കോടീശ്വരന്റെ പഴയ ടിവി

കുറച്ച് വർഷങ്ങൾക്ക് മുമ്പാണ്. മുംബൈയിലെ ക്രോമ സ്റ്റുഡിയോയിലെ സ്റ്റോർ മാനേജർക്ക് ഒരു കോൾ വന്നു, കൊളാബയിലെ ഒരു ഹൈപ്രൊഫൈൽ ബിസിനസ്സുകാരന്റെ വീട്ടിൽ ഒരു പുതിയ ടിവി ഡെലിവർ ചെയ്തിട്ടുണ്ട്, അത് ഇൻസ്റ്റോൾ ചെയ്യണം. ബോളിവുഡ് സ്റ്റാറുകളും, രാഷ്ട്രീയക്കാരും ഒക്കെ താമസിക്കുന്ന ഇടമാണ് കൊളാബ. ഏരിയ മാനേജർക്ക് നിർദ്ദേശം കൊടുത്തു. മൂന്ന് പേരടങ്ങുന്ന ടീം അവിടെ എത്തി. നിരവധി സെക്യൂരിറ്റികളും മണിമാളികയുമാണ് പ്രതീക്ഷിച്ചത്. അത് ഒരു പഴയ ബംഗ്ളാവ് ആയിരുന്നു. കോടീശ്വരന്റെ ബംഗ്ളാവ് പഴയതെങ്കിലും കോടികൾ ചിലവഴിച്ച ഇന്റീരിയർ പ്രതീക്ഷിച്ച് അകത്ത് കടന്നു, പഴയ സോഫയും അലമാരയും മറ്റ് ഫർണ്ണിച്ചറുകളും. അവിടെ കണ്ട ടിവി-യാകട്ടെ, 30 വർഷം പഴക്കമുള്ള സോണിയുടെ ഒരു ബോക്സ് ടിവി. പലതവണ റിപ്പയർ ചെയ്ത് ഉപയോഗിച്ച അറുപഴഞ്ചൻ ഒരെണ്ണം. ഒരു കാരണവശാലും ഓൺ ആകില്ല എന്ന സ്ഥിതിയിൽ അത് മാറ്റുകയാണ്. പുതിയ വലിയ LED ടിവി ഫിറ്റ് ചെയ്യേണ്ടെ? പുതിയ ടിവി പായ്ക്കറ്റ് തുറക്കാതെ വെച്ചിരിക്കുന്നു. അവർ ആ ബോക്സിനടുത്ത് എത്തി. തുറന്നു, 32 ഇഞ്ചിന്റെ സോണി ബ്രാവിയ! ദൈവമേ ഇതാരാ ഇത്ര സിംപിളായ കോടീശ്വരൻ, അതും കൊളാബയിൽ? ടിവി ഫിറ്റ് ചെയ്ത് കഴിഞ്ഞപ്പോൾ വീട്ടുടമസ്ഥൻ വന്നു, ഒരു സാധാരണ പാർസി ഷോർട്സും ധരിച്ച് ഒരു മനുഷ്യൻ! ഏത് ക്രൂരനേയും അലിയിച്ചുകളയുന്ന നിർമ്മലയായ ചിരിയോടെ! ടിവി ഫിറ്റ് ചെയ്യാൻ വന്നവർക്ക് ചായയുമായി! ആരായിരുന്നു അയാൾ?
ആരാണ് ആയാൾ?
ഇന്ത്യയിലേറ്റവും അധികം ലക്ഷ്വറി ടിവി സെറ്റുകൾ വിൽക്കുന്ന ഇല്ക്ട്രോണിക് സ്റ്റോർ ചെയിനിന്റെ ഉടമ!
ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയുടെ ബോസ്
ലോകത്തെ ഏറ്റവും ബൃഹത്തായ 5 സ്റ്റാർ ഹോട്ടൽ ശൃംഘലയുടെ ഉടമ
ഇന്ത്യൻ സാമ്പത്തിക മേഖലയുടെ നട്ടെല്ല്
ഇന്ത്യ കണ്ട ഏറ്റവും സക്സസ്ഫുള്ളായ സംരംഭകൻ
ലോകത്തെ ഏറ്റവും വലിയ ലക്ഷ്വറി കാർ ബ്രാൻഡുകളുടെ ഉടമ
നിരവധി എയർക്രാഫ്റ്റുകളും പ്രൈവറ്റ് ജെറ്റും സ്വന്തമായുള്ളൊരാൾ
ഇങ്ങനെയെല്ലാം വിശേഷണങ്ങൾ വഹിച്ചിരുന്ന ആ മനുഷ്യൻ എല്ലാക്കാലത്തും സഞ്ചരിക്കുന്നത് പക്ഷെ, എക്കണോമി ക്ലാസിലും, ഭക്ഷണം കഴിക്കുന്നത് സാധാരണ ഹോട്ടലുകളിലും, കാണുന്നത് 32 ഇഞ്ചിന്റെ സാധാരണ ടിവി-യും..
അങ്ങനെ ഒരാൾക്കേ ഇക്കാലത്ത് പറ്റൂ!
ഒരേ ഒരാൾക്ക്.. സാക്ഷാൽ രത്തൻ ടാറ്റയ്ക്ക്!

സ്വയം പ്രസ്ഥാനമാകുന്നവർ
എഴുതിവെച്ച നിയമാവലികളോ, ആഹ്വാനങ്ങളോ കൊണ്ടല്ല, പ്രവർത്തി കൊണ്ട്.. സ്വന്തം ജീവിതം കൊണ്ട്.. ഒരു രാജ്യവും, സംഘടനയും, പ്രസ്ഥാനവും പ്രതീക്ഷയും പ്രതീകവും പ്രവാചകനും ആകുന്ന മനുഷ്യർ. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യയെടുത്താൽ അങ്ങനെ രണ്ട് പേരെയേ എനിക്ക് ചൂണ്ടിക്കാണിക്കാനാകൂ. ഒന്ന് ഡോ. എപിജെ അബ്ദുൾ കലാം, മറ്റൊന്ന് രത്തൻ ടാറ്റ!
ആഴത്തിലുള്ള അറിവും അധികാരവും അളവറ്റധനവും ഉണ്ടായിട്ടും ആരവങ്ങളിൽ നിന്ന് മാറി അഹങ്കാരവും ആർഭാടവുമില്ലാതെ അതിലളിതമായും അങ്ങേയറ്റം അനുകമ്പയോടെയും ജീവിക്കുന്ന രത്തൻ! രത്നം പോലെ വിശുദ്ധിയുള്ള ഒരു മനുഷ്യൻ! ഡിസംബറിലെ ഒരു തണുത്ത പുലർകാലത്ത് മുംബൈയിൽ ജനിച്ച ഈ മനുഷ്യന് ഈ വർഷം 87 വയസ്സാകും.

ഇതാദ്യമല്ല, രത്തൻ ടാറ്റയെക്കുറിച്ച് ഞാൻ വീഡിയോ ചെയ്യുന്നത്. അത്രമാത്രം ആ മനുഷ്യനെ ഞാൻ ഇഷ്പ്പെടുന്നതിന് കാരണം ഒട്ടനവധിയാണ്. മറ്റാർക്കും അനുകരിക്കാനാകാത്ത ഒരു പേഴ്സണാലിറ്റി! നേതൃത്വത്തിന് മൂന്ന് ക്വാളിറ്റിയേ വേണ്ടൂ: വിനയം, വ്യക്തത, ധൈര്യം.
മുന്നിലെ പാത കണ്ട് അതിലൂടെ നടക്കുന്ന ആളല്ല, പകരം വഴിയില്ലാത്തിടത്ത് വഴി വെട്ടി പോകുന്നവരാണ് ലോകം കണ്ട മികച്ച സംരംഭകരും നേതാക്കളും!
രത്തൻ എന്ന ഐക്കൺ
വിഷനറിയായ മാനേജ്മെന്റ് വിദഗ്ധനായ രത്തൻ ടാറ്റയുടെ ജീവിതത്തിലെ നിലപാടുകളും, സംരംഭം വളർത്തുന്നതിലെ സമീപനവും, മനുഷ്യരോടുള്ള പെരുമാറ്റവുമാണ് ലോകത്തെ ഏറ്റവും ആദരണീയനായ വ്യക്തിത്വമായി അദ്ദേഹത്തെ മാറ്റുന്നത്. ഒരു സംരംഭകന് വേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് transformative techniques. അത് ആവോളം ഉണ്ടായിരുന്നു ആ മനുഷ്യന്. അതായത്, ടാറ്റ എന്ന ബ്രാൻഡിന് കീഴിൽ സ്റ്റീൽ നിർമ്മാണം മുതൽ, വാഹന നിർമ്മാണം, ഐടി, എഞ്ചിനീയറിംഗ്, ടെലികമ്മ്യൂണിക്കേഷൻ, കൺസ്യൂമർ പ്രൊഡക്റ്റുകൾ തുടങ്ങി 100-ഓളം കമ്പനികളുണ്ട്. ഈ കമ്പനികളെയെല്ലാം ഒരു പേരിന്റെ കുലീനതയും ലാളിത്യവും ബുദ്ധിയും കൊണ്ട് ലോകത്തെ നമ്പർ വണ്ണാക്കുകയായിരുന്നു രത്തൻ ടാറ്റ എന്ന മനുഷ്യൻ!

ഒരേ ഒരു രത്തൻ ടാറ്റ!
രത്തനെപ്പോലെയാകാൻ പ്രയാസമാണ്, കാരണം അദ്ദേഹത്തിൻെ എല്ലാ ഗുണങ്ങളും ഇനി ഒരാളിൽ കാണുക പ്രയാസം.
വിഷനറിയായിരിക്കുക, ലാളിത്യത്തോടെ ജീവിക്കുക, മൂല്യ ബോധത്തിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കുക, റിസ്ക്ക് എടുക്കാനുള്ള ധൈര്യം ഉണ്ടാകുക, കൂടെയുള്ളവരെ പ്രചോദിപ്പിക്കുക, വിമർശനങ്ങളെ ഭയക്കാതിരിക്കുക, ആത്മബലവും ആത്മവിശ്വാസവും ഉണ്ടാകുക, അസാധാരണമായ ക്രിയേറ്റിവിറ്റിയും ഹ്യൂമർ സെൻസും ഉണ്ടാവുക.

ടാറ്റയുടെ ബിസിനസ്സ് ഭാവി വരച്ചെടുത്ത 21 വർഷങ്ങൾ
1991 മുതൽ 2012 വരെയുള്ള 21 വർഷം ടാറ്റ എന്ന പ്രസ്ഥാനത്തിന് നിർണ്ണായക കാലഘട്ടമായിരുന്നു. ആ 21 വർഷം കൊണ്ട് ടാറ്റ ഒരു കമ്പനി എന്നതിൽ നിന്ന് വികാരമായി മാറി, പതിനായിരക്കണക്കിന് ജീവനക്കാർക്കും അതുപോലെ ഇന്ത്യമഹാരാജ്യത്തിന് ആകമാനവും. അത് ഒരേ ഒരു നേതാവിന്റെ ഗുണം തന്നെയാണ്. ആ 21 വർഷം ടാറ്റയുടെ ചെയർമാൻ സ്ഥാനത്തിരുന്ന് ടാറ്റയെ ഇന്ത്യൻ കമ്പനികളുടെ ചക്രവർത്തിയാക്കിയ രത്തൻ ടാറ്റ! 2012 ൽ ചെയർമാൻ സ്ഥാനത്ത് നിന്ന് വിരമിക്കുമ്പോൾ രത്തന് പ്രായം 75 വയസ്സാണ്.

അതിന് ശേഷം സൈരസ് മിസ്രി ചെയർമാനാകുന്നു. അയാളുടെ നേതൃത്വത്തിൽ ടാറ്റ എന്ന ബ്രാൻഡിന്റെ കുലീനതയ്ക്ക് ചേരാത്ത പ്രശ്നങ്ങളും മറ്റും നേരിട്ടപ്പോൾ ദൈവത്തെപ്പോലെ വീണ്ടും രത്തന് ചെയർമാനായി അവതരിക്കേണ്ടി വന്നു, അപ്പോൾ പ്രായം 79! അതായത്, ഒരു സന്നിഗ്ധ ഘട്ടത്തിൽ എൺപതിനോടടുത്ത പ്രായത്തിലാണ് ലോകത്തെ ഏറ്റവും വലിയ ഒരു ബ്രാൻഡിനെ അതിന്റെ മാനേജ്മെന്റ് പ്രതിസന്ധിയിൽ നയിക്കാൻ യുവത്വമുള്ള ടീമിനൊപ്പം അവരിൽ ഒരാളായി രത്തൻ ടാറ്റ വീണ്ടും എത്തിയത്. ഈ മനുഷ്യനല്ലാതെ ഇതാർക്ക് പറ്റും? ഇപ്പോൾ ടാറ്റയുടെ ചെയർമാനായ Natarajan Chandrasekaran-നെ ആ പദവിയിലേക്ക് തെരഞ്ഞെടുത്ത 2017-വരെ രത്തൻ ഇടക്കാല ചെയർമാനായി തുടർന്നു.
ബ്രിട്ടന്റെ ഈഗോയ്ക്ക് ഏറ്റ അടി
ബ്രീട്ടീഷുകാർ ഇന്ത്യഭരിക്കുന്ന കാലത്താണ് രത്തൻ ജനിച്ചത്. ജനിച്ചുവീണ രാജ്യത്തെ അടിമയാക്കി വെച്ച ബ്രിട്ടനോട് രത്തൻ നടത്തിയത് സൈക്കോളജിക്കലി ഒരു ബ്രിട്ടീഷുകാരനും താങ്ങാൻ പറ്റാത്ത റിവഞ്ചാണ്.
ബ്രിട്ടനിലെ തേയിലക്കമ്പനിയായ ടെറ്റ്ലി-യെ 2000-ത്തിൽ ടാറ്റ വാങ്ങി! യുകെയിലെ ഏറ്റവും വലിയ തേയിലക്കമ്പനിയായിരുന്നു ടെറ്റ്ലി! 1837 ൽ ഇംഗ്ലണ്ടിലെ യോർക്ക്ഷെയറിൽ തുടങ്ങിയ ഈ കമ്പനി ഇംഗ്ലണ്ടുകാരുടെ അഭിമാന ബ്രാൻഡുകളിൽ ഒന്നായിരുന്നു. അക്കാലത്ത് ഒരു ഇന്ത്യൻ കമ്പനി നടത്തിയ ഏറ്റവും വലിയ അക്യുസിഷനായിരുന്നു അത്.
ജാഗ്വാർ ഇങ്ങ് എടുത്തു
2008-ൽ അടുത്ത വാങ്ങൽ! അത് ഓരോ ബ്രിട്ടീഷുകാരന്റേയും അഭിമാനത്തിനേറ്റ അടിയായി. ബ്രിട്ടീഷ് മോട്ടോർ എഞ്ചിനീയറിംഗിന്റെ അവസാന വാക്കായി ഇംഗ്ലണ്ട്കാർ കണ്ട അവരുടെ ലക്ഷ്വറി കാർ ബ്രാൻഡ്, Jaguar Land Rover രത്തൻ ടാറ്റ വാങ്ങുന്നു. സാമ്പത്തിക പ്രതിസന്ധിയിലായ ഫോർഡിൽ നിന്നാണ് ടാറ്റ ആ ബ്രാൻഡ് സ്വന്തമാക്കിയത്. ബ്രിട്ടീഷ് ഇന്റസ്ട്രിയൽ ഐഡന്റിറ്റി ഒലിച്ചുപോകുന്നതായി സായിപ്പിന് തോന്നിയ നിമിഷം, അതും ആ അഭിമാന ബ്രാൻഡ് വാങ്ങിയതാവട്ടെ, കേവലം 50 വർഷം മുമ്പ് വരെ അവരുടെ ഒരു അടിമ കോളനിയായിരുന്ന ഇന്ത്യയിലെ ഒരു യുവവ്യവസായിയും. Jaguar Land Rover എന്ന ബ്രാൻഡിന്റെ പ്രൗഢിയും, തറവാടിത്തവും, ക്വാളിറ്റിയും ഒക്കെ ഒരു ഇന്ത്യൻ കമ്പനിക്ക് മെയിന്റയിൻ ചെയ്യാൻ പറ്റുവോ എന്ന പരിഹാസമായിരുന്നു പിന്നീട്! ഏറ്റെടുക്കൽ കഴിഞ്ഞ് 15 വർഷമായിരിക്കുന്നു, ഫോർഡ് നടത്തിയതിനേക്കാൾ ഗംഭീരമായി Jaguar Land Rover മാർക്കറ്റിൽ വിരാജിച്ച് നിൽക്കുന്നു. രണ്ട് ലക്ഷം കോടിയിലധികമാണ് 2023-ലെ ലാൻഡ്റോവറിന്റെ വരുമാനം. അക്വിസിഷന് ശേഷമാണ് ജാഗ്വാറിൽ ഡിജിറ്റലൈസേഷനും ഇല്ക്ട്രിക് മോഡലിലേക്കുള്ള മാറ്റവും തുടങ്ങുന്നത്. ഈ ഏറ്റെടുക്കലിന്റെയെല്ലാം തിരക്കഥയും സംവിധാനവും രത്തൻ ടാറ്റ തന്നെയായിരുന്നു. ഫോർഡിൽ നിന്ന് Jaguar Land Rover വാങ്ങുന്നതിന് രത്തന് മറ്റൊരു വൈകാരികവും മധുരവുമായ കാവ്യനീതിയുമുണ്ടായിരുന്നത് എല്ലാവർക്കും അറിയാമല്ലോ? അതിനാൽ അധികം വിശദീകരിക്കുന്നില്ല!

2008-ൽ തന്നെ യൂറോപ്പിലെ ഏറ്റവും വലിയ സ്റ്റീൽ നിർമ്മാണ കമ്പനിയായ (Corus) കോറസും രത്തൻ ടാറ്റ വാങ്ങി. ഈ മൂന്ന് ഏറ്റെടുക്കലും നടക്കുമ്പോ രത്തൻടാറ്റ, ടാറ്റയുടെ ചെയർമാനായിരിക്കുന്ന കാലമാണ്. ആദ്ദേഹം പ്രായംകൊണ്ട് 60-കളുടെ മധ്യത്തിലാണെന്ന് ഓർക്കണം. ഇന്ന് നമ്മൾ തിരിഞ്ഞ് നോക്കുമ്പോ ഈ മൂന്ന് ഏറ്റെടുക്കലിനും നിർണ്ണായക പ്രധാന്യമുണ്ടായിരുന്നു എന്ന് കാണാം. ടാറ്റയെ കഴിഞ്ഞ 10-15 വർഷം കൊണ്ട് അവരുടെ പ്രധാന സെക്ടറുകളിൽ ശക്തരായ ബ്രാൻഡാക്കിയത് ഈ അക്വിസിഷനുകളായിരുന്നു. ടെറ്റ്ലെ ടീയുടെ ഏറ്റെടുക്കലോടെ യൂറോപ്പ്, കാനഡ, ഇന്ത്യ, യുഎസ്എ എന്നിവിടങ്ങളിലെ തെയില ബിസിനസ്സിന്റെ വലിയ മാർക്കറ്റ് നിയന്ത്രിക്കാൻ ടാറ്റയ്ക്ക് ആയി
ടാറ്റയുടെ തലവര മാറ്റിയ ഡീൽ
2008-ൽ Jaguar Land Rover ഏറ്റെടുത്ത ശേഷം, ഈ 15 വർഷം കൊണ്ട് ലോകത്തെ പ്രീമിയം കാർ സെഗ്മെന്റിലെ പ്രധാന പ്ലയറായി ടാറ്റ മാറുന്നു. മാത്രമല്ല, ടാറ്റയുെട ഓട്ടോമോട്ടീവ് പോർട്ട്ഫോലിയോ തന്നെ മാറി മറിഞ്ഞില്ലേ. എന്തിന് ഇന്ത്യയിൽ കഴിഞ്ഞ 4-5 വർഷത്തിനുള്ളിൽ കാർ മാർക്കറ്റിൽ ടാറ്റ എവിടെയെത്തി എന്ന് നോക്കൂ. ആ വിപ്ലവം നടത്താൻ കഴിഞ്ഞത് ഒരു സൈക്കലോളജിക്കൽ എഫക്റ്റ് കൊണ്ടാണ്. ടാറ്റ എന്ന കമ്പനിക്ക് അകത്തും, പുറത്ത് കസ്റ്റമറായ നമ്മളേ ഒക്കെയും അത് ബോധതലത്തിൽ സ്വാധീനിച്ചിട്ടുണ്ട്. ടാറ്റ നിർമ്മിക്കുന്ന ഹരിയറും, നെക്സോണും, ടിയാഗോയും, ആൾട്രോസും, പഞ്ചും ഒക്കെ വാങ്ങുമ്പോൾ, Jaguar Land Rover എന്ന പ്രീമിയം ബ്രാൻഡിന്റെ ഓണറായ ടാറ്റയുടേതാണ് ഇതെല്ലാം എന്ന ബോധം ഒരളവുവരെ സ്വാധീനിച്ചിട്ടുണ്ടാകാം.

അതുപോലെ കോറസിന്റെ ഏറ്റെടുക്കലും. കാറിന്റെ നിർമ്മാണത്തിലും ടാറ്റ നടത്തുന്ന എഞ്ചിനീയറിംഗ് പ്രോജക്റ്റിലും നിർണ്ണായകമായ റോ മെറ്റീരിയലാണ് സ്റ്റീൽ! യൂറോപ്പിലേയും ഏഷ്യയിലേയും മാർക്കറ്റ് കൺട്രോൾ ചെയ്യുന്ന കോറസ്, ലോകത്തെ ഏറ്റവും വലിയ സ്റ്റീൽ കമ്പനികളിലൊന്നായി മാറിയിരിക്കുന്നു.
വേണ്ടാത്തത് വിറ്റൊഴിഞ്ഞു
ഈ മഹത്തായ ബ്രാൻഡിന് പോറലേൽക്കാതെ കെട്ടിപ്പടുത്തത് ഏറ്റെടുക്കൽ മാത്രം കൊണ്ടല്ല, ചിലത് നമുക്ക് പറ്റില്ല എന്ന് തോന്നുമ്പോൾ ഒഴിവാക്കിയത് കൊണ്ടുമാണ്. അതിനും ടാറ്റ ഉദാഹരണമാണ് 1917-ൽ ദോറാബ്ജി ടാറ്റ തുടങ്ങിയതാണ് Tata Oil Mills Company അഥവാ TOMCO. സോപ്പ്, ഡിറ്റർജെന്റ്, കോഴി തീറ്റ തുടങ്ങി വ്യത്യസ്ത പ്രൊഡക്റ്റുകൾ നിർമ്മിക്കുന്നുണ്ടായിരുന്നു. കേരളത്തിലും TOMCO-യ്ക്ക് മാനുഫാക്ചറിംഗ് യൂണിറ്റ് ഉണ്ടായിരുന്നു. 1990-ൽ ടോംകോ, അവരുടെ എതിരാളികളായ Hindustan Lever Limited- ന് ടാറ്റ വിറ്റു! കാരണം ടാറ്റയുടെ ദീർഘവീക്ഷത്തിൽ അവരുടെ ലോംഗ്ടേം പദ്ധതിക്ക് ചേരുന്ന ബിസിനസ്സല്ലായിരുന്നു അത്. എന്തൊരു ബുദ്ധിപരമായ തീരുമാനം.

Associated Cement Companies, അഥവാ ACC ടാറ്റയുടേതായിരുന്നു. 2000-ത്തിൽ ACC-യിലെ ഷെയറുകൾ അംബുജയ്ക്ക് വിറ്റു, പിന്നീട് അംബുജയെ അദാനി ഗ്രൂപ്പ് സ്വന്തമാക്കി.
അതുപോലെ ബ്യൂട്ടി കെയർ പ്രൊഡക്റ്റ് Lakme! കേൾക്കുമ്പോൾ Lakme ടാറ്റയുടേതായിരുന്നു. JRD ടാറ്റ 1952-ൽ തുടങ്ങിയതാണ് Lakme കോസ്മെസ്റ്റിക്സ്. കോസ്മെറ്റിക്സ് ഇൻഡസ്ട്രിയിലെ മത്സരം വർദ്ധിച്ചപ്പോൾ, ക്വാളിറ്റി മെയിന്റയിൻ ചെയ്ത് മാർക്കറ്റിൽ നിൽക്കാൻ പ്രയാസമാമെന്ന് മനസ്സിലായി. 1996-ൽ Lakme-യും Hindustan Unilever Limited-ന് വിറ്റു.
സർജനായ രത്തൻ
ഈ വിൽപ്പന നടക്കുമ്പോഴൊക്കെ ഫ്യൂച്ചറിസ്റ്റിക്കായ മറ്റ് മേഖലകൾ കണ്ടെത്തി അവിടെ നിക്ഷേപിക്കുകയും ഏറ്റെടുക്കലുമൊക്കെ നടത്തുകയായിരുന്നു രത്തൻ ടാറ്റ. നേരത്തേ പറഞ്ഞില്ലേ, 1991 മുതൽ 2012 വരെയുള്ള 21 വർഷം ടാറ്റയ്ക്ക് നിർണ്ണായകമായിരുന്നു എന്ന്. ഈ കാലത്തെ ഈ ഏറ്റെടുക്കലും, ഒഴിവാക്കലുമാണ് ടാറ്റയെ അതിന്റെ ശരിയായ വഴിയിലെത്തിച്ചത്. ഗുണമുള്ളത് കൂട്ടിച്ചേർത്തും വേണ്ടാത്തത് മുറിച്ച് കളഞ്ഞും വിദഗ്ധനായ ഒരു സർജനെപ്പോലെ പ്രിസൈസ് ആയ ഒരു സർജറിചെയ്തു രത്തൻ, അല്ലെങ്കിൽ ഒരു ശിൽപ്പിയെപ്പോലെ പ്രൗഢമായ ഒരു ബ്രാൻഡിനെ 21 വർഷം കൊണ്ട് രത്തൻ ടാറ്റ കൊത്തിയെടുത്തു. അതാണ് അദ്ദേഹത്തിന്റെ മഹത്വവും അയാളുടെ പ്രവർത്തികളിലെ മനോഹാരിതയും.
ഇതെല്ലാം പറഞ്ഞത്, എത്ര ബുദ്ധിപരമായാണ് ഓരോ ബിസിനസ്സ് നീക്കവും സാമ്പത്തിക തീരുമാനവും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ടാറ്റ നടത്തിയത് എന്ന് മനസ്സിലാക്കാനാണ്? ഒരു വ്യക്തിയല്ല ഒരിക്കലും ഇത്തരം ഇന്റലിജന്റായ ബിസിനസ്സ് തീരുമാനങ്ങൾ നടക്കാപ്പക്കുന്നത് എന്ന് നമുക്ക് അറിയാം. അത് ഒരു വലിയ ടീമാണ്. പക്ഷെ ആ ടീം എല്ലാവർക്കുമുണ്ടോല്ലാ. അത് ഉപയോഗിക്കാനും മികച്ച റിസൾട്ട് എടുക്കാനും ഒരു തല ഉണ്ടായേ പറ്റൂ. ആ ബിസിനസ്സ് തല എങ്ങനെ ആയിരിക്കണെമന്ന ക്ലാസിക് എക്സാംപിളാണ് രത്തൻ ടാറ്റ എന്ന പ്രതിഭാസം. ഈ വൻകിട ബില്യൺ ഡോളർ ബിസിനസ്സിന്റെ അമരത്ത് അങ്ങനെ നിൽക്കുമ്പോ, പ്രത്യേകിച്ച് ലെഗസി ബ്രാൻഡിൽ നിന്ന് കളിക്കുമ്പോ, മനുഷ്യനാണേൽ ഒരു ലഹരി പിടിക്കും. പണത്തിന്റേയും ആർഭാടത്തിന്റേയും ലഹരി. അധികാരത്തിന്റെ ഉന്മാദം.. അതിൽ നിന്ന് എങ്ങനെ രത്തന് മാറി നടക്കാനായി എന്നാകും വരും തലമുറ പഠിക്കാൻ പോകുന്നത്. ഒരു ബുദ്ധ സന്യാസിയോപ്പോലെ, ഒരു സൂഫി വര്യനെപ്പോലെ ശാന്തമായ മുഖത്തോടെ നിർമ്മലമായ പുഞ്ചിരിയോടെ ഈ മനുഷ്യൻ വീണ്ടും വീണ്ടും ആശ്ചര്യപ്പെടുത്തുന്നു.
ഹെഡ്ക്വാർട്ടേഴ്സ് തെരുവുനായ്ക്കൾക്ക്!
ടാറ്റ കമ്പനിയുടെ രണ്ടാമത്തെ ചെയർമാനായിരുന്ന Sir Dorabji Tata 1920-ൽ മുംബൈയിൽ ടാറ്റയുടെ ഗ്ലോബൽ ഹെഡ്ക്വാർട്ടേഴ്സ് പണിതു. ബോംബെ ഹൗസ് എന്നായിരുന്നു പേര്. 1920-ലാണ് ഇത്. ഗേറ്റ് വേ ഓഫ് ഇന്ത്യ ഒക്കെ ഡിസൈൻ ചെയ്ത് നിർമ്മിച്ച അക്കാലത്തെ ഏറ്റവും പ്രസിദ്ധനായ ആർക്കിടെക്റ്റ് ജോർജ്ജ് വിറ്റേറ്റ് (George Wittet) ആണ് ബോംബെ ഹൗസും നിർമ്മിച്ചത്. ഇന്നും തലയെടുപ്പുള്ള 104 വർഷത്തെ പ്രൗഢ ഗംഭീരമായ ബിൽഡിംഗ്. 2018-ൽ ആ കെട്ടിടം പുതുക്കി പണിതു.

ടാറ്റയുടെ ഉൾപ്പെടെ വലിയ എക്സിക്യൂട്ടീവ്സും, മറ്റ് പ്രമുഖരും എത്തുന്ന അതേ ബിൽഡിംഗ് പക്ഷെ തെരുവ് നായ്ക്കൾക്കും കൂടി ഉള്ളതായിരുന്നു. ടാറ്റയുടെ പ്രസ്റ്റീജ്യസായ ഒരു ഐക്കോണിക് ബിൽഡിംഗാണ് ആരോരുമില്ലാതെ തെരുവിലലയുന്ന നായ്ക്കൾക്കും കൂടി അവകാശപ്പെട്ടതാക്കിയത് .തെരുവ് നായ്ക്കൾക്ക് ബോംബെ ഹൗസിന്റെ അകത്ത് കയറാമെന്ന് മാത്രമല്ല, അതിനുള്ളിൽ റൂമുകളും മാറ്റി വെച്ചു. അത് രത്തൻ ടാറ്റയുടെ ആശയവും നിർദ്ദേശവുമായിരുന്നു. ആർക്ക് പറ്റും ഇത്?
പുറത്തെ യൂണിവേഴ്സിറ്റിയിലെ പഠനം പൂർത്തിയാക്കിയപ്പോൾ IBM -ൽ നിന്ന് രത്തൻ ടാറ്റയ്ക്ക് ജോലി ഓഫർ വന്നിരുന്നു. J.R.D Tata-യുടെ നിർദ്ദേശപ്രകാരം IBM- ന്റെ ഓഫർ വേണ്ടെന്ന് വെച്ചാണ് രത്തൻ ഫാമിലി ബിസിനസ്സിലേക്ക് ശ്രദ്ധവെച്ചത്.

രത്തനില്ലാത്ത സമ്പന്നരുടെ പട്ടികയ്ക്ക് എന്ത് വില?
ലോകത്തെ ഏറ്റവും പ്രോഫിറ്റബിളായ ലക്ഷ്വറി ബ്രാൻഡുകളെ വാങ്ങിയിട്ടും, ലക്ഷക്കണക്കിന് കോടി രൂപ വർഷാ വർഷം ലാഭമുണ്ടാക്കിയിട്ടും, ഈ 87-ാം വയസ്സിലും രത്തൻ ടാറ്റ ഫോർബിസിന്റെ ബില്യണർ ലിസ്റ്റിലോ ഏതെങ്കിലും ഏജൻസികളുടെ കോടീശ്വര പട്ടികയിലോ ഇടം നേടിയിട്ടില്ല ഇതുവരെ. എന്തുകൊണ്ട്? ടാറ്റയുടെ നൂറുകണക്കിന് കമ്പനികളിൽ 65% വും, ഹെക്ടർ കണക്കിന് എസ്റ്റേറ്റുകളും, മറ്റ് സ്ഥാപനങ്ങളും… ടാറ്റ സൺസിന് കീഴിലാണ്. ആ ലാഭം എവിടേക്കാണ് പോകുന്നതെന്ന് അറിയുമോ? ബാങ്കുകളിലേ ലോക്കറുകളിലോ, കോർപ്പറേറ്റ് അക്കൗണ്ടുകളിലേക്കോ അല്ല. വിദ്യാർത്ഥികൾക്കും രോഗികൾക്കും വീടില്ലാത്തവർക്കും മറ്റ് വികസന പ്രവർത്തനങ്ങൾക്കുമൊക്കെയായി, ഒരു ഗവൺമെന്റ് എന്ന പോലെ ടാറ്റ മാറുന്നു. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള കോടിക്കണക്കിന് ആളുകളുടെ ജീവിതത്തെ പ്രകാശിപ്പിക്കുന്ന ശതകോടികളുടെ ജീവകാരുണ്യ പ്രവർത്തികളായി!
എഴുതിവെച്ച നിയമാവലികളോ, ആഹ്വാനങ്ങളോ കൊണ്ടല്ല, പ്രവർത്തി കൊണ്ട്! സ്വന്തം ജീവിതം കൊണ്ട് ഒരു രാജ്യവും, സംഘടനയും, പ്രസ്ഥാനവും പ്രതീക്ഷയും പ്രതീകവും പ്രവാചകനും ആകുന്ന രത്തൻ ടാറ്റ എന്ന് ആദ്യം പറഞ്ഞത് ഈ കാര്യങ്ങൾ കൊണ്ടാണ്.

ലക്ഷ്യം അതായിരുന്നെങ്കിൽ എന്നേ നമ്പർ വൺ ആയേനേ?
അതുകൊണ്ടാണ്, ടാറ്റ എന്ന ആ പേര് കേൾക്കുന്നവർക്ക് രോമാഞ്ചമുണ്ടാകുന്നത്. കാരണം ടാറ്റ തറവാടിയാണ്. ഇന്നലെ ഒരു രാത്രിയിൽ ഉണ്ടായതല്ല, ഉണ്ടാക്കിയതുമല്ല.. ഇന്ന് നമ്മളീ കാണുന്ന കോടീശ്വരന്മരേപ്പോലെ ലാഭം പിഴിഞ്ഞും പിടിച്ച്പറിച്ചും ലോക്കറിൽ കൊണ്ട് വെച്ചില്ല. ലോക കോടീശ്വരനായ എലോൺ മസ്ക്കിന് 243 ബില്യൻ ഡോളർ ആസ്തിയാണുള്ളത്. ജംഷഡ്ജി ടാറ്റ തുടങ്ങി, ജെആർഡി ടാറ്റ വളർത്തി, രത്തൻ ടാറ്റ ചക്രവർത്തിപദം നേടിക്കൊടുത്ത ടാറ്റ! അവർ മനസ്സുവെച്ചിരുന്നുവെങ്കിൽ, ആർജ്ജിച്ച പണമെല്ലാം കോർപ്പറേറ്റ് വെൽത്ത് ബിൽഡിംഗിന് മാത്രം കൂട്ടിവെച്ചിരുന്നുവെങ്കിൽ ലോകത്തെ നമ്പർവൺ കോടീശ്വരൻ ഇന്ന് മറ്റാരുമല്ല, രത്തൻ ടാറ്റ ആയേനെ!
പക്ഷെ ഇത് ജനുസ്സ് വേറെയായിപ്പോയി!
Discover the inspiring story of Ratan Tata, a billionaire known for his humility and simple living. Learn how he led Tata Group to global success while staying grounded in his values.