ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് നിരവധി സ്ത്രീകൾ ബിസിനസിലേക്ക് ഇറങ്ങിയതിന്റെയും പിന്നീട് വിജയിച്ചതിന്റെയും കോടികൾ മൂല്യമുള്ള കമ്പനികളുടെ ഉടമകൾ ആയിരിക്കുന്നതിനെയും കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. ചിലർ പഠിത്തം ഒക്കെ കഴിഞ്ഞ് ഉയർന്ന ശമ്പളമുള്ള ജോലി നേടി സെറ്റിൽ ആവണം എന്ന ആഗ്രഹത്തോടെ ആണ് പഠിക്കുന്നത് പോലും. അക്കൂട്ടത്തിൽ ജീവിതത്തിൽ നിന്നും ജോലിയിൽ നിന്നുമൊക്കെ കുറച്ച് അനുഭവങ്ങൾ നേടിയ ശേഷം സ്വന്തമായി ഒരു ബിസിനസ്സ് ആരംഭിക്കാൻ തീരുമാനിച്ച ആളാണ് മൊബൈൽ വാലറ്റ് ആൻഡ് ഫിനാൻഷ്യൽ സർവീസ് കമ്പനിയായ മൊബിക്വിക്കിൻ്റെ സഹസ്ഥാപകയും സിഎഫ്ഒയുമായ ഉപാസന ടാക്കു.
മൊബിക്വിക്കിൻ്റെ എംഡിയും സിഇഒയുമായ ഭർത്താവ് ബിപിൻ പ്രീത് സിംഗിനൊപ്പം 2009ലാണ് 43 കാരിയായ ഈ സംരംഭക കമ്പനി സ്ഥാപിച്ചത്. 2023 സാമ്പത്തിക വർഷം 560 കോടി രൂപ വരുമാനവുമായി കമ്പനി വിജയത്തിലെത്തി. പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയിട്ടുള്ള ആളാണ് ഉപാസന. യുഎസിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് മാനേജ്മെൻ്റ് സയൻസിലും എഞ്ചിനീയറിംഗിലും ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് ബിസിനസ് അനലിസ്റ്റായി സാൻ ഡിയാഗോയിലെ എച്ച്എസ്ബിസിയിൽ ചേർന്നു.
പിന്നീട്, പേപാൽ എന്ന ഫിനാൻഷ്യൽ സർവീസസ് കമ്പനിയിൽ പ്രോഡക്റ്റ് മാനേജരായി ജോലി ചെയ്തു. നിരവധി സ്ഥലങ്ങളിൽ ജോലി ചെയ്ത അനുഭവ സമ്പത്തുമായി 2008-ൽ അവർ യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ തീരുമാനിക്കുകയും ഭർത്താവിനൊപ്പം 2009-ൽ മൊബിക്വിക്ക് സ്ഥാപിക്കുകയും ചെയ്തു.
പണം അയയ്ക്കാനും സ്വീകരിക്കാനും വിവിധ യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കാനും ഉപഭോക്താക്കളെ സഹായിക്കുന്ന കമ്പനി ആണ് മൊബിക്വിക്ക്. പേയ്മെൻ്റ്, സാമ്പത്തിക സേവനങ്ങൾ എന്നി മേഖലയിൽ 17 വർഷത്തിലേറെ പരിചയമുണ്ട് ഉപാസനയ്ക്ക്. 2019-ൽ ഫോർബ്സ് ഏഷ്യയുടെ 25 പവർ ബിസിനസ്സ് വനിതകളുടെ പട്ടികയിലും കൊഡാക് വെൽത്ത് ഹുറുൺ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ സെൽഫ് മേഡ് വനിതകളുടെ പട്ടികയിലും ഉപാസന ഇടംനേടിയിട്ടുണ്ട്. കൂടാതെ, ഏപ്രിൽ, മെയ് മാസങ്ങളിലെ മൂല്യമനുസരിച്ച് പിപിഐ വാലറ്റ് ഇടപാടുകളുടെ കാര്യത്തിൽ മൊബിക്വിക്ക് ഏറ്റവും വലിയ ഡിജിറ്റൽ സാമ്പത്തിക സേവന പ്ലാറ്റ്ഫോമായി മാറിയിരിക്കുകയാണ്. കമ്പനിയുടെ വിപണി വിഹിതം 2024 മാർച്ചിൽ 11 ശതമാനത്തിൽ നിന്ന് ഏപ്രിലിൽ 20 ശതമാനമായും മെയ് മാസത്തിൽ 23 ശതമാനമായും വളർന്നു.
Explore Upasana Taku’s inspiring journey from her education at Stanford to co-founding MobiKwik, a leading fintech company in India. Discover her impact on the fintech industry and her path to market leadership.