സദ്യയിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവം ആണ് അച്ചാർ. പണ്ടൊക്കെ വീടുകളിൽ ഓണത്തിന് ദിവസങ്ങൾ മുൻപ് തന്നെ അച്ചാറുകൾ ഉണ്ടാക്കലും ചിപ്സ് ഉണ്ടാക്കലും ഒക്കെ ഉണ്ടായിരുന്നു. കാലം മാറിയതോടെ തിരക്കും കൂടി, ഇപ്പോൾ എല്ലാം ഇൻസ്റ്റന്റ് ആയി. എങ്കിലും പഴമയുടെ രുചികൾ കൈവിടാതെ എല്ലാവർക്കും ഇഷ്ടപ്പെടുന്നപോലെ അച്ചാറുകൾ ഉൾപ്പെടെയുള്ള ഓണ സദ്യയിലെ വിഭവങ്ങൾ ഒരുക്കുന്ന സംരഭകരായ ചില വീട്ടമ്മമാർ ഉണ്ട്. അക്കൂട്ടത്തിലാണ് കോഴിക്കോട് പേരാമ്പ്ര രാമല്ലൂർ സ്വദേശികളും അമ്മയും മകളുമായ ഗീതയും അഹല്യയും.
ബേക്കറി പലഹാരങ്ങൾ ഉണ്ടാക്കി കൊണ്ട് ആയിരുന്നു ഇവരുടെ സംരംഭക യാത്ര തുടങ്ങുന്നത്. ഇടയ്ക്ക് ജോലി ഭാരം കൂടിയപ്പോൾ ഇവർക്ക് ഇത് നിർത്തേണ്ടി വന്നു. എങ്കിലും വീട്ടമ്മമാർ എന്ന നിലയിൽ ഒരു വരുമാന മാർഗം കണ്ടെത്തണം എന്ന ലക്ഷ്യത്തോടെ ആണ് ഇവർ മാതൂസ് അച്ചാർ തുടങ്ങുന്നത്. ലോകത്തെവിടെയും ആളുകൾക്ക് വിശ്വസിച്ച് കഴിക്കാൻ പറ്റുന്നത് അമ്മയുടെ കൈകൊണ്ട് ഉണ്ടാക്കുന്ന ഭക്ഷണം ആണെന്ന് പറയും പോലെ ആണ് ഇവരുടെ ഈ സംരംഭത്തിനും ഇവർ “മാതൂസ്, അമ്മയുടെ കൈപ്പുണ്യം” എന്ന ബ്രാൻഡ് ആരംഭിക്കുന്നത്. പലഹാരങ്ങൾ ഉണ്ടാക്കുന്നത് നിർത്തിയെങ്കിലും ഓർഡറുകൾ അനുസരിച്ച് ഇപ്പോഴും ഇവർ അതും ചെയ്തു കൊടുക്കാറുണ്ട്. നാരങ്ങാ, മാങ്ങാ, നെല്ലിക്ക എന്നിവയുടെ അച്ചാറിൽ ആണ് തുടക്കം എങ്കിലും ഇപ്പോൾ നോൺവെജ് വിഭവങ്ങളും ഇവർ പരീക്ഷിച്ചു തുടങ്ങി.
കുടുംബശ്രീയിൽ നിന്നും ലഭിച്ച 30000 രൂപയ്ക്ക് ആയിരുന്നു ഇവർ ഈ സംരംഭം തുടങ്ങുന്നത്. ഇതിനൊപ്പം കുറച്ചധികം തുക ഈ അമ്മയ്ക്കും മകൾക്കും കടം വാങ്ങേണ്ടിയും വന്നിട്ടുണ്ട്. ഈ സംരംഭം വിജയം ആണെന്നും ഇതിൽ നിന്നും വരുമാനം ലഭിക്കുമെന്നും വീട്ടിലെ പുരുഷന്മാർക്ക് തെളിയിച്ചു കൊടുത്ത ശേഷമാണ് അവരുടെ സഹായവും സപ്പോർട്ടും ഇവർ സ്വീകരിച്ചു തുടങ്ങിയതും. ഇപ്പോൾ പ്രതിദിനം 3000 രൂപയോളം അച്ചാർ വിപണനത്തിൽ നിന്നും ലഭിക്കുന്നുണ്ടെന്നും അഹല്യ പറഞ്ഞു. കടകളിൽ കൊടുക്കുന്നതിനൊപ്പം വണ്ടിയിൽ കൊണ്ടുപോയും അച്ചാർ ഇവർ വിപണനം നടത്താറുണ്ട്. കടം വാങ്ങിയ തുകകൾ തിരികെ കൊടുക്കാൻ അച്ചാർ സഹായിക്കും എന്ന പ്രതീക്ഷയിൽ ആണ് ഈ സംരംഭകർ.
“വീട്ടിൽ ഒരാളുടെ മാത്രം വരുമാനം കൊണ്ട് ഒരു തരത്തിലും മുന്നോട്ട് പോകുക സാധ്യമല്ല. അത്തരമൊരു സാഹചര്യം ഉള്ളതുകൊണ്ടും ഒരു വരുമാനം എനിക്കും വേണം എന്ന് തോന്നിയത് കൊണ്ടും ആണ് ഞാൻ ഈ ബിസിനസിലേക്ക് ഇറങ്ങുന്നത്. നാരങ്ങാ, മാങ്ങാ, ഈന്തപ്പഴം, വെളുത്തുള്ളി, നെല്ലിക്ക എന്നിങ്ങിനെ ഉള്ള അച്ചാറുകൾ ആണ് പ്രധാനമായും ഞങ്ങൾ ചെയ്യുന്നത്. ഒപ്പം ബീഫ്, കല്ലുമ്മേക്കായ, കൊഞ്ച് എന്നിവയും അച്ചാർ ഉണ്ടാക്കാറുണ്ട്.
നോൺവെജ് അച്ചാറുകൾ ഓർഡർ അനുസരിച്ച് മാത്രമാണ് ചെയ്യുന്നത്. ബാക്കിയുള്ളവ സ്ഥിരമായി ഉണ്ടാക്കാറുണ്ട്. വിദേശത്തേക്ക് പോകുന്ന ആളുകൾ ഒക്കെ മുൻകൂട്ടി ഓർഡർ ചെയ്തു അച്ചാറുകൾ വാങ്ങാറുണ്ട്. കുടുംബശ്രീ വഴി അപേക്ഷിച്ച് കിട്ടിയ 30000 രൂപ ലോണിൽ ആണ് ഈ സംരഭം ആരംഭിച്ചത്. പാത്രങ്ങൾ വാങ്ങുവാനും വെയിറ്റിംഗ് മെഷീൻ വാങ്ങുവാനും ഒക്കെ ആയി കയ്യിൽ നിന്നും കൂടി കുറച്ച് പൈസ ചിലവായിട്ടുണ്ട്. എങ്കിലും ഇതൊരു വരുമാനമാർഗം ആണ്.
വീട്ടിൽ മക്കളും മരുമക്കളും ഒക്കെ ഈ ബിസിനസിൽ എന്നെ സഹായിക്കുന്നുണ്ട്. വീടുകളിലേക്കും കല്യാണ വീടുകളിലേക്കും ഒക്കെ ആളുകൾ അച്ചാർ വാങ്ങുന്നുണ്ട്” എന്നാണ് ഗീത പറഞ്ഞത്.
സംരംഭത്തിന് ഒരു കൈത്താങ്ങ് – ഇവരുടെ ഈ സംരംഭത്തിന് ഒരു കൈത്താങ്ങാകാൻ ആഗ്രഹിക്കുന്നവർക്ക്, ഇവരുടെ ഉത്പന്നങ്ങൾ വാങ്ങാൻ 90720 19618 എന്ന നമ്പറിൽ വിളിക്കുകയോ വാട്സ്ആപ്പ് മെസ്സേജ് അയക്കുകയോ ചെയ്യാം. അത് ഗീതയുടെയും അഹല്യയുടെയും മുന്നോട്ടുള്ള സംരംഭക യാത്രയ്ക്ക് കരുത്തേകും.