ബേക്കൽ കോട്ടയിൽ  ഉദയവും  അസ്തമയവും

അന്താരാഷ്‌ട്ര വിനോദസഞ്ചാര ഭൂപടത്തിൽ ഇടം നേടിയ കേരളത്തിലെ ഏറ്റവും മികച്ച സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്
400 വര്‍ഷത്തോളം പഴക്കമുള്ള കേരളത്തിലെ ഏറ്റവും വലിയ സംരക്ഷിത സ്‌മാരകമായ  ബേക്കൽ കോട്ട.  വടക്കേ മലബാറില്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന ടൂറിസ്‌റ്റ് കേന്ദ്രമായ കാസർകോട് ബേക്കല്‍ കോട്ടയിലെ കാഴ്‌ചകൾക്ക് ഇനി മനോഹാരിതയേറും.

ബേക്കൽ കോട്ടയിൽ നിന്നും സഞ്ചാരികൾക്ക്  സൂര്യോദയവും അസ്തമയവും കൂടി കാണാൻ അവസരമൊരുങ്ങുന്നു.   ഏറെക്കാലത്തെ  ആവശ്യമാണ് കേന്ദ്ര പുരാവസ്തു വകുപ്പ്  സന്ദർശന സമയ ക്രമം പരിഷ്കരിച്ചതോടെ നടപ്പായിരിക്കുന്നത്.  സൂര്യോദയം കാണാൻ  രാവിലെ 6.30 ക്കു തുറന്നു നൽകുന്ന കോട്ടയിൽ  ഇനി അസ്തമയ സമയം  വൈകിട്ട് 6.30 വരെ സഞ്ചാരികൾക്കു പ്രവേശിക്കാം. വടക്കേ മലബാറില്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന ടൂറിസ്‌റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് ബേക്കല്‍ കോട്ട.   ബേക്കല്‍ കോട്ടയും, കോട്ടയോട് ചേര്‍ന്നുള്ള ബീച്ചും സഞ്ചാരികളെ ജില്ലയിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളാണ്.

നേരത്തെ 8.30 മുതൽ 5.30 വരെയായിരുന്നു സന്ദർശന സമയം. ഇത് ദീർപ്പിക്കണമെന്ന് വിനോദസഞ്ചാരികൾ   ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ടായിരുന്നു.  ഒക്ടോബർ മാസം ആദ്യം മുതലാണ് പുതുക്കിയ സമയക്രമം നടപ്പാക്കിയത്. രാവിലെ 6.30 മുതൽ വൈകിട്ട് 6.30 വരെയായാണ് സമയം ദീർഘിപ്പിച്ചിരിക്കുന്നത്. രാവിലെ 6.30ന് പ്രവേശനം അനുവദിച്ചു തുടങ്ങുമെങ്കിലും വൈകിട്ട് 5.55 വരെയായിരിക്കും കോട്ടയിൽ പ്രവേശനാനുമതി. കോട്ട കാണാനെത്തുന്നവർ വൈകിട്ട് 5.55 ന് മുന്നേ ടിക്കറ്റ് എടുക്കണം. അസ്‌തമയം കണ്ട ശേഷം 6.30 ന് തന്നെ പുറത്തിറങ്ങുകയും വേണം.

വൈകിട്ട് 6.30 വരെയാണ് നിലവിൽ അനുമതി എങ്കിലും രാത്രി മുഴുവൻ സഞ്ചാരികൾക്ക് കോട്ടയിൽ തങ്ങി ആകാശ കാഴ്‌ചയും. കടൽകാഴ്‌ചയും അനുഭവിക്കാനുള്ള സൗകര്യം വേണമെന്ന ആവശ്യവും കേന്ദ്ര പുരാവസ്തു വകുപ്പിന് മുന്നിൽ ഉയർന്നിട്ടുണ്ട്.  കോട്ടയിൽ നിന്ന് ഖനനം ചെയ്‌ത സാമഗ്രികൾ പ്രദർശനത്തിന് വെയ്ക്കണമെന്ന ആവശ്യവുമുണ്ട്.

 മികച്ച ബോളിവുഡ് ചലച്ചിത്രങ്ങളടക്കം  വിവിധ അന്യഭാഷ ചിത്രങ്ങളും ഇവിടെത്തെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചവയാണ് .  ബേക്കല്‍ കോട്ടയും കടല്‍ത്തീരവും ഇപ്പോഴും വിവാഹ, പരസ്യ ചിത്രീകരണ സംഘങ്ങളുടെ മികച്ച ലൊക്കേഷനാണ്.

12 മീറ്റര്‍ ഉയരത്തിലാണ്‌ മതിലുകള്‍ പണിതിട്ടുളളത്‌. ഏതാനും നൂറ്റാണ്ടുകള്‍ മുമ്പുവരെ വലിയ പീരങ്കികള്‍ ഘടിപ്പിച്ചിരുന്ന നിരീക്ഷണ ഗോപുരങ്ങളും പടവുകളോടുകൂടിയ ജലസംഭരണിയും തെക്കുഭാഗത്തേക്ക്‌ തുറക്കുന്ന തുരങ്കവുമാണ്‌ കോട്ടയില്‍ ഇപ്പോഴും ശേഷിക്കുന്ന വിസ്‌മയകരമായ നിര്‍മിതികള്‍. കോട്ടയില്‍ നിന്ന്‌ നോക്കിയാൽ ബേക്കല്‍ കടല്‍ത്തീരം കാണാം. കാസർകോട് ടൗണിൽ നിന്നും 14 കി.മീ തെക്കായാണ് കോട്ട സ്ഥിതിചെയ്യുന്നത്.

വെട്ടുകല്ലില്‍ തീര്‍ത്ത 130 അടി ഉയരത്തിലുളള കോട്ടയ്‌ക്ക് സമീപം ഒരു ഹനുമാന്‍ ക്ഷേത്രവും ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ചതെന്ന് കരുതുന്ന പളളിയുമുണ്ട്‌. പളളിക്കര വില്ലേജില്‍ കടലിനോട് ചേര്‍ന്നുളള 35 ഏക്കര്‍ സ്ഥലത്താണ്‌ കോട്ട സ്ഥിതി ചെയ്യുന്നത്‌. കദംബ രാജവംശമാണ്‌ ഈ കോട്ട നിര്‍മ്മിച്ചതെന്ന് കരുതുന്നു. തുടര്‍ന്ന്‌ കോലത്തിരി രാജാക്കന്മാരും മൈസൂരു രാജാക്കന്മാരും കൈവശപ്പെടുത്തിയ കോട്ട ഒടുവില്‍ ബ്രിട്ടീഷുകാരുടെ അധീനതയിലായി.  

Explore Bekal Fort, one of Kerala’s top tourist destinations, with new extended visiting hours from 6.30 am to 6.30 pm. Enjoy sunrise and sunset views at this historical monument in North Malabar, featuring impressive fort structures, a Hanuman temple, and a mosque.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version