2000ത്തോളം പേര്‍ക്ക് തൊഴില്‍ അവസരം സൃഷ്ടിച്ച് ലുലു മാള്‍ കോഴിക്കോട് പ്രവര്‍ത്തനം ആരംഭിച്ചു. മേയര്‍ ബീന ഫിലിഫ് ഉദ്ഘാടനം നിര്‍വഹിച്ച പരിപാടിയില്‍ വിവിധ രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കള്‍ പങ്കെടുത്തു. ഉത്ഘടനത്തിന് ശേഷം സംസ്ഥാനത്തെ ലുലു ഗ്രൂപ്പിന്റെ പുതിയ പദ്ധതികള്‍ ചെയര്‍മാന്‍ എംഎ യൂസഫലി കോഴിക്കോട് പ്രഖ്യാപിച്ചു.

നാടിന്റെ വികസനത്തിന് ലുലു ഗ്രൂപ്പ് ഒപ്പമുണ്ടാകുമെന്ന് യൂസഫലി പറഞ്ഞു. കേരളത്തിന്റെ വികസനത്തിന് തടസം ഗതാഗത കുരുക്കാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ പുതിയ പാലങ്ങളും റോഡുകളും നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.
ലുലു ഗ്രൂപ്പ് കേരളത്തില്‍ തുടങ്ങാനിരിക്കുന്ന പുതിയ പദ്ധതികള്‍ തൊഴില്‍ അന്വേഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. മൂന്നര ലക്ഷം ചതുരശ്ര അടിയിലാണ് കോഴിക്കോട്ടെ ലുലു മാള്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. കേരളത്തിലെ ആറാമത്തേയും ഇന്ത്യയിലെ പതിനൊന്നാമത്തേയും പ്രൊജക്ട് ആണ് ഇതെന്ന് യൂസഫലി പറഞ്ഞു.

കേരളത്തിലെ അടുത്ത മാള്‍ കോട്ടയത്തായിരിക്കും. മൂന്ന് മാസത്തിനകം മാള്‍ തുറക്കാന്‍ സാധിക്കും. കേരളം ഇപ്പോള്‍ നമ്പര്‍ വണ്‍ ആയിട്ടുണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ നിക്ഷേപകരുടെ ശ്രദ്ധ കേരളത്തിലേക്ക് വരും. വിപുലമായ പ്രൊജക്ടുകള്‍ വരേണ്ടത് ഭാവി തലമുറയ്ക്ക് ആവശ്യമാണെന്ന് പറഞ്ഞ യൂസഫലി കൊച്ചിയില്‍ വരാന്‍ പോകുന്ന പദ്ധതികള്‍ സംബന്ധിച്ചും വിശദീകരിച്ചു.
25000 പേര്‍ക്ക് ഇരുന്ന് ജോലി ചെയ്യാന്‍ സാധിക്കുന്ന സൈബര്‍ ട്വിന്‍ ടവര്‍ കൊച്ചിയില്‍ വരുന്നുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ട്വിന്‍ ടവറാകും അത്. ഇന്‍ഫ്രാസ്‌ട്രെക്ചര്‍ പ്രൊജക്ടാണത്. അത്തരം സൗകര്യങ്ങളുണ്ടെങ്കില്‍ മാത്രമേ അന്താരാഷ്ട്ര ഐടി കമ്പനികള്‍ കേരളത്തിലേക്ക് വരൂ. കൂടാതെ കളമശേരിയില്‍ ഫുഡ് പ്രൊസസ്സിങ് പദ്ധതിക്ക് തറക്കല്ലിട്ടിട്ടുണ്ട്. വിദേശത്തെ ഹൈപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണിതെന്നും യൂസഫലി പറഞ്ഞു.

ഇതൊരു ചെറിയ പ്രൊജക്ടാണെന്ന് പറഞ്ഞ അദ്ദേഹം കൊച്ചിയിലെയും തിരുവനന്തപുരത്തെയും പോലെ വലിയ മാള്‍ കോഴിക്കോട് തുടങ്ങുന്ന കാര്യം പരിഗണനയിലാണെന്ന് വ്യക്തമാക്കി. ഇപ്പോഴത്തെ പ്രൊജക്ട് ജനങ്ങള്‍ ഏറ്റെടുക്കുന്നതിന് അനുസരിച്ചാകും അത്തരമൊരു സംരംഭം വരിക എന്നും യൂസഫലി പറഞ്ഞു.
കഴിഞ്ഞ ദിവസം വിഷയം ചര്‍ച്ച ചെയ്തിരുന്നു. സ്ഥലവും മറ്റും പരിശോധിച്ചു. ഇപ്പോഴത്തെ മാളില്‍ മൊത്തം 2000 പേര്‍ ജോലി ചെയ്യുന്നുണ്ട്. കച്ചവടത്തോടൊപ്പം ജോലി നല്‍കുകയും ചെയ്യുകയാണ് ഞങ്ങള്‍. തിരഞ്ഞെടുത്തവര്‍ക്ക് കൊച്ചിയിലും തിരുവനന്തപുരത്തുമായി പരിശീലനം നല്‍കിയ ശേഷമാണ് എല്ലാവരെയും ഇവിടെ എത്തിച്ചിരിക്കുന്നത്.
Lulu Mall has launched in Kozhikode, providing jobs to 2000 people. Chairman MA Yousafali announced new projects in Kerala, including a massive twin tower in Kochi and a food processing unit in Kalamassery.
