ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ സംരംഭവുമായി കെഎസ്ആർടിസി. സിനിമാ ചിത്രീകരണ ആവശ്യങ്ങൾക്കായി കെഎസ്ആർടിസിയുടെ സ്ഥലങ്ങൾ വാടകയ്ക്ക് നൽകാനാണ് തീരുമാനം. കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ളതും എന്നാൽ കോർപ്പറേഷന്റെ ദൈനംദിന പ്രവർത്തനങ്ങളെയും പൊതുജനങ്ങളെയും ബാധിക്കാത്തതുമായ സ്ഥലങ്ങൾ സിനിമാ ഷൂട്ടിംഗ് സെറ്റ് നിർമ്മിക്കാൻ ദിവസ വാടക അടിസ്ഥാനത്തിൽ നൽകുമെന്ന് കെഎസ്ആർടിസി അറിയിച്ചു. കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും സ്വന്തമായി ഭൂമിയുള്ളതിനാൽ വിവിധ സ്ഥലങ്ങളിൽ സിനിമാ സെറ്റുകൾക്ക് സ്ഥല സൗകര്യമൊരുക്കാനാകുമെന്ന് കെഎസ്ആർടിസി അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ ഈഞ്ചക്കൽ, പാറശ്ശാല, റീജ്യണൽ വർക്ക്ഷോപ്പ് മാവേലിക്കര, മൂന്നാർ, തേവര, വടക്കാഞ്ചേരി, കൊടുങ്ങല്ലൂർ, പൊന്നാനി, റീജ്യണൽ വർക്ക്ഷോപ്പ് എടപ്പാൾ, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ ഷൂട്ടിംഗ് ആവശ്യത്തിനായി സൗകര്യം ലഭ്യമാണെന്ന് കെഎസ്ആർടിസി വിശദീകരിച്ചു.
കെഎസ്ആർടിസിയുടെ നിത്യ സേവനങ്ങൾക്കോ പൊതു ഗതാഗത സേവനങ്ങളോടുള്ള പ്രതിബദ്ധതയിലോ യാതൊരു തരത്തിലുള്ള തടസ്സവും ഉണ്ടാകാതെയാകും പദ്ധതി നടപ്പിലാക്കുകയെന്നും വ്യക്തമാക്കി. കെഎസ്ആർടിസിയുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കാത്തതും പൊതുജന സമ്പർക്കം ഇല്ലാത്തതുമായ സ്ഥലങ്ങളാണ് ഈ ആവശ്യത്തിലേക്കായി കെഎസ്ആർടിസി പ്രയോജനപ്പെടുത്തുന്നത്. സിനിമാ കമ്പനികൾക്കും മറ്റ് ഷൂട്ടിംഗ് ആവശ്യക്കാർക്കും ഈ സേവനം പ്രയോജനപ്പെടുത്താം. ദിവസ വാടക നിരക്ക് സംബന്ധിച്ച വിവരങ്ങൾ ഉടൻ അറിയിക്കുമെന്ന് കെഎസ്ആർടിസി പറഞ്ഞു.
KSRTC introduces a new initiative to boost non-ticket revenue by renting its premises for film shooting purposes. Spaces at key locations across Kerala will be available on a daily rent basis for cinema sets without disrupting regular services.