ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധക്ഷേത്രമാണ് തിരുമല തിരുപ്പതി ശ്രീ വെങ്കടേശ്വരക്ഷേത്രം. ഹൈന്ദവരുടെ അതിപ്രധാനമായ ഒരു തീർഥാടന കേന്ദ്രം കൂടിയാണ് ഈ ക്ഷേത്രം. ലേകത്തെ തന്നെ ഏറ്റവും സമ്പത്തുള്ള ക്ഷേത്രത്തിൽ ഒന്നായ ഇവിടുത്തെ വാർഷിക വരുമാനം ഏകദേശം 1200 കോടി രൂപയാണ്. ഇവിടുത്തെ പ്രധാനപ്പെട്ട വഴിപാടുകളിൽ ഒന്നാണ് ലഡു. തിരുപ്പതി ലഡ്ഡു , തിരുമല ലഡ്ഡു അല്ലെങ്കിൽ ശ്രീവാരി ലഡു എന്നൊക്കെയാണ് ഇതിനെ അറിയപ്പെടുന്നത്. വെങ്കിടേശ്വരന് നൈവേദ്യമായി സമർപ്പിക്കുന്ന ലഡ്ഡു ക്ഷേത്രത്തിൽ ദർശനം നടത്തിയ ഭക്തർക്ക് പ്രസാദമായി നൽകുന്നതാണ് ഇവിടുത്തെ രീതി.
ലഡുവിന്റെ ചരിത്രം
1803 മുതലാണ് തിരുമല തിരുപ്പതി ദേവസ്ഥാനം തങ്ങളുടെ ഭക്തര്‍ക്ക് ഈ പ്രസാദം നല്കാന് തുടങ്ങിയത്. അന്ന് ബൂണ്ടി എന്ന ഒരു തരം മധുരപലഹാരത്തിന്റെ രൂപത്തിലായിരുന്നു ഈ പ്രസാദം നല്‍കിയിരുന്നത്. 1940കളിലാണ് ഇന്ന് കാണുന്ന ലഡ്ഡു ആദ്യമായി തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായി നല്കാന് ക്ഷേത്ര അധികാരികള്‍ തീരുമാനിച്ചത്.
1950ലാണ് ലഡ്ഡുവിന് വേണ്ട ചേരുവകളുടെ അളവ് തിരുമല തിരുപ്പതി ദേവസ്ഥാനം നിശ്ചയിച്ചത്. എന്നാല്‍ വര്‍ഷം തോറും ഭക്തരുടെ എണ്ണം കൂടി വന്നതോടെ ലഡ്ഡു നിര്‍മ്മാണവും വര്‍ധിച്ചു. 2001ലാണ് അവസാനമായി ലഡ്ഡുവിലെ ചേരുവകളെ പരിഷ്കരിച്ചത്. അതനുസരിച്ചാണ് ഇപ്പോഴും ക്ഷേത്രത്തില്‍ ലഡ്ഡു വിതരണം നടത്തുന്നത്.
അളവുകോൽ
പടിതാരം ദിത്തം സ്കെയിലെന്നാണ് ഈ അളവിനെ വിളിക്കുന്നത്. പടി എന്നത് ഇവ അളക്കുന്ന അളവുകോലാണ്. 51 വിഭാഗം സാധനങ്ങള്‍ ചേര്‍ന്നതാണ് പടി. ഉഗ്രാനത്ത് നിന്നാണ് ലഡ്ഡുവിന് ആവശ്യമായ ചേരുവകള്‍ വിതരണം ചെയ്യുന്നത്.സോള എന്ന മാനദണ്ഡത്തിലാണ് തിരുമലയില്‍ നിന്ന് വിതരണം ചെയ്യുന്ന എല്ലാ പ്രസാദങ്ങളുടെയും അളവ് നിശ്ചയിക്കുന്നത്.
അര സോള, പാവു സോള എന്നീ അളവും നിലവിലുണ്ട്. ഈ അളവ് അനുസരിച്ചാണ് പ്രസാദങ്ങള്‍ക്കാവശ്യമായി സാധനങ്ങള്‍ എടുക്കുന്നത്.
ചേരുവകൾ
പശുവിന് നെയ്യ് 185 കിലോഗ്രാം, കടലമാവ് 200 കിലോഗ്രാം, പഞ്ചസാര 400 കിലോഗ്രാം, കശുവണ്ടി 35 കിലോഗ്രാം, ഉണക്കമുന്തിരി 17.5 കിലോഗ്രാം, കല്‍ക്കണ്ടം 10 കിലോഗ്രാം, ഏലയ്ക്ക 5 കിലോഗ്രാം എന്നിങ്ങനെയാണ് ഈ അളവ് അനുസരിച്ചുള്ള ചേരുവകൾ.
ഇതെല്ലാം കൂടി 875 കിലോഗ്രാം ഭാരം വരും. ഏകദേശം 5,100 ലഡ്ഡു ഉണ്ടാക്കാന്‍ ഈ അളവിലാണ് ചേരുവകള്‍ ചേര്‍ക്കുന്നത്.
നിർമ്മാണ രീതി
കടലമാവും പഞ്ചസാരയും ചേര്‍ത്ത മിശ്രിതമാണ് ആദ്യം ഉണ്ടാക്കുന്നത്. അവ തിളച്ച നെയ്യില്‍ വറുത്തെടുക്കും. ഒരു കണ്‍വേയര്‍ ബെല്‍റ്റിലൂടെ ഇവ ക്ഷേത്രത്തിലേക്ക് എത്തിക്കും. അവിടെ വെച്ചാണ് കശുവണ്ടി, ഉണക്കമുന്തിരി, കല്‍ക്കണ്ടം, ഏലയ്ക്ക എന്നിവ ഈ മിശ്രിതത്തില്‍ ചേര്‍ക്കുന്നത്.
പിന്നീട് ഈ മിശ്രിതത്തെ ലഡ്ഡുവിന്റെ രൂപത്തില്‍ കുഴച്ചെടുക്കുകയാണ് ചെയ്യുന്നത്. കൈയില്‍ നെയ്യ് പുരട്ടിയ ശേഷം ലഡ്ഡുവിന്റെ രൂപത്തില്‍ മിശ്രിതത്തെ കുഴച്ചെടുക്കും.
വരുമാനം
ദീർഘകാലം കേടുകൂടാതിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവിടെ ലഡ്ഡു നിർമ്മിക്കുന്നത്. ഒരു ലഡ്ഡുവിന് 175 ഗ്രാം ആണ് ഭാരം. ദിവസം മൂന്നുലക്ഷത്തോളം ലഡുവാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ഉത്സവ സീസണുകളിലോ വിശേഷങ്ങളിലോ ഇതിന്റെ എണ്ണം നാലുലക്ഷത്തോളം ആകാറുണ്ട്. പ്രതിവർഷം 500 കോടി രൂപയാണ് ലഡു വില്പനയിലൂടെ ക്ഷേത്രത്തിന് ലഭിക്കുന്നത്.
വിവിധതരം ലഡ്ഡു
ചെറുതോ സൗജന്യമോ ആയ ലഡ്ഡു: ഏകദേശം 25 ഗ്രാം തൂക്കം, വെങ്കിടേശ്വര സ്വാമിയുടെ ദർശനത്തിന് ശേഷം ഇത് ഭക്തർക്ക് സൗജന്യമായി സമർപ്പിക്കുന്നു.
പ്രോക്തം: 160 നും 175 ഗ്രാമിനും ഇടയിൽ ഭാരമുണ്ട്, സന്ദർശകരായ ഭക്തർക്ക് 50 രൂപയ്ക്ക് ആണ് ഇത് വിൽക്കുന്നത്.
കല്യാണോത്സവം ലഡ്ഡു: ഏറ്റവും വലിയ ലഡ്ഡു. 700 ഗ്രാം ഭാരമുള്ള ഇത് തിരഞ്ഞെടുക്കപ്പെട്ട ആർജിത സേവാ ഭക്തർക്ക് സൗജന്യമായി വാഗ്ദാനം ചെയ്യുന്നു. ഒരു ലഡ്ഡുവിന് 250 രൂപ നിരക്കിൽ ഭക്തർക്കും വിൽക്കുന്നു.
അസ്താന ലഡ്ഡു: ക്ഷേത്രത്തിനുള്ളിലെ വിതരണത്തിന് മാത്രമുള്ളതാണ് ഇത്. വിൽപ്പനയ്ക്കുള്ളതല്ല.
പൊട്ടു അടുക്കള
പൊട്ടു എന്നറിയപ്പെടുന്ന പ്രത്യേക അടുക്കളയിലാണ് ഈ ലഡു തയ്യാറാക്കുന്നത്. 600 പേരാണ് നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. തലമുറകളായി ഒരു പ്രത്യേക വിഭാഗക്കാരാണ് ഇവിടെ പാചകക്കാരായി ഉള്ളത്. ഇവർ തങ്ങളുടെ തല മൊട്ടയടിക്കുകയും ലഡു തയ്യാറാക്കുമ്പോൾ വൃത്തിയുള്ള വസ്ത്രം ധരിക്കുകയും ചെയ്യണം എന്നത് നിർബന്ധമാണ്. ആദ്യകാലങ്ങളിൽ വിറകടുപ്പിൽ ആയിരുന്നു പാചകം. പിന്നീട് അത് ആധുനിക സൗകര്യങ്ങൾ ഉള്ള അടുക്കളയായി മാറി.
Discover the rich history and meticulous preparation of Tirupati Laddu, a sacred offering at the Tirumala Tirupati Sri Venkateswara Temple, known for its unique ingredients and cultural significance.