കച്ചവടക്കാരന്റെ ചങ്കൂറ്റം

ഇന്ത്യക്കാരന്റെ കല്യാണചടങ്ങുകളിൽ ഒഴിവാക്കാനാകാത്ത ഒന്നാണ് ഹൽദി. നവവധുവിനെ മഞ്ഞളണിയക്കുന്ന പരമ്പരാഗത  ചടങ്ങ്!
മിന്നുകെട്ടിലെ ഈ മഞ്ഞൾചാർത്തിനെ മാർക്കറ്റിംഗിന് മരുന്നാക്കിയപ്പോൾ ‌മുംബൈക്കാരൻ മുതലാളിക്ക് മിന്നുന്ന വരുമാനം വന്നു. എല്ലാവരും ചെയ്യുന്നത് ചെയ്യാൻ വലിയ അധ്വാനം ആവശ്യമില്ല, ഒടുവിൽ പക്ഷെ  സാധാരണക്കാരനെപ്പോലെ ജീവിച്ച് മരിക്കാം. എന്നാൽ വ്യത്യസ്തമായി ചിന്തിക്കാനും പ്രവർത്തിക്കാനും ബുദ്ധി മാത്രം പോര! ചങ്കൂറ്റവും വേണം, നട്ടെല്ലുള്ളവന്റെ ചങ്കൂറ്റം. ആ ചങ്കൂറ്റം കൊണ്ട് മാത്രം ജനിച്ച ഒരു സംരംഭമുണ്ട്! വിഷ്ണു ഇൻ‍ഡസ്ട്രിയൽ കെമിക്കൽ കമ്പനി! മനസ്സിലായില്ലെന്ന് തോന്നുന്നു, വിഷ്ണു ഇൻഡസ്ട്രിയൽ കെമിക്കൽ കമ്പനി എന്ന പേര് ചുരുക്കിയാൽ വികോ, ഒരു പലചരക്ക് കച്ചവടക്കാരന്റെ ചങ്കൂറ്റത്തിന്റെ പേര്!

 ആ ഉൾവിളിയിൽ കുടുങ്ങി

1950-കളുടെ തുടക്കം. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ പലചരക്ക് കച്ചവടം നടത്തുകയായിരുന്നു കേശവ് വിഷ്ണു പന്താർക്കർ. വലിയ താമസമില്ലാതെ അദ്ദേഹം തിരിച്ചറിയുന്നു, കൂണുകൾ പോലെ പൊന്തിവരികയാണ് പലചരക്ക് കടകൾ. തന്റെ ബിസിനസ്സിന് എന്താണ് പ്രത്യേകത? മാത്രമല്ല, ആ കച്ചവടത്തിൽ കൂടുതലൊന്നും പ്രതീക്ഷിക്കാനുമില്ല. സംരംഭകത്വം അങ്ങനെയാണ്. മനസ്സിൽ അസ്വസ്ഥതയുടെ കനൽ കോരിയിട്ടാണ് തുടക്കം. കേശവ് പെന്താർക്കറും ആ ഉൾവിളിയിൽ കുടുങ്ങി. പലചരക്ക് കട പൂട്ടി. ഭാര്യയും മക്കളുമായി 700 കിലോമീറ്റർ അകലയുള്ള മുംബൈയിലേക്ക് വണ്ടി കയറി, അന്നത്തെ ബോംബെ!

പിന്നെ ഒരു കുപ്പി വെള്ളവും കയ്യിൽ കരുതി

എന്ത് ചെയ്യണമെന്ന് നിശ്ചയമില്ലാതെയാണ് വാസ്തവത്തിൽ പെന്താർക്കർ മുംബൈയിൽ എത്തുന്നത്. സംരംഭകത്വം മനസ്സിലുണ്ടെന്ന് വെച്ച് അരിവേവില്ലല്ലോ. നിത്യ വരുമാനത്തിന് പല പണികൾ ചെയ്തു. ബോംബെ പക്ഷെ നാഗ്പൂർ പോലെയായിരുന്നില്ല. സ്വാതന്ത്യം കിട്ടിയ സ്ഥിതിക്ക് ഇനി സൗന്ദര്യം ശ്രദ്ധിച്ച് തുടങ്ങാം എന്ന് സിറ്റിയിലെ സ്ത്രീകൾക്ക് തോന്നിത്തുടങ്ങിയ കാലം. പോണ്ട്സ്, നിവിയ തുടങ്ങിയ വിദേശ സൗന്ദര്യവർദ്ധക ക്രീമുകളും ടൂത്ത് പേസ്റ്റും ഒക്കെ ഇന്ത്യ എന്ന പുതിയ രാജ്യത്തേക്ക് അടിച്ച് കയറി വരുകയാണ്. പണ്ടേ ഈ ആയുർവേദ ലൈനിനോട് താൽപര്യമുണ്ടായിരുന്ന കേശവ് വിഷ്ണു പന്താർക്കർക്ക് അവസരത്തിന്റെ ആളനക്കം കാണാനായി. ഒരു ആടുക്കള, ഒരു ഹാൾ പിന്നെ ഒരു ബെഡ്റൂം. ഇങ്ങനെ കഷ്ടിച്ച് മൂന്ന് റൂമുള്ള വീട്ടിലായിരുന്നു പന്താർക്കറും ഭാര്യയും മക്കളും താമസിച്ചിരുന്നത്. അടുക്കളയിൽ പ്രൊഡക്റ്റ് നിർമ്മാണം, ഹോള് വെയർഹൗസ്, ബെഡ്റൂം ഓഫീസും! പന്താർക്കർ തുടങ്ങുകയായി.  

18 ആയുർവേദ ചേരുകകൾ ചേർത്ത് ദന്തധാവന ചൂർണ്ണം അഥവാ ടൂത്ത് പൗഡർ ഉണ്ടാക്കി വിറ്റുതുടങ്ങി. ഒരു ആഷ്കളറിലെ പൊടി. അത് ഒരു ഡപ്പിയിലാക്കി, കോട്ടൺ ക്ലോത്തിൽ പൊതിഞ്ഞാണ് വിൽക്കാൻ കൊണ്ടുപോയത്. കടക്കാരാരും അത് വാങ്ങിയില്ല. നല്ല വെളുത്ത ടൂത്ത് പേസ്റ്റ് മാർക്കറ്റിൽ കിട്ടുമ്പോ ആരാ കറുത്ത പൊടി വാങ്ങി വെളുത്ത പല്ലിൽ തേക്കാൻ? പന്താർക്കറും മക്കളും തെരുവിലേക്കിറങ്ങി. ഓരോ വീട്ടിലും കയറും. പല്ല് തേയ്ക്കുന്ന പൊടി വിൽക്കും. ഒരു കാര്യം വളരെ നന്നായി മറ്റൊരാളെ കൺവിൻസ് ചെയ്യാൻ മിടുക്കനായിരുന്നു ആ സംരംഭകൻ. അഥവാ ഒരു സംരംഭകന് വേണ്ട ആദ്യ ക്വാളിറ്റി! അദ്ദേഹം ഓരോ വീട്ടിലും കയറി പഠിപ്പിച്ചു, പല്ല് തേക്കുന്നത് വെളുക്കാനല്ല, വെടിപ്പായും ആരോഗ്യത്തോടെയും ഇരിക്കാനാണ്. അപ്പോ ആളുകൾക്ക് സംശയം, ഇത് വെച്ച് തേച്ചാൽ പല്ല് കറുത്ത് പോകുമോ? ആ സംരംഭകൻ പിന്നെ ഒരു കുപ്പി വെള്ളവും കയ്യിൽ കരുതിത്തുടങ്ങി. എന്തിനാണെന്നോ, ഓരോ വീട്ടിലും കയറി സ്വന്തം പല്ല് തേച്ച് കാണിച്ചു. പല്ല് കറുത്തില്ല! മാത്രമല്ല, ആയുർവേദമാണ്.

പല്ലിനും മോണയ്ക്കും ഇതാണ് നല്ലത്, മാത്രമോ സ്വദേശിയും!
ഓരോ കസ്റ്റമറോടും വളരെ വിനയത്തോടെ അതേസമയം ആധികാരികമായി പന്താർക്കർ പറഞ്ഞു, ഞാൻ ഈ വിൽക്കുന്നത് നിങ്ങൾക്ക് ഇഷ്ടമുള്ള പ്രൊ‍ഡക്റ്റല്ല, നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ആരോഗ്യത്തോടെയിരിക്കാൻ ആവശ്യമുള്ള പ്രൊ‍ഡക്റ്റാണ്.

ഒരിക്കലുപയോഗിച്ചവർ കടകളിൽ ചെന്ന് ആ പൊടി ആവശ്യപ്പെട്ടു. വികോ വജ്രദന്തി ഉണ്ടോ എന്ന്. അപ്പോ, ആദ്യം നിരസിച്ച കടക്കാർ പെന്താർക്കറിനെ അന്വേഷിച്ച് കണ്ടെത്തിയിട്ട് പറഞ്ഞു, ആളുകൾ ചോദിക്കുന്നു, കുറച്ച് ‍ഡപ്പികൾ ഞങ്ങളുടെ കടകളിൽ വെക്കണേ എന്ന്! ഇതാണ്, ഇതാണ് സംരംഭം. സ്വന്തം പ്രൊ‍ഡക്റ്റ് തേടി ആളുകൾ വരുന്ന അവസ്ഥ! ഒരോ സംരംഭകന്റേയും സ്വപ്നം! ഡിമാന്റ് ഉണ്ടാകുക. അതായിരിക്കുന്നു.  1950-കളിൽ ടൂത്ത് പേസ്റ്റും ബ്രഷും പ്രഭാതത്തിലെ ചടങ്ങായി രൂപപ്പെടുന്ന കാലത്ത് വികോ പൽപ്പൊടി-യെ ടൂത്ത് പേസ്റ്റാക്കി. ആയുർവേദ ടൂത്ത് പേസ്റ്റ്!

ചരിത്രത്തിലെ ആദ്യ സ്പോൺസർ

ഇനി അടുക്കളയിലെ പ്രൊ‍ഡക്റ്റ് നിർമ്മാണം നടക്കില്ല. 1955, പരേലിൽ ഫാക്ടറി തുടങ്ങി. ആ വർഷം 10,000 രൂപ വിറ്റുവരവിലേക്ക് കമ്പനി എത്തി.  പത്ത് വർഷങ്ങൾ കഴിഞ്ഞു, 1960-കളുടെ മധ്യമാകുമ്പോഴേക്ക് പരേലിലെ ഫാക്ടറി പോരാതെ വരുന്നു, സംരംഭം വളരുന്നു. 1968, താനെയിൽ 2 ഏക്കറിലെ വിശാലമായ ഫാക്ടറിയിലേക്ക് വികോ മാറുന്നു. 1970-കളുടെ ആദ്യം. ഒരു ലക്ഷണമൊത്ത ബിസിനസ്സായി വികോ വളരുകയാണ്. ഇനി ഒരു പ്രൊഡക്റ്റ് മാത്രം പോര! അപ്പോഴേക്ക് മൂത്ത മകൻ ഗജാനനൻ ഫാർമസിയിൽ ഡിഗ്രി പൂർത്തിയാക്കി. സംരംഭകത്വം ഒരു ദീർഘയാത്രയാണ്. തന്റെ ആവേശവും ചങ്കൂറ്റവും വാക് സാമർത്ഥ്യവും മാത്രം പോരാ. ആധികാരികത വേണം- കേശവ് പെന്താർക്കർക്ക് അത് അറിയാമായിരുന്നു. വിദ്യാഭ്യാസത്തിന്റെ പിൻബലം വേണം.  ഫാർമസി ഡിഗ്രി പൂർത്തിയാക്കിയ മകൻ ഗജാനനൻ 1971-ൽ വികോയുടെ സാരഥ്യം ഏറ്റെടുത്തു. പിതാവായ കേശവ് വിഷ്ണു പന്താർക്കറിന് വലിയ ആഗ്രഹമുണ്ട്! സ്വന്തം രാജ്യത്തെ ജനങ്ങൾക്ക്, സുരക്ഷിതമായ ആയുർവേദത്തിൽ നിന്ന് ഉണ്ടാക്കിയ കെമിക്കൽ ഒട്ടുമേ ചേരാത്ത ഫെയ്സ് ക്രീം ഉണ്ടാക്കണം. ഗജാനനൻ ആ ദൗത്യം ഏറ്റെടുത്തു. മഞ്ഞളും ആയുർവേദ മൂലികകളും ചേർന്ന മുഖ ക്രീം.

ആദ്യം അത് അത്ര വിജയകരമായിരുന്നില്ല. ട്യൂബുകളിൽ നിറച്ച മഞ്ഞ നിറത്തിലെ ക്രീം, സാധാരണ കോസ്മറ്റിക്സ് പ്രൊ‍ഡക്റ്റുകളോട് മത്സരിക്കാൻ നന്നേ പാടുപെട്ടു. പിതാവിനെപ്പോലെ ക്ഷമയും അർപ്പണവും വശമുണ്ടായിരുന്നു ഗജാനനനും. അദ്ദേഹം സൂക്ഷമമായി ആപ്രൊ‍ഡക്റ്റ് ഡെവലപ്മെന്റ് മുന്നിൽ നിന്ന് നയിച്ചു. സക്സസായി, വികോ ടർമറിക് ആയുർവേദിക് ക്രീം! അപ്പോഴും കടകളിൽ വാങ്ങാൻ വരുന്നവർക്ക് സംശയം, മ‍ഞ്ഞ നിറമുള്ള ബാം പുരട്ടിയാൽ മുഖത്തിന് മഞ്ഞക്കളറാകുമോ? പിതാവിന്റെ ആ പഴയ ആയുധം മകനും പ്രയോഗിച്ചു. കടകളിൽ വികോ മാർക്കറ്റ് ചെയ്യാൻ ചെല്ലുന്ന എക്സിക്യൂട്ടീവ്സ്, ആദ്യം വികോ മുഖത്ത് പുരട്ടും, പിന്നെ കഴുകി അതിന്റെ ഗുണവും പ്രയോഗവും ഒരു സംശയത്തിനും ഇടഇല്ലാത്ത വിധം കാണിച്ചുകൊടുത്തു. ഇത് മാത്രം പോര, ജനങ്ങളിലേക്ക് ഇറങ്ങണം. 1980-കളാണ്. അക്കാലത്ത് ഒരേ ഒരു ജനകീയ മാധ്യമം മാത്രം. ദൂരദർശൻ. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു പരിപാടി സ്പോൺസർ ചെയ്യുന്ന ബ്രാൻഡായി വികോ. യേ ജോ ഹെ സിന്ദഗി എന്ന സീരിയൽ വികോ സ്പോൺസർ ചെയ്തു. ഇന്ത്യയിലെ സ്ത്രീ ഹൃദയങ്ങളെ ആകെ വികോ മികച്ച പരസ്യങ്ങൾ കൊണ്ട് പിടിച്ചടക്കി. കോസ്മെറ്റിക്സ് പ്രൊ‍ഡക്റ്റുകളിലെ വമ്പൻ കോർപ്പറേറ്റ് ബ്രാൻഡുകളുടെ നൽകുന്ന കടുത്ത മത്സരത്തിലും, ഞങ്ങളുടേത്  കോസ്മെറ്റിക് പ്രൊഡക്റ്റല്ല, ഇത് പ്രകൃതിദത്തമാണ് എന്ന് തന്നെ ശക്തമായി പറയാൻ വികോ ശ്രമിച്ചു.

തലവര മാറ്റിയ കേസ്

അപ്പോഴാണ് മറ്റൊരു പ്രശ്നം, സെൻട്രൽ എക്സൈസ് ‍ഡിപ്പാർട്ട്മെന്റ് വികോയ്ക്ക് നോട്ടീസ് അയച്ചു. വികോ ആയുർവേദമല്ല, കോസ്മെറ്റിക്സ് ആണ്. അതുകൊണ്ട് കോസ്മെറ്റിക്സ് ടാക്സ് നൽകണം. ആയുർവേദ മരുന്നുകളേക്കാൾ കോസ്മെറ്റിക്സ് പ്രൊഡക്റ്റുകൾക്ക് നികുതി കൂടുതലാണ്. വികോ ആയുർവേദത്തിന്റെ പേര് പറഞ്ഞ് ടാക്സ് വെട്ടിക്കുന്നു. വികോ കോടതിയെ സമീപിച്ചു. ആദ്യം ബോംബെ ഹൈക്കോർട്ട് പിന്നെ സുപ്രീം കോടതിയും. 23 വർഷം! 23 വർഷം കൊണ്ട് കോടതി വിധിച്ചു, വികോ ആയുർവേദമാണ്! എക്സൈസ് ഡിപ്പാർട്ട്മെന്റ് വിട്ടില്ല. സെൻട്രൽ എക്സൈസ് താരിഫ് ആക്റ്റ് വന്ന 1985-ലും ഇതേ വാദവുമായി സർക്കാർ വന്നു. 2007-ൽ അതും വികോയ്ക്ക് അനുകൂലമായി. പക്ഷെ ഈ കോടതി വ്യവഹാരം നടക്കുന്ന കാലത്താണ് വികോ ഉച്ചത്തിൽ രാജ്യമാകെ മൈക്ക് കെട്ടിവെച്ച് വിളിച്ചു പറഞ്ഞത്, വികോ ടെർമറിക്, നഹി കോസ്മെറ്റിക്സ്, വികോ ടെർമെറിക് ആയുർവേദിക് ക്രീം എന്ന്. ഇത് കേൾക്കാത്ത ഒരൊറ്റ ഇന്ത്യക്കാരനും ഉണ്ടായിരുന്നില്ല. അതായത്, അനാവശ്യമായി വേട്ടയാടാൻ ശ്രമിച്ചാൽ, സത്യം കൂടെ ഉണ്ടെന്ന് ഉറപ്പുണ്ടെങ്കിൽ ശക്തമായി ഫൈറ്റ് ചെയ്യണം, അത് സർക്കാരിനോടായാലും, രാജാവിനോടായാലും.

ഏതെങ്കിലും വിദേശ കോസ്മെറ്റിക്സ് ബ്രാൻഡിന് വേണ്ടിയാണോ അന്നത്തെ സർക്കാർ വികോ-യെ വേട്ടയാടിയതെന്ന് അറിയില്ല, പക്ഷെ ആ ആപത്തിനെ വികോ അങ്ങ് ശരിക്കും മുതലാക്കി. ആ ഒരൊറ്റ ജിംഗിളാണ് വികോയെ ഇന്ത്യൻ ബ്യൂട്ടി ക്രീം മാർക്കറ്റിലെ ശക്തനായ നേതാവാക്കിയത്. 1950-കളിൽ 10,000 രൂപ വാർഷിക വിറ്റുവരവിൽ തുടങ്ങിയ വികോ, ഈ തന്റേടവും ചങ്കൂറ്റവും കൊണ്ട് എവിടേക്കാണ് കയറിയതെന്ന് അറിയാമോ? 700 കോടി വിറ്റുവരവുള്ള കമ്പനി എന്ന പദവിയിലേക്ക്. ആ ചങ്കൂറ്റം കൊണ്ട് മാത്രമാണ്, കേശവ് വിഷ്ണു പെന്താർക്കർ തുടങ്ങിയ വികോ 700 കോടിക്കിലുക്കത്തിലും ഇന്നും ആ മനുഷ്യന്റെ കൊച്ച് മക്കളുടെ കൈകളിൽ തന്നെ നിലനിൽക്കുന്നതും. പണവും മൂല്യമവുമുണ്ടായാലും രണ്ടാം തലമുറയിലെത്തുമ്പോഴേക്ക് ചിതറിപ്പോകുന്ന കുടുംബ ബിസിനസ്സുകൾ നമ്മൾ ഏറെക്കണ്ടിട്ടുണ്ട്. അവിടെയാണ് വികോ, ചരിത്രത്തിലിടം പിടിക്കുന്നത്.

കാലത്തിന് മുന്നേ സഞ്ചരിച്ച് ബ്രാൻഡ്!

1980-കളിൽ വികോ- ആയുർവേദ ടൂത്ത് പേസ്റ്റ് വിൽക്കാൻ ശ്രമിച്ചപ്പോൾ പരിഹസിച്ചവരുണ്ട്, വിദേശ ടൂത്ത് പേസ്റ്റിന്റെ ആരാധകർ. പക്ഷെ ഇതേ ഫോറിൻ പേസറ്റ് ബ്രാൻഡുകളുടെ പരസ്യത്തിൽ പിന്നെ കണ്ടത്, ഞങ്ങളുടെ പേസ്റ്റിൽ ഗ്രാമ്പൂ ഉണ്ട്, ചാർക്കോൾ ഉണ്ട്, ഉപ്പ് ഉണ്ട് തുടങ്ങിയ അവകാശവാദങ്ങൾ. അപ്പോ മനസ്സിലാകും വികോ, വാസ്തവത്തിൽ കാലത്തിന് മുന്നേ സഞ്ചരിച്ച ബ്രാൻഡാണെന്ന്. കേശവ് പെന്താർക്കറുടെ കൊച്ചുമകൻ, സഞ്ജീവ് പെന്താർക്കറാണ് ഇന്ന് വികോ-യെ നയിക്കുന്നത്.

വികോ പിറന്നിട്ട്, 72 വർഷമായിരിക്കുന്നു, ലക്ഷ്യം തെറ്റാതെ മൂന്ന് തലമുറകളുടെ അധ്വാനമാണീ ബ്രാൻഡ്! 700 കോടിയുടെ സിംഹാസനത്തിലിരുന്ന് സഞ്ജീവ് പറയുന്നു, സംരംഭം അത് തുടക്കം മുതൽ അങ്ങോട്ട് എത്രകാലമുണ്ടോ അത്രയും കാലവും ഒരു കൈക്കുഞ്ഞ് പോലെയാണ്. ഒരു കൈക്കുഞ്ഞിന് നൽകേണ്ട പരിചരണവും ശ്രദ്ധയും സ്നേഹവും വേണം. ശരിയാണ്, തട്ടുടുത്ത് കളിത്തട്ടിലേക്കിറങ്ങിയ കിളിത്തട്ട്കാരനെപ്പോലെയാണ് സംരംഭകൻ!  ഈ കളിയിൽ ഇടർച്ചയോ തളർച്ചയോ ഉണ്ടാകാം, പക്ഷെ കീഴടങ്ങൽ! അത് സാധ്യമല്ല!

Discover the inspiring journey of Keshav Vishnu Pantarkar, founder of Vicco, who transformed a small grocery business into a successful Ayurvedic cosmetic brand. Learn how Vicco turned challenges into opportunities in the Indian market.

എഡിറ്റോറിയൽ ഇൻസൈറ്റ്സ് എന്ന പ്രോ​ഗ്രാമിനുവേണ്ടി വളരെ സൂക്ഷമമായി റിസർച്ച് ചെയ്ത് തയ്യാറാക്കിയ സ്റ്റോറികളുടെ സ്ക്രിപ്റ്റും വീഡിയോയും പൂർണ്ണമായും ചാനൽ അയാം ഡോട്ട് കോം-മിന്റെ (channeliam.com) അസെറ്റാണ്. ഈ സ്ക്രിപ്റ്റിലെ വരികളും ചില പ്രയോ​ഗങ്ങളും വാക്യങ്ങളും channeliam.com-ന് കോപ്പി റൈറ്റ് ഉള്ള മൗലിക സൃഷ്ടികളാണ്. ഇതിനായി തയ്യാറാക്കുന്ന സ്ക്രിപ്റ്റ് പൂർണ്ണമായോ ഭാ​ഗികമായോ പകർത്തുന്നതോ, കോപ്പി ചെയ്ത് ഉപയോ​ഗിക്കുന്നതോ, വാക്യങ്ങളോ വാചകങ്ങളോ പകർത്തുന്നതോ പകർപ്പവകാശത്തിന്റെ ലംഘനമാണ്.

Share.

Comments are closed.

Exit mobile version