യുകെയ്ക്ക് പുറത്ത് ആദ്യമായി ജാഗ്വാർ ലാൻഡ് റോവർ നിർമ്മിക്കാനൊരുങ്ങി ടാറ്റാ മോട്ടോഴ്സ്. വരുന്നതാകട്ടെ നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിലും.
തമിഴ്നാട്ടിൽ തുടങ്ങിയ ടാറ്റ മോട്ടോഴ്സിന്റെ പുതിയ പ്ലാന്റിലാണ് ജാഗ്വാർ ലാൻഡ് റോവർ കാറുകൾ നിർമ്മിക്കുക.പ്രധാനമായി ഇന്ത്യയ്ക്കായുള്ള ടാറ്റ വാഹനങ്ങൾക്കൊപ്പം വിദേശ വിപണികൾക്കായുള്ള ജാഗ്വാർലാൻഡ് റോവർ കാറുകളും ഇവിടെ നിർമ്മിച്ച് കയറ്റുമതി ചെയ്യും.
റാണിപ്പേട്ട് ജില്ലയിലെ പനപാക്കത്താണ് ടാറ്റാ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. ഇത് 5000-ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്ലാന്റിന്റെ ഉദ്ഘാടനച്ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ എന്നിവർ പങ്കെടുത്തു. ഈ പ്ലാന്റിൽ നിർമ്മിക്കുന്ന വാഹനങ്ങൾ ഇന്ത്യയ്ക്കു മാത്രമല്ല, വിദേശ വിപണികളും ലക്ഷ്യമാക്കി ഡിസൈൻ ചെയ്യുന്നതായിരിക്കും.” ആഡംബരവും ഇലക്ട്രിക് വാഹനങ്ങളും നിർമ്മിക്കാൻ ലക്ഷ്യമിടുന്നതായി ഉദ്ഘാടനച്ചടങ്ങിൽ സംസാരിച്ചു കൊണ്ട് എൻ. ചന്ദ്രശേഖരൻ വ്യക്തമാക്കി.
ഓട്ടോമൊബൈൽ വ്യവസായത്തിന് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും സംസ്ഥാനം ഒരുക്കുന്നുണ്ട്. 5000-ൽപ്പരം നേരിട്ടുള്ളതും പരോക്ഷവുമായ തൊഴിലവസരങ്ങൾ ഇതോടെ സൃഷ്ടിക്കപ്പെടും. കൂടുതൽ സ്ത്രീകൾക്ക് തൊഴിൽ അവസരം നൽകുന്നതിനായി ശ്രമിക്കുമെന്ന് ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കി.ടാറ്റ ഗ്രൂപ്പിന്റെ പല കമ്പനികളും ഇതിനകം തന്നെ തമിഴ്നാട്ടിൽ വിജയകരമായി പ്രവർത്തിക്കുന്നുണ്ടെന്ന് എൻ. ചന്ദ്രശേഖരൻ പറഞ്ഞു.
ഇത് ആദ്യമായാണ് ജാഗ്വാർ ലാൻഡ് റോവർ കാറുകൾ യുകെയ്ക്ക് പുറത്ത് നിർമ്മിക്കുന്നത്.ടാറ്റ മോട്ടോഴ്സ് ഈ പുതിയ പ്ലാന്റിൽ ഏകദേശം 9,000 കോടി രൂപ നിക്ഷേപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 2.5 ലക്ഷം കാറുകൾ വാർഷികമായി ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് പ്ലാന്റ്. എന്നാൽ ഉത്പാദനം ഘട്ടം ഘട്ടമായാണ് നടപ്പാക്കുന്നതെന്ന് ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു.
റാണിപേട്ടിലെ പുതിയ പ്ലാന്റിന് സംസ്ഥാന സർക്കാരിന്റെ എല്ലാ പിന്തുണയും ലഭ്യമാക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രഖ്യാപിച്ചു.
Tata Motors is set to build its first Jaguar Land Rover manufacturing plant outside the UK in Tamil Nadu, with an investment of ₹9,000 crore. The plant will create over 5,000 jobs and manufacture cars for both Indian and international markets.