2019 ഡിസംബര്‍ 31നായിരുന്നു ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്കിയ റിപ്പോര്‍ട്ടില്‍ 300 പേജുകളാണുള്ളത്. ഡബ്ല്യുസിസി ഉള്‍പ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് ഇന്ന് ഈ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഞെട്ടിക്കുന്ന വിവരങ്ങൾ വിവരങ്ങൾ ആണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. സ്ത്രീ സുരക്ഷയെ കുറിച്ചും സ്ത്രീ ശാക്തീകരണത്തെ കുറിച്ചും വാ തോതെ സംസാരിക്കുന്ന നമ്മുടെ കേരളത്തിൽ, മലയാള സിനിമയിൽ മാനസികമായും ശാരീരികമായും കടുത്ത പീഡനങ്ങൾ ആണ് സ്ത്രീകൾ നേരിട്ടത് എന്ന് റിപ്പോർട്ട് പറയുന്നു.
സിനിമാ മേഖലയിൽ കാസ്റ്റിങ് കൗച്ച് യാഥാർഥ്യമാണ് എന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഒറ്റയ്ക്ക് ഹോട്ടൽമുറിയിൽ കഴിയാൻ സ്ത്രീകൾക്ക് ഭയമാണെന്ന് നടിമാരുടെ മൊഴി. പല രാത്രികളിലും സിനിമയിലെ തന്നെ പുരുഷൻമാർ നിരന്തരം വാതിലിൽ ശക്തിയായി ഇടിക്കാറുണ്ട്. വാതിൽ തകർത്ത് ഇവർ അകത്തേക്ക് കയറുമെന്ന് ഭയപ്പെടുന്ന അവസരങ്ങളുണ്ടായി. ഇതിനാൽ മാതാപിതാക്കൾക്കൊപ്പമാണ് മിക്കവരും ഷൂട്ടിങിനെത്തുന്നത്. പല നടിമാരും നൽകിയ മൊഴി അനുസരിച്ച് ഐപിസി, പോഷ് നിയമങ്ങൾ അനുസരിച്ച് കേസെടുക്കേണ്ട പല സംഭവങ്ങൾ ഉണ്ടായി.
എന്നാൽ സിനിമയിൽനിന്ന് ഒഴിവാക്കപ്പെടുമെന്ന ഭീതിയിൽ പലരും നിശബ്ദത പാലിക്കുന്നു. നടൻമാരോട് ഇതേക്കുറിച്ച് കമ്മിറ്റി ചോദിച്ചപ്പോൾ ഇങ്ങനെ കേസിനു പോയാൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ എന്താണെന്ന് അറിയാമെന്നായിരുന്നു മറുപടി. കേസിനു പോകുകയാണെങ്കില്‍, പ്രശസ്തരായതിനാൽ സൈബർ ആക്രമണം പോലുള്ള ഉപദ്രവങ്ങൾ ഉണ്ടാകുമെന്ന് നടിമാർ ഭയക്കുന്നു. കോടതിയേയോ പൊലീസിനെയോ സമീപിച്ചാൽ ജീവനു തന്നെ ഭീഷണി ഉണ്ടായേക്കാമെന്ന് നടിമാർ ഭയക്കുന്നു.
ആർത്തവസമയത്ത് നടിമാർ സെറ്റിൽ നേരിടുന്നത് വലിയ ബുദ്ധിമുട്ടുകളെന്നും റിപ്പോർട്ട്. പാഡ് മാറ്റുന്നതിന് പോലും സെറ്റിൽ നേരിടുന്നത് വലിയ പ്രതിസന്ധി. മൂത്രമൊഴിക്കാൻ പോകാൻ സാധിക്കാതെ മണിക്കൂറുകളോളം സെറ്റിൽ തുടരേണ്ടി വരാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മലയാള സിനിമാ മേഖലയിലെ പലർക്കും മൂത്രാശയ അണുബാധ അടക്കമുള്ള രോഗങ്ങൾക്കും വിധേയരാകേണ്ടി വരുന്നു. പലപ്പോളും പ്രൊഡക്ഷൻ യൂണിറ്റിൽ ഉള്ളവർ ശുചിമുറി ഉപയോഗിക്കാൻ പോലും സ്ത്രീകളെ അനുവദിക്കാറില്ല.
ജൂനിയർ ആർട്ടിസ്റ്റിൻ്റെ ജോലിക്ക് സമയപരിധി ഇല്ലെന്നാണ് മറ്റൊരു വിവരം. രാവിലെ 7 മണിക്ക് ആരംഭിക്കുന്ന ജോലി പുലർച്ചെ 2 മണി വരെ ജോലി നീളുന്നു. കാര്യമായ തുകയും പ്രതിഫലമായി നൽകില്ല. അഭിനയിക്കാനെത്തുന്ന ജൂനിയർ ആർട്ടിസ്റ്റുകൾ തികഞ്ഞ അവഗണന നേരിടുന്നു. രാത്രി വൈകിയാൽ വീട്ടിലേക്ക് തിരികെ കൊണ്ടുപോകാൻ ആരുമില്ല. കിടന്നുറങ്ങാൻ പോലും സ്ഥലം നൽകുന്നില്ല. മിക്ക സെറ്റുകളിലും ജൂനിയർ ടോയ്ലറ്റ് സൗകര്യം ഉണ്ടായിരിക്കില്ല. ടോയ്ലറ്റിൽ പോകാൻ പോലും അനുവദിച്ചിരുന്നില്ല. ടോയ്ലറ്റ് ഉള്ള സ്ഥലത്ത് ഒറ്റയ്ക്ക് നടക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും സ്ഥിതി ഭയാനകമാണെന്നും റിപ്പോർട്ടിലുണ്ട്. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർമ്മാതാക്കളും സംവിധായകരും നിർബന്ധിക്കുന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്. സഹകരിക്കാൻ തയ്യാറാകാത്തവർക്ക് അവസരം നിഷേധിച്ച് ഒഴിവാക്കുന്ന രീതിയാണ് മലയാള സിനിമാ രംഗത്തുള്ളതെന്നും റിപ്പോർട്ട് പറയുന്നു.
ആകെ 233 പേജുകളുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാൽ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കും. 49 ാം പേജിലെ 96 ാം പാരഗ്രാഫ് പ്രസിദ്ധീകരിച്ചില്ല. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങൾ ഒഴിവാക്കി. 165 മുതൽ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും ഒഴിവാക്കിയിട്ടുണ്ട്.
The Justice K. Hema Committee Report reveals severe challenges faced by women in Mollywood, including sexual harassment, pay disparity, and lack of safety. The report offers recommendations for improving working conditions and ensuring gender equality in the Malayalam film industry.