ഫീഡർ സർവീസുമായി കൊച്ചി വാട്ടർ മെട്രോ

യാത്രികരുടെ തിരക്കേറെയുള്ള വാട്ടർ മെട്രോയുടെ കാക്കനാട്‌–വൈറ്റില റൂട്ടിൽ കൂടുതൽ ബോട്ടുകളും ഫീഡർ ബസ്‌ സർവീസും വരുന്നു. കലക്‌ടറേറ്റിലേക്കും ഇൻഫോപാർക്കിലേക്കും ഉൾപ്പെടെ സ്ഥിരം യാത്രികർ ഏറെയുള്ള റൂട്ടിൽ ചിറ്റേത്തുകരയിലെ ജലമെട്രോ ടെർമിനലിൽനിന്നുള്ള ലാസ്റ്റ്‌ മൈൽ കണക്‌ടിവിറ്റി വർധിപ്പിക്കലാണ്‌ ലക്ഷ്യം. സെപ്‌തംബറോടെ ഈ റൂട്ടിൽ കൂടുതൽ ബോട്ടുകളും ഫീഡർ ബസുകളും ആരംഭിക്കാനാകുമെന്നാണ്‌ അധികൃതർ പ്രതീക്ഷിക്കുന്നത്‌.

പ്രവർത്തനം ആരംഭിച്ചിട്ട്‌ 16 മാസം പിന്നിടുന്ന ജലമെട്രോയിലെ യാത്രികരുടെ എണ്ണം 26 ലക്ഷത്തിലേക്ക്‌ അടുക്കുകയാണ്‌. സർവീസ്‌ നടത്തുന്ന അഞ്ചു റൂട്ടുകളിൽ കൂടുതൽ സ്ഥിരം യാത്രികരുള്ളത്‌ കാക്കനാട്‌ – വൈറ്റില റൂട്ടിലാണ്‌. തിരക്കുള്ള രാവിലെയും വൈകിട്ടും കൂടുതൽ സർവീസുകൾ നടത്തുന്നുണ്ടെങ്കിലും ചിറ്റേത്തുകര ടെർമിനലിൽനിന്ന്‌ ലക്ഷ്യസ്ഥാനങ്ങളിലേക്ക്‌ എത്താനുള്ള സൗകര്യക്കുറവ് പരിഹരിച്ചിട്ടില്ല. കൊച്ചി മെട്രോ റെയിലിന്റെ ഇൻഫോപാർക്ക്‌ പാതയുടെ നിർമാണം പൂർണതോതിലാകുന്നതോടെ കാക്കനാട്ടേക്കുള്ള റോഡ്‌ ഗതാഗതം കൂടുതൽ പ്രയാസകരമാകും. ഈ സാഹചര്യത്തിൽ കൂടുതൽ സ്ഥിരം യാത്രികർ ജലമെട്രോയെ ആശ്രയിക്കാനുള്ള സാധ്യതയുണ്ട്‌.

സെപ്‌തംബറോടെ കൊച്ചി കപ്പൽശാലയിൽനിന്ന്‌ ഏതാനും ബോട്ടുകൾകൂടി ജലമെട്രോയിലേക്ക്‌ എത്തുന്നുണ്ട്‌. ഇതെല്ലാം കണക്കിലെടുത്താണ്‌ വൈറ്റില-കാക്കനാട്‌ ജലമെട്രോ സർവീസ്‌ ശക്തിപ്പെടുത്താനുള്ള നടപടി ആരംഭിച്ചത്‌. ചിറ്റേത്തുകരയിൽനിന്ന്‌ രണ്ടു ബസുകൾ ഇൻഫോപാർക്ക്‌ റൂട്ടിൽ ഏർപ്പെടുത്താനാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ ജലമെട്രോ ചീഫ്‌ ജനറൽ മാനേജർ ഷാജി പി ജനാർദനൻ പറഞ്ഞു. വൈറ്റിലയിൽനിന്നുള്ള ബോട്ട്‌ സർവീസ്‌ കടമ്പ്രയാറിലൂടെ ഇൻഫോപാർക്കുവരെ എത്തിക്കാനുള്ള പദ്ധതിയിലെ സാങ്കേതികതടസ്സങ്ങൾ പരിഹരിച്ചിട്ടില്ല. രാജഗിരി ഭാഗത്തുണ്ടായിരുന്ന താൽക്കാലിക ബണ്ട്‌ പുഴയുടെ ആഴം കുറച്ചതാണ്‌ ബോട്ട്‌ സർവീസ്‌ നീട്ടാനുള്ള പ്രധാന തടസ്സം.

32 സീറ്റുള്ള 15 ഇ-ബസുകളാണ്‌ അടുത്തമാസത്തോടെ എത്തുക. കാക്കനാട്‌ ജലമെട്രോ ടെർമിനലിൽനിന്ന്‌ ഇൻഫോപാർക്കിലേക്കും കൊച്ചി മെട്രോയുടെ വിവിധ സ്‌റ്റേഷനുകളിലേക്കുമാണ്‌ ഇവയുടെ സേവനം പ്രയോജനപ്പെടുത്തുക. കൊച്ചി മെട്രോയുമായി ബന്ധപ്പെടുത്തി ആലുവ നെടുമ്പാശേരി ഫീഡർ സർവീസിനുപുറമെ കലൂരിൽനിന്ന്‌ പുതുക്കലവട്ടംവഴി എളമക്കരയ്‌ക്കും തൃപ്പൂണിത്തുറ-മുളന്തുരുത്തി, വൈറ്റില-കുണ്ടന്നൂർ–തോപ്പുംപടി സർക്കുലർ സർവീസും പരിഗണിക്കുന്നുണ്ട്‌.

More boats and feeder bus services are being added to the Kakkanad-Vytila route of Kochi’s Water Metro to enhance last-mile connectivity. Discover the latest updates on service expansion, commuter benefits, and future plans to improve public transportation on this busy route.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version