ഇന്ത്യയിൽ ഇ വി കാറുകൾ വിൽക്കുന്നതിൽ മൂന്നാം സ്ഥാനം കേരളത്തിന്. വാഹൻ പരിവാഹൻ വെബ്സൈറ്റിലെ ആദ്യ പാദ കണക്കുകൾ അനുസരിച്ച് 2024 ജനുവരി മുതൽ ജൂലൈ വരെ കേരളത്തിൽ ആകെ 1,12,000 കാറുകളാണ് വിറ്റഴിഞ്ഞത്. നിലവിലെ പാദത്തിൽ ഈ വില്പന വർധിച്ചിട്ടുണ്ട്. ഇ.വി വാഹനങ്ങൾ ഈ കാലയളവിൽ വിറ്റഴിഞ്ഞത് 6,672 എണ്ണമാണ്. ഡീസൽ വാഹനങ്ങളുടെ വില്പനക്കൊപ്പമുണ്ട് ഇ വി വില്പനയും.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇ.വി വിൽക്കുന്ന സംസ്ഥാനം 2024 ൽ മഹാരാഷ്ട്രയാണ്. വില്പനയിൽ രണ്ടാമത് കർണാടകയാണ്. മലയാളി വാഹനപ്രേമികൾക്ക് ഈ വി യോടുള്ള താല്പര്യം ഏറി വരികയാണെന്ന് വ്യക്തമാകുന്നു.
കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ വാഹൻ പരിവാഹൻ വെബ്സൈറ്റിലെ കണക്കുകൾ അനുസരിച്ച് 2024 ജനുവരി മുതൽ ജൂലൈ വരെ കേരളത്തിൽ ആകെ 1,12,000 കാറുകൾ വിറ്റഴിഞ്ഞതിൽ 80,000 വാഹനങ്ങൾ പെട്രോൾ കാറുകളാണ്. 13,000 വാഹനങ്ങൾ ഹൈബ്രിഡ് പെട്രോൾ കാറുകളാണ്.
8,000 ത്തോളം വാഹനങ്ങൾ ഡീസൽ വാഹനങ്ങളാണ്. ഇ.വി വാഹനങ്ങൾ ഈ കാലയളവിൽ വിറ്റഴിഞ്ഞത് 6,672 ആണ്. 7.6 ശതമാനമാണ് ഡീസൽ വാഹനങ്ങളുടെ വിൽപ്പന എങ്കിൽ 5.4 ശതമാനമാണ് ഇ.വി കളുടെ വിൽപ്പന. ഈ ട്രെൻഡ് തുടർന്നാൽ സമീപ ഭാവിയിൽ തന്നെ ഡീസൽ വാഹനങ്ങളുടെ വിൽപ്പനയെ ഇ.വി കൾ മറികടക്കുമെന്നാണ് കരുതുന്നത്.
EV കാർ വിൽപനയിൽ എറണാകുളത്തെ പിന്തള്ളി തിരുവനന്തപുരം ആണ് മുന്നിൽ. തിരുവന്തപുരത്തു ഈ കാലയളവിൽ 3,297 ഇ-കാറുകളുടെ വിൽപ്പന രേഖപ്പെടുത്തി. സംസ്ഥാനത്തു ആകെ വിറ്റ കാറുകളുടെ പകുതിയോളം എത്തിയത് തിരുവന്തപുരത്തേക്കാണ്. തൊട്ടുപിന്നിൽ 3,219 കാറുകൾ നിരത്തിലിറക്കി എറണാകുളവും , 2,577 ഈ വി കാറുകളുമായി തൃശൂർ മൂന്നാം സ്ഥാനത്തും നിൽക്കുന്നു.
വളരുന്ന പാരിസ്ഥിതിക അവബോധവും നഗരത്തിലെ കുതിച്ചുയരുന്ന ഐടി, ലൈഫ് സയൻസസ്, ഹെൽത്ത് കെയർ, ലോജിസ്റ്റിക്സ് മേഖലകളും EV എന്ന അത്യാധുനിക സാങ്കേതികവിദ്യയെ ആകർഷിച്ചതാണ് ഈ മാറ്റത്തിന് ആക്കം കൂട്ടുന്നത്.
ടാറ്റാ മോട്ടോഴ്സ്, എം.ജി മോട്ടോഴ്സ്, സിട്രോൺ തുടങ്ങിയ കമ്പനികൾക്കാണ് കേരളത്തിലെ ഇലക്ട്രിക്ക് കാർ വിപണിയിൽ നിലവിൽ പ്രധാനമായും പങ്കാളിത്തമുളളത്. സമീപ ഭാവിയിൽകൂടുതൽ സെഗ്മെന്റുകളിൽ ഇ.വി കൾ അവതരിപ്പിക്കുന്നതിലൂടെയും കൂടുതൽ മോട്ടോർ വാഹന നിർമ്മാണ കമ്പനികൾ ഇ.വി വാഹനങ്ങൾ പുറത്തിറക്കുന്നതിലൂടെയും വിപണി കൂടുതൽ മത്സരാധിഷ്ഠിതമാകുകയാണ്.
Kerala ranks third in EV car sales in India for 2024, with 6,672 electric vehicles sold from January to July. Growing interest in eco-friendly transportation is driven by rising environmental awareness and a competitive market.