കർഷകർക്ക് അധിക വരുമാനം ലക്ഷ്യമിട്ട് പഴങ്ങളിൽനിന്ന് വൈൻ ഉത്പാദിപ്പിക്കാനുള്ള പദ്ധതി യാഥാർഥ്യമാകുന്നു. കേരളത്തിന്റെ സ്വന്തം വൈൻ ബ്രാൻഡ് ‘നിള’ ഉടൻ വിപണിയിലെത്തും. കേരള കാർഷിക സർവകലാശാല നിർമിക്കുന്ന വൈനിന് ലേബൽ ലൈസൻസ് കൂടിയേ കിട്ടാനുള്ളൂ.
സുലെ വിൻയാഡിന്റെയും വൈൻ പോളിസിയുള്ള കർണാടക സർക്കാരിന്റെ ഗ്രേപ്പ് ആൻഡ് വൈനിന്റെയും അംഗീകാരം ലഭിച്ചതോടെയാണ് നിള വിപണിയിലേക്കെത്താൻ ഒരുങ്ങുന്നത്. സംസ്ഥാനത്ത് വൈൻ ഉത്പാദനത്തിന് നാലപേക്ഷകളാണ് എക്സൈസിന് കിട്ടിയത്. ആദ്യത്തെ എക്സൈസ് ലൈസൻസ് ലഭിച്ച കേരള കാർഷിക സർവകലാശാലയിലെ പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്മെന്റ് വിഭാഗമാണ് കേരളത്തിന്റെ സ്വന്തം വൈൻ ഉണ്ടാക്കിയത്. ആദ്യ ബാച്ചിൽ നിർമിച്ച 500 കുപ്പി വൈനിൽ നിന്നു മന്ത്രിമാർക്കും വകുപ്പു മേധാവികൾക്കും പ്രമുഖർക്കും കാർഷിക സർവകലാശാലയിൽ നിന്ന് എത്തിച്ചു നൽകി. നടപടി ക്രമങ്ങൾ പൂർത്തിയാകുന്നതുപ്രകാരം വൈൻ ബിവറേജസ് കോർപ്പറേഷൻ വഴി വിൽപ്പനക്ക് വെക്കുമെന്ന് ഡോ ബി അശോക് പറഞ്ഞിരുന്നു.
പക്ഷെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം വന്നിട്ടില്ല. സംസ്ഥാനത്ത് നിലവിൽ വൈൻ നിർമാണ യൂണിറ്റുകളില്ല. മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങൾക്കാണ് വൈൻ നയമുള്ളത്. സർക്കാർ മേഖലയിലെ വൈൻ ബോർഡായ കർണാടകയുടെ പരിശോധനയിൽ നിളയ്ക്ക് ഉന്നത മാർക്ക് ലഭിച്ചു. പഴങ്ങളിൽനിന്ന് വൈൻ ഉത്പാദിപ്പിക്കുന്ന സാങ്കേതികവിദ്യയ്ക്ക് കാർഷിക സർവകലാശാലയ്ക്ക് നേരത്തേ പേറ്റന്റ് ലഭിച്ചിരുന്നു. വാഴപ്പഴം, പൈനാപ്പിൾ, കശുമാങ്ങ എന്നീ പഴങ്ങൾ ഉപയോഗിച്ചാണ് സർവകലാശാലയിലെ വൈനറിയിൽ നിന്ന് വൈൻ ഉണ്ടാക്കിയത്. വൈൻ ഉണ്ടാക്കാൻ 7 മാസം വേണമെന്ന് പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്മെന്റ് വിഭാഗം മേധാവി ഡോ.സജി ഗോമസ് പറഞ്ഞു. ഒരുമാസം പഴച്ചാർ പുളിപ്പിക്കുന്നതിനും 6 മാസം പാകപ്പെടുത്തുന്നതിനുമാണ് സമയമെടുക്കുന്നത്. സർവകലാശാലയിൽ വിളയിച്ചതും കർഷകരിൽനിന്ന് വാങ്ങുന്നതുമായ പഴങ്ങളാണ് വൈൻ നിർമ്മാണത്തിന് ഉപയോഗിക്കുക.
പുതിയ ചട്ടമനുസരിച്ച് വൈൻ നിർമാണ യൂണിറ്റുകൾക്ക് മൂന്നു വർഷത്തേക്കാണ് ലൈസൻസ്. 50,000 രൂപയാണ് വാർഷിക ഫീസ്. എക്സൈസ് കമ്മിഷണറുടെ നിർദേശാനുസരണം കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ചെയർമാനായി ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണർ, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് ഇൻസ്പെക്ടർ, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ എന്നിവർ അംഗങ്ങളായ കമ്മിറ്റിയുടെ ശുപാർശപ്രകാരമാണ് ലൈസൻസ് നൽകുക.
Kerala’s own wine brand ‘Nila,’ produced by Kerala Agricultural University, is set to launch soon, offering farmers additional income through fruit-based wine production.