യുഎസ് ഷോർട്ട്സെല്ലറായ ഹിൻഡൻബർഗ് റിസർച് ആണ് സോഷ്യൽ മീഡിയയിലെ രണ്ടുമൂന്നു ദിവസങ്ങളായുള്ള താരം. ഒരിടവേളയ്ക്കു ശേഷം ഹിൻഡൻബർഗ് വീണ്ടും ഇന്ത്യൻ വിപണികളെ ലക്ഷ്യമിട്ട് എത്തിയിരിക്കുകയാണ്. ആദ്യവരവിൽ അദാനി ഗ്രൂപ്പിനെ ഒന്നാകെ ഇളക്കിമറിച്ചാണ് കടന്നുപോയതെങ്കിൽ രണ്ടാം വരവ് അൽപം കൂടി കടുപ്പിച്ച് തന്നെ ആയിരുന്നു. ഇത്തവണ ഹിൻഡൻബാർഗ് ആരോപണ നിഴലിൽ ആക്കുന്നത് ഇന്ത്യൻ വിപണി റെഗുലേറ്ററായ സെബിയുടെ മേധാവി മാധബി പുരി ബുച്ചിനെ ആണ്.
മാധബിയ്ക്കും ഭർത്താവിനും അദാനിയുമായി ബന്ധമുള്ള വിദേശ കമ്പനികളിൽ ഓഹരി പങ്കാളിത്തമുണ്ടെന്ന് ആയിരുന്നു ആരോപണം. അദാനി ഗ്രൂപ്പിനെതിരേ ആരോപണങ്ങൾ ഉന്നയിച്ച് ഒന്നരവർഷം പിന്നിടുമ്പോഴാണ് അടുത്ത വിവാദത്തിന് ഹിൻഡൻബർഗ് തിരികൊളിത്തിയിരിക്കുന്നത്.
2017-ൽ സ്ഥാപിതമായ ന്യൂയോർക്ക് ആസ്ഥാനമായുള്ള സാമ്പത്തിക ഗവേഷണ സ്ഥാപനമാണ് ഹിൻഡൻബർഗ് റിസർച്ച്. ഈ പ്രസ്ഥാനത്തിന്റെ സ്ഥാപകനാണ് നഥാൻ ആൻഡേഴ്സൺ. കോർപ്പറേറ്റുകളുടെ കള്ളത്തരങ്ങളും, അവിശുദ്ധ കൂട്ടുകെട്ടുകളും, കള്ളക്കളികളും പലപ്പോഴും പുറത്തുകൊണ്ടുവരുന്നതിനു പേരുകേട്ട സ്ഥാപനങ്ങളിൽ ഒന്നാണിത്. അക്കൗണ്ടിംഗ് പൊരുത്തക്കേടുകൾ, പ്രശ്നകരമായ മാനേജ്മെന്റ്, വെളിപ്പെടുത്താത്ത അനുബന്ധ- പാർട്ടി ഇടപാടുകൾ, മറ്റ് അധാർമ്മിക ബിസിനസ് രീതികൾ എന്നിവ പോലുള്ള പ്രശ്നങ്ങളിൽ ഇവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
1937-ലെ ഹിൻഡൻബർഗ് ദുരന്തത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നഥാൻ പ്രസ്ഥാനത്തിന് അതേ പേര് നൽകിയത്. കമ്പനിയുടെ കള്ളത്തരങ്ങൾ നിക്ഷേപകരെ ബാധിക്കുന്നതിനു മുമ്പ് തന്നെ പുറംലോകത്തെ അറിയിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആൻഡേഴ്സൺ പറയുന്നു. പലരും കമ്പനിയുടെ ശ്രമങ്ങളെ അഭിനന്ദിക്കുമ്പോൾ, മറ്റുചിലർ ഹിൻഡൻബർഗിന്റെ ഷോർട്ട് സെല്ലിംഗ് സമീപനത്തിന്റെ ധാർമ്മികത ചോദ്യം ചെയ്യുന്നുമുണ്ട്. റിപ്പോർട്ടുകൾ നിക്ഷേപകരുടെ സമ്പത്ത് കവരുമ്പോൾ ആൻഡേഴ്സൺ ഷോർട്ട് സെല്ലിംഗ് വഴി പണം വാരുന്നുവെന്നാണ് വിലയിരുത്തൽ. തന്റെ കമ്പനി പുറത്തുവിടുന്ന നെഗറ്റീവ് റിപ്പോർട്ടിനെ തുടർന്ന് ലക്ഷ്യമിട്ട കമ്പനിയുടെ ഓഹരി വില ഇടിയുന്നതിൽ നിന്ന് നഥാൻ ലാഭമുണ്ടാക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.
ആൻഡേഴ്സന്റെ ഔദ്യോഗിക ആസ്തി ഇപ്പോഴും അജ്ഞാതമാണ്. അതേസമയം ചില റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹത്തിന് 5 മില്യൺ ഡോളറിന്റെ ആസ്തി ഉണ്ട്. അടുത്തിടെ ഹിൻഡൻബർഗ് റിസർച്ച് അദാനി ഗ്രൂപ്പിലെ സ്റ്റോക്ക് കൃത്രിമത്വവും, അക്കൗണ്ടിംഗ് തട്ടിപ്പും സംബന്ധിച്ച് ഒരു റിപ്പോർട്ട് ഇറക്കിയിരുന്നു. ഇത് അദാനി ഓഹരികളിൽ വൻ ഇടിവ് സൃഷ്ടിച്ചിരുന്നു. ഇതിൽ നിന്ന് നഥാൻ നേട്ടമുണ്ടാക്കി. ഇതിനെതിരായ കേസ് ഇപ്പോഴും ഇന്ത്യയിൽ പുരോഗമിക്കുകയാണ്. ഇതിൽ പ്രധാനം സെബി നടത്തുന്ന അന്വേഷണമാണ്. നിലവിൽ ഇതേ സെബിയെ തന്നെയാണ് ആൻഡേഴ്സൺ സംശയ നിഴലിൽ ആക്കിയിരിക്കുന്നത്. ഇത്തവണയും നഥാന്റെ വെളിപ്പെടുത്തലിനു ശേഷം ഓഹരിവിപണിയിൽ വൻ തകർച്ച നേരിട്ടിരുന്നു.
Nathan Anderson, founder of Hindenburg Research, is known for his firm’s impactful and controversial financial investigations. From Nikola Corporation to the Adani Group, discover how Anderson’s reports have shaped market perceptions and influenced stock prices.