ജയ്പൂരിലെ തിരക്കേറിയ മാർക്കറ്റിൽ ചെറിയ സിമൻ്റ് പ്ലാൻ്റ് വിൽപ്പനയ്ക്കുണ്ട്. ഒരു ബിസിനസ്സ് കുടുംബത്തിൽ നിന്നുള്ള ഒരു യുവ സംരംഭകനെ സംബന്ധിച്ചിടത്തോളം ഇങ്ങിനെ ഒരു വാർത്ത തന്റേതായ ഒരു ഐഡൻ്റിറ്റി രൂപപ്പെടുത്താനുള്ള അവസരമായിരുന്നു. വടക്കുകിഴക്കൻ ഇന്ത്യയിലെ റെയിൽവേയ്ക്കായി തടി, കോൺക്രീറ്റ് സ്ലീപ്പർ നിർമ്മാണ ബിസിനസിൽ പാരമ്പര്യമുള്ള ഒരു കുടുംബത്തിൽ നിന്നുള്ള രാജേന്ദ്ര ചമരിയ, മറ്റുള്ളവർക്ക് കഴിയില്ല എന്ന് തോന്നിയ സ്ഥലത്ത് തന്റെ സാധ്യതകൾ കണ്ടെത്തിയ ആളായിരുന്നു.
ആസാമിൽ നിന്നും ബിരുദം നേടിയ ശേഷം 1979-ൽ പിതാവിൻ്റെ ബിസിനസിൽ ചേർന്ന ചമരിയയ്ക്ക് തുടക്കത്തിൽ സിമൻ്റ് വ്യവസായത്തെക്കുറിച്ച് കുറച്ച് ധാരണ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നിരുന്നാലും, സിമൻ്റ്, മോർട്ടാർ, കോൺക്രീറ്റ് എന്നിവയെക്കുറിച്ചുള്ള ഒരു പുസ്തകം വായിച്ചതോടെ സിമൻ്റ് മേഖല കൂടുതൽ പര്യവേക്ഷണം ചെയ്യാൻ അദ്ദേഹത്തിന് പ്രേരണ ഉണ്ടായി.
എഴുപതുകളുടെ തുടക്കത്തിൽ, ചമരിയയുടെ പിതാവ് തടി വ്യവസായം പുനർനിർമ്മിക്കുന്നതിനായി അരുണാചൽ പ്രദേശിലേക്ക് താമസം മാറ്റിയിരുന്നു. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചമരിയ ജയ്പൂരിനെയും ഹിമാചൽ പ്രദേശിനെയും തന്റെ സിമന്റ് വ്യവസായത്തിനായി വിലയിരുത്തിയെങ്കിലും അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറവാണെന്ന് കണ്ടെത്തിയതോടെ ആ ശ്രമം ഉപേക്ഷിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കുതിച്ചുയരുന്ന വിപണിയും സിമൻ്റ് നിർമ്മാണത്തിനുള്ള പ്രാഥമിക ഘടകമായ ചുണ്ണാമ്പുകല്ല് ശേഖരവും അവിടേക്ക് ബിസിനസിനെ പറിച്ചു നടാൻ അദ്ദേഹം തീരുമാനിക്കാനുള്ള കാരണമായി.
കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, വ്യവസായ നിരീക്ഷകർ എന്നിവരിൽ നിന്ന് പിന്തിരിപ്പിക്കൽ ശ്രമങ്ങൾ മാത്രമായിരുന്നു പ്രതികരണം. എങ്കിലും ചമരിയ തൻ്റെ ബിസിനസ് അഭിനിവേശം പിന്തുടർന്നു. സെഞ്ച്വറിപ്ലൈയിലെ സജ്ജൻ ഭജങ്ക, സഞ്ജയ് അഗർവാൾ എന്നിവരുമായി സഹകരിച്ചുകൊണ്ട് 2001-ൽ അരുണാചൽ പ്രദേശിൽ സിമൻ്റ് മാനുഫാക്ചറിംഗ് കമ്പനി ലിമിറ്റഡ് (CMCL) ചമരിയ ആരംഭിച്ചു. 2005-ഓടെ അവർ മേഘാലയയിലെ ലുംഷ്നോങ്ങിലും ഒരു സംയോജിത പ്ലാൻ്റ് സ്ഥാപിച്ചു. തുടർന്ന് അധിക യൂണിറ്റുകളും പവർ പ്ലാൻ്റും സ്ഥാപിച്ചു. 2016-ൽ, CMCL സ്റ്റാർ സിമൻ്റ് ആയി പുനർനാമകരണം ചെയ്യുകയും അടുത്ത വർഷം സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുകയും ചെയ്തു.
2023-ൽ, 23% വിപണി വിഹിതവുമായി സ്റ്റാർ സിമൻ്റ് വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ സിമൻ്റ് ഉത്പാദകരായി മാറിക്കഴിഞ്ഞു. ലുംഷ്നോങ്ങിൽ നാല്, സിലിഗുരി, ഗുവാഹത്തി എന്നിവിടങ്ങളിൽ ഓരോന്നും എന്നിങ്ങനെ ആറ് ഉൽപ്പാദന യൂണിറ്റുകൾ ഇവർക്കുണ്ട്. സ്റ്റാർ സിമൻ്റ് 1,600-ലധികം ഡീലർമാരെയും 12,000 റീട്ടെയിലർമാരെയും ഉൾപ്പെടുത്തി വിപുലമായ ശൃംഖല ആണ് നിർമ്മിച്ചത്. സാമ്പത്തികമായി ശക്തവും കടബാധ്യതയില്ലാത്തതുമായ ഈ കമ്പനിയുടെ വരുമാനം 2019 സാമ്പത്തിക വർഷത്തിൽ 1,831.04 കോടി രൂപയിൽ നിന്ന് 2022 ൽ ₹ 2,221.82 കോടി രൂപയായി ഉയർന്നു. ഈ കാലയളവിലെ ലാഭം മാത്രം യഥാക്രമം ₹304.97 കോടി, ₹246.77 കോടി എന്നിങ്ങനെയാണ്.
ഒരു തടി ബിസിനസിൽ നിന്ന് തുടങ്ങി വടക്കുകിഴക്കൻ മേഖലയിൽ സ്റ്റാർ സിമന്റ്സ് എന്ന ബിഗ് ബ്രാൻഡ് സ്ഥാപിക്കുന്നതിലേക്കുള്ള ചമരിയയുടെ യാത്ര, അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടിൻ്റെയും ബിസിനസ് അഭിനിവേശത്തിന്റെയും ദൃഢതയുടെയും തെളിവാണ്. ശരിയായ തീരുമാനങ്ങളും നിശ്ചയദാർഢ്യവും ഉണ്ടെങ്കിൽ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് പുതിയ സംരംഭങ്ങൾ വിജയിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം തന്റെ യാത്ര കൊണ്ട് തെളിയിക്കുന്നു.
Discover the inspiring journey of Rajendra Chamaria, who transformed a small cement plant into Star Cement, the largest cement producer in Northeast India, through vision and resilience.