല്‍സ് ലോകത്തിന്റെ ട്രാക്ക് കീഴടക്കിയത്. താനൊരു ആസ്ത്മ രോഗിയാണെന്നും അലര്‍ജിയുണ്ടെന്നും തനിക്ക് ഡിസ്ലെക്സിയയുണ്ട് എന്നും മത്സരത്തിന് ശേഷം അദ്ദേഹം ഈ ലോകത്തോട് വെളിപ്പെടുത്തി. അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഡിസോഡർ (ADD) ഉണ്ട്, ആന്സൈറ്റിയുണ്ട് ഒപ്പം കടുത്ത വിഷാദ രോഗത്തിലൂടെയാണ് ജീവിതം കടന്നു പോയതെന്നും നോഹ പറഞ്ഞു. എന്നാല്‍ ഈ പ്രതിബന്ധങ്ങളൊന്നും നോഹയുടെ ലക്ഷ്യത്തെ തരിമ്പും സ്വാധീനിച്ചിട്ടില്ല. നിങ്ങളുടെ പരിമിതികളല്ല നിങ്ങള്‍ എന്താകണമെന്ന് നിശ്ചയിക്കുന്നത് എന്ന അടിക്കുറിപ്പോടെയായിരുന്നു നോഹയുടെ വെളിപ്പെടുത്തൽ. ചെറിയ പ്രശ്നങ്ങളില്‍ തളര്‍ന്ന് ലക്ഷ്യം തെറ്റിപ്പോകുന്നവര്‍ക്ക് പ്രചോദനം തന്നെയാണ് ഈ ഇരുപത്തിയേഴുകാരന്റെ വാക്കുകള്‍.
1980 ന് ശേഷം പുരുഷന്മാരുടെ 100 മീറ്ററില്‍ നടന്ന കടുപ്പമേറിയ പോരട്ടമായിരുന്നു ഇന്നലത്തേത്. കരിയറിലെ ബെസ്റ്റ് ഫിനിഷായ 9.79 സെക്കന്‍ഡിലാണ് നോഹ വിജയവര താണ്ടിയത്. റിയോ ഒളിംപിക്സില്‍ ഇതിഹാസതാരം ഉസൈന്‍ ബോള്‍ട്ട് 9.81 സെക്കന്‍ഡിനാണ് സ്വര്‍ണം നേടിയത്. ടോക്കിയോയില്‍ ഇറ്റാലിയന്‍ താരം മാര്‍സല്‍ ജേക്കബ്സ് 9.80 സെക്കന്‍ഡിലാണ് ഒന്നാമനായത്.
മനു ഭാക്കര്‍
പാരിസ് ഒളിമ്പിക്സില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേടിക്കൊണ്ട് അഭിമാനമായ ആളാണ് മനു ഭാക്കര്‍. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലമാണ് മനു ഭാക്കര്‍ സ്വന്തമാക്കിയത്. ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന റെക്കോഡും ഇതോടെ 22-കാരിയായ മനു ഭാക്കര്‍ സ്വന്തം പേരില്‍ എഴുതി ചേര്‍ത്തു. മനുവിന്റെ രണ്ടാം ഒളിമ്പിക്സ് ആണിത്. 2021-ലെ ടോക്കിയോ ഒളിമ്പിക്സിലായിരുന്നു അരങ്ങേറ്റം. അന്ന് 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു താരം. 60 ഷോട്ടുകളുള്ള യോഗ്യത റൗണ്ടില്‍ മികച്ച തുടക്കം തന്നെ നേടാന്‍ മനുവിന് കഴിഞ്ഞിരുന്നു. എന്നാല്‍ ദുര്‍വിധി പോലെ ഇടക്കുവച്ച് താരത്തിന്റെ പിസ്റ്റളിന് സാങ്കേതിക തകരാറുണ്ടായി. അതു പരിഹരിക്കുന്നതിനായി താരത്തിന് ഷൂട്ടിങ് റേഞ്ച് വിടേണ്ടി വന്നു. ആറോളം മിനിട്ടുകള്‍ക്ക് ശേഷം പുതിയ പിസ്റ്റളുമായി മത്സരം തുടരാനെത്തിയ മനുവിന് പഴയ താളത്തിലേക്ക് എത്താനായില്ല. ഇതിന്റെ ഫലമായി യോഗ്യത റൗണ്ടെന്ന കടമ്പയും മനുവിന് കടക്കാന്‍ കഴിഞ്ഞില്ല. അന്ന് ഏറെ കലങ്ങിയ മനസുമായി കളക്കളം വിട്ട മനു മൂന്ന് വര്‍ഷത്തിന് ശേഷം പാരിസില്‍ വിധിയോട് മധുരപ്രതികാരം ചെയ്തിരിക്കുകയാണ്.
തോക്കിനോട് ഒരുപാട് ഇഷ്ടമുള്ള മനു തലയണയ്ക്കൊപ്പം പിസ്റ്റള്‍ ചേര്‍ത്ത് പിടിച്ചായിരുന്നു ഉറങ്ങിയിരുന്നത്. ഷൂട്ടിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ മനു ഒരുപാട് ത്യാഗങ്ങൾ സഹിച്ചിട്ടുണ്ടെന്നും മാതാപിതാക്കൾ വെളിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷക്കാലം മനു ഒരു ആഘോഷങ്ങളിലും പങ്കെടുത്തിട്ടില്ല. ശ്രദ്ധ പൂര്‍ണമായും ഷൂട്ടിങ്ങിലായിരുന്നു. ഒളിമ്പിക്സിനായി ദിവസവും എട്ട് മണിക്കൂറാണ് അവള് പരിശീലനം നടത്തിയതെന്നും മാതാപിതാക്കൾ പറഞ്ഞു. ഈ ത്യാഗങ്ങളുടെയും കഷ്ടപ്പാടിന്റെയും ഫലം ആണ് അവൾക്ക് ലഭിച്ച ഈ വിജയവും.
Discover the inspiring journeys of athletes from the 2024 Paris Olympics, including a pregnant archer, a determined fencer, and a seasoned shooter who overcame personal challenges to achieve greatness.