കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന ചൊല്ലുകൊണ്ട് തന്നെ കൊല്ലത്തെ കാഴ്ചകൾ പണ്ടുമുതലെ പ്രസിദ്ധമാണ്. കായലുകളും തുരുത്തുകളും ബീച്ചുകളും ക്ഷേത്രങ്ങളും മലനിരകളുമൊക്കെ ചേർന്നതാണ് കേരളത്തിലെ മനോഹരമായ കൊല്ലം ജില്ല. അതുകൊണ്ട് തന്നെ ഒരിക്കൽ എങ്കിലും ഇവിടെ എത്തുന്ന ഒരാൾക്ക് എന്നും ഓർമ്മയിൽ നിറയ്ക്കാൻ പാകത്തിൽ നിരവധി കാഴ്ചകൾ ആണ് ഇവിടെ ഉള്ളത്. കേരളത്തിലെ തന്നെ പ്രശസ്തമായ ക്ഷേത്രങ്ങളായ കൊട്ടാരക്കര ക്ഷേത്രവും ഓച്ചിറ ക്ഷേത്രവും കൊല്ലം ജില്ലയിലാണ്. ഇന്ത്യയിൽ തന്നെ ഇക്കോടൂറിസം ആദ്യമായി നടപ്പിലാക്കിയ തെന്മലയാണ് കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട മറ്റൊരു ആകർഷണം. കൊല്ലം ജില്ലയിൽ കണ്ടിരിക്കേണ്ട പ്രധാനപ്പെട്ട പത്ത് സ്ഥലങ്ങൾ ഏതൊക്കെ ആണെന്ന് നോക്കാം.
1. അഷ്ടമുടിക്കായൽ
കേരളത്തിലെ ഏറ്റവും വിസ്തൃതിയുള്ള രണ്ടാമത്തെ കായലാണ് അഷ്ടമുടിക്കായൽ. അഷ്ടമുടിക്കായല്‍ സന്ദര്‍ശനത്തിന്റെ ഏറ്റവും പ്രധാന ആകര്‍ഷണം ഹൗസ്ബോട്ടുകളിലെ യാത്രയാണ്. ഒരു സഞ്ചാരിയും ഒരിക്കലും ഒഴിവാക്കാന്‍ ആഗ്രഹിക്കാത്ത അനുഭവമായിരിക്കും ഈ യാത്ര. കൊല്ലം ടൂറിസം പ്രൊമോഷന് കൗണ്‍സില്‍ ഹൗസ്ബോട്ട് യാത്രയ്ക്കായി നിരവധി പാക്കേജുകള്‍ തയ്യാറാക്കിയിട്ടുണ്ട്. കേരളത്തിലെ കായലുകളിലേക്കുള്ള കവാടം എന്നാണ് അഷ്ടമുടി കായലിനെ അറിയപ്പെടുന്നത്.
2. തങ്കശ്ശേരി വിളക്കുമാടം
കൊല്ലം ജില്ലയിലെ തങ്കശ്ശേരി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന 144 അടി ഉയരമുളള ഈ വിളക്കുമാടം കേരളത്തിലെ ഏറ്റവും ഉയരമുള്ള വിളക്കുമാടമാണ്. ആദ്യകാലത്ത് മണ്ണെണ്ണ വിളക്കിൽ ജ്വലിച്ചിരുന്ന ഈ വിളക്കുമാടം ഇപ്പോൾ വൈദ്യുതി ഉപയോഗിച്ചാണ് പ്രകാശിപ്പിക്കുന്നത്. വിളക്കുമാടത്തിലെ വെളിച്ചം 13 മൈൽ ദൂരെനിന്നു വരെ കാണാൻ കഴിയും എന്നതിനാൽ കപ്പലുകൾക്കും മൽസ്യബന്ധന ബോട്ടുകൾക്കും ദിശയറിയാൻ സാധിക്കുന്നു. കുത്തബ് മിനാറിലെപ്പോലെ പിരിയൻ ഗോവണി കയറിവേണം വിളക്കുമാടത്തിൻറെ മുകളിലെത്താൻ. ഭാരത സർക്കാരിന്റെ നിയന്ത്രണത്തിലുളള ഇവിടെ ഇടക്കാലത്ത് സന്ദർശകരെ നിരോധിച്ചിരുന്നു. എന്നാൽ ഇപ്പോൾ സന്ദർശകരുടെ മേലുളള വിലക്കുകൾ നീക്കിയിട്ടുണ്ട്. പോർച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും ഇംഗ്ലീഷുകാരുടെയും പ്രതാപൈശ്വര്യങ്ങൾ കണ്ടറിഞ്ഞ തങ്കശ്ശേരിയിലേയ്ക്ക് ഇപ്പോൾ സന്ദർശകരെ ആകർഷിക്കുന്ന പ്രധാന ഘടകം വിളക്കുമാടത്തിൻറെ പ്രഭാവലയം തന്നെ.
3. കൊല്ലം ബീച്ച്
മഹാത്മാഗാന്ധിയുടെ പേരില്‍ അറിയപ്പെടുന്ന ഈ ബീച്ച് മനോഹരമായ ഒരു മണല്‍പ്പരപ്പാണ്. നഗരഹൃദയത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ കൊച്ചുപുളിമൂടിലാണ് ബീച്ച് സ്ഥിതിചെയ്യുന്നത്. കൊല്ലത്തെ ഏറ്റവും പ്രമുഖമായ ഉല്ലാസകേന്ദ്രങ്ങളില്‍ ഒന്നാണ് കൊല്ലം ബീച്ച്.
4. മൺറോ തുരുത്ത്
മണ്‍റോ ദ്വീപ് പ്രാദേശികമായി മണ്‍റോ തുരുത്ത് എന്നറിയപ്പെടുന്നു. എട്ട് ചെറുദ്വീപുകളുടെ കൂട്ടമാണ് മണ്‍റോ തുരുത്ത്. കൊല്ലത്തു നിന്ന് 27 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ റോഡ് മാര്‍ഗ്ഗവും കായല്‍ മാര്‍ഗ്ഗവും എത്താവുന്നതാണ്.
5. പുനലൂർ തൂക്കുപാലം
കൊല്ലം ജില്ലയിലെ മലയോര പട്ടണമായ പുനലൂരിൽ, ജില്ലയുടെ പ്രധാനനദിയായ കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തൂക്കുപാലമാണ് പുനലൂർ തൂക്കുപാലം. തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാളിന്റെ കാലത്താണ് തൂക്കുപാലം നിർമ്മിച്ച് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. അന്നത്തെ ദിവാൻ നാണുപിള്ളയാണ് കല്ലടയാറിനു മുകളിലൂടെ പുനലൂരിൽ തൂക്കുപാലം നിർമ്മിക്കാൻ 1871 ൽ അനുമതി നൽകിയത്. ബ്രിട്ടീഷ് സാങ്കേതികവിദഗ്ദ്ധൻ ആൽബെർട് ഹെൻട്രിയുടെ മേൽനോട്ടത്തിൽ രൂപകൽപനയും നിർമ്മാണവുമാരംഭിച്ച് 1877- ൽ പണിപൂർത്തിയാക്കി. അതിനു മൂന്നുവർഷങ്ങൾക്കുശേഷം 1880-ലാണ് പാലം പൊതുജന ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. തെക്കേ ഇന്ത്യയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമായിരുന്നു ഇത്.
6. ശാസ്താംകോട്ട കായൽ
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ് കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലുള്ള ശാസ്താംകോട്ട കായൽ. ഹരിത മനോഹരമായ കുന്നിൻ പ്രദേശങ്ങളും കുന്നുകൾക്കിടയിലെ നെൽ പാടങ്ങളും ഈ ശുദ്ധ ജല തടാകത്തെ മനോഹരമാക്കുന്നു. ചുറ്റും പ്രകൃതി രമണീയമായ, ശാസ്താംകോട്ട ക്ഷേത്രം സ്ഥിതി ചെയ്യുന്നതും ഈ കായലിനടുത്താണ്.
7. ജഡായു നേച്ചർ പാർക്ക്
കൊല്ലം ജില്ലയിലെ ചടയമംഗലം ജടായുപ്പാറയിൽ സ്ഥിതി ചെയ്യുന്ന ഒരു പരിസ്ഥിതി ഉദ്യാനവും വിനോദ സഞ്ചാര കേന്ദ്രവുമാണ് ജഡായു എർത്ത്സ് സെന്റർ അഥവാ ജഡായു നേച്ചർ പാർക്ക്. 64 ഏക്കറാണ് പാർക്കിൻ്റെ ആകെ വിസ്തീർണ്ണം. സംവിധായകനായ രാജീവ് അഞ്ചലിന്റെ നേതൃത്വത്തിലാണ് ഇത് നിർമ്മിച്ചത്. പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ നിർമ്മിക്കുന്ന കേരളത്തിലെ ആദ്യ വിനോദസഞ്ചാരപദ്ധതിയാണിത്. ഇവിടെയുള്ള രാമായണത്തിലെ ജടായുവിൻ്റെ പ്രതിമ ലോകത്തിലെ തന്നെ ഏറ്റവും വലിയ പക്ഷിപ്രതിമയാണ്. ജഡായു-രാവണയുദ്ധം ജഡായുപ്പാറയിൽ വെച്ചാണ് നടന്നതെന്നാണ് വിശ്വാസം. വെട്ടേറ്റു വീണ ജഡായുവിനെ ഓർമപ്പെടുത്തും വിധമാണ് ശിൽപം. 200 അടി നീളവും 150 അടി വീതിയും 75 അടി ഉയരവുമുണ്ട് പക്ഷിശിൽപത്തിന്.
8. ഓച്ചിറ
കൊല്ലം- ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ചെറുപട്ടണമാണ് ഓച്ചിറ. കൊല്ലത്തു നിന്ന് 55 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഓച്ചിറയിലെത്താം. ഓച്ചിറയിലെ ഏറ്റവും പ്രസിദ്ധവും നിരവധി വിശ്വാസികള്‍ എത്തുന്നതുമായ ക്ഷേത്രമാണ് പരബ്രഹ്മ ക്ഷേത്രം. കേരളത്തിലെ മറ്റു ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇവിടുത്തെ ആരാധനാമൂര്‍ത്തി പരബ്രഹ്മം അഥവാ ഓംകാരമാണ്.
9. തെന്മല
കൊല്ലം ജില്ലയിലാണ് തെന്മല സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ട മലനിരകളിലാണ് തെന്മലയെന്ന സുന്ദര സ്ഥലം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്ത് നിന്ന് 72 കിലോമീറ്ററും, കൊല്ലത്ത് നിന്ന് അറുപത്താറ് കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം. ദേശീയ പാത 208 കടന്നുപോകുന്നത് തെന്മലയ്ക്ക് സമീപത്തുകൂടിയാണ്. ഇക്കോടൂറിസമാണ് ഇവിടുത്തെ പ്രധാന ആകർഷണം.
10. പാലരുവി
കേരള-തമിഴ്നാട് അതിര്‍ത്തിയിലാണ് ഈ മനോഹരമായ വെള്ളച്ചാട്ടം. തെന്മലയിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണകേന്ദ്രങ്ങളില്‍ ഒന്നാണിത്. പാലുപോലെ പതഞ്ഞിറങ്ങുന്ന വെള്ളച്ചാട്ടമായതിനാല്‍ത്തന്നെയാണ് ഇതിനെ പാലരുവി എന്ന പേരുവന്നത്. വെള്ളച്ചാട്ടവും പരിസരവും ചേര്‍ന്നൊരുക്കുന്ന കാഴ്ച മനോഹരമാണ്.
Discover the top 10 must-see places in Kollam, Kerala, including Ashtamudikayal, Thangassery Lighthouse, Jadayu Nature Park, Punalur Suspension Bridge, and more. Explore the beauty of Kollam’s backwaters, beaches, temples, and natural wonders.