ഇന്ത്യ കാനഡ തർക്കം നിക്ഷേപങ്ങളെ ബാധിക്കില്ല

ഇന്ത്യ-കാനഡ നയതന്ത്ര തർക്കം ദീർഘകാല നിക്ഷേപത്തെ ബാധിക്കില്ലെന്ന് സാമ്പത്തിക വിദഗ്ധർ. ഖലിസ്താൻ തീവ്രവാദി നേതാവ് ഹർദീപ് സിംങ് നിജ്ജറിന്റെ വധവുമായി ബന്ധപ്പെട്ട് കഴിഞ്ഞവർഷം കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യയ്ക്കെതിരെ നടത്തിയ പ്രസ്താവനയാണ് നയതന്ത്ര തർക്കത്തിലേക്ക് നയിച്ചത്. ഇന്ത്യയുമായുള്ള ബന്ധത്തിൽ വിള്ളൽ വരുത്താൻ ആഗ്രഹിക്കുന്നില്ല എന്ന് ട്രൂഡോ കഴിഞ്ഞ ദിവസം പറഞ്ഞത് ആശ്വാസമായെങ്കിലും നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ട് എന്ന് അദ്ദേഹം ആവർത്തിച്ചത് പ്രശ്നം വീണ്ടും വഷളാക്കുകയായിരുന്നു.

നയതന്ത്ര പ്രശ്നങ്ങൾ ഇരു രാജ്യങ്ങളിലേയും ദീർഘകാല നിക്ഷേപങ്ങളെ ബാധിക്കില്ലെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. പുതിയ നിക്ഷേപങ്ങളെ നയതന്ത്ര തർക്കം പ്രതികൂലമായി ബാധിക്കാം. എന്നാൽ കനേഡിയൻ പെൻഷൻ ഫണ്ട്സ് ( CPPIB), സ്വകാര്യ നിക്ഷേപങ്ങൾ തുടങ്ങിയ നിക്ഷേപങ്ങൾ നടത്തിയവരെ പ്രശ്നം ബാധിക്കില്ലെന്നാണ് വിദഗ്ധാഭിപ്രായം. ഇൻഫ്രാസ്ട്രക്ചർ-എനർജി-റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റുകളിൽ അടക്കം ആകർഷകമായ ദീർഘകാല റിട്ടേൺ ഉറപ്പുവരുത്തുന്ന നിരവധി നിക്ഷേപങ്ങളാണ് ഇരുരാജ്യങ്ങളിലും നിലവിലുള്ളത്.

സ്വകാര്യ ഇന്ത്യൻ കമ്പനികളുടെ പ്രധാന നിക്ഷേപ കേന്ദ്രമാണ് കാനഡ. ഇൻഫ്രാസ്ട്രക്ചർ-എനർജി മേഖലകളിലാണ് ഈ നിക്ഷേപങ്ങളിൽ അധികവും. ഇന്ത്യയിലുള്ള കനേഡിയൻ നിക്ഷേപകരുടെ പ്രധാന നിക്ഷേപം പെൻഷൻ ഫണ്ടുകളാണ്. CPPIB പെൻഷൻ ഫണ്ടിനൊപ്പം Brookfield Asset Management, Fairfax Financial തുടങ്ങിയവയ്ക്ക് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 21 ബില്ല്യൺ ഡോളർ നിക്ഷേപമുണ്ട്. കോവിഡ് കാലത്തെ പ്രതിസന്ധികളെപ്പോലും ഈ നിക്ഷേപങ്ങൾ അതിജീവിച്ചു. കനേഡിയൻ നിക്ഷേപത്തിന് ഇന്ത്യയിലുള്ള ശക്തിയുടെ തെളിവാണിത്. Ontario Teachers’ Pension Plan (OTPP), Caisse de dépôt et placement du Québec (CDPQ) തുടങ്ങിയ കമ്പനികൾക്ക് ഇന്ത്യയിൽ ഓഫീസുകളുണ്ട്.

അതേസമയം നയതന്ത്ര തർക്കത്തിൽ വിദ്യാർത്ഥികൾ അടക്കമുള്ള കനേഡിയൻ പ്രവാസികൾ ആശങ്കയിലാണ്. ട്രൂഡോയുടെ ആരോപണത്തിനു പിന്നാലെ  ഇന്ത്യ കാനഡയിലെ ഹൈക്കമ്മിഷണറേയും ആറ് നയതന്ത്ര ഉദ്യോഗസ്ഥരേയും തിരിച്ചുവിളിച്ചിരുന്നു. കാനഡയും നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ചിട്ടുണ്ട്. രാജ്യത്തെ പ്രതിനിധി സംഘത്തെ തിരിച്ചു വിളിച്ച ഇന്ത്യയുടെ കടുത്ത നടപടി കാനഡയിലുള്ള ഇന്ത്യക്കാരെ ആശങ്കയിലാഴ്ത്തുന്നു. കാനഡയിലേക്ക് പോകാനിരിക്കുന്ന വിദ്യാർത്ഥികൾ അടക്കം ഇതോടെ വലയും.

ഇരുരാജ്യങ്ങളും നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ചത് വിസാ നടപടികളെ ബാധിക്കും. കാനഡയും ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ചതോടെ വിസാ നടപടികൾ നിർവഹിക്കാനുള്ള സംവിധാനം, ഉദ്യോഗസ്ഥബലം എന്നിവ ഡൽഹിയിലെ കനേഡിയൻ എംബസിയിൽ പരിമിതപ്പെടും. ഇത് വിതരണം ചെയ്യുന്ന വിസകളുടെ എണ്ണത്തിലും കുറവുണ്ടാക്കും.

ഇന്ത്യൻ വിദ്യാർത്ഥികൾ ഉപരിപഠനത്തിനു പോകുന്ന പ്രധാന രാജ്യമാണ് കാനഡ. കാനഡയിൽ വർഷാവർഷം എത്തുന്ന വിദേശ വിദ്യാ‍ർത്ഥികളിൽ പകുതിയിലേറെയും ഇന്ത്യക്കാരാണ്. ഇത് കൊണ്ടുതന്നെ തങ്ങളുടെ വിദ്യാഭ്യാസവും കരിയറും അലങ്കോലപ്പെടും എന്ന പേടിയിലാണ് വിദ്യാർത്ഥികൾ. പഠനം കഴിഞ്ഞ് വിസ പുതുക്കേണ്ടവരേയും നയതന്ത്ര ബന്ധത്തിലെ വിള്ളൽ പ്രതികൂലമായി ബാധിക്കും. ഇക്കാരണങ്ങൾ കൊണ്ട് തന്നെ കാനഡയിലെ ഇന്ത്യൻ വിദ്യാർത്ഥി സമൂഹം ആശങ്കയുടെ മുൾമുനയിലാണ്.

കാനഡയിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ഇന്ത്യയിലുള്ള രക്ഷകർത്താക്കളും ആശങ്ക രേഖപ്പെടുത്തുന്നു. ലക്ഷങ്ങൾ ചെലവാക്കി കുട്ടികളെ കാനഡയിലേക്ക് അയച്ച അവർ പ്രശ്നം രൂക്ഷമായാൽ വലിയ നഷ്ടം സംഭവിക്കും എന്ന ഭയത്തിലാണ്. 

The ongoing India-Canada diplomatic spat over Hardeep Singh Nijjar’s killing may not affect long-term investments, but experts warn of potential delays in new investments. Indian students and expatriates are concerned about visa processing and educational disruptions due to the recall of diplomats.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version