ആദ്യത്തെ ഇന്ത്യൻ നിർമിത കാർ എന്ന് കേൾക്കുമ്പോൾ പലരും ഓർക്കുക അംബാസഡറോ മാരുതിയോ ആണ്. എന്നാൽ അത് തെറ്റാണ്.
ഇന്ത്യയിൽ അസംബിൾ ചെയ്യപ്പെട്ടെങ്കിലും ബ്രിട്ടീഷ് കാറായ മോറിസ് ഓക്സ്ഫോഡിന്റെ ഇന്ത്യൻ പതിപ്പ് മാത്രമായിരുന്നു അംബാസഡർ. മാരുതിയാകട്ടെ വാലായി കിടന്ന സുസുക്കി എന്ന പേര് കൊണ്ട് തന്നെ പൂർണാർത്ഥത്തിൽ ഇന്ത്യൻ കാർ ആയിരുന്നില്ല. ടാറ്റ ഇൻഡിക്കയുടെ വരവ് വരെ പൂർണമായും ഇന്ത്യയിൽ നിർമിക്കപ്പെട്ട മറ്റൊരു കാർ ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ 1998ൽ പ്രഗതി മൈതാനിയിൽ നടന്ന ഓട്ടോ എക്സ്പോയിൽ രത്തൻ ടാറ്റ അനാവരണം ചെയ്ത ഇൻഡിക്ക ഇന്ത്യൻ വാഹനവിപണിയുടെ തന്നെ ചരിത്രം തിരുത്തി.
മുൻഗാമിയുടെ സ്വപ്നം
രത്തന്റെ മുൻഗാമി ജെആർഡി ടാറ്റയ്ക്കും പൂർണമായ ഇന്ത്യൻ നിർമിത കാർ എന്ന സ്വപ്നമുണ്ടായിരുന്നു. പക്ഷേ അക്കാലത്തെ ഗവൺമെന്റ് പോളിസികൾ മൂലം അദ്ദേഹത്തിന് ആ സ്വപ്നം പൂവണിയിക്കാനായില്ല. 1991ൽ രണ്ട് പ്രധാന മാറ്റങ്ങൾ സംഭവിച്ചു. ഒന്ന്, ഇന്ത്യയുടെ സാമ്പത്തിക ഉദാരവത്കരണം. രണ്ട്, ജെആർഡി ടാറ്റയ്ക്കു ശേഷം രത്തൻ ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്തെത്തി. ഈ രണ്ട് കാര്യങ്ങളും ഇൻഡിക്കയുടെ വരവിൽ നിർണായകമായി.
അദ്ഭുതം
1993ൽ ആദ്യമായി രത്തൻ ടാറ്റ ഇൻഡിക്കയെക്കുറിച്ച് പൊതുവേദിയിൽ സംസാരിച്ചു. അന്ന് നൽകിയ ഒരു അഭിമുഖത്തിൽ രത്തൻ പ്രശസ്തമായ ഈ വാചകങ്ങൾ പറഞ്ഞു: “മാരുതി സെന്നിന്റെ വലിപ്പത്തിൽ അകത്ത് അംബാസഡറിന്റെയത്ര സൗകര്യമുള്ള മാരുതി 800ന്റെ വിലയിൽ വരുന്ന ഡീസൽ വാഹനത്തിന്റെ മൈലൈജ് തരുന്ന ഒരു അത്ഭുതമാണ് ഇൻഡിക്ക.” ഇന്ത്യൻ റോഡുകളുടെ അവസ്ഥ വെച്ച് കാറിന്റെ നിർമാണ മികവും മികച്ചതാകണമായിരുന്നു. വിദേശ മാർക്കറ്റുകൾക്ക് സമാനമായ സുരക്ഷാ മാനദണ്ഡങ്ങളും അന്ന് രത്തൻ ലക്ഷ്യം വെച്ചു. ഇത്രയും കാര്യങ്ങൾ ഒരൊറ്റ വാഹനത്തിൽ സമ്മേളിക്കുന്നത് മുമ്പൊരിക്കലും സംഭവിക്കാത്ത അത്ഭുതമായിരുന്നു.
ഡിസൈൻ
ഇൻഡിക്കയുടെ നിർമാണം എളുപ്പമായിരുന്നില്ല. ഡിസൈൻ മുതൽ പുതിയ ടീമിനെ രത്തൻ ഇതിനായി നിയോഗിച്ചു. ടെൽക്കോയുടെ എഞ്ചിനീയറിങ് വിഭാഗം സഥാ തലപുകച്ചു. സിഏഡി ഡിസൈനിനെ കുറിച്ച് ആളുകൾക്ക് കേട്ടുകേൾവി പോലും ഇല്ലാതിരുന്ന കാലത്ത് ഇൻഡിക്കയുടെ സിഏഡി ഡിസൈനിനായി രത്തൻ 120 കോടി ചെലവിട്ടു. അങ്ങനേ ഇൻഡിക്കയുടെ ലോകോത്തര ഡിസൈൻ നിർമിക്കപ്പെട്ടു.
അതിലും തൃപ്തി പോരാഞ്ഞ് രത്തൻ ഡിസൈൻ ഇറ്റലിയിലെ പ്രശസ്ത വാഹനനിർമാണ ഡിസൈനേർസിന് അയച്ചു. കാർ എഞ്ചിൻ നിർമാണത്തിനായി ഫ്രഞ്ച് എഞ്ചിനീയർമാരെ നിയമിച്ചു. പുറത്തു നിന്നുള്ള ഈ സഹായത്തെ വിമർശിച്ചവർക്ക് ലോകത്തെ ഏറ്റവും മികച്ചതിൽ നിന്നും പഠിക്കാൻ ശ്രമിക്കുന്നതിൽ ഒരു തെറ്റുമില്ല എന്നാണ് അന്ന് രത്തൻ മറുപടി നൽകിയത്.
നിർമാണം അതിവേഗം
ഇന്ത്യയിൽ ഇത്ര വലിയ രീതിയിൽ കാറുകൾ നിർമിക്കുക എന്നത് വെല്ലുവിളിയായിരുന്നു. പൂനെയിലെയും പരിസരത്തേയും മുന്നൂറോളം ചെറുകിട നിർമാതാക്കളെ കൂട്ടുപിടിച്ചാണ് രത്തൻ അന്ന് ഈ പ്രതിസന്ധി മറികടന്നത്. പന്ത്രണ്ടായിരം പേർക്ക് അക്കാലത്ത് തൊഴിൽ നൽകിയ നിർമാണം 98 ശതമാനം ഇന്ത്യൻ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചായിരുന്നു. 1999 ആയപ്പോഴേക്കും ഇൻഡിക്കയ്ക്ക് 1.25 ലക്ഷം ഓർഡറുകൾ നേടാനായി.
തിരിച്ചടി, വി 2 വിന്റെ ആരംഭം
പക്ഷേ ആദ്യ കാലത്തെ ഇൻഡിക്കയിൽ ചില നിർമാണ പ്രശ്നങ്ങളുണ്ടായിരുന്നു. ഇത് ടാറ്റയ്ക്കും രത്തനും എതിരെ വലിയ വിമർശനങ്ങൾ സൃഷ്ടിച്ചു. അഞ്ഞൂറ് കോടി രൂപ ചെലഴിച്ച് എല്ലാ ഉപഭോക്താക്കൾക്കും സൗജന്യമായി കാർ സർവീസ് ചെയ്തു നൽകി അന്ന് ടാറ്റ അദ്ഭുതപ്പെടുത്തി. ഒപ്പം പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ടാറ്റ എന്തും ചെയ്യുമെന്ന ഉറപ്പും.
അതേ സമയം തന്നെ ഇൻഡിക്കയുടെ പ്രാപ്തി വർധിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ടാറ്റ. അങ്ങനെയാണ് ഇൻഡിക്ക വി2വിന്റെ ജനനം. ഇന്ത്യൻ വാഹന നിർമാണ ചരിത്രത്തിലെ ഏറ്റവും മികച്ച കാർ ആയി പിന്നീട് വി2 മാറി.
ജനങ്ങൾക്ക് ഏറ്റവും മികച്ചത് എത്തിച്ചു നൽകാൻ ടാറ്റയും രത്തനും നടത്തിയ അശ്രാന്തപരിശ്രമത്തിന്റെ ഉദാഹരണം കൂടിയാണ് ഇൻഡിക്കയുടെ കഥ.