പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് രാജ്യം കടുത്ത ആഗോള വെല്ലുവിളികൾ നേരിടുന്ന പശ്ചാത്തലത്തിൽ ഇന്ധനം (Fuel), വളം (Fertiliser), വിദേശനാണ്യം (Foreign Exchange) എന്നീ മൂന്ന് ‘F’ കളിൽ അതീവ ശ്രദ്ധ പുലർത്തണമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ആവശ്യപ്പെട്ടു. വിദേശനാണ്യം സംരക്ഷിക്കാനും സ്വർണ്ണം പോലുള്ള അനാവശ്യ ഇറക്കുമതികൾ ഒഴിവാക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അഭ്യർത്ഥന ആഗോള സാമ്പത്തിക സമ്മർദ്ദം മറികടക്കുന്നതിന്റെ ഭാഗമാണെന്ന് മുംബൈയിൽ നടന്ന ചടങ്ങിൽ അവർ ചൂണ്ടിക്കാട്ടി.
ആഗോള വിപണിയിലെ വിലക്കയറ്റം മൂലം രാജ്യത്ത് ഇന്ധനവില വർദ്ധിക്കുന്ന സാഹചര്യത്തിൽ, എക്സൈസ് ഡ്യൂട്ടി കുറയ്ക്കുന്നത് വഴി വരുംവർഷത്തിൽ സർക്കാരിന്റെ വരുമാനത്തിൽ ഒരു ലക്ഷം കോടി രൂപയുടെ കുറവുണ്ടാകുമെന്ന് ധനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. ചെറുകിട വ്യവസായ മേഖലയെ (MSME) സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് സഹായിക്കുന്നതിനായി പൊതുമേഖലാ സ്ഥാപനങ്ങൾ തങ്ങളുടെ 8.1 ലക്ഷം കോടി രൂപയുടെ കുടിശ്ശികകൾ 45 ദിവസത്തിനകം തീർക്കണമെന്ന് അവർ കർശന നിർദ്ദേശം നൽകി. അന്താരാഷ്ട്ര തലത്തിൽ വെല്ലുവിളികൾ നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശക്തമാണെന്നും വിപണിയിൽ അനാവശ്യ ഭീതി പരത്തരുതെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.
Finance Minister Nirmala Sitharaman urges focus on the ‘Three Fs’—Fuel, Fertiliser, and Forex—to navigate global economic pressures and preserve domestic growth.
