ഇത്തവണത്തെ ഓണക്കിറ്റിലെ ശര്‍ക്കരയില്‍ അടിവസ്ത്രം കണ്ടെത്തി എന്ന തരത്തില്‍ സാമൂഹ്യമാധ്യമാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയുടെ വസ്‌തുത പരിശോധനയുമായി ബന്ധപ്പെട്ട് ചാനൽ ഐ ആം നടത്തിയ അന്വേഷണത്തിലേക്ക്.
‘ഇപ്രാവശ്യത്തെ സർക്കാർ ഓണക്കിറ്റിൽ ശർക്കരയോടൊപ്പം ഒരു അടിവസ്ത്രം തികച്ചും ഫ്രീ’- എന്ന കുറിപ്പോടെയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെച്ചിരിക്കുന്നത്. ‘സർക്കാർ ഓണം ഓഫർ, ശർക്കരയുടെ കൂടെ അടിവസ്ത്രം തികച്ചും ഫ്രീ’ എന്ന കുറിപ്പോടെ ആണ് കൊണ്ടോട്ടി അബു എന്ന പ്രൊഫൈലിൽ നിന്നും ഫേസ്‌ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.
ഈ വിഡിയോയിൽ ഒരു വലിയ ശര്‍ക്കര ഒരാള്‍ കത്തിക്കൊണ്ട് പൊട്ടിക്കുന്നതും അതിന്‍റെയുള്ളില്‍ നിന്ന് ഒരു തുണിക്കഷണം കണ്ടെത്തുന്നതുമാണ്. എന്നാൽ ഇത് സംബന്ധിച്ച് കേരള സര്‍ക്കാര്‍ 2024ലെ ഓണത്തിന് വിതരണം ചെയ്ത ഓണക്കിറ്റിലെ ശര്‍ക്കരയ്ക്കുള്ളില്‍ നിന്ന് അടിവസ്ത്രം കണ്ടെത്തിയതായി ഇതുവരെയും ഒരു മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല. മാത്രമല്ല ഇത്തവണത്തെ ഓണക്കിറ്റില്‍ ശര്‍ക്കര ഉള്‍പ്പെടുത്തിയിരുന്നില്ല എന്ന് അന്വേഷണത്തിൽ നിന്നും ബോധ്യപ്പെടുകയും ചെയ്തു.
2024 ഓണക്കിറ്റില്‍ 13 ഇനം ആവശ്യസാധനങ്ങളാണ് കേരള സര്‍ക്കാര്‍ വിതരണം ചെയ്തത്. അവയുടെ പട്ടിക സിവില്‍ സപ്ലൈസ് വകുപ്പ് ഫേസ്‌ബുക്കില്‍ പങ്കുവെച്ചിരുന്നു. തേയില, ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്‌സ്, നെയ്യ്, കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍പൊടി, മുളക് പൊടി, മഞ്ഞള്‍പൊടി, മല്ലിപൊടി, ചെറുപയര്‍, തുവര പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവയാണ് ഓണക്കിറ്റിലുണ്ടായിരുന്നതെന്നും ശര്‍ക്കര ഉണ്ടായിരുന്നില്ല എന്നും ഈ പോസ്റ്റിൽ നിന്നും വ്യക്തമാണ്. ഇതേത്തുടര്‍ന്ന് വീഡിയോയുടെ വസ്‌തുത മനസിലാക്കാന്‍ നടത്തിയ വിശദ തിരച്ചിലിൽ ഈ ദൃശ്യങ്ങള്‍ 2020 മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതാണ് എന്നും കണ്ടെത്താനായി.
ശര്‍ക്കരയില്‍ മാലിന്യം കണ്ടെത്തിയെന്ന പ്രചാരണം വ്യാജമാണ് എന്ന് ഐആന്‍ഡ് പിആര്‍ഡി ഫാക്ട് ചെക്ക് വിഭാഗവും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വീഡിയോ എവിടെ നിന്നുള്ളതാണെന്ന് പരിശോധനയില്‍ കണ്ടെത്താനായില്ല. കേരള സര്‍ക്കാര്‍ 2024ല്‍ വിതരണം ചെയ്ത ഓണക്കിറ്റിലെ ശര്‍ക്കരയില്‍ നിന്ന് അടിവസ്ത്രം കണ്ടെത്തിയെന്ന വീഡിയോ പ്രചാരണം വ്യാജമാണ്. ഉറവിടം വ്യക്തമല്ലാത്ത പഴയ വീഡിയോ ഉപയോഗിച്ചാണ് ഈ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടക്കുന്നത്. ഇത്തവണ ഓണക്കിറ്റില്‍ ശര്‍ക്കര ഉണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.
A viral video falsely claims that an undergarment was found in the jaggery distributed in the 2024 Kerala Onakit. Fact-checks reveal that jaggery was not included in this year’s Onakit, debunking the video as fake.