ആറ് വ്യവസായ സംരംഭങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ‘മെയ്ഡ് ഇന്‍ കേരള’ എന്ന കേരള ബ്രാന്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്കി പുതിയൊരു സംരംഭക ബ്രാൻഡിങ്ങിന് കേരളം തുടക്കം കുറിച്ചു. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കൂടുതൽ സംരംഭങ്ങളെ ഘട്ടം ഘട്ടമായി കേരള ബ്രാന്‍ഡ് ലഭിക്കുന്ന ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ഇതിലൂടെ വ്യവസായ വകുപ്പിന്റെ ലക്ഷ്യം.
പൂര്‍ണമായും കേരളത്തില്‍ നിന്നും സംഭരിക്കുന്ന നാളികേരവും കൊപ്രയും ഉപയോഗിച്ച് സംസ്ഥാനത്തു തന്നെ നിര്‍മ്മിക്കുന്ന വെളിച്ചെണ്ണയ്ക്കാണ് ആദ്യഘട്ടത്തില്‍ ‘മെയ്ഡ് ഇന്‍ കേരള’ കേരള ബ്രാന്‍ഡ് നല്‍കിയത്. അംഗീകൃത അഗ്മാര്‍ക്ക്, ബിഐഎസ് 542:2018, സര്‍ട്ടിഫിക്കേഷനുകളും ഉദ്യം രജിസ്ട്രേഷനുമുള്ള വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റുകളെയാണ് സര്‍ട്ടിഫിക്കേഷനായി പരിഗണിക്കുന്നത്. കേരള ബ്രാന്‍ഡ് സര്ട്ടിഫിക്കേഷന് നേടുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ആഭ്യന്തര, അന്തര്‍ദേശീയ തലങ്ങളില്‍ ‘മെയ്ഡ് ഇന്‍ കേരള’ എന്ന തനതായ ബ്രാന്‍ഡ് നാമത്തില്‍ വിപണനം ചെയ്യാനാകും.
കേരളത്തില്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ക്കും നല്കുന്ന സേവനങ്ങള്‍ക്കും ആഗോള ഗുണനിലവാരം കൊണ്ടുവരികയും അന്താരാഷ്ട്ര വിപണിയിലെ വിപണനസാധ്യത കൂട്ടുകയും പൊതുവായ ഒരു ബ്രാന്‍ഡ് സൃഷ്ടിച്ചെടുക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതിയാണ് ‘കേരള ബ്രാന്‍ഡ്’. കേരള ബ്രാന്‍ഡിന്റെ ആദ്യഘട്ടത്തില്‍ വെളിച്ചെണ്ണയ്ക്കും തുടര്‍ന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 14 ഉത്പന്നങ്ങള്‍ക്കുമാണ് ബ്രാന്‍ഡ് നല്‍കുക. കൂടുതല്‍ ഉത്പന്നങ്ങള്‍ അടുത്ത ഘട്ടത്തില്‍ പരിഗണിക്കും.
വ്യവസായ വാണിജ്യ വകുപ്പ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുകയും താലൂക്ക് തല സെലക്ഷന് കമ്മിറ്റി അംഗീകരിക്കുകയും ചെയ്ത ആറ് വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ കേരള ബ്രാന്‍ഡ് രജിസ്ട്രേഷന് നല്‍കിയത്. എംആര്‍എല്‍ കുട്ടനാടന്‍ കോക്കനട്ട് ഓയില്‍ (ആലപ്പുഴ), കെഡിസണ്‍ എക്സ്പെല്ലേഴ്സ് (കോട്ടയം) വരാപ്പെട്ടി കോക്കനട്ട് ഓയില്‍ (എറണാകുളം), കെഎം ഓയില്‍ ഇന്‍ഡസ്ട്രീസ്, അഞ്ചരക്കണ്ടി എഫ്എസ് സി ബാങ്ക് ലിമിറ്റഡിന്റെ സഹകാരി ഇന്റഗ്രേറ്റഡ് കോക്കനട്ട് പ്രൊസസിങ് പ്ലാന്റ് (കണ്ണൂര്‍), കളത്ര ഓയില്‍ മില്‍സ് (കാസര്‍കോട്) എന്നിവയാണ് ഈ സ്ഥാപനങ്ങള്‍.
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സംരംഭങ്ങളെ കേരള ബ്രാന്‍ഡ് ലഭിക്കുന്ന ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്നതാണ് വ്യവസായ വകുപ്പ് ഏറ്റെടുക്കുന്ന ദൗത്യമെന്ന് വ്യവസായ സംരംഭങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ കേരള ബ്രാന്‍ഡ് സര്‍ട്ടിഫിക്കറ്റ് കൈമാറവെ വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ഗുണനിലവാരത്തിലും ധാര്‍മ്മികതയിലും വിട്ടുവീഴ്ചയില്ലാത്ത ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന സംരംഭങ്ങളാണ് നാടിന് ആവശ്യമെന്നും ഇത് സാധ്യമാകുന്നതോടെ കേരള ബ്രാന്‍ഡ് അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തപ്പെടുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സാധാരണക്കാരായ സംരംഭകരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും അവരുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. . വ്യവസായ സംരംഭങ്ങളിലൂടെ സംസ്ഥാനത്തെ തൊഴിലവസരങ്ങളും ഉത്പാദനക്ഷമതയും വര്‍ധിപ്പിക്കുകയെന്നതും ലക്ഷ്യമിടുന്നു.
പദ്ധതിയുടെ ആദ്യഘട്ടമായി കേരളത്തിന്റെ തനത് ഉത്പന്നം എന്ന നിലയിലാണ് ബ്രാന്‍ഡ് സര്ട്ടിഫിക്കേഷന് നല്‍കുന്നതിനായി വെളിച്ചെണ്ണ പരിഗണിച്ചത്. വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് വേണ്ടിയുള്ള കേരള ബ്രാന്‍ഡ് തിരഞ്ഞെടുപ്പ് മാനദണ്ഡം, സംസ്ഥാനതല സമിതിയുടെ പരിഗണനയ്ക്കായി തയ്യാറാക്കുകയും അത് കമ്മിറ്റി അംഗീകരിക്കുകയും ചെയ്യുകയായിരുന്നു. 25 പേര് അപേക്ഷിക്കുകയും അതില്‍നിന്ന് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ച ആറു യുണിറ്റുകളെ തെരഞ്ഞെടുക്കുകയായിരുന്നു.
https://www.keralabrand.industry.kerala.gov.in/ എന്ന പോര്‍ട്ടലില്‍ സംരംഭങ്ങള്‍ക്ക് കേരള ബ്രാന്‍ഡിനായി അപേക്ഷിക്കാം.
Kerala has introduced the ‘Made in Kerala’ brand certificate to enhance the quality and global marketability of local products. Learn about the first phase of this initiative, awarding six coconut oil manufacturers the Kerala Brand Certification.