അച്ചടിച്ച ഡ്രൈവിംഗ് ലൈസൻസുകൾ ഒഴിവാക്കി പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഇതിൻ്റെ പ്രാരംഭ ഘട്ടത്തിൻ്റെ ഭാഗമായി പ്രിൻ്റഡ് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നത് നിർത്തലാക്കും.
രണ്ടാം ഘട്ടത്തിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളുടെ അച്ചടിയും നിർത്തിവയ്ക്കുമെന്ന് വകുപ്പ് അധികൃതർ അറിയിച്ചു. സി.എച്ച്.നാഗരാജു ട്രാൻസ്പോർട്ട് കമ്മീഷണറായി നിയമിതനായതിനെ തുടർന്നാണ് ഡിജിറ്റലൈസേഷനിലേക്കുള്ള ഈ നീക്കം ശക്തിപ്രാപിച്ചത്. ഇതുവരെ മൂന്ന് സംസ്ഥാനങ്ങൾ മാത്രമാണ് അച്ചടിച്ച കാർഡുകളുടെ വിതരണം അവസാനിപ്പിച്ചത്. ഈ പട്ടികയിൽ കേരളം നാലാമതായി മാറും.
ഡിജിറ്റൽ സംവിധാനം നടപ്പിലാകുന്നതോടെ ഡ്രൈവിങ് ടെസ്റ്റ് വിജയിക്കുന്ന അപേക്ഷകർക്ക് അതേ ദിവസം തന്നെ ലൈസന്സ് ലഭിക്കും. ആ ദിവസാവസാനത്തോടെ അവർക്ക് വീട്ടിൽ നിന്ന് തന്നെ വെബ്സൈറ്റിൽ നിന്നും ഡിജിറ്റൽ ലൈസൻസുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയും.
പരിശോധനകളിൽ അപേക്ഷകൻ്റെ ഡിജിറ്റൽ ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന ഡിജിറ്റൽ കാർഡ് ഉദ്യോഗസ്ഥർക്ക് പരിശോധിക്കാൻ കഴിയും. ഒരു ക്യുആർ കോഡ് സ്കാൻ ചെയ്ത് കാർഡിൻ്റെ നിലവിലെ നില ആക്സസ് ചെയ്യുവാനും കഴിയും. ഡ്രൈവിംഗ് ലൈസൻസ് സജീവമാണോ, സസ്പെൻഡ് ചെയ്തിട്ടുണ്ടോ, അതോ അസാധുവാണോ എന്ന് നിർണ്ണയിക്കാൻ ഇത് ഉദ്യോഗസ്ഥരെ അനുവദിക്കുന്നു.
കൂടാതെ, യഥാർത്ഥ കാർഡ് നഷ്ടപ്പെടുമെന്ന ആശങ്കയില്ലാതെ ഉദ്യോഗസ്ഥർക്ക് ആവശ്യഘട്ടങ്ങളിൽ പകർപ്പുകൾ നൽകാം. വ്യക്തികൾക്ക് അവരുടെ ക്യൂആർ കോഡ് ഉൾപ്പെടെയുള്ള കാർഡിൻ്റെ ഒരു പകർപ്പ് അക്ഷയ കേന്ദ്രങ്ങളിൽ നിന്ന് സുരക്ഷിതമായി പ്രിൻ്റ് ചെയ്യാവുന്നതാണ്.
നിലവിൽ അച്ചടിച്ച ലൈസൻസ് കാർഡുകൾ ഉപയോഗിക്കുന്നത് ശീലമാക്കിയിരിക്കുന്ന പൊതുജനങ്ങൾക്കിടയിൽ ഡിജിറ്റൽ സംവിധാനത്തിലേക്ക് പൂർണ്ണമായി മാറാനുള്ള ഒരേയൊരു മാർഗ്ഗം പ്രിൻ്റിംഗ് നിർത്തിവയ്ക്കുകയാണെന്ന് മോട്ടോർ വാഹന വകുപ്പ് പറയുന്നു.
Kerala’s Motor Vehicles Department is transitioning to a fully digital system for driving licenses, eliminating printed cards. Discover how this move enhances convenience and security for drivers.