ബിസിനസ്സ് ലോകത്ത് നിരവധി സ്ത്രീകൾ അവരുടെ കമ്പനികൾ വിജയകരമായി നടത്തുന്ന കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. അവരിൽ ചിലർ പഠിത്തം കഴിഞ്ഞപാടെ അവരുടെ സംരംഭകത്വ യാത്ര ആരംഭിച്ചവരാണ്. ചിലർ അവരുടെ ബിസിനസ് ആരംഭിക്കുന്നതിന് മുൻപ് മറ്റു പല മികച്ച സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്നവർ ആണ്. ജോലി ഉപേക്ഷിച്ച് ബിസിനസിലേക്ക് എത്തിയെങ്കിലും അതിൽ വിജയം നേടിയ ഒരുപാട് ആളുകൾ ഉണ്ട്. അത്തരത്തിലുള്ള ഒരാളാണ് യുഎസ് ഐടി കൺസൾട്ടിംഗ് ആൻഡ് ഔട്ട്സോഴ്സിംഗ് സ്ഥാപനമായ സിൻ്റലിൻ്റെ സഹസ്ഥാപകയായ നീർജ സേത്തി. ഭർത്താവിനൊപ്പം സ്വന്തം കമ്പനി ആരംഭിക്കുന്നതിന് മുൻപ് ഐടി സ്ഥാപനമായ ടാറ്റ കൺസൾട്ടൻസി സർവീസസിൽ (ടിസിഎസ്) ജോലി ചെയ്തിരുന്ന ഒരു ഇന്ത്യൻ വംശജയാണ് നീർജ.
69 കാരിയായ നീർജ ഇപ്പോൾ ഒരു ശതകോടീശ്വരിയാണ്. അവരുടെ നിലവിലെ ആസ്തി 1 ബില്യൺ യുഎസ് ഡോളർ അതായത് 8395 കോടി രൂപ ആണെന്ന് ഫോർബ്സ് പറയുന്നു. ഡൽഹി സർവകലാശാലയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദവും ഓപ്പറേഷൻസ് റിസർച്ചിൽ എംബിഎയും നേടിയിട്ടുണ്ട് നീർജ. ഓക്ലാൻഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദവും അവർ പൂർത്തിയാക്കി. ഭരത് ദേശായിയെ ആണ് നീർജ വിവാഹം ചെയ്തത്. രണ്ട് കുട്ടികളുമുണ്ട് ഈ ദമ്പതികൾക്ക്. ടിസിഎസിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇരുവരും പരിചയപ്പെടുന്നത്.
നീർജയും ഭർത്താവും ചേർന്ന് 1980-ൽ വെറും 2000 ഡോളർ മുതൽമുടക്കിൽ അമേരിക്കയിലെ മിഷിഗണിലെ ട്രോയിയിലുള്ള അവരുടെ അപ്പാർട്ട്മെൻ്റിൽ നിന്നാണ് സിൻ്റൽ എന്ന കമ്പനി ആരംഭിച്ചത്. ഇന്നത്തെ കണക്ക് പ്രകാരം അവർ ചെലവാക്കിയത് ഏകദേശം 16 ലക്ഷം രൂപയാണ്. 2018-ൽ ഫ്രഞ്ച് ഐടി സ്ഥാപനമായ അറ്റോസ് എസ്ഇ 3.4 ബില്യൺ ഡോളറിന് സിൻ്റലിനെ വാങ്ങി. ഇതിൽ നിന്നും നീർജയ്ക്ക് 510 മില്യൺ യുഎസ് ഡോളർ ലഭിച്ചു. 1980 മുതൽ സിൻ്റലിൽ എക്സിക്യൂട്ടീവായി സേവനമനുഷ്ഠിച്ച നീർജ ഈ പുതിയ ഏറ്റെടുക്കലിനുശേഷം പക്ഷെ അറ്റോസിൽ ചേർന്നില്ല. ഫ്ലോറിഡയിലെ ഫിഷർ ഐലൻഡിലാണ് നീർജ ഇപ്പോൾ താമസിക്കുന്നത്. 2023ൽ ഉൾപ്പെടെ നിരവധി തവണ ഫോബ്സിൻ്റെ അമേരിക്കയിലെ ഏറ്റവും സമ്പന്നരായ സ്വയം നിർമ്മിത സ്ത്രീകളുടെ പട്ടികയിൽ നീർജയും ഉണ്ടായിരുന്നു.
Neerja Sethi, co-founder of Syntel, turned a $2000 investment into a billion-dollar IT consulting firm. Her inspiring journey from TCS employee to Forbes’ list showcases entrepreneurial success.