ഇന്ത്യൻ കോഫി ഹൗസിലെ ബീറ്റ്റൂട്ട് മസാല അടങ്ങിയ ഒരു മസാലദോശയും ഒരു കോഫിയും എന്നും ആളുകളുടെ ഓർമ്മയിൽ നിറഞ്ഞുനിൽക്കുന്ന ഒരു രുചി തന്നെയാണ്. ആ രുചിയും ഓർമ്മകൾ ആവുകയാണ്.
ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനു സമീപമുള്ള ഇന്ത്യൻ കോഫി ഹൗസ് കഴിഞ്ഞദിവസം രാത്രി 9 മണിക്ക് അതിൻ്റെ അവസാന ഓർഡർ പൂർത്തിയാക്കിക്കൊണ്ട് ഒരു യുഗം തന്നെ അവസാനിപ്പിക്കുകയാണ്. പ്രിയപ്പെട്ട ഒരുപാട് ഓർമ്മകളും സൗഹൃദങ്ങളും അവശേഷിപ്പിച്ചുകൊണ്ട് ഈ ഇന്ത്യൻ കോഫി ഹൗസും വിട പറയുന്നു.
ഐസിഎച്ചിൻ്റെ മറ്റൊരു ശാഖ പെരുന്ന ജംക്ഷനു സമീപം കുറച്ചുകാലം പ്രവർത്തിച്ചിരുന്നെങ്കിലും അതും അടച്ചുപൂട്ടേണ്ടിവന്നു. തിരുവല്ലയിലെ ഐസിഎച്ച് ശാഖ 2014ൽ അടച്ചുപൂട്ടി.
വെള്ള തൊപ്പി ധരിച്ച വെയ്റ്റർമാർ വിളമ്പുന്ന പ്രശസ്തമായ ബീറ്റ്റൂട്ട് മസാല ദോശയുടെയും കാപ്പിയുടെയും രുചി ആസ്വദിക്കാൻ കൊതിക്കുന്ന ചങ്ങനാശ്ശേരിക്കാർക്ക് ഇനി അടുത്തുള്ള ഇന്ത്യൻ കോഫി ഹൗസിലെത്താൻ കോട്ടയം നഗരം വരെ പോകേണ്ടിവരും.
കേരളത്തിലെ പ്രിയപ്പെട്ട സ്ഥാപനമായി മാറിയ തൊഴിലാളികളുടെ ഉടമസ്ഥതയിലുള്ള റെസ്റ്റോറൻ്റുകളുടെ ഒരു ശൃംഖലയാണ് ഇന്ത്യൻ കോഫി ഹൗസ്. 1950-കളിൽ ഇന്ത്യൻ കോഫി വർക്കേഴ്സ് കോഓപ്പറേറ്റീവ് സ്ഥാപിതമായ ഇത് കോഫി ബോർഡ് നടത്തുന്ന കഫേകൾ അടച്ചുപൂട്ടിയതിൻ്റെ പ്രതികരണമായാണ് ഉയർന്നുവന്നത്.
താങ്ങാനാവുന്ന മെനുവിനും ഗൃഹാതുരത്വമുണർത്തുന്ന അന്തരീക്ഷത്തിനും പേരുകേട്ട ഈ റെസ്റ്റോറന്റ് ശൃംഖല, മസാല ദോശ പോലുള്ള ക്ലാസിക് ഇന്ത്യൻ വിഭവങ്ങളും ഫിൽട്ടർ കോഫിയും നൽകിയാണ് പേരെടുത്തത്.
വെള്ള യൂണിഫോമും തലപ്പാവും ധരിച്ച കൊണ്ട് സ്റ്റാഫ് ഇവിടുത്തെ ഒരു ഐക്കണിക് സവിശേഷതയാണ്. ഇന്ത്യൻ കോഫി ഹൗസുകൾ വളരെക്കാലമായി കേവലം ഭക്ഷണശാലകൾ എന്നതിലുപരിയായി സമൂഹത്തിൻ്റെ എല്ലാ തുറകളിൽ നിന്നുമുള്ള ആളുകൾ സംഭാഷണങ്ങൾ, മീറ്റിംഗുകൾ, ഓർമ്മകൾ എന്നിവയ്ക്കായി ഒത്തുകൂടുന്ന സാമൂഹിക കേന്ദ്രങ്ങളാണ്.
1977 ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ്റ്റാൻഡിന് സമീപം പായിക്കാട്ട് ബിൽഡിംഗ്സിൽ പ്രവർത്തനമാരംഭിച്ച കോഫി ഹൗസ് പിന്നീട് വാഴൂർ റോഡിലെ കുരിശുംമൂട്ടിലേക്ക് മാറ്റുകയായിരുന്നു.
സാധാരണക്കാരായ മനുഷ്യർക്ക് രുചിയും സാമ്പത്തിക ലാഭവും നൽകിയ കോഫി ഹൗസിൻ്റെ പ്രവർത്തനം നിലയ്ക്കുന്നതോടെ ചങ്ങനാശ്ശേരിയിലെ മദ്ധ്യവയസ് പിന്നിട്ട തലമുറയ്ക്ക് ഇരിപ്പിടം തന്നെ ഇല്ലാതാവുകയാണ്.
ഗീ മസാലയും , മസാല ദോശയും ബീറ്റ്റൂട്ട് മസാലയും . ഉഴുന്നുവടയും , കൊതിയൂറുന്ന കാപ്പിയും ബീഫ് ഓംലെറ്റും വെജ് കട്ലറ്റുംമൊക്കെ ഇനി മുതൽ സ്വപ്നങ്ങൾ മാത്രം.
വഴിയോരങ്ങളിൽ രൂപപ്പെട്ട കാപ്പി, ചായ, ചെറുകടി സ്ഥാപനങ്ങളും വീട്ടിലൊരു ഊണും ഒക്കെ ചേർന്നാണ് ഇത്തരം സ്ഥാപനങ്ങൾക്ക് മരണമണി യൊരുക്കിയത്.
അറേബ്യൻ വിഭവങ്ങളുടെ കുത്തൊഴുക്ക് കൂടിയായപ്പോൾ അന്ത്യം വേഗത്തിലായെന്നു മാത്രം . കൂണുപോലെ മുളച്ച ജ്യൂസ് കടകളും ഐസ്ക്രീം ഷോപ്പുകളും ഇടത്തരം ഹോട്ടലുകളുടെ ഗരിമക്ക് മങ്ങലേ ൽപ്പിച്ചു.
പണ്ടുകാലത്ത് വഴിയിൽനിന്ന് ചായ കുടിച്ചാൽ അത് മാന്യതയ്ക്ക് നിരക്കുന്നതല്ലെന്ന് കരുതിയിരുന്ന മലയാളി ഇന്ന് വാഹനം നിർത്തി കുടുംബത്തിനൊപ്പം വഴിയോര കടകളിൽ മടിയില്ലാതെ കയറുന്നു. മലയാളിയുടെ മാറ്റത്തിൻ്റെ മനസ്സറിഞ്ഞ മറുനാട്ടുകാർ തങ്ങളുടെ ലാഭം പെരുപ്പിക്കുന്നു.
അങ്ങനെ കാലത്തിൻറെ കുത്തൊഴുക്കിൽ മേൽപ്പറഞ്ഞ പ്രശ്നങ്ങൾ കൂടാതെ ജീവനക്കാരുടെ കുറവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയടക്കം നിരവധി കർശന നിയമങ്ങളും ചേർന്ന് സാധാരണ ഹോട്ടൽ കച്ചവടം മുന്നോട്ടു കൊണ്ടുപോകാനാകാതെ ഉടമസ്ഥർ കിതക്കുന്നു.
The Indian Coffee House in Changanassery has closed its doors after years of serving beloved dishes like beetroot masala dosa and filter coffee. Explore the nostalgic memories and changing dynamics of Kerala’s coffee culture.