എലിസബത്ത് രാജ്ഞിയുടെ അപൂർവ റേഞ്ച് റോവർ കാർ സ്വന്തമാക്കി ഇന്ത്യക്കാരൻ യൊഹാൻ പൂനവാല വാർത്തകളിൽ ഇടം നേടുന്നു.
രാജ്ഞി ഉപയോഗിച്ചിരുന്ന 2016 മോഡൽ റേഞ്ച് റോവർ എസ്ഡിവി8 എന്ന വാഹനമാണ് അദ്ദേഹം ഓക്ഷനിൽ സ്വന്തമാക്കിയത്. രാജ്ഞിയുടെ ഇഷ്ടത്തിനനുസരിച്ച് പ്രത്യേകം നിർമിച്ച വാഹനം ബ്രിട്ടീഷ് രാജകുടുംബം ഓക്ഷനിൽ വെക്കുകയായിരുന്നു. കാറിന്റെ ഒറിജിനൽ റജിസ്ട്രേഷൻ നമ്പറായ OU16ZVH എന്ന നമ്പറോട് കൂടി തന്നെയാണ് പൂനവാല വാഹനം സ്വന്തമാക്കിയത്. സാധാരണ ഗതിയിൽ ബ്രിട്ടീഷ് രാജകുടുംബം വിൽക്കുന്ന വാഹനങ്ങളുടെ നമ്പർ മാറ്റാറാണ് പതിവ്. എന്നാൽ ഇത്തവണ ആ പതിവ് തെറ്റിച്ചത് കൊണ്ടു തന്നെ ഈ വിൽപന വാഹനത്തിന്റെ ചരിത്രമൂല്യം വർധിപ്പിക്കുന്നു.
ഏകദേശം 2.25 കോടി രൂപയ്ക്കാണ് കാർ ബ്രാംലി എന്ന ഓക്ഷനേർസ് ലേലത്തിനായി വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിതത്. എന്നാൽ ഇതിലും എത്രയോ ഉയർന്ന തുകയ്ക്കാണ് പൂനവാല കാർ സ്വന്തമാക്കിയിരിക്കുന്നത്. രാജ്ഞിക്കായി പ്രത്യേകം ഒരുക്കിയ ധാരാളം സംവിധാനങ്ങൾ കാറിലുണ്ട്. എമർജൻസി ലൈറ്റിംഗ്, മസാജ് സീറ്റുകൾ, പ്രത്യേക സ്റ്റെപ്പുകൾ എന്നിവയുൾപ്പെടെ നിരവധി ഫീച്ചറുകൾ ഈ റേഞ്ച് റോവറിൻ്റെ മാറ്റ് കൂട്ടുന്നു. ലക്ഷ്വറിക്ക് പ്രാധാന്യം നൽകുന്ന ഹെഡ്ലൈനർ, ലൈറ്റിംഗ് എന്നിവയ്ക്കും പ്രത്യേകതകളുണ്ട്.
പൂനവാല ഗ്രൂപ്പിൻ്റെ ചെയർമാൻ ആയ യൊഹാൻ പൂനവാല തന്റെ വിൻ്റേജ് വാഹനങ്ങളുടേയും ചരിത്രപ്രാധാന്യമുള്ള കാർ ശേഖരത്തിന്റേയും പേരിൽ പ്രശസ്തനാണ്. ഇതിനു പുറമേ ആഢംബര വാഹനങ്ങളുടെ വിപുലമായ ശേഖരവും അദ്ദേഹത്തിനുണ്ട്. രാജാക്കൻമാർ, പോപ്പുമാർ, നവാബുമാർ, മറ്റ് പ്രധാന വ്യക്തികൾ തുടങ്ങിയവർ ഉപയോഗിച്ചിരുന്ന കാറുകൾ പൂനവാലയുടെ ശേഖരത്തിൽ ഏറെയുണ്ട്. ഇവയ്ക്കൊപ്പം വിൻ്റേജ് റോൾസ് റോയ്സ്, കസ്റ്റമൈസ്ഡ് ഫെരാരി, ബെൻ്റ്ലി, ലംബോർഗിനി, മെഴ്സിഡസ് മോഡലുകൾ എന്നിവയുൾപ്പെടെ നിരവധി വാഹനങ്ങളും ശേഖരത്തിലുണ്ട്. ക്ലാസിക്, ലക്ഷ്വറി വാഹനങ്ങൾ ഉൾപ്പെടുന്നതാണ് അപൂർവ കളക്ഷൻ. ഖത്തറിൽ നടന്ന ഇൻ്റർനാഷണൽ മോട്ടോർ ഷോയിൽ പൂനവാല കളക്ടർ ഓഫ് ദ ഇയർ എന്ന അംഗീകാരം നേടിയിരുന്നു. Intervalve Poonawalla, El-O- Matic India എന്നിവയ്ക്ക് പുറമേ Serum Institute of Indiaയിൽ നിക്ഷേപകൻ കൂടിയായ യൊഹാൻ പൂനവാലയുടെ ആസ്തി 224100 കോടി രൂപയാണ്.
വാഹനം സ്വന്തമാക്കിയതിലൂടെ പൂനവാലയുടെ അപൂർവ കാർ ശേഖരത്തിലേക്ക് ചരിത്രപ്രധാനമായ ഒരു അതിഥി കൂടി എത്തുന്നു. ബ്രിട്ടീഷ് ചരിത്രത്തിൻ്റെ തന്നെ ഭാഗമായ വാഹനം സ്വന്തമാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് പൂനവാല പറഞ്ഞു. ആഢംബരം എന്നതിലുപരി രാജ്ഞിയുടെ മരിക്കാത്ത ഓർമ എന്ന നിലയ്ക്കാണ് താൻ വാഹനത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
Indian billionaire Yohan Poonawalla adds Queen Elizabeth II’s 2016 Range Rover SDV8 Autobiography to his rare car collection. The custom-built luxury SUV, featuring police emergency lights and massage seats, retains its original registration number, OU16 XVH, boosting its historical value.