ചൈനീസ് വാഹന നിർമാതാക്കളായ BYDയുടെ 1 ബില്യൺ ഡോളർ എഫ്ഡിഐ നിക്ഷേപ നിർദ്ദേശം നിരസിച്ച് ഇന്ത്യ. ഇന്ത്യയുമായി രഹസ്യങ്ങൾ പങ്കിടരുതെന്ന് ചൈനീസ് സർക്കാർ ഇലക്ട്രോണിക് വെഹിക്കിൾ ഭീമന്മാരോട് ഉത്തരവിട്ടതിൻ്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇതോടെ ഇന്ത്യയിൽ പ്രാദേശിക ഉൽപ്പാദനം നിർത്തലാക്കാൻ BYD തീരുമാനിച്ചു. ഇന്ത്യൻ വിപണിയിൽ പ്രവേശിച്ച് 17 വർഷങ്ങൾക്ക് ശേഷം BYD ഇന്ത്യ വിടേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
പുതിയ നിക്ഷേപമില്ല
അടുത്തിടെ മറ്റ് രാജ്യങ്ങളിൽ നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ തീരുവ സംബന്ധിച്ച് ഇന്ത്യ പുതിയ ഇവി ഇറക്കുമതി നയം പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര ഉൽപ്പാദനത്തിനായി വിദേശ ഇ.വി കമ്പനികൾ 4,500 കോടി രൂപ നിക്ഷേപിക്കണമെന്നാണ് പുതിയ മാർഗരേഖ. എന്നാൽ സാങ്കേതികവിദ്യ പങ്കിടുന്നതിൽ ചൈനീസ് സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ, ഇന്ത്യയിൽ നിക്ഷേപം നടത്തേണ്ടതില്ലെന്ന് BYD തീരുമാനിക്കുകയായിരുന്നു.
BYD eMAX7 എന്ന ഏറ്റവും പുതിയ മോഡൽ പുറത്തിറക്കുന്ന വേളയിൽ കമ്പനി പ്രതിനിധി മാധ്യമങ്ങളോട് സംസാരിച്ചു. ഇനി മുന്നോട്ട് കമ്പനി ഇറക്കുമതിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കും. സർക്കാർ മെയിക്ക് ഇൻ ഇന്ത്യയ്ക്ക് പരിഗണന കൊടുക്കുന്നതിനാൽ വരും വർഷങ്ങളിൽ ഇറക്കുമതി തീരുവ ഉയരാനാണ് സാധ്യത. ഇത് ഇന്ത്യയിൽ BYD ബ്രാൻഡിൻ്റെ നിർമ്മാണത്തിലും ഇന്ത്യ വിടുന്നതിൽ പോലും വലിയ പങ്ക് വഹിക്കും, പ്രതിനിധി പറഞ്ഞു.
അംബാനി-അദാനിമാരുമായി പങ്കാളിത്തം?
ഇന്ത്യയിൽ നിക്ഷേപം നടത്തേണ്ടതില്ലെന്ന BYD യുടെ തീരുമാനത്തിനൊപ്പം തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നതിനായി കമ്പനി ഇന്ത്യൻ പങ്കാളിയെ തേടുന്നു എന്നും വാർത്തകളുണ്ട്. MG മോട്ടോഴ്സ് JSWഉമായി സഹകരിക്കുന്നതുപോലെ, BYD വിപുലീകരണത്തിനായി അദാനിയുമായും അംബാനിയുമായും ചർച്ചകൾ നടത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ നീക്കം വിജയിക്കുകയാണെങ്കിൽ BYDക്ക്
ഇന്ത്യയിൽ സാന്നിധ്യം വിപുലീകരിക്കാനും പ്രാദേശിക ഉൽപ്പാദനം ആരംഭിക്കാനും കഴിയും.
പുതിയ വാഹനങ്ങൾ
അടുത്തിടെ BYD 28.42 ലക്ഷം രൂപയ്ക്ക് eMAX7 എന്ന എംപിവി മോഡൽ പുറത്തിറക്കിയിരുന്നു. 6ഉം 7ഉം സീറ്റർ കോൺഫിഗറേഷനുകളിൽ ഇവ ലഭ്യമാണ്. 55.4 kWh, 71.8 kWh ബാറ്ററി ഓപ്ഷനുകളിൽ വാഹനം ലഭിക്കും. പ്രീമിയം ശ്രേണി മെച്ചപ്പെടുത്തുന്നതിന്റഎ ഭാഗമായി പുതിയ 12.8 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻസ്ട്രമെൻ്റ് ക്ലസ്റ്റർ, ADAS ഡിജിറ്റൽ ഇൻസ്ട്രമെൻ്റ് ക്ലസ്റ്റർ എന്നിവ ഉൾക്കൊള്ളുന്നതാണ് ഇന്റീരിയർ. ടൊയോട്ട ഇന്നോവ ഹൈക്രോസ് ആണ് BYD eMAX7ൻ്റെ പ്രമുഖ എതിരാളികൾ.
ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചാൽ BYD ഇന്ത്യ വിടുമോ എന്ന ആശങ്കയിലാണ് വാഹനപ്രേമികൾ.
India rejects BYD’s $1 billion FDI proposal amid Chinese government restrictions on technology sharing. As a result, BYD halts local production and shifts focus to imports, raising concerns over the future of electric vehicles in India.