ഇടുക്കിയിലെ തൊഴുപുഴയിലുണ്ട് സാധാരണക്കാരുടെ വീഗാലാൻഡ് എന്നറിയപ്പെടുന്ന വെള്ളച്ചാട്ടങ്ങൾ അടക്കം അധികമാരും അറിയാത്ത പല മനോഹര ഇടങ്ങളും. മനോഹരമായ വെള്ളച്ചാട്ടമുള്ള ആനയാടിക്കുത്ത് ആണ് ഈ സ്ഥലം. സഞ്ചാരികൾ ഏറെ ഇഷ്ടപെടുന്ന 600 അടി ഉയരത്തിലെ ഉറവപ്പാറ ആണിത്. അതിനടുത്തുള്ള ഞണ്ടിറുക്കി വെള്ളച്ചാട്ടം തുടങ്ങിയവ അവയിൽ ചിലതാണ് .
ദൈവത്തിന്റെ സ്വന്തം നാട്ടിലെ ടൂറിസ്റ്റ് മാപ്പിൽ ഇതുവരെ ഇടം പിടിക്കാത്ത പ്രകൃതി മനോഹരമായ ഒരു വെള്ളച്ചാട്ടമാണ് ആനയാടിക്കുത്ത്. തിരക്കുകളിൽ നിന്നൊഴിഞ്ഞ് പച്ചപ്പിന്റെ നിറവിൽ, മലകളുടെ സൗന്ദര്യം ആസ്വദിച്ചു പ്രകൃതിയിൽ അലിഞ്ഞ് ഒരു ദിവസം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലമാണ് ഇവിടം.
ഇടുക്കി ജില്ലയിലെ തൊടുപുഴ നഗരത്തിൽ നിന്നും 21 കിലോമീറ്റർ സഞ്ചരിച്ചാൽ ആനയാടിക്കുത്തിലെത്താം. പ്രകൃതി സ്നേഹികളും,ടൂറിസ്റ്റ്കളും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ് ഇത്. നീന്തൽ അറിയാത്തവർക്കും, കുട്ടികൾക്കും അപകടം കൂടാതെ ഈ വെള്ളച്ചാട്ടത്തിനു താഴെ അരുവിയിൽ നീന്തൽ ആസ്വദിക്കാൻ സാധിക്കും .
തൊമ്മൻകുത്തിനു സമീപമാണ് ആനയാടിക്കുത്ത് സ്ഥിതി ചെയ്യുന്നതെങ്കിലും തൊമ്മൻകുത്തിന്റെ ഭാഗമല്ല ഈ കാട്ടരുവി. മുണ്ടൻമുടിയുടെ നെറുകയിൽ നിന്നൊഴുകിയെത്തുന്ന വെള്ളം ആനയാടിയിലെ പാറയിൽ നൂറുമീറ്ററോളം വിസ്തൃതിയിൽ ഒഴുകി ഇവിടേക്കെത്തുന്നു. ഇവിടെ പ്രവേശന ഫീസ് ഒന്നുമില്ല. ടോയ്ലറ്റ്, ഡ്രസിങ് റും, വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യമടക്കം സംവിധാനങ്ങൾ ഇവിടെയുണ്ട്.
തൊടുപുഴ -മുളപ്പുറം – തേക്കിൻകൂട്ടം വഴി വലിയ തേക്കുമരങ്ങൾക്ക് ഇടയിലൂടെയുള്ള മനോഹര യാത്ര ചെന്നെത്തുന്നത് തൊമ്മൻകുത്ത് ജംഗ്ഷനിലാണ്. അവിടെ നിന്നും കുറച്ചു ദൂരം പോയാൽ മനോഹരമായ ആനയാടിക്കുത്തിലെത്താം.
മഞ്ഞ് പുതച്ച് സഞ്ചാരികളുടെ തിരക്ക് ഒട്ടുമില്ലാത്ത മനോഹരമായ സ്ഥലമാണ് ഇത്. അവിടെ നിന്നും നോക്കിയാൽ കാണുക താഴെ മഞ്ഞ് പുതച്ചു നിൽക്കുന്ന തൊടുപുഴ നഗരമാണ്. തൊടുപുഴ നഗരത്തിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെയാണ് ഉറവപ്പാറ. തൊടുപുഴ – ഇടുക്കി റൂട്ടില് ഒളമറ്റം എന്ന സ്ഥലത്ത് നിന്നും ഇവിടെക്കെത്താം. മലയാള പഴനി എന്നറിയപ്പെടുന്ന അതിപുരാതനമായ ഒളമറ്റം ഉറവപ്പാറ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ഇവിടെ ഉണ്ട്. ഉറവപ്പാറയിലേക്ക് പാറയുടെ താഴെ നിന്നു കൊത്തി വച്ചിരിക്കുന്ന പടിയിലൂടെ കയറിയും, മറ്റൊരു വഴിയിലൂടെ വാഹനത്തിലും ക്ഷേത്രത്തിൽ എത്താൻ കഴിയും.
ഉറവപ്പാറയുടെ മുകളിൽ ഭീമ പാദ തീർത്ഥം എന്നറിയപ്പെടുന്ന ഒരു ആമ്പൽകുളമുണ്ട്. ഒരിക്കലും വറ്റാത്ത ഈ കുളം വനവാസകാലത്ത് ജലക്ഷാമം ഉണ്ടായപ്പോൾ ഭീമന്റെ കാല് പതിഞ്ഞിടത്ത് ഉണ്ടായതാണ് എന്നാണ് ഐതിഹ്യം.എപ്പോഴും കാറ്റുള്ള ഇവിടം സന്ദർശിക്കാൻ ഏറ്റവും നല്ല സമയം വൈകിട്ടാണ്. ധാരാളം മലയാള സിനിമകൾ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്.
തൊടുപുഴയ്ക്ക് സമീപമുള്ള ഞണ്ടിറുക്കി വെള്ളച്ചാട്ടം പ്രകൃതി ഒരുക്കിയ മനോഹരമായ കാഴ്ച്ചയാണ്. 200 അടി ഉയരത്തിലുള്ള ഗുഹാമുഖത്തു നിന്നും വെള്ളം താഴേക്ക് പതിക്കുന്ന കാഴ്ച ആരേയും അത്ഭുതപ്പെടുത്തും. തമിഴ് നാട്ടിലെ കുറ്റാലം വെള്ളച്ചാട്ടത്തിൻ്റെ ഒരു ചെറിയ പതിപ്പാണ് ഈ വെള്ളച്ചാട്ടം.
നല്ല വഴുക്കലുള്ള പാറകൾ ഉള്ളതിനാൽ ഇതിന് താഴെ കുളിക്കുന്നത് അപകടമാണ്. വെള്ളച്ചാട്ടത്തിന് മുകൾ ഭാഗത്തുള്ള സുരക്ഷാ വേലി ഒരുക്കിയിട്ടുണ്ട്. തൊടുപുഴ നഗരത്തിൽ നിന്നും 19 കിലോമീറ്റർ സഞ്ചരിച്ചാൽ ഞണ്ടിറുക്കി വെള്ളച്ചാട്ടത്തിലെത്താം.
മഴക്കാലത്താണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും ഉചിതം. 200 അടി ഉയരത്തിലുള്ള ഗുഹയിൽ നിന്നും വെള്ളം താഴേക്ക് പതിക്കുന്ന കാഴ്ച കാണാൻ ധാരാളം ആളുകൾ ഇവിടെ എത്താറുണ്ട്
Explore the hidden beauty of Anayadikuth Waterfall in Idukki, located 21 km from Thodupuzha. A serene getaway surrounded by lush greenery, perfect for nature lovers and families. Discover nearby Njandirukki Falls and Uravapara’s ancient temple.