കഴക്കൂട്ടത്തിനും കോവളത്തിനും ഇടയിലായി ദേശീയപാത ബൈപാസിന് അരികിലായുള്ള കേരളത്തിലെ ആദ്യ ഐടി ഇടനാഴി ലോക ശ്രദ്ധ നേടിത്തുടങ്ങിയിട്ടു വർഷങ്ങളായി. രാജ്യത്ത് അതിവേഗം വളര്‍ച്ച പ്രാപിക്കുന്ന സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ സുപ്രധാന കേന്ദ്രമാണ് ടെക്നോപാര്‍ക്ക്.
കേരളാ സർക്കാരിന്റെ വ്യവസായ അനുകൂല നയങ്ങൾ ടെക്നോപാർക്കിന്റെ പ്രവർത്തനങ്ങൾക്കും കരുത്തു പകരുകയാണ് എന്ന് വ്യക്തമാകുന്നതാണ് പാർക്കിൽ നിന്നുള്ള വരുമാന വർദ്ധനവ്. ഐടി, അനുബന്ധ വ്യവസായങ്ങളുടെ സോഫ്റ്റ് വെയര്‍ കയറ്റുമതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം13,255 കോടി രൂപയിലധികം വരുമാനവുമായി ടെക്നോപാര്‍ക്ക് മുന്നിലെത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനത്തോളം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം സോഫ്റ്റ് വെയര്‍ കയറ്റുമതിയില്‍ ടെക്നോപാര്‍ക്കിന്റെ മൊത്തം വരുമാനം 11,630 കോടി രൂപയായിരുന്നു. വിശാലമായ 768.63 ഏക്കറില്‍ 12.72 ദശലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ള രാജ്യത്തെ പ്രമുഖമായ ഐടി ഹബ്ബില്‍ 490 കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. 75,000 പേർക്ക് പ്രത്യക്ഷ ജോലിയും രണ്ട് ലക്ഷത്തോളം നേരിട്ടല്ലാത്ത ജോലിയും ഇവിടം നല്കി വരുന്നു.
ടെക്നോപാര്‍ക്കിലെ അടിസ്ഥാന സൗകര്യങ്ങളും വൈദഗ്ധ്യമുള്ള ജീവനക്കാരും നിര്‍ണായക നേട്ടം കൈവരിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ബഹിരാകാശ സാങ്കേതികവിദ്യ, ഫിന്‍ടെക്, മെഡ്ടെക്, ഇവി, ലോജിസ്റ്റിക്സ്, തുടങ്ങി അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുന്ന മേഖലകളിലെ അത്യാധുനിക സാങ്കേതികവിദ്യകള്‍ സാധ്യമാക്കുന്ന കമ്പനികളുടെ വികസനത്തിനായി ടെക്നോപാര്‍ക്ക് വിശാലമായ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. യു എസ്, യൂറോപ്പ്, ഫാര്‍ ഈസ്റ്റ്, മിഡില്‍ ഈസ്റ്റ് എന്നിവയടക്കം നിരവധി രാജ്യങ്ങളില്‍ നിന്നുളള കമ്പനികൾ ടെക്നോപാർക്കിന്റെ ക്ലയന്റുകളാണ്.
ടെക്നോപാർക്ക് ക്യാമ്പസിലെ മൂന്ന്, നാല് ഫേസുകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ ഐടി ഹബ്ബുകളിലൊന്നായി ടെക്നോപാര്‍ക്ക് മാറും.
ബിസിനസ് വളര്‍ച്ച, നവീകരണം, തൊഴിലിടത്തെ മികവ് എന്നീ രംഗങ്ങളില്‍ ഈ വര്‍ഷം തന്നെ ടെക്നോപാര്‍ക്കിലെ നിരവധി കമ്പനികള്‍ അനേകം ദേശീയ അന്തര്‍ദേശീയ ബഹുമതികള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
കേരളത്തിലെ ഊര്‍ജസ്വലമായ ഐടി ആവാസവ്യവസ്ഥയുടെയും ഇവിടെ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ബിസിനസ് കാഴ്ച്ചപ്പാടിന്റെയും പ്രൊഫഷണലിസത്തിന്റെയും കരുത്ത് തെളിയിക്കുന്നതാണ് ഈ മികവാര്‍ന്ന പ്രകടനമെന്ന് ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട) പറഞ്ഞു.രാജ്യത്തിന് തന്നെ മാതൃകയാണ് ടെക്നോപാര്‍ക്കെന്നും സംസ്ഥാനത്തിന്റെ കരുത്താര്‍ന്ന ആവാസവ്യവസ്ഥയ്ക്ക് ഇത് പുത്തന്‍ ഉണര്‍വ് പകരുമെന്നും അദ്ദേഹം പറഞ്ഞു.
Discover how Kerala’s Technopark, located along the National Highway Bypass between Kazhakoota and Kovalam, is driving IT growth with record software exports and extensive infrastructure. Learn about its impact on the startup ecosystem and employment.