പ്രമുഖ വ്യവസായിയും ടാറ്റാ ഗ്രൂപ്പ് മുൻ ചെയ‍ർമാനുമായ രത്തൻ ടാറ്റയുടെ നിര്യാണത്തിൽ അനുശോചിച്ച് രാജ്യം. ദീർഘവീക്ഷണമുള്ള വ്യവസായിയായിയും അനുകമ്പയുള്ള മനുഷ്യനുമായിരുന്നു രത്തൻ ടാറ്റയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചന സന്ദേശത്തിൽ കുറിച്ചു. വിടവാങ്ങൽ ടാറ്റാ ഗ്രൂപ്പിനും രാജ്യത്തിനും തീരാനഷ്ടമാണെന്ന് ടാറ്റാ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരൻ പറഞ്ഞു.

ദീ‍‌ർഘവീക്ഷണമുള്ള വ്യവസായി: പ്രധാനമന്ത്രി
രത്തൻ ടാറ്റ ദീർഘവീക്ഷണമുള്ള വ്യവസായ നേതാവും അസാമാന്യ മനുഷ്യത്വമുള്ള വ്യക്തിത്വവും ആയിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ചു. ‘രത്തൻ ടാറ്റ ദീർഘവീക്ഷണമുള്ള വ്യവസായ നേതാവും അനുകമ്പയുള്ള അസാധാരണ മനുഷ്യനുമായിരുന്നു. ഇന്ത്യയിലെ പ്രശസ്തവും പഴക്കമേറിയതുമായ വ്യവസായസ്ഥാപനത്തിന് അദ്ദേഹം സ്ഥിരനേതൃത്വം നൽകി. അതേസമയം, അദ്ദേഹത്തിന്റെ സംഭാവന ബിസിനസ്സിനും അതീതമായിരുന്നു. ഊഷ്മളമായ വ്യക്തിത്വം കൊണ്ട് അദ്ദേഹം നിരവധിപ്പേർക്ക് പ്രിയങ്കരനായി. ആ വിനയത്തിനും ദയയ്ക്കും സമൂഹത്തെ ഉന്നതിയിൽ എത്തിക്കാനുള്ള ഒടുങ്ങാത്ത പ്രതിബദ്ധതയ്ക്കും നന്ദി’, നരേന്ദ്ര മോദി പറഞ്ഞു.

ടാറ്റാ സൺസ് ചെയ‍ർമാൻ എൻ. ചന്ദ്രശേഖരനാണ് ഔദ്യോഗിക അനുശോചനക്കുറിപ്പിലൂടെ രത്തൻ ടാറ്റയുടെ മരണവിവരം അറിയിച്ചത്.  സമഗ്രതയുടേയും സമ്പൂ‍ർണതയുടേയും നവീകരണത്തിന്റേയും മറുപേരായിരുന്നു രത്തൻ ടാറ്റയെന്ന് അദ്ദേഹം പറഞ്ഞു. അനുശോചനക്കുറിപ്പിന്റെ പൂ‍ർണരൂപം: “നവഇന്ത്യയുടെ നിർമാണത്തിൽ നിസ്തുല സാന്നിദ്ധ്യമായിരുന്ന രത്തൻ നേവൽ ടാറ്റയ്ക്ക് ഞങ്ങൾ വിടപറയുന്നു. ഈ വിടവാങ്ങൽ ടാറ്റാ ഗ്രൂപ്പിനു മാത്രമല്ല രാജ്യത്തിനു തന്നെ തീരാനഷ്ടമാണ്. ടാറ്റാ ഗ്രൂപ്പിനെ സംബന്ധിച്ച് രത്തൻ ടാറ്റാ വെറുമൊരു ചെയർമാൻ ആയിരുന്നില്ല. ഓരോ ജീവനക്കാ‍ർക്കും അദ്ദേഹം മാ‍ർഗദ‍ർശിയും സുഹൃത്തും വഴികാട്ടിയുമായിരുന്നു. പ്രവൃത്തി കൊണ്ട് അദ്ദേഹം പ്രചോദനമായി. സമഗ്രതയ്ക്കും സമ്പൂ‍ർണതയ്ക്കും നവീകരണത്തിനുമുള്ള നിതാന്ത പരിശ്രമത്തിലൂടെ അദ്ദേഹത്തിനു കീഴിൽ ടാറ്റാ ഗ്രൂപ്പ് ആഗോള പാദമുദ്ര
പതിപ്പിച്ചു. അതിനിടയിലും രത്തൻ ടാറ്റ തന്റെ മൂല്യങ്ങളെ മുറുകെപ്പിടിച്ചു. രത്തൻ ടാറ്റയുടെ സാമൂഹ്യ സംഭാവനകൾ ലക്ഷക്കണക്കിനു പേ‍ർക്ക് സാന്ത്വനമായി. വിദ്യാഭ്യാസ രംഗം മുതൽ ആരോഗ്യരംഗം വരെ അദ്ദേഹം നടത്തിയ കനിവിന്റെ സ്പർശം വരും തലമുറകൾക്ക് ആഴത്തിൽ പഠിക്കാവുന്നതാണ്. വ്യവസായത്തിനു പുറമേ ഈ കനിവിൻ്റെ മനുഷ്യസ്പർശം കൂടി ചേർത്ത് ടാറ്റാ ഗ്രൂപ്പിനെ
സമന്വയിപ്പിക്കുകയാണ് രത്തൻ ടാറ്റ എന്ന മഹത്വ്യക്തി ചെയ്ത ഏറ്റവും വലിയ പുണ്യപ്രവ‍ർത്തി.
ടാറ്റാ ഗ്രൂപ്പിന്റെ പ്രതിനിധിയെന്ന നിലയിൽ അദ്ദേഹത്തിന്റെ ഉറ്റവരുടെ ദു:ഖത്തിൽ പങ്ക് ചേരുന്നു. ആ പൈതൃകവും പാരമ്പര്യവും എക്കാലവും ഞങ്ങളെ പ്രചോദിപ്പിക്കും. അദ്ദേഹം ഹൃദയത്തിൽ തൊട്ട് നടത്തിയ പ്രവ‍ർത്തനങ്ങളേയും മൂല്യങ്ങളേയും ഞങ്ങൾ എക്കാലവും ഞെഞ്ചോട് ചേ‍ർക്കും.”

രത്തൻ ടാറ്റയുടെ മരണത്തിലൂടെ സംരംഭകത്വവും നീതിബോധവും സമന്വയിപ്പിച്ച മഹാപ്രതിഭയെയാണ് നഷ്ടമാകുന്നതെന്ന് പ്രസിഡൻ്റ് ദ്രൗപദി മു‍ർമു പറഞ്ഞു. രാജ്യം പത്മവിഭൂഷണും പത്മഭൂഷണും നൽകി ആദരിച്ച ആ വ്യക്തിത്വം ടാറ്റയുടെ പൈതൃകം ആഗോളതലത്തിലേക്ക് വ്യാപിപ്പിച്ചു.

അനന്തമായ ഉൾക്കാഴ്ചയുണ്ടായിരുന്ന വ്യക്തിയായിരുന്നു രത്തൻ ടാറ്റയെന്ന് രാഹുൽ ഗാന്ധി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ച സന്ദേശത്തിൽ പറഞ്ഞു. വ്യവസായത്തിലും മനുഷ്യ സ്‌നേഹത്തിലും അദ്ദേഹം തന്റേതായ മുദ്രപതിപ്പിച്ചിരുന്നു എന്നും രാഹുൽ പറഞ്ഞു.

ഇതിഹാസം മരിക്കില്ല രത്തൻ ടാറ്റയുടെ വിയോഗത്തിൽ ആനന്ദ് മഹീന്ദ്ര ടാറ്റാ ഗ്രൂപ്പ് മുൻ ചെയ‍ർമാൻ രത്തൻ ടാറ്റയുടെ മരണം ഉൾക്കൊള്ളാനാവാത്ത നഷ്ടമാണെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. ചരിത്രനേട്ടത്തിൽ എത്തിനിൽക്കുന്ന ഇന്ത്യൻ സമ്പത് വ്യവസ്ഥയുടെ വള‍ച്ചയിൽ രത്തൻ ടാറ്റ വഹിച്ച പങ്ക് വലുതാണ്. ഇത്ര കാലമെന്ന പോലെ ഇനിയുള്ള കാലവും രത്തൻ ടാറ്റയുടെ നേതൃപാടവം ഞങ്ങളെ പ്രചോദിപ്പിച്ചു കൊണ്ടേ ഇരിക്കും. അദ്ദേഹം യാത്രയാകുന്നതോടെ ആ മാതൃക കാലാകാലം പിന്തുടരുക എന്നതാണ് നമുക്ക് ചെയ്യാനുള്ളത്. ആ പ്രചോദനം വ്യവസായത്തിനപ്പുറത്ത് ലോകനന്മയ്ക്കായി ജീവിച്ച ഒരു ഇതിഹാസമാണ്, ഇതിഹാസങ്ങൾക്ക് മരണമില്ല. ആനന്ദ് മഹീന്ദ്ര എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

രത്തൻ ടാറ്റയുമായുള്ള അവസാന കൂടിക്കാഴ്ച ഓർത്തെടുത്ത് സുന്ദർ പിച്ചൈ ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. ഇന്ത്യയെ വികസനത്തിലേക്ക് കൈപിടിച്ചുയർത്തുന്നതിൽ അതീവ ശ്രദ്ധാലുവായിരുന്ന വ്യക്തിത്വമായിരുന്നു രത്തൻ ടാറ്റയെന്ന് സമൂഹമാധ്യമമായ എക്സിൽ അദ്ദേഹം പറഞ്ഞു. ഗൂഗിളിൽ വെച്ചായിരുന്നു രത്തൻ ടാറ്റയുമായുള്ള അവസാന കൂടിക്കാഴ്ച. സെൽഫ് ഡ്രൈവിങ്ക് കാറുകളായ വെയ്മോയുടെ പുരോഗതിയെ കുറിച്ചായിരുന്നു അന്ന് സംസാരിച്ചത്.


അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ ഏറെ ഉൾക്കാഴ്ച നിറഞ്ഞതായിരുന്നു.അസാമാന്യമായ വ്യവസായി എന്നതിനൊപ്പം സമാനതകളില്ലാത്ത ജീവകാരുണ്യപ്രവർത്തകൻ എന്ന നിലയിലും അദ്ദേഹത്തിന്റെ സ്ഥാനം നികത്താനാവാത്തതാണ്. ഇന്ത്യയിലെ ബിസിനസ് നേതൃത്വത്തിന്റെ പ്രയാണത്തിലും വളച്ചയിലും രത്തൻ ടാറ്റ വഹിച്ച പങ്ക് വലുതാണ്. ഇന്ത്യയുടെ വികസനത്തിൽ അദ്ദേഹം അതീവ ശ്രദ്ധാലുവായി. പിച്ചൈ പറഞ്ഞു.

നഷ്ടമായത് ആധുനിക ഇന്ത്യയെ പുന‍ർനി‍ർമിച്ച മഹാമേരു: ഗൗതം അദാനി ആധുനിക ഇന്ത്യയുടെ ഗതിവിഗതികളെ മാറ്റിയെഴുതിയ ദീർഘവീക്ഷണമുള്ള മഹാമേരുവിനെയാണ് ടാറ്റാ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റയുടെ മരണത്തിലൂടെ നഷ്ടമാകുന്നതെന്ന് അദാനി ഗ്രൂപ്പ് ചെയ‍മാൻ ഗൗതം അദാനി.സമൂഹമാധ്യമമായ എക്സിലാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്.

അദ്ദേഹത്തിന്റെ വാക്കുകൾ: “ഇന്ത്യയ്ക്ക് ഒരു മഹാമേരുവിനെ നഷ്ടമായിരിക്കുന്നു. ആധുനിക ഇന്ത്യയെ പുന‍‍ർനി‍‍ർമിച്ച ദീ‍ർഘവീക്ഷണമുള്ള വ്യക്തിത്വമായിരുന്നു രത്തൻ ടാറ്റ. അദ്ദേഹം വെറുമൊരു വ്യവസായി ആയിരുന്നില്ല, മറിച്ച് അനുകമ്പ കൊണ്ടും സമാനതകളില്ലാത്തഅ‍ർപ്പണബോധംകൊണ്ടും ഇന്ത്യയുടെ ആത്മാവിനെ ഉൾക്കൊണ്ട മഹത് വ്യക്തിത്വമായിരുന്നു. അത്തരം ഇതിഹാസങ്ങൾക്ക് മരണമില്ല.”

The world mourns the passing of Ratan Tata, a visionary leader and philanthropist who shaped India’s business landscape. Tributes from leaders like PM Modi and Anand Mahindra highlight his enduring legacy.

Share.

Comments are closed.

Exit mobile version