ഈ മനുഷ്യൻ പോയിട്ട് ഒരാഴ്ച! കാലം തന്നെ എങ്ങനെ ഓർക്കണമെന്ന് കൃത്യമായ ധാരണയുണ്ടായിരുന്ന ആൾ. ചെയ്യാൻ കഴിയില്ല എന്ന് തോന്നുന്നത് ചെയ്ത ഒരാൾ. അത് ശരിയായിരുന്നു. മനുഷ്യനായ ഒരാൾക്ക് അസാധ്യമായ ഒരു ജീവിതമാണ് സർ താങ്കൾ ജീവിച്ചത്.
ഈ ദിവസങ്ങളിൽ വാർത്തയായ വാർത്തയിലൊക്കെ മഹാനായ രത്തൻ ടാറ്റ നിറഞ്ഞ് നിൽക്കുന്നു. കണ്ടപ്പോൾ നിർവൃതി തോന്നി. ഉജ്ജ്വലമായ ഒരു ജീവിതം ജീവിച്ച് തിരിച്ച് നടന്നപ്പോഴെങ്കിലും അദ്ദേഹത്തിന്റെ മഹത്വം ഇഴകീറി പുറത്ത് വന്നല്ലോ. പക്ഷെ മരണം വേണ്ടിവന്നു ആ മനുഷ്യനെന്തായിരുന്നുവെന്ന് ലോകത്തോട് പലർക്കും വിളിച്ചുപറയാൻ.

നിങ്ങൾ ശ്രദ്ധിച്ചോ? കഴിഞ്ഞ 5 ദിവസങ്ങൾക്കുള്ളിൽ ആ മനുഷ്യന്റെ ജീവിതത്തെക്കുറിച്ച് പുറത്തുവന്ന പതിനായിരക്കണക്കിന് വാർത്തകളുടെ അടിയിൽ കമന്റ് ചെയ്തവരൊക്കെ സാധാരണക്കാരണ്! തൊഴിലാളികൾ, ദിവസ വേതനക്കാർ, തുശ്ചമായ ശമ്പളമുള്ളവർ, മധ്യവർഗ്ഗത്തിന്റെ പരാധീനതയുള്ളവർ.. ചാനൽ അയാം രത്തൻ ടാറ്റയെക്കുറിച്ച് ഇക്കാലമെല്ലാം ചെയ്ത വാർത്തകളൊക്കെ വീണ്ടും വീണ്ടും ആളുകൾ കണ്ടു, അതിനടിയിൽ വന്ന് ആയിരക്കണക്കിന് ആളുകൾ ഹൃദയം നുറുങ്ങുന്ന വേദനയോടെ അവരുടെ വാക്കുകൾ പങ്കുവെച്ചു. അവരെല്ലാം സാധാരണക്കാരായിരുന്നു. അതിൽ ജാതിയോ മതമോ രാഷ്ട്രീയമോ വർഗ്ഗമോ തിരയാനായില്ല! മനുഷ്യ ഗണത്തിൽപെട്ടവരെല്ലാം അവരുടെ പെരും വേദനയുടെ കെട്ടഴിച്ചു.

അവരൊന്നും രത്തൻടാറ്റയുടെ സഹായം പറ്റിയവരായിരുന്നില്ല, അവരൊന്നും ടാറ്റ എന്ന കോർപ്പറേറ്റ് കമ്പനിയിൽ വർക്ക് ചെയ്തവരായിരുന്നില്ല, അവരൊന്നും ആ മനുഷ്യനെ കണ്ടിട്ടുള്ളവർ പോലുമല്ല, അവരാരും നേരെചൊവ്വേ അദ്ദേഹത്തിന്റെ പ്രസംഗമോ വാക്കുകളോ കേട്ടവരല്ല.. പക്ഷെ എന്നിട്ടും, എന്നിട്ടും ഏറ്റവും പ്രിയപ്പെട്ട, ഹൃദയത്തോട് ചേർന്ന് പോയ ഒരാൾ വേർപെട്ടുപോയ പോലെ, ആകെ ആശ്രയമായിരുന്ന പിതാവോ സഹോദരനോ ഭർത്താവോ മകനോ മരിച്ചപോലെ പലരും ഹൃദയ വേദന കൊണ്ട് പുളഞ്ഞു. അടക്കാനാകാത്ത സങ്കടം നെഞ്ചിൽ നിന്ന് തിങ്ങി, ചിലർ കരഞ്ഞു, ചിലർ ആ വിതുമ്പലുകൾ ഉള്ളിലൊതുക്കി, എനിക്കിനി ആരുണ്ട് എന്ന തോന്നലിൽ ഏങ്ങലടിച്ചു.

എന്ത് മാജിക്കാണ് രത്തൻ നിങ്ങൾക്കുള്ളത്? ആയിരം നന്മചെയ്താലും ഒരു ചെറിയ തെറ്റുപറ്റിയാൽ അത് മാത്രം പെരുപ്പിച്ച് കാണിച്ച് വേട്ടയാടുന്ന ഒരു കാലത്ത് അങ്ങയ്ക്ക് എങ്ങനെയാണ് ജീവിതത്തിലും മരണത്തിലും ഇത്ര വലിയവനാകാൻ കഴിയുന്നത്? സ്വർഗ്ഗമെന്ന ഒന്നുണ്ടെങ്കിൽ ഒരുപക്ഷേ അപൂർവ്വമായി മാത്രം തുറക്കുന്ന അതിന്റെ കവാടം അങ്ങയുടെ വരവിനായി തുറന്നുവെച്ചിരിക്കണം. കാരണം ആ സ്വർഗ്ഗകവാടത്തിന് അവകാശിയായി അങ്ങല്ലാതെ മറ്റാരുണ്ട്? ഇനി മറ്റൊരു രത്തൻ ഭൂമിയിൽ പിറക്കില്ല!, കാരണം ദൈവത്തിന്റെ പക്കൽ ഒരേ ഒരു രത്തനേ ഉണ്ടായിരുന്നുള്ളൂ. ഒരേ ഒരാൾ!

അദ്ദേഹത്തിന്റെ മഹത്വമാണത്. നമ്മളെല്ലാം ജീവിക്കുന്ന പോലൊരു വെറും മനുഷ്യജീവിതമല്ലാതെ, മഹത്തായ മാനവ ജന്മമാക്കി മാറ്റാൻ അദ്ദേഹത്തിനായി. ചാനൽ അയാം ചെയ്തിരുന്ന സ്റ്റോറികളുടെ താഴെയുള്ള കമന്റുകൾ വായിക്കുകയായിരുന്നു ഞാൻ. അദ്ദേഹം വിടപറയുന്നത് ഒക്ടോബർ 9-ന് രാത്രി 11 മണി കഴിഞ്ഞാണ്. ഒക്ടോബർ 5-ന് അതായത് അദ്ദേഹത്തിന്റെ മരണത്തിന് നാല് ദിവസം മുമ്പ് ചാനൽ അയാം എഡിറ്റോറിയൽ ഇൻസൈറ്റ്സിൽ രത്തൻ ടാറ്റ എന്ന സംരംഭകന്റെ ട്രാൻസ്ഫർമേറ്റീവ് ടെക്നിക്സിനെക്കുറിച്ച് വിശദമായ വാർത്ത ചെയ്തിരുന്നു. കുറച്ച് ആഴ്ചകളായി ആഴത്തിലുള്ള തോന്നലുണ്ടായിരുന്നു, ആരും പറയാത്ത മഹത്തായ ആ ജീവിതത്തെ വീണ്ടും വീഡിയോയിൽ കൊണ്ടുവരണമെന്ന്. കഴിഞ്ഞ 8 വർഷത്തിനിടെ 25-ഓളം സ്റ്റോറികൾ രത്തൻ ടാറ്റയെക്കുറിച്ച് ഞങ്ങൾ ചെയ്തിരിക്കുന്നു.

പക്ഷെ അദ്ദേഹത്തെക്കുറിച്ച് അറിയുന്തോറും ഏറുന്ന ഒരു ആരാധനയുണ്ട്. അതുകൊണ്ടാണ് എഡിറ്റോറിയൽ ഇൻസൈറ്റ്സിൽ വീണ്ടും അദ്ദേഹത്തെക്കുറിച്ച് വീഡിയെോ ചെയ്തത്. ഒരുപക്ഷെ അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഒരു മീഡിയ ചെയ്ത അവസാനത്തെ വിശദമായ സ്റ്റോറിയാകും അത്. തിങ്കളാഴ്ച അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോഴും അസാധാരണമായി ഒന്നും ഉണ്ടായില്ല, ചെറിയ ചില ശാരീരിക ബുദ്ധിമുട്ടുകൾ മാത്രം. ചൊവ്വാഴ്ച അദ്ദേഹത്തിന്റെ നില അൽപം വഷളാകുന്നു, പിന്നെ മരണമെത്തിയ നേരത്ത് ശാന്തനായി അതിനൊപ്പം യാത്രയാകുന്നു. എല്ലാ ബിസിനസ് ഡിസിഷൻസിലും അദ്ദേഹം പുലർത്തിയ കോൺഫിഡൻഷ്യാലിറ്റിയും പ്രൊഫഷണലിസവും മരണത്തിലും കാത്ത് വെച്ച ഒരാൾ! സത്യം പറഞ്ഞാൽ ഞാനുൾപ്പെടെ അദ്ദേഹത്തെ സ്നേഹിക്കുന്നവർക്ക് ആ വേർപാട് ഏൽപ്പിച്ച ആഘാതത്തിൽ നിന്നും വേദനയിൽ നിന്നും പുറത്ത് വരാനായിട്ടില്ല. ആ മുറിവ് ഉണങ്ങാൻ കാലങ്ങളെടുക്കുമെന്ന് അറിയാം.

രത്തൻ ടാറ്റ പകരക്കാരനില്ലാത്ത അപൂർവ്വ പ്രതിഭാസമാകുന്നത് എന്ത് കൊണ്ടാണെന്ന് അറിയാമോ? മറ്റൊരാളെ കാണിക്കാനായിരുന്നില്ല അദ്ദേഹത്തിന്റെ ഒരു പ്രവർത്തിയും. പ്രശംസയോ, അംഗീകാരമോ, ക്യാമറകളുടേയോ, മാധ്യമങ്ങളുടേയോ കടാക്ഷമോ പ്രതീക്ഷിച്ചല്ല രത്തൻ ടാറ്റ ജീവിതത്തിൽ ഒന്നും ചെയ്തത്. ബിസിനസ്സ് ചെയ്തപ്പോൾ കിട്ടിയ ലാഭത്തിൽ നിന്ന് ദയ തോന്നി കുറച്ച് പൈസ കുറെപ്പേർക്ക് കൊടുത്ത ആളല്ല രത്തനും അദ്ദേഹത്തിന്റെ ടാറ്റ ട്രസ്റ്റും! അത് മനസ്സിലാകണമെങ്കിൽ നമ്മൾ ജംഷഡ്ജി ടാറ്റ മുതലിങ്ങോട്ട് പഠിക്കണം. കാരുണ്യവും മാനുഷികതയും ആയിരുന്നു അവരുടെ ബിസിനസ്സ്. ജീവകാരുണ്യാവശങ്ങൾക്കായി പണം കണ്ടെത്താൻ കുറച്ച് ബിസിനസ്സ് ചെയ്തുവെന്ന് മാത്രം! ഉദ്ദേശത്തിലെ വിശുദ്ധി അറിയാവുന്ന പ്രപഞ്ചത്തിന് രത്തനും പൂർവ്വികരും തുടങ്ങി വെച്ച സംരംഭങ്ങളെ മഹത്തരമാക്കാതിരിക്കാനാകുമോ? കാരണം ദൈവം ചെയ്യേണ്ട പണിയാണ് ടാറ്റ ചെയ്തുകൊണ്ടിരുന്നത്, അല്ലേ?
ഇന്ത്യ, ഉദാരവത്കരണത്തിന്റെ വാതിലുകൾ തുറന്നിട്ട് ഒരു ബിസിനസ്സ് കോർപ്പറേറ്റ് ആകുന്ന 1990-കളുടെ തുടക്കമാണ്, രത്തൻ, ടാറ്റയുടെ ചെയർമാനാകുന്നത്. പുതിയ ബിസിനസ്സ് സംസ്ക്കാരവും ശീലവും ഇന്ത്യ പരിചയിച്ച് തുടങ്ങുമ്പോൾ, രത്തൻ എന്തായിരുന്നുവെന്ന് അറിയാമോ? ഒരുപാതിയിൽ അങ്ങേയറ്റം തന്ത്രശാലിയായ, എതിരാളികൾ ബഹുമാനത്തോടെ ഭയക്കുന്ന, കണിശതയുള്ള നെഗോഷിയേറ്ററായ, തികഞ്ഞ കോർപ്പറേറ്റ് ബിസിനസ്സ്കാരൻ! മറുപാതിയിൽ മനുഷ്യനും ജീവജാലങ്ങൾക്കും നന്മചൊരിയുന്ന, അശരണർക്ക് ആശ്രയകേന്ദ്രമായ, ഈശ്വരചൈതന്യം ആവാഹിച്ച കരുണാമൂർത്തി! ഇതാണ് രത്തൻ! ക്ലാസായ ഒരു മാസ് ലീഡർ. എന്നാൽ ചെയ്തതൊന്നും പത്താളെ വെച്ച് ഘോഷിക്കാൻ അദ്ദേഹത്തിന് താൽപര്യമില്ലായിരുന്നു. അദ്ദേഹത്തിന്റെ ഒരു കാരുണ്യവും സ്റ്റോറിയായില്ല. കാരണം അദ്ദേഹം ഒരിക്കലും പിആർ വർക്ക് ചെയ്തില്ല!

തിരിച്ച് അദ്ദേഹത്തിന് ഒന്നും ചെയ്ത് കൊടുക്കാൻ പറ്റാത്തവർക്കാണ് അദ്ദേഹം മുൻകൈയ്യെടുത്ത് ദാനധർമ്മങ്ങളും സഹായങ്ങളും ചെയ്തത്. വോട്ട് വേണ്ട, പി ആർ വേണ്ട, പ്രശംസ വേണ്ട… എത്ര വിഷമകരമായാലും, കൊടുത്ത വാക്ക് പാലിച്ച ചരിത്രമേ രത്തൻ ടാറ്റയ്ക്ക് ഉണ്ടായിരുന്നുള്ളൂ.
സൂപ്പർ ഹ്യൂമൻ ആയിരുന്നു രത്തൻ. അദ്ദേഹത്തോട് അടുത്തവരുടേയും അദ്ദേഹത്തെ അടുത്തറിഞ്ഞവരുടേയും വാക്കുകൾ ശ്രദ്ധിച്ചപ്പോൾ ഒരു കാര്യം വ്യക്തമാകും. രത്തൻടാറ്റയോട് ഒരു പുതിയ കാര്യം പറഞ്ഞാൽ ഒന്നും മിണ്ടാതെ കേൾക്കും. നാം പറയുന്നത് ശ്രദ്ധിക്കുന്നുണ്ടോ എന്ന് പോലും സംശയം തോന്നും. പക്ഷെ പറയുന്ന ആൾ എന്താണോ ഉദ്ദേശിക്കുന്നത് അതിന്റെ ആയിരം ഇരട്ടിയിലാകും രത്തൻ ടാറ്റ അത് വിഷ്വലൈസ് ചെയ്യുന്നത്. ആശയത്തിന്റെ ഉടമയ്ക്ക് ധാരണയില്ലാത്ത ഏരിയകളിൽ കൂടി രത്തൻ കടന്ന് പോയിട്ടുണ്ടാകും. അതായിരുന്നു ആ മനുഷ്യന്റെ പവർ!
സാധാരണ മനുഷ്യന്റെ രൂപത്തിൽ ജീവിച്ച ഒരു ലെജന്റ്!

ആലോചിക്കൂ, ന്യൂയോർക്കിലെ 61സ്റ്റ്ട്രീറ്റിലെ ദ പിറെ താജ് എന്ന നക്ഷത്ര ഹോട്ടലിൽ താമസിച്ച്, ടെറ്റ്ലി ചായ രുചിച്ച് പുറത്തിറങ്ങി, ഒരു ജ്വാഗ്വാറിൽ യാത്ര ചെയ്ത് എയർപോർട്ടിലെത്തി, എയർ ഇന്ത്യയിൽ മുംബൈയിൽ വന്നിറങ്ങി റേഞ്ച് റോവറിൽ മുംബൈയിലെ വിവാന്തയിൽ എത്തുന്നു, ധരിച്ചിരിക്കുന്നത് വെസ്റ്റ് എൻഡിൽ നിന്ന് വാങ്ങിയ വസ്ത്രവും! ടാറ്റ-യുടെ പ്രൊഡക്റ്റുകളിൽ മാത്രം ഒരാൾക്ക് ഒരുദിവസം കടന്നുപോകാൻ തക്കവണ്ണം ആ ബ്രാൻഡിന് വിശ്വരൂപം നൽകിയ സംരംഭകശിൽപി. മണ്ണും മാനവും മഹാസമുദ്രവും കൈയ്യിലൊതുക്കിയ ഒരു മാന്ത്രികൻ!
ഈ പച്ചയായ മനുഷ്യനോട് ആൾക്കാർ വളരെ ക്രൂരവും മ്ലേശ്ചവുമായി പെരുമാറിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതത്തിലെ രണ്ട് സംഭവങ്ങൾ കൂടി പറയാതെ വയ്യ! അല്ലങ്കിൽ ഇനി എപ്പോൾ പറയാനാണ്?

പശ്ചമിബംഗാളിലെ സിംഗൂരിൽ ടാറ്റ നാനോ ഫാക്ടറിക്ക് വേണ്ടി സർക്കാർ സ്ഥലം എടുത്തതും തുടർന്നുണ്ടായ ഭയങ്കരമായ പ്രക്ഷേഭവും നാം കേട്ടിട്ടുണ്ട്. വരുമാനത്തിന്റെ 60%വും ജീവകാരുണ്യത്തിന് ഒഴുക്കുന്ന ഒരു കമ്പനി, അതും രാജ്യത്തിന്റെ അന്തസ്സും അഭിമാനവുമായ ഒരു ബ്രാൻഡിന്റെ അമരക്കാരനെ രാഷ്ട്രീയക്കാർ വെറും തറക്കളിക്ക് കരുവാക്കിയത് രോഷത്തോടെയല്ലാതെ കേൾക്കാനാവില്ല! അന്നത്തെ പശ്ചിമബംഗാൾ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയുമായുള്ള വ്യക്തിപരമായ ബന്ധവും കണക്കിലെടുത്താണ് ബംഗാളിൽ നാനോ ഫാക്ടറി തുടങ്ങാൻ ടാറ്റ തീരുമാനിച്ചത്. 997 ഏക്കർ ഏറ്റെടുക്കുമ്പോൾ, കർഷകർക്ക് നഷ്ടമാകുന്നത് കൃഷി സ്ഥലവും കിടപ്പാടവും ആണെങ്കിൽ അതിന്റെ എത്രയോ ഇരട്ടി ഓരോ കർഷകനും നൽകാൻ ആരുടേയും ഉപദേശമോ സമ്മർദ്ദമോ വേണ്ട ആളല്ല രത്തൻ ടാറ്റ. വലിയ കാർ ഫാക്ടറി വരുമ്പോ നാട്ടുകാരായ ഗ്രാമീണർക്ക് ജോലി, സിംഗൂരിനെ കാർ സിറ്റിയായി ഉയർത്താനുള്ള ബൃഹത്തായ പദ്ധതി തുടങ്ങിയവയായിരുന്നു ടാറ്റയുടെ പദ്ധതി. ആ നാടിന്റെ വികസനവും നാട്ടുകാരുടെ ഉന്നതിയും മാത്രം ടാറ്റ കണ്ടപ്പോൾ, കുളം കലക്കി മീൻപിടിക്കാനുള്ള രാഷ്ട്രീയ സാധ്യതയാണ് അന്നത്തെ പ്രതിപക്ഷം കണ്ടത്. ഒരു അഭിമുഖത്തിൽ രത്തൻ ടാറ്റ പറഞ്ഞു, സ്ഥലം വിട്ട് കൊടുക്കുന്ന കർഷകർക്ക് നിങ്ങൾ പറയുന്ന കോംപൻസേഷൻ നൽകാൻ തയ്യാറാണെന്ന് മമതാ ബാനർജിയെ അറിയിച്ചു. പക്ഷെ അതിന് അവർക്ക് താൽപര്യമില്ലായിരുന്നു.
സംഗതി കോംപെൻസേഷനോ, കർഷകരോ, ഭൂമിയോ ഒന്നുമല്ല, നാലാംകിട രാഷ്ട്രീയമാണെന്ന് മനസ്സിലാക്കാൻ രത്തൻ ടാറ്റയ്ക്ക് അധികം സമയമെടുത്തില്ല. ഒടുവിൽ സിംഗൂരിൽ നിന്ന് ടാറ്റ പിൻവാങ്ങുന്നു.. മണിക്കൂറുകൾക്കുള്ളിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി, രത്തനെ ഗുജറാത്തിലെ സനന്ദിലേക്ക് (Sanand) ക്ഷണിച്ചതും ചരിത്രം. അതിനകം കോടിക്കണക്കിന് രൂപ സിംഗൂരിൽ ടാറ്റയ്ക്ക് നഷ്ടമായിരുന്നു. 28 മാസമാണ് സിംഗൂരിൽ നാനോ ഫാക്ടറി പൂർത്തിയാക്കാൻ ടാറ്റ കണക്ക് കൂട്ടിയത്. വെറും 14 മാസത്തിനുള്ളിൽ ഗുജറാത്തിലെ സനന്ദിൽ നിന്ന് ആദ്യ നാനോ പുറത്തിറങ്ങി! സിംഗൂരിന്റെ പേരിൽ രക്തം ചീന്തിയവർക്ക് ഭരണം കിട്ടി! സിംഗൂരിലെ കർഷകരുടെ അവസ്ഥ മാറ്റമില്ലാതെ തുടരുന്നു. ഇന്ത്യൻ രാഷ്ട്രീയ നാടകങ്ങൾ കണ്ട് വളർന്നതുകൊണ്ടാകണം, ആരേയും കുറ്റപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. അമർഷം ഉള്ളിലൊതുക്കി.

1989! രത്തൻ ടാറ്റ TELCO ചെയർമാനായി സ്ഥാനം ഏറ്റെടുത്ത നാളുകൾ. ആർഭാടത്തിലും സമ്പത്തിലും ജീവിച്ച, അമേരിക്കയിൽ വിദ്യാഭ്യാസം ചെയ്ത ഒരാൾ ചെയർമാനായി വരുന്നുഎന്നേ യൂണിയൻ നേതാക്കൾക്ക് കാണാനായുള്ളൂ, വിരട്ടിയാൽ വിരണ്ട് പോകുന്ന ഒരു ചള്ള് ചെക്കൻ! രത്തനെ അങ്ങനെ കരുതി, ടെൽകോ-യിലെ യൂണിയൻനേതാവ്. പൂനെയിലെ മാനേജ്മെന്റുമായുള്ള അഭിപ്രായ ഭിന്നത പതിയെ ശാരീരികമായ കയ്യേറ്റത്തിലേക്ക് കടന്നു. പല ജീവനക്കാരേയും യൂണിയൻകാർ മർദ്ദിച്ചു. ചിലർ ആശുപത്രിയിലായി. തൊഴിലാളി സമരം മൂർദ്ധന്യാവസ്ഥയിൽ എത്തി നിൽക്കേ, രത്തൻ ടാറ്റ പൂനെയിലെ ടെൽക്കോ-യിലെത്തി. ജീവനക്കാർ പലരും ആക്രമണം ഭയന്ന് ഫാക്ടറിയിലേക്ക് വരാതായി. രത്തൻ ഫാക്ടറിയിൽ ക്യാമ്പ് ചെയ്തു. താഴെ പ്യൂൺ മുതൽ ജനറൽ മാനേജർമവരെയുള്ള ജീവനക്കാർക്കൊപ്പം അവരിലൊരാളായി നിന്നു. തൊഴിലാളികൾ ഓഫീസിൽ വന്ന് പണിയെടുക്കാൻ തുടങ്ങി. യൂണിയൻ നേതാവ് കലിപൂണ്ട്, ആക്രമണവും സമ്മർദ്ദവും കടുപ്പിച്ചു. അപ്പുറത്ത് കുലക്കമൊന്നുമില്ല! ചർച്ച വേണമെന്ന നിലയിലേക്ക് യൂണിയനെത്തി. രത്തനും യൂണിയൻ നേതാവും ടേബിളിന് അപ്പുറവും ഇപ്പുറവും ഇരുന്നു. ഡിമാന്റുകളുടെ കെട്ടഴിച്ച നേതാവിനോട് രത്തൻ ടാറ്റ പറഞ്ഞു, എന്റെ തലയ്ക്ക് മീതെ പിടിച്ചിരിക്കുന്ന തോക്ക് ഒന്നുകിൽ മാറ്റിപ്പിടിക്ക്, അതല്ല ഉറപ്പുണ്ടേൽ വെടിവെക്ക്. ഗൺപോയിന്റിൽ നിന്ന് ഞാൻ നിങ്ങളോട് സംസാരിക്കുമെന്ന് തോന്നുന്നുണ്ടോ? ആ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. പക്ഷെ ഇതേസംഭവത്തിൽ രത്തനെ വധിക്കാൻ വരെ ശ്രമങ്ങളുണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. ആ തൊഴിലാളി നേതാവ് മഹാരാഷ്ട്രക്കാരനായിരുന്നില്ല, മറിച്ച് മലയാളി ആയിരുന്നുവെന്നത് മറ്റൊരു വിചിത്രം.

അതുപോലെ 2008-ൽ മുംബൈയിലുണ്ടായ ഭീകരാക്രമത്തിൽ ഭീകരർ ലക്ഷ്യം വെച്ചത് ടാറ്റയുടെ താജ് ഹോട്ടൽ. രത്തനെ ഏറ്റവും വേദനിപ്പിച്ച സംഭവങ്ങളിലൊന്ന്. താജിലെ ജീവനക്കാർ അതും റൂംബോയ് മുതൽ, സ്വീപ്പർ സ്റ്റാഫ് വരെ തങ്ങളുടെ ഹോട്ടലിലെ ഗസ്റ്റിനെ രക്ഷിക്കാൻ ജീവത്യാഗം ചെയ്തത് മനസ്സിലെ ഏറ്റവും വലിയ മുറിപ്പാടാണെന്ന് ഒരു അഭിമുഖത്തിൽ അദ്ദേഹം പറയുന്നു. അത് അദ്ദേഹത്തിന് പരാമർശിക്കാതിരിക്കാം, മറക്കാം.. പക്ഷെ ഇത് രത്തൻ ടാറ്റയായി പോയില്ലേ?

ഒരുകാര്യം കൂടി പറയാതിരിക്കാനാകില്ല. 2012-ൽ രത്തൻ ടാറ്റ ചെയർമാൻ സ്ഥാനം ഒഴിയുമ്പോൾ പകരം തെരഞ്ഞെടുക്കപ്പെട്ടത് സൈരസ് മിസ്രി. ടാറ്റ എന്ന പട്ടുറുമാലിലെ സ്വർണ്ണ നൂലിനിടയിൽ മറ്റെന്തോ കെട്ടിവെച്ച പോലെയായിരുന്നു മിസ്രിയുടെ സ്ഥാനം. മരിച്ചുപോയ ഒരാളെക്കുറിച്ച് പറയാൻ പാടുണ്ടോ എന്ന് അറിയില്ല, പക്ഷെ വാസ്തം അതായിരുന്നു. ടാറ്റയുടെ ആറാമത്തെ ചെയർമാനായിരുന്നു സൈറസ്. ടാറ്റ സർനെയിമില്ലാതെ ആ സ്ഥാനത്ത് എത്തുന്ന രണ്ടാമത്തെ ചെയർമാൻ. സൈറസിന്റെ പ്രവർത്തികൾ ടാറ്റയുടെ അന്തസ്സിന് ചേരാതെ വന്നപ്പോൾ 2016-ൽ ടാറ്റ സൺസിന്റെ ബോർഡ് വോട്ടിനിട്ട് അയാളെ പുറത്താക്കി. ഈ പ്രതിസന്ധിഘട്ടത്തിൽ തന്റെ 78-ാമത്തെ വയസ്സിൽ രത്തന് വീണ്ടും ചെയർമാനാകേണ്ടി വന്നു. ഇടക്കാല ചെയർമാൻ. ഏത് ആപൽസന്ധിയിലും അവതരിക്കാവുന്ന ദൈവം! അതായിരുന്നു രത്തൻ! ഇന്ത്യയിൽ പിറന്നുവെന്നേയുള്ളൂ, ഐറിഷ് ബില്യണയർ ആയിരുന്നു സൈറിസ്. കോൺട്രാക്റ്റ്, പണം, ലാഭം.. ഇതായിരുന്നു സൈറസിന്റെ തലയിൽ. ടാറ്റയ്ക്ക് ചേരാത്ത ഒരു ബയോഡാറ്റ! ഒടുവിൽ ഗത്യന്തരമില്ലാതെ വോട്ടിനിട്ട് സൈറസിനെ പുറത്താക്കുമ്പോഴും, ഒരക്ഷരം അതിനെക്കുറിച്ച് കമന്റ് ചെയ്യാൻ രത്തൻ ടാറ്റ തയ്യാറായില്ല. മീഡിയയിൽ മാത്രമല്ല, ഏറ്റവും അടുത്ത സുഹൃത്തുക്കളോട് പോലും. അതായിരുന്നു രത്തൻ! ഒരാളെക്കുറിച്ചും അവമതിച്ചില്ല, കടുത്ത ശത്രുവിനോട് പോലും അലിവോടെയേ പെരുമാറിയുള്ളൂ. ഒടുവിൽ അഹമ്മദാബാദ് മുംബൈ ഹൈവേയിൽ 2022-ൽ കാർ അക്സിഡന്റിൽ സൈറസ് മിസ്രി മരിച്ചു. അമിതവേഗതയായിരുന്നു അപകട കാരണം, ബിസിനസ്സിലെന്നപോലെ!

എല്ലാത്തിനും ഒടുവിൽ ഓർമ്മവരുന്നത് ആ ജീവികളെക്കുറിച്ചാണ്! മനുഷ്യർക്കൊപ്പം അദ്ദേഹം സ്നേഹിച്ച ജീവജീലങ്ങൾ! അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ഗോവ എന്ന നായ! ആ ജീവിയെ ആരെ നോക്കും? പരിചാകരും അദ്ദേഹത്തോട് ഇഷ്ടമുള്ളവരും ചെയ്യുമായിരിക്കും, പക്ഷെ ആ മിണ്ടാപ്രാണികൾ അതിന്റെ ജീവിതാവസാനം വരെ തിരയില്ലേ, അവരുടെ ദൈവത്തെ? പുറത്തെവിടെയോ പോയി, ഇപ്പോ വരുമെന്ന് കരുതുകയാവും.. അവരറിയുന്നോ ആ പ്രിയപ്പെട്ട തലോടൽ ഇനി ഇല്ലെന്ന്? അവരറിയുന്നോ ആ കരുണയൂറുന്ന നോട്ടം എന്നെന്നേക്കുമായി മറഞ്ഞെന്ന്?
ഇന്ത്യയിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഒരാളും മരണം കൊണ്ട് ഇത്ര ശൂന്യത സൃഷ്ടിക്കില്ല രത്തൻ! സ്വാത്ന്ര്യത്തിന് മുൻപും പിൻപും ഒരു വ്യവസായി ഇത്രമേൽ ഞങ്ങളുടെ ഹൃദയത്തെ കവർന്നിട്ടില്ല! ഞങ്ങളാരും ഇതിന് മുൻപ് ഇത്ര അനാഥരായിട്ടില്ല…
A heartfelt tribute to Ratan Tata, highlighting his extraordinary life of philanthropy, humility, and ethical business practices, and the universal sorrow felt after his passing.