റെക്കോർഡ് ഉയരത്തിലെത്തി പ്രവാസി ഇന്ത്യക്കാരുടെ നാട്ടിലേക്കുള്ള പണമയക്കൽ. കഴിഞ്ഞ സാമ്പത്തിക വർഷം പ്രവാസികൾ ഇന്ത്യയിലേക്ക് അയച്ചത് 135.46 ബില്യൺ ഡോളറാണ്. ഇത് എക്കാലത്തെയും വലിയ റെക്കോർഡ് ആണ്.
ലോകബാങ്കിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസി പണം ലഭിക്കുന്ന രാജ്യം കൂടിയാണ് ഇന്ത്യ. 2024ലെ കണക്കനുസരിച്ച് 68 ബില്യൺ ഡോളറോടെ മെക്സിക്കോ രണ്ടാം സ്ഥാനത്തും, 48 ബില്യൺ ഡോളറോടെ ചൈന മൂന്നാമതുമാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ പേയ്മെന്റ് ബാലൻസ് ഡാറ്റ അനുസരിച്ച് പ്രവാസി ഇന്ത്യക്കാരിൽ നിന്നുള്ള മൊത്ത ഇൻവേർഡ് റെമിറ്റൻസ് മുൻ വർഷത്തെ അപേക്ഷിച്ച് 14% വർദ്ധിച്ചു. 2016-17ലെ 61 ബില്യൺ ഡോളറിൽ നിന്ന് ഇരട്ടിയിലധികം വർദ്ധനയാണ് ഉണ്ടായിട്ടുള്ളത്.
പ്രവാസി പണമൊഴുക്ക് ജിസിസി രാജ്യങ്ങളിൽ നിന്നും യുഎസ്, യുകെ, സിംഗപ്പൂർ തുടങ്ങിയ വികസിത വിപണികളിൽ നിന്നായി മാറിയതായും ആർബിഐ ഡാറ്റ ചൂണ്ടിക്കാണിക്കുന്നു. മൊത്തം പണമയയ്ക്കലിന്റെ 45 ശതമാനവും ഈ മൂന്ന് രാജ്യങ്ങളിൽ നിന്നാണ്. മുൻപ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണപ്പണമായിരുന്നു ഇന്ത്യയിലെ പ്രവാസി വരുമാനത്തിന്റെ പ്രധാന സ്രോതസ്സ്. ഇപ്പോൾ ആ പ്രവണത മാറുന്നതായി വിദഗ്ധർ വിലയിരുത്തുന്നു.
പ്രവാസി പണമയയ്ക്കലുകൾ ഇന്ത്യയുടെ വ്യാപാര കമ്മി നികത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. 2025 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ വ്യാപാര കമ്മി 287 ബില്യൺ ഡോളറായിരുന്നു. ഇതിന്റെ പകുതിയോളം (47%) നികത്തിയത് പ്രവാസികൾ നാട്ടിലേക്ക് അയച്ച പണമാണ്. അതുകൊണ്ടുതന്നെ എഫ്ഡിഐയേക്കാൾ സ്ഥിരതയുള്ള വരുമാന സ്രോതസ്സായാണ് ആർബിഐ പ്രവാസി പണമയക്കലിനെ കാണുന്നത്.
India received a record $135.46 billion in remittances in the last fiscal year, cementing its position as the world’s top recipient. This 14% surge is primarily due to skilled Indian professionals in the US, UK, and Singapore, significantly boosting India’s current account.