സെൽഫ് മെയ്ഡ് സ്ത്രീകളുടെ കഥകൾ എന്നും എല്ലാവർക്കും പ്രചോദനം തന്നെയാണ്. പ്രത്യേകിച്ച് എല്ലാ പ്രതികൂല സാഹചര്യങ്ങളും, പ്രതിബന്ധങ്ങളും, പരാജയങ്ങളും മറികടന്നു വന്ന സ്ത്രീകൾ. ഇത്തരം വിജയകഥകളിൽ ഒന്നാണ് മീരയുടേതും. ആയുർവേദത്തിൽ വൈദഗ്ധ്യമുള്ള ഇന്ത്യയിലെ പ്രശസ്ത പ്രകൃതിദത്ത സൗന്ദര്യവർദ്ധക ബ്രാൻഡുകളിലൊന്നായ ഫോറസ്റ്റ് എസൻഷ്യൽസിന്റെ സ്ഥാപകയും, സിഎംഡിയുമാണ് മീര കുൽക്കർണി. ഇന്ന് ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീകളിൽ ഒരാളായി അറിയപ്പെടുന്ന മീരയുടെ തുടക്കം വളരെ പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. വളരെയേറെ വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങൾ അതിജീവിച്ചാണ് മീര ഇന്നത്തെ സാമ്രാജ്യം പടുത്തുയർത്തിയിരിക്കുന്നത്.
20 -ാം വയസിൽ വിവാഹിതയായ മീരയുടെ ജീവിതം തകിടം മറിയാൻ അധികം സമയം വേണ്ടി വന്നില്ല. ഭർത്താവിന്റെ ബിസിനസ് പരാജയപ്പെട്ടതോടെ അദ്ദേഹം മദ്യത്തിൽ അഭയം പ്രാപിച്ചു. പ്രശ്നങ്ങൾ രൂക്ഷമായതോടെ മീരയ്ക്ക് ഈ ബന്ധം അവസാനിപ്പിക്കണ്ടിവന്നു. രണ്ടു കുട്ടികൾക്കൊപ്പം മതാപിതാക്കളുടെ തണലിലേയ്ക്കു മാറിയ മീരയുടെ ജീവിതത്തിലേക്ക് വിധി വീണ്ടും വില്ലനായി. 28-ാം വയസിൽ മീരയ്ക്ക് മാതാപിതാക്കളെയും നഷ്ടമായി.
പ്രതിസന്ധികളെ ഒറ്റയ്ക്ക് നേരിടാൻ തുടങ്ങിയപ്പോൾ വരുമാനത്തിനായി അവൾക്ക് വീടിന്റെ ഒരു ഭാഗം വാടകയ്ക്കു നൽകേണ്ടി വന്നു. കഷ്ടതകൾക്കിടയിലും മകളുടെ വിവാഹം അവൾ നടത്തി. പിന്നീടാണ് ഉപജീവനത്തിനായി ഒരു ചെറു സംരംഭകയാകാൻ മീര തീരുമാനിക്കുന്നത്.
മീര മെഴുകുതിരികളും,സോപ്പുകളും നിർമ്മിക്കാൻ തുടങ്ങിക്കൊണ്ട് ആയിരുന്നു സംരംഭത്തിന്റെ തുടക്കം. 2000 -ൽ, ആയുർവേദം അടിസ്ഥാനമാക്കി ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തര ആഡംബര ചർമ്മസംരക്ഷണ സ്ഥാപനമായ ഫോറസ്റ്റ് എസൻഷ്യൽസിന് മീര തുടക്കമിട്ടു. വെറും 2 ലക്ഷം രൂപ മുതൽമുടക്കിൽ വീട്ടിലെ ഒരു മുറിയിൽ നിന്നാണ് ഈ ആശയം മീര വർക്കൗട്ട് ചെയതത്. കൂടെ 2 ജീവനക്കാരെയും ചേർത്തുകൊണ്ടാണ് സംരംഭ യാത്ര ആരംഭിച്ചത്.
സമീപ പ്രദേശങ്ങളിൽ നിന്നു തന്നെ ബിസിനസിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ കണ്ടെത്തി. അതേസമയം ഗുണമേൻമയിൽ ഒരു വിട്ടുവീഴചയും വരുത്തിയില്ല. ഇന്ന് ഇന്ത്യയിലെ ഏറ്റവും ഡിമാൻഡുള്ള ബ്രാൻഡുകളിൽ ഒന്നായി ഇന്നിത് മാറിക്കഴിഞ്ഞു. ഇന്ത്യയിലുടനീളം 28 -ലധികം നഗരങ്ങളിലായി 110 -ലധികം സ്റ്റോറുകളിൽ ഈ ശൃംഖല വ്യാപിച്ചു കിടക്കുന്നു. ആഗോളതലത്തിലും ചില ചുവടുവയ്പ്പുകൾ നടത്താൻ മീരയ്ക്കു സാധി്ച്ചിട്ടുണ്ട്.
താജ്, ഹയാത്ത് തുടങ്ങിയവരെ തന്റെ ഉൽപ്പന്നങ്ങൾ കൊണ്ട് ആകർഷിക്കാൻ മീരയ്ക്കു സാധിച്ചുവെന്നതാണ് വളരെ പ്രധാനം. 150 -ഓളം സ്പാകൾ ഉൾപ്പെടെ 300 -ലധികം ഹോട്ടലുകൾ മീരയുടെ സജീവ ക്ലയന്റുകളാണ്. 2020 സാമ്പത്തിക വർഷത്തിൽ 253 കോടി രൂപയും, 2021 സാമ്പത്തിക വർഷത്തിൽ 210 കോടി രൂപയുമാണ് മീരയുടെ കമ്പനിയുടെ വരുമാനം.
ഫോർച്യൂൺ മാഗസിൻ പ്രകാരം, ഇന്ത്യൻ ബിസിനസിലെ ഏറ്റവും ശക്തയായ വനിതകളിൽ ഒരാളായി മീര മാറി കഴിഞ്ഞു. 1,290 കോടി രൂപയുടെ അമ്പരപ്പിക്കുന്ന ആസ്തിയുള്ള ഇന്ത്യയിലെ ഏറ്റവും ധനികരായ സ്ത്രീകളിൽ ഒരാളാണ് ഇന്ന് മീരയെന്ന് 2020 ലെ കൊട്ടക് വെൽത്ത് ഹുറൂൺ ലിസ്റ്റ് വ്യക്തമാക്കുന്നുണ്ട്.
Discover Mira Kulkarni’s inspiring journey from personal hardships to founding Forest Essentials, a luxury skincare brand rooted in Ayurveda, and becoming one of India’s most powerful businesswomen.