റെയിൽവേയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ കാര്യക്ഷമമാക്കാൻ ഇന്ത്യൻ ഗവണ്മെന്റ് ഒരു സൂപ്പർ ആപ്പ് വികസിപ്പിക്കുകയാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സെപ്റ്റംബർ 16 ന് പറഞ്ഞു. ആപ്പിന്റെ പ്രത്യേക ഫീച്ചറുകളെ കുറിച്ച് മന്ത്രി വിശദീകരിച്ചിട്ടില്ലെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യാനും പിഎൻആർ സ്റ്റാറ്റസ് പരിശോധിക്കാനും ട്രെയിനുകൾ ട്രാക്ക് ചെയ്യാനും മറ്റും ആപ്പ് ഉപയോക്താക്കളെ അനുവദിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മാധ്യമങ്ങളോട് സംസാരിക്കവേ, കഴിഞ്ഞ ദശകത്തിൽ എൻഡിഎ സർക്കാരിന് കീഴിൽ ഇന്ത്യൻ റെയിൽവേ കൈവരിച്ച സുപ്രധാന മുന്നേറ്റങ്ങളെ വൈഷ്ണവ് എടുത്തുപറഞ്ഞു. “യാത്രക്കാർക്ക് ആവശ്യമായ ഏത് സേവനവും സൂപ്പർ ആപ്പിൽ ലഭ്യമാകും” എന്ന് അദ്ദേഹം പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം മാത്രം 5,300 കിലോമീറ്ററിലധികം റെയിൽവേ ട്രാക്കുകൾ സ്ഥാപിച്ചു, ഇത് സ്വിറ്റ്സർലൻഡിൻ്റെ മുഴുവൻ റെയിൽ ശൃംഖലയ്ക്ക് തുല്യമാണെന്നും മന്ത്രി പറഞ്ഞു.
റെയിൽവേ സുരക്ഷയെ അഭിസംബോധന ചെയ്ത്, “10 വർഷം മുമ്പ്, പ്രതിവർഷം 171 റെയിൽ അപകടങ്ങൾ നടന്നിരുന്നു, ഇത് പ്രതിവർഷം 40 ആയി കുറഞ്ഞു. എന്നിട്ടും, ഘടനാപരമായ മാറ്റങ്ങൾ വരുത്താനും അത് കുറയ്ക്കുന്നതിന് പുതിയ പരിശീലന രീതികൾ സൃഷ്ടിക്കാനും ഞങ്ങൾ അശ്രാന്തമായി പ്രവർത്തിക്കുന്നു. സുരക്ഷ കൂടുതൽ വർധിപ്പിക്കുന്നതിനും കൂട്ടിയിടികളും പാളം തെറ്റലും തടയുന്നതിനുമായി 10,000 റെയിൽവേ കോച്ചുകളിൽ തദ്ദേശീയമായ ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ (എടിപി) സംവിധാനമായ കവാച്ച് സ്ഥാപിക്കുമെന്നും” അദ്ദേഹം പ്രഖ്യാപിച്ചു.
കൂടാതെ, സാധാരണ ഇന്ത്യക്കാർക്ക് മിതമായ നിരക്കിൽ യാത്ര ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്ത അമൃത് ഭാരത് ട്രെയിനുകൾ മന്ത്രി അവതരിപ്പിച്ചു, ഏകദേശം 400-450 രൂപയ്ക്ക് 1,000 കിലോമീറ്റർ വരെ യാത്രകൾ അദ്ദേഹം വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യയുടെ വന്ദേ ഭാരത് ട്രെയിനുകളോട് അന്താരാഷ്ട്ര തലത്തിൽ വർദ്ധിച്ചുവരുന്ന താൽപ്പര്യവും വൈഷ്ണവ് പരാമർശിച്ചു. “ചിലി പോലുള്ള മറ്റ് രാജ്യങ്ങളിൽ നിന്ന് വന്ദേ ഭാരതിനായി ഞങ്ങൾക്ക് ഇതിനകം നിരവധി അന്വേഷണങ്ങൾ ലഭിച്ചിട്ടുണ്ട്. പക്ഷേ, വന്ദേ ഭാരതിൻ്റെ നാലാമത്തെയും അഞ്ചാമത്തെയും പതിപ്പിൽ നിന്ന് അത് കയറ്റുമതി ചെയ്യാൻ ഞങ്ങൾ തയ്യാറാണ്, ”അദ്ദേഹം കൂട്ടിച്ചേർത്തു.