മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് എം‌.എ.യൂസഫ് അലിയുടെ മകളുടെ ഭര്‍ത്താവും വിപിഎസ് ഹെൽത്ത് കെയർ സ്ഥാപകനും ചെയർമാനുമായ ഡോ.ഷംസീർ വയലിൽ 50 കോടി സംഭാവന നല്‍കിയെന്ന് അവകാശവാദവുമായി ചില പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പോസ്റ്റിന്റെ വസ്തുതാ പരിശോധനയ്ക്കായി ചാനൽ ഐ ആം ഫാക്ട് ചെക്ക് നടത്തിയ അന്വേഷണത്തിന്റെ വസ്തുത അറിയാം.

എം.എ.യൂസഫലിയുടെ മകളുടെ ഭർത്താവ് ഡോ.ഷംഷീർ വയലിൽ 50 കോടി ദുരിതാശ്വാസ ഫണ്ടിലേക്ക് കേരളത്തിലെ പ്രളയ ദുരന്തബാധിതരെ സഹായിക്കാൻ ഇതുവരെ പ്രഖ്യാപിച്ചതിൽ വെച്ച് ഏറ്റവും വലിയ സംഖ്യ പ്രിയങ്കരനായ ഷംസീർ ഡോക്ടറുടേതാണെന്ന് അഭിമാനത്തോടെ പറയാനാവും. അമ്പത് കോടി രൂപയാണു ദുരന്ത ബാധിതരെ സഹായിക്കാൻ അദ്ദേഹം പ്രഖ്യാപിച്ചിട്ടുള്ളത് എന്ന കുറിപ്പിനൊപ്പമാണ് ഒരു പോസ്റ്റ് സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നത്.

കീവേഡുകളുടെ പരിശോധനയിൽ ഇതേ പോസ്റ്റര്‍ 2018 മുതല്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതായി ശ്രദ്ധയിൽപ്പെട്ടു. കേരളത്തിൽ 2018ലുണ്ടായ പ്രളയക്കെടുതിയെ നേരിടാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് ഡോ.ഷംസീര്‍ വയലില്‍ 50 കോടി രൂപ സംഭാവന ചെയ്തിരുന്നതായുള്ള റിപ്പോർട്ടുകൾ ലഭിച്ചു.

പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് 50 കോടി രൂപയുടെ സഹായവുമായി വ്യവസായി ഡോ. ഷംസീർ വയലിൽ അന്ന് രംഗത്തെത്തിയിരുന്നു. ഇതേക്കുറിച്ച് കേരത്തിലെ പ്രമുഖ മാധ്യമങ്ങൾ എല്ലാം റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. കേരളത്തിന്റെ പുനരധിവാസത്തിനായി 50 കോടിയുടെ പദ്ധതി ആവിഷ്കരിക്കുമെന്ന് ആയിരുന്നു വിപിഎസ് ഹെൽത്ത്കെയർ സിഎംഡി ഡോ.ഷംസീർ വയലിൽ സമൂഹമാധ്യമത്തിൽ കൂടി അന്ന് അറിയിച്ചത്. 2018 ഓഗസ്റ്റ് 20ന് ഇക്കാര്യം വ്യക്തമാക്കി ഷംസീർ വയലിൽ ഫെയ്‌സ്ബുക്കിൽ പോസ്റ്റും പങ്ക് വച്ചിരുന്നു.

വയനാട്ടില്‍ ഈയിടെയുണ്ടായ ദുരന്തത്തിൽ വിപിഎസ് ഹെൽത്ത് കെയർ ഒരു കോടി രൂപയുടെ മെഡിക്കൽ അവശ്യവസ്തുകൾ കൈമാറുമെന്ന് ചെയർമാൻ ഷംസീർ വയലിൽ അറിയിച്ചതായി വ്യക്തമാക്കുന്ന ഒരു മാധ്യമ റിപ്പോർട്ട്  മാത്രമാണുള്ളത്.

കൂടാതെ ചില ഇംഗ്ലിഷ് മാധ്യമങ്ങളിലെ  ഇത് സംബന്ധിച്ച വാർത്തകളിലും വിപിഎസ് ഹെൽത്ത് കെയർ സ്ഥാപകനും ചെയർമാനുമായ ഡോ.ഷംസീർ വയലിൽ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനങ്ങളായ പ്രോമിതിയസ് മെഡിക്കൽ ഇന്റർനാഷനലിന്റെ മൗണ്ടൻ റെസ്ക്യൂ ടീം, റെസ്പോൺസ് പ്ലസ് മെഡിക്കൽ (ആർപിഎം) പാരാമെഡിക് ടീം എന്നിവയുടെ അടിയന്തര സഹായം വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രിക്ക് കത്തെഴുതിയതായും ദുരിതബാധിതരുടെ തിരച്ചിൽ, രക്ഷാപ്രവർത്തനം, ട്രോമ കെയർ ആവശ്യങ്ങൾ എന്നിവയിൽ നിർണായക സഹായം നൽകാൻ ടീമുകൾ തയ്യാറാണെന്നും അറിയിച്ചതായും പറയുന്നുണ്ട്. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ സ്ഥാപനമായ വിപിഎസ് ലേക്‌ഷോർ ഒരു കോടി രൂപയുടെ അടിയന്തര മരുന്നുകൾ വയനാട് എത്തിച്ചിരുന്നു. സംസ്ഥാന ആരോഗ്യവകുപ്പിന് അടിയന്തരമായി ആവശ്യമുള്ള മരുന്നുകളാണ് ലേക്‌ഷോർ എത്തിച്ചത്.

ലഭ്യമായ വിവരങ്ങളിൽ നിന്ന്  ഡോ. ഷംസീര്‍ വയലില്‍ വയനാട്ടിലെ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  50 കോടി രൂപ സംഭാവന നല്‍കിയെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി. 2018 ലെ പ്രളയ ദുരിതാശ്വാസത്തിനായി ആണ് ഇദ്ദേഹം 50 കോടി രൂപ സംഭാവന നല്‍കിയിരുന്നത്. അന്ന് പ്രചരിച്ച പോസ്റ്റർ തന്നെയാണ് വയനാട് ദുരിതാശ്വാസത്തിന് നൽകിയതെന്ന പേരിൽ വീണ്ടും പ്രചരിക്കുന്നത്. അതേസമയം, ഒരു കോടിയിൽപരം രൂപയുടെ അടിയന്തര മരുന്നുകൾ അദ്ദേഹത്തിന്റെ സ്ഥാപനമായ വിപിഎസ് ലേക്‌ഷോർ വയനാടിനായി എത്തിച്ചിട്ടുണ്ട്. ആദ്യഘട്ടമെന്ന നിലയിലാണ് ഈ സഹായം നൽകിയതെന്നും കൂടുതൽ സഹായം നൽകുമെന്നും വിപിഎസ് ലേക്‌ഷോർ അറിയിച്ചിട്ടുമുണ്ട്.

Investigating the viral claims about Dr. Shamsheer Vyalil’s Rs 50 crore donation to the Chief Minister’s Relief Fund, following the Wayanad landslide. Learn the facts behind the social media posts and the truth about his 2018 donation for Kerala flood relief.

Share.

Comments are closed.

Exit mobile version