ഓണം എന്ന് കേൾക്കുമ്പോൾ മനസിലേക്ക് പൂവും പൂക്കളവും സദ്യയും ഒക്കെ ഓടിവരാത്ത ഒരു മലയാളി പോലും ഉണ്ടാവില്ല. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണം ആഘോഷങ്ങൾ പലതും ചുരുങ്ങിയിട്ടുണ്ട് എങ്കിലും  ആഘോഷം എത്ര ചെറുതായാലും ഓണ പൂക്കളവും സദ്യയും നിർബന്ധമാണ്. ഏറെക്കാലമായി വിപണിയിലെ അന്യ സംസ്ഥാന പൂക്കളോടാണ് പലർക്കും പ്രിയം. നാട്ടിൻപുറത്തെ വീടുകളിൽ പോലും ഇവയുടെ സാന്നിധ്യം കണ്ടു തുടങ്ങിയിരുന്നു. എന്നാൽ ഇത്തവണ ഇതിനൊരു മാറ്റം കണ്ടു തുടങ്ങിയിരിക്കുകയാണ്. അതിനു മുന്നോടിയായി എറണാകുളം ജില്ലയിലെ ആലുവയിൽ ശ്രീജിത്ത് എന്ന കർഷകനും ഇത്തവണ ഓണം കളറാക്കാൻ ഓണവിപണിയിലേക്ക് പൂക്കൾ എത്തിക്കുകയാണ്. ശ്രീജിത്തിന്റെ തോട്ടത്തിൽ വിരിഞ്ഞ മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ബന്ദി പൂക്കൾ കാണാൻ നിരവധി ആളുകൾ ആണ് ഇവിടേക്ക് എത്തുന്നത്. ഈ പൂക്കളുടെ വിളവെടുപ്പ് ആലുവ എംഎൽഎ അൻവർ സാദത്ത് ആണ് നടത്തിയത്.

 കൺസ്ട്രക്ഷൻ മേഖലയിൽ ആയിരുന്ന ശ്രീജിത്ത് കോവിഡ് കാലഘട്ടത്തിൽ ആണ് അത് ഉപേക്ഷിച്ച് പൂർണ്ണമായും കൃഷിയിലേക്ക് ഇറങ്ങുന്നത്. ഒരു തൈ 5 രൂപ എന്ന നിരക്കിൽ 3000 തൈകൾ ആണ് രണ്ടര ഏക്കർ കൃഷിഭൂമിയിൽ ശ്രീജിത്ത് നട്ടുപിടിപ്പിച്ചത്. വാഴക്കൃഷി നടത്തുന്നതിനൊപ്പം ഇടവിള കൃഷി ആയിട്ടാണ് ശ്രീജിത്ത് ഈ പൂക്കൾ വളർത്തിയത്. മൂന്നുമാസം ആയിരുന്നു ഇതിന്റെ വളർച്ച പൂർത്തിയാകുവാനും പൂക്കൾ വിളവെടുപ്പ് ഘട്ടത്തിലേക്ക് എത്തുവാനും എടുത്ത സമയം. നിലവിൽ ഈ പൂക്കൾക്ക് മാർക്കറ്റിൽ ഒരു കിലോയ്ക്ക് 150 രൂപയാണ് ഏകദേശ വില വരുന്നത്. വിത്ത് വാങ്ങിയതും കൃഷി ചെയ്യാനുള്ള ചിലവും വളവും എല്ലാം  ഉൾപ്പെടെ 35000 രൂപയാണ് ശ്രീജിത്തിന് ഇതിൽ ചിലവ് വന്നത്.  മാർക്കറ്റിൽ നിലവിൽ ലഭിക്കാവുന്നതിൽ വച്ചുള്ള ഹൈബ്രിഡ് പൂക്കൾ ആണ് ശ്രീജിത്തിന്റെ തോട്ടത്തിൽ വിരിഞ്ഞത്.

“തരിശുഭൂമി ആയി കിടന്ന സ്ഥലമാണ് ഇത്. രണ്ടര മൂന്നു ഏക്കറോളം സ്ഥലം ഉണ്ട്. നെല്ല് കൃഷി, പച്ചക്കറി കൃഷി ഒക്കെ ഉണ്ട്. ഈ ഓണം വിപണി മുന്നിൽ കണ്ടാണ് ഈ പൂക്കൾ കൃഷി ചെയ്യാൻ തുടങ്ങിയത്. കൃഷി ഭവന്റെ ചെറിയ സബ്സിഡി ഒക്കെ ഉണ്ടായിരുന്നു. അങ്ങിനെ ആണ് ഇതിലേക്ക് എത്തുന്നത്. മറ്റുള്ള സ്ഥലങ്ങളിൽ വിരിയുന്ന പൂക്കളേക്കാൾ ഉത്പാദനം കുറവാണെങ്കിലും നമ്മുടെ മണ്ണിൽ വിരിയുന്ന പൂക്കൾ വലിപ്പത്തിൽ മുന്നിൽ നിൽക്കുന്നവയാണ്. വലിയ ലാഭം പ്രതീക്ഷിച്ചിട്ട് ആയിരുന്നില്ല ഇത് ചെയ്തത്.

വയനാട് ദുരന്തത്തിന് മുൻപാണ് ഞാൻ ഇത് ഓണം വിപണി മുന്നിൽ കണ്ട് കൃഷി ചെയ്തത്. കോളേജുകളും ഓഫീസുകളും ഒക്കെ നേരിട്ടെത്തി ഓണം പരിപാടികൾക്കായി ഓർഡർ പിടിക്കാം എന്നാണ് വിചാരിച്ചിരുന്നത്. ഒഫീഷ്യലി ഓണം ആഘോഷം മാറ്റിവച്ചതോടെ ഞാൻ പ്രതിസന്ധിയിലാണ്. മാർക്കറ്റിൽ ഒക്കെ മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള പൂക്കൾ വരുന്നുണ്ട്. എന്റെ പൂക്കൾക്ക് വിപണി കണ്ടുപിടിക്കാൻ വേണ്ടി എന്ത് ചെയ്യണം എന്ന ആലോചനയിലാണ്. ഇവിടെ  ഒരു ചെറിയ സ്റ്റാൾ ഇട്ട് വിൽക്കാം എന്നാണ് വിചാരിക്കുന്നത്.” ശ്രീജിത്ത് പറയുന്നു.

സംരംഭത്തിന് ഒരു കൈത്താങ്ങ് –  ശ്രീജിത്തിന്റെ ഈ സംരംഭത്തിന് ഒരു കൈത്താങ്ങാകാൻ ആഗ്രഹിക്കുന്നവർക്ക്, പൂക്കൾ വാങ്ങാൻ 9446128365 എന്ന നമ്പറിൽ വിളിക്കുകയോ വാട്സ്ആപ്പ് മെസ്സേജ് അയക്കുകയോ ചെയ്യാം. അത് ശ്രീജിത്തിന്റെ മുന്നോട്ടുള്ള സംരംഭക യാത്രയ്ക്ക് കൂടുതൽ കരുത്തേകും.

Discover Sreejith’s inspiring journey from construction to flower farming in Aluva, Kerala. With 3,000 saplings on 2.5 acres, he brings vibrant flowers to the Onam market, despite challenges from the Wayanad disaster.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version