ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനും വ്യവസായ പ്രമുഖനുമായ രത്തൻ ടാറ്റയുടെ വിയോഗം രാജ്യത്തെ തീരാദു:ഖത്തിലാഴ്ത്തി. വിയോഗവേളയിൽ രത്തൻ ടാറ്റയുടെ പിഏയും ടാറ്റ ഗ്രൂപ്പിന്റെ ഏറ്റവും പ്രായം കുറഞ്ഞ ജനറൽ മാനേജറുമായ ശന്തനു നായിഡു ഹൃദയസ്പർശിയായ കുറിപ്പ് പങ്ക് വെച്ചിരുന്നു. രത്തനും ശന്തനുവും തമ്മിലുള്ള സൗഹൃദം പ്രായത്തിനും തൊഴിലിടത്തെ വലിപ്പച്ചെറുപ്പങ്ങൾക്കും അതീതമാണ്. രത്തന്റെ 84ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി പുറത്ത് വന്ന ദ്യശ്യങ്ങളോടെയാണ് ശന്തനു ശ്രദ്ധിക്കപ്പെടുന്നത്. എൺപത് കഴിഞ്ഞ വ്യവസായ കുലപതിയും മില്ലേനിയൽ ആയ ചെറുപ്പക്കാരനും തമ്മിലുള്ള ഊഷ്മള സൗഹൃദം അന്ന് മാധ്യമങ്ങൾ ഏറെ ആഘോഷിച്ചു. ഇന്ന് ടാറ്റാ ട്രസ്റ്റിന്റെ പ്രായം കുറഞ്ഞ ജനറൽ മാനേജർ ആണ് മുപ്പതുകാരനായ ശന്തനു.
മഹാരാഷ്ട്രയിലെ പൂനെയിൽ ജനിച്ച ശന്തനു 2014 സാവിത്രിഭായ് പൂനെ യൂനിവേഴ്സിറ്റിയിൽ നിന്നും എഞ്ചിനീയറിങ് ബിരുദം പൂത്തിയാക്കി. രത്തൻ ടാറ്റയ്ക്കു കീഴിലുള്ള ടാറ്റ എൽക്സിൽ ഇന്റേൺ ആയി കയറിയാണ് ശന്തനുവിന്റെ കരിയർ ആരംഭിച്ചത്. പിന്നീട് കോണൽ ജോൺസൺ മാനേജ്മെന്റ് സ്കൂളിൽ നിന്നും എംബിഎ നേടി. പ്രായമായവരേയും ജീവിത സായാഹ്നത്തിൽ ഒറ്റപ്പെട്ടവരേയും സഹായിക്കുന്ന സംരംഭമായ ഗുഡ്ഫെല്ലോസിന്റെ സ്ഥാപകൻ കൂടിയാണ് ശന്തനു. 2024ലെ കണക്ക് പ്രകാരം അഞ്ച് കോടിയാണ് ഈ കമ്പനിയുടെ ആസ്തി.
കണ്ടുമുട്ടൽ
മില്ലേനിയൽ ഡംബ്ൾഡോർ എന്നാണ് രത്തൻ ടാറ്റയെ ശന്തനു ഒരു അഭിമുഖത്തിൽ വിശേഷിപ്പിച്ചത്. ശന്തനു ടാറ്റാ എൽക്സിൽ ജോലി ചെയ്യുന്ന സമയത്ത് നടന്ന ഒരു സംഭവമാണ് അവരെ ഒന്നിപ്പിച്ചത്. ഓഫീസിനു സമീപം പരുക്കേറ്റ് കിടന്ന ഒരു നായയെ കണ്ട് മൃഗസ്നേഹിയായ ശന്തനു ദു:ഖിച്ചു. തെരുവ് നായ്ക്കൾക്കായി എന്തെങ്കിലും ചെയ്യണം എന്ന ചിന്തയിൽ ശന്തനുവെത്തി. അങ്ങനം റിഫ്ലക്ടർ ഘടിപ്പിച്ച ഡോഗ് കോളർ നിർമിക്കാം എന്ന ആശയത്തിലെത്തി. പക്ഷേ അതിനായി പണം കണ്ടെത്തുക പ്രയാസമായിരുന്നു.
ശന്തനുവിന്റെ പിതാവ് ഇക്കാര്യം കാണിച്ച് രത്തൻ ടാറ്റയ്ക്ക് കത്തെഴുതാൻ നിദേശിച്ചു. ആദ്യം മടിച്ചു നിന്നെങ്കിലും പിന്നീട് ശന്തനു എഴുത്തയച്ചു. രണ്ട് മാസം കൊണ്ട് മറുപടി, ഒപ്പം രത്തന്റെ മുംബൈയിലെ വസതിയിൽ കൂടിക്കാഴ്ച്ചക്കുള്ള ക്ഷണവും. മോട്ടോപോസ് എന്ന ശന്തനുവിൻ്റെ സ്റ്റാർട്ടപ്പിൽ അങ്ങനെ രത്തൻ ടാറ്റ ആദ്യ നിക്ഷേപകനായി. ഈ ബന്ധം പിന്നീട് വളർന്ന് ആഴത്തിലുള്ള സൗഹൃദമായി.
കൊടുക്കൽ വാങ്ങൽ
2018 മുതൽ രത്തന്റെ പേഴ്സണൽ അസിസ്റ്റന്റ് ആയി ശന്തനു ഒപ്പമുണ്ട്. ടാറ്റയുടെ തണലിൽ നിരവധി സംരംഭങ്ങൾക്ക് ശന്തനു മേൽനോട്ടം വഹിക്കുന്നു. രത്തൻ ടാറ്റയുടെ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടൽ ശന്തനുവിന്റെ സഹായത്തോടെയായിരുന്നു. ഇൻസ്റ്റഗ്രാം പോലുള്ള ജെൻ സി പ്ലാറ്റ്ഫോമുകളിൽ രത്തൻ താരമാകാൻ കാരണം ശന്തനുവിന്റെ ഇടപെടലുകൾ കൂടിയാണ്. ശന്തനുവിന്റെ യുവത്വത്തേയും പുതുആശയങ്ങളേയും രത്തൻ വിലമതിച്ചിരുന്നു. ശന്തനുവാകട്ടെ രത്തനിലെ അനുഭവസമ്പത്തിനേയും ജ്ഞാനത്തേയും ബഹുമാനിച്ചു. രത്തനുമായുള്ള സൗഹൃദത്തിന്റെ ഫലമായാണ് ശന്തനു ഗുഡ്ഫെല്ലോസ് എന്ന സംരംഭം ആരംഭിക്കുന്നത്. ഇങ്ങനെ പരസ്പരം സ്നേഹവും ആശയങ്ങളും കൈമാറിയുള്ള സൗഹൃദമായിരുന്നു ഇരുവരുടേതും.
Shantanu Naidu, Ratan Tata’s PA and Tata Trust’s youngest General Manager, shares a deep friendship with the industrialist. Their connection, from Shantanu’s startup for stray dogs to the creation of Goodfellows, transcended workplace and age differences.