ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടേയും ആഘോഷമാണ് മലയാളികള്‍ക്ക് ഓണം. മലയാളി ഉള്ള കാലത്തോളം നമ്മൾ ഓണവും ആഘോഷിക്കും എന്നാണ് പൊതുവെ പറയപ്പെടാറുള്ളത്. അതിന്റെ കാരണം തന്നെ കേരളത്തിൻ്റെ സാംസ്‌കാരിക പൈതൃകത്തിൽ ആഴത്തിൽ വേരൂന്നിയതും ആഹ്ലാദത്തിൻ്റെയും ഒരുമയുടെയും ആദരവിൻ്റെയും നല്ല സമയം എന്നൊക്കെ ആണ് നമ്മൾ ഓണത്തെ കാണുന്നത്. ജാതി മത ഭേദമന്യേ ലോകത്തുള്ള എല്ലാ മലയാളികളും ഓണം ആഘോഷിക്കുന്നു. എന്നാൽ ഓണത്തെക്കുറിച്ച് നമുക്ക് അറിയാത്ത ചില കാര്യങ്ങള്‍ കൂടിയുണ്ട്.

എന്താണ് ഓണം ?

മലയാളികളുടെ ദേശീയോത്സവമാണ് ഓണം. ചിങ്ങമാസത്തിലാണ് ഓണം മലയാളികള്‍ ആഘോഷിക്കുന്നത്. മഹാബലി തന്റെ പ്രജകളെ കാണുവാന്‍ വര്‍ഷത്തിലൊരിക്കൽ എത്തുന്ന ദിവസമാണ് ഓണം എന്ന് കരുതി പോരുന്നു. എന്നാൽ, ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്നാണ് സങ്കല്പം.

എന്നാണ് ഓണം ആഘോഷിക്കുന്നത് ?

ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തിരുവോണം വരെയുള്ള പത്തുദിവസമാണ് പ്രധാനമായും ഓണം ആഘോഷിക്കുന്നത്. അതേസമയം, ഉത്രാടം ഒന്നാം ഓണം, തിരുവോണം രണ്ടാം ഓണം, അവിട്ടവും ചതയം മൂന്നാം ഓണം നാലാം ഓണം എന്ന രീതിയിൽ ആണ് ആഘോഷിക്കുന്നത്.

ഓണത്തിന്റെ ഐതിഹ്യം എന്ത് ?

ഓണത്തെ സംബന്ധിച്ച് നിരവധി ഐതിഹ്യങ്ങളുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയം മഹാബലിയുടേതാണ്. മഹാബലി എന്നൊരു അസുര ചക്രവര്‍ത്തി നാടു ഭരിച്ചിരുന്നു. എല്ലായിടത്തും ജയിച്ചവനായിരുന്ന മഹാബലിയുടെ ഗ‍ർവ്വ് മാറ്റുന്നതിന് വാമനനെന്ന ബ്രാഹ്മണ ബാലനായി മഹാവിഷ്ണു അവതരിച്ച്, തപസ്സു ചെയ്യുവാന്‍ മൂന്നടി മണ്ണ് മഹാബലിയോട് ചോദിച്ചു. മഹാബലി അതു നല്‍കാമെന്നു സമ്മതിച്ചു. തല്‍ക്ഷണം പ്രപഞ്ചത്തോളം വലിയ ആകാരം കൈക്കൊണ്ടു വാമനന്‍ രണ്ടടി കൊണ്ട് ഭൂമിയും ആകാശവും അളന്ന ശേഷം മൂന്നാമത്തേത് എവിടെയെന്ന ചോദ്യത്തിന് സത്യവാനായ ബലി ചക്രവര്‍ത്തി സ്വന്തം ശിരസ്സു കുനിച്ചു കൊടുത്തു. വാമനന്‍ ആ ശിരസ്സില്‍ ചവിട്ടി മഹാബലിയെ പാതാളത്തിലേക്കയച്ചു. തന്റെ പ്രിയ ജനതയെ ആണ്ടിലൊരിക്കല്‍ വന്നു കണ്ടുകൊള്ളാന്‍ മഹാബലിക്ക് വാമനന്‍ നല്‍കിയ അവസരമാണ് തിരുവോണമായി കേരളീയര്‍ ആഘോഷിക്കുന്നത്.

എന്താണ് പൂക്കളം ?

ഓണഘോഷത്തില്‍ ഒഴിച്ചുകൂടുവാനാകാത്ത ഒന്നാണ് പൂക്കളം. തിരുവോണദിവസം വരുന്ന മഹാബലിയെ സ്വീകരിക്കുന്നതിന്‌ അത്തം മുതൽ ഒരുക്കങ്ങളാരംഭിക്കുകയാണ്‌. മുറ്റത്ത്‌ ചാണകം മെഴുകിയാണ് പൂക്കളമൊരുക്കുന്നത്. ചിങ്ങത്തിലെ അത്തംനാൾ മുതലാ‍ണ് പൂക്കളം ഒരുക്കാൻ തുടങ്ങുന്നത്. ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂവ് മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകൾ മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. ചോതിനാൾ മുതൽ മാത്രമേ ചെമ്പരത്തിപ്പൂവിന്‌ പൂക്കളത്തിൽ സ്ഥാനമുള്ളൂ. ഉത്രാടത്തിൻനാളിലാണ്‌‍ പൂക്കളം പരമാവധി വലിപ്പത്തിൽ ഒരുക്കുന്നത്‌. മൂലം നാളിൽ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്.

എന്താണ് പുലിക്കളി ?

പുലിയുടെ വേഷം ധരിച്ചുള്ള കളിയാണ് പുലികളി. ഓണാഘോഷത്തോട് അനുബന്ധിച്ചാണ് ഇത് അരങ്ങേറുന്നത്. മെയ് വഴക്കവും ബലവുമുള്ള പുരുഷന്മാർ ആയിരുന്നു മുൻപ് പുലിവേഷം കെട്ടുന്നത്. ഇപ്പോൾ സ്ത്രീകളും പുലികളിയുടെ ഭാഗം ആവാറുണ്ട്. മധ്യകേരളത്തില്‍ തൃശ്ശൂരും പ്രാന്തപ്രദേശത്തും എറണാകുളം ജില്ലയിലെ തൃക്കാക്കര ദേശത്തുമാണ് ഇതിനുള്ള പ്രചാരം കൂടുതൽ.

എന്താണ് ഓണസദ്യ ?

ഓണത്തിന്റെ ഏറ്റവും പ്രധാന ആകര്‍ഷണമാണ് ഓണസദ്യ. നാക്കിലയിലാണ് ഓണസദ്യ വിളമ്പാറുള്ളത്. കാളൻ, ഓലൻ, എരിശ്ശേരി എന്നിവയാണ്‌ ഓണസദ്യയിൽ പ്രധാന വിഭവങ്ങൾ. അവിയലും സാമ്പാറും പിന്നീട്‌ വന്നതാണ്‌. നാലുകൂട്ടം ഉപ്പിലിട്ടതാണ്‌ കണക്ക്‌- കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിതൈര്‌. പപ്പടം ഇടത്തരം ആയിരിക്കും.

ചേന, പയർ‌, വഴുതനങ്ങ, പാവക്ക, ശർക്കരപുരട്ടിക്ക്‌ എന്നീ ഉപ്പേരികള്‍ക്ക് പുറമേ പഴനുറുക്കും പഴവും പാലടയും പ്രഥമനും. ഓരോ ദേശത്തിന് അനുസരിച്ചും സദ്യവട്ടത്തില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകും. വടക്കൻ പ്രദേശങ്ങളിലോട്ട് ഓണസദ്യയിൽ നോൺവെജ് വിഭവങ്ങളും ഇപ്പോൾ ഇടം പിടിക്കാറുണ്ട്. 

Discover the rich traditions of Onam, Kerala’s national festival, celebrated with joy, togetherness, and respect. Learn about Onasadya, Pulikali, flower beds, and the legend of Mahabali in this cultural deep dive.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version