ഫ്രഞ്ച് പ്രതിരോധ കമ്പനിയായ സഫ്രാൻ ഗ്രൂപ്പ് (Safran ) ഇന്ത്യയിലേക്ക്. ഇന്ത്യയിൽ തങ്ങളുടെ ആദ്യ ഇലക്ട്രോണിക് യൂണിറ്റ് സ്ഥാപിക്കാനൊരുങ്ങുകയാണ് സഫ്രാൻ ഗ്രൂപ്പ്. സൈനിക പ്ലാറ്റ്ഫോമുകൾക്കായി സെൻസറുകളും ഇലക്ട്രോണിക് ഘടകങ്ങളും നിർമ്മിക്കാൻ ഡിഫൻസ് ഇലക്ട്രോണിക്സ് സൗകര്യം ഇന്ത്യയിൽ സ്ഥാപിക്കാനാണ് തീരുമാനം.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവാലിനോട് ഇന്ത്യയിലേക്കുള്ള ഡിഫൻസ് ഇലക്ട്രോണിക്സ് യൂണിറ്റ് സ്ഥാപിക്കാൻ താത്പര്യമുണ്ടെന്ന് സഫ്രാൻ ഗ്രൂപ്പ് അറിയിച്ചു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം കൂടുതൽ ശക്തമാകുന്നതിന്റെ ഭാഗമായാണിത്.
ഫ്രഞ്ച് പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഇമ്മാനുവൽ ബോൺ, സൈനിക ഉപദേഷ്ടാവ് ഫാബിയൻ മാൻഡോൺ എന്നിവർ തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം.
സിവിലിയൻ, സൈനിക എഞ്ചിനുകളിലെ പ്രധാന ഘടകങ്ങൾ നിർമ്മിക്കാൻ ഈ രംഗത്ത് ഉയർന്ന തലത്തിലുള്ള സാങ്കേതിക വിദ്യകൾ ആവശ്യമാണെന്നും, ഇന്ത്യയിലെ വ്യവസായം ഇവ പ്രയോജനപ്പെടുത്തേണ്ടതുണ്ട് എന്നും സൈനിക ഉപദേഷ്ടാവ് ഫാബിയൻ മാൻഡോൺ പറഞ്ഞു.
സൈനിക പ്ലാറ്റ്ഫോമുകൾക്ക് പിന്തുണ നൽകുന്നതിനുള്ള സെൻസറുകളും പ്രധാന ഇലക്ട്രോണിക്സ് ഘടകങ്ങളും നിർമ്മിക്കാൻ ആണ് പദ്ധതിയിടുന്നത്. രാജ്യത്ത് എവിടെയാണ് ഇത് സ്ഥാപിക്കുന്നതെന്ന് സ്ഥിരീകരിച്ചിട്ടില്ല.
റഫാൽ യുദ്ധവിമാനങ്ങളും സിവിലിയൻ വിമാനങ്ങളും കൈകാര്യം ചെയ്യാനും, അറ്റകുറ്റപ്പണികൾക്കായി ഫ്രഞ്ച് വിമാന നിർമ്മാതാക്കളായ ഡസോൾട്ട് എവിയേഷൻ എസ്.എ. ഇതിനകം ഉത്തർപ്രദേശിൽ റിപ്പെയർ ഫെസിലിറ്റി തുടങ്ങുന്നുണ്ട്. ഒരു ഫുൾ-ഫ്ലെഡ്ജ്ഡ് മെന്റനൻസ്, ഓവർഹാൾ, റിപ്പെയർ ഫെസിലിറ്റി നിർമ്മിക്കുന്നതിനായി ഭൂമി കണ്ടെത്തും.
ഡ്രോൺ സാങ്കേതികവിദ്യയുടെ സംയുക്ത വികസനത്തിനായി ആകാശവാഹനങ്ങളോ അണ്ടർവാട്ടർ ഡ്രോണുകളോ വികസിപ്പിക്കാനും ധാരണയായിട്ടുണ്ട്. കൂടാതെ, വിപുലമായ സൈനിക ഉപകരണങ്ങളായ ഹാമർ മിസൈൽ പോലുള്ള സ്റ്റാൻഡ്-ഓഫ് ആയുധങ്ങൾ സംയുക്തമായി വികസിപ്പിക്കാനും നിർമ്മിക്കാനുമുള്ള പദ്ധതിയും ചര്ച്ചയിലുണ്ടായിരുന്നു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായും അജിത് ഡോവൽ കൂടിക്കാഴ്ച നടത്തി. യുക്രെയിൻ യുദ്ധം, ഇസ്രയേൽ – ലെബനൻ യുദ്ധം എന്നിവയാണ് പ്രധാന ചർച്ച. അതിനുപുറമേ, ചൈനയുടെ ഇന്തോ-പസഫിക് മേഖലയിലെ നിലപാടുകളെക്കുറിച്ചും, ആഗോള സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും ഇരുവിഭാഗങ്ങളും ആശയവിനിമയം നടത്തി.