ബിപിഎൽ ടിവി എത്ര ന്യൂജെൻ പിള്ളാർക്ക് അറിയാം എന്നറിയില്ല. എന്നാൽ 90s കിഡ്സ് മിക്കവരും ശക്തിമാനും ജങ്കിൾ ബുക്കും അലിഫ് ലൈലയും എല്ലാം കണ്ടത് ആ മൂന്നക്ഷരത്തിൽ വന്ന ടിവികളിൽ ആയിരുന്നു. ബിപിഎൽ അത് കൊണ്ടുതന്നെ ഒരു വികാരവും ഗൃഹാതുരത്വവും ആണ്. ബിപിഎല്ലിന്റെ വിജയകഥ ആരംഭിച്ചത് കണ്ണൂരിൽ നിന്നാണ്, കമ്പനിയുടെ പേര് പോലെത്തന്നെ മൂന്നക്ഷരപ്പേരുള്ള ഒരു വ്യവസായിയിൽ നിന്ന്-സാക്ഷാൽ ടി.പി.ജി. നമ്പ്യാർ. ഇന്ത്യൻ ഇലക്ട്രോണിക്സ് വ്യവസായത്തിലെ അതികായനെയാണ് അദ്ദേഹത്തിന്റെ വേർപാടിലൂടെ നഷ്ടമാകുന്നത്.
തലശേരിയിൽ ജനിച്ച് രാജ്യം ശ്രദ്ധിച്ച വ്യവസായിയായി വളർന്ന കഥയാണ് ടി.പി. ഗോപാലൻനമ്പ്യാർ എന്ന ടി.പി.ജി. നമ്പ്യാരുടേത്. പ്രതിരോധസേനയ്ക്ക് പാനൽ മീറ്ററുകൾ നിർമിക്കാനാണ് അദ്ദേഹം ആദ്യമായി ബിപിഎൽ എന്ന ബ്രാൻഡുമായി വരുന്നത്. പിന്നീട് കൺസ്യൂമർ ഇലക്ട്രോണിക്സ് രംഗത്തെ പ്രമുഖ നാമമായി അത് മാറി.
ബ്രിട്ടനിൽ ജോലി ചെയ്ത് ഇന്ത്യയിൽ മടങ്ങിയെത്തിയ നമ്പ്യാർ ആ ഓർമയ്ക്കായിക്കൂടിയാണ് തന്റെ സംരംഭത്തിന് ബ്രിട്ടീഷ് ഫിസിക്കൽ ലാബോറട്ടറീസ് എന്ന പേര് നൽകിയത്. 1963ൽ ആരംഭിച്ച സംരംഭം തൊണ്ണൂരുകൾ ആയപ്പോഴേക്കും ഇന്ത്യൻ ഇലക്ട്രോണിക് രംഗത്തെ ഏറ്റവും മികച്ച ബ്രാൻഡ് ആയി.
82ലെ ഏഷ്യൻ ഗെയിംസിനും 83ലെ ക്രിക്കറ്റ് വേൾഡ് കപ്പിനും ശേഷം ഇന്ത്യൻ വിപണിയിൽ കളർ ടിവികൾക്ക് വൻ ഡിമാൻഡ് ഉണ്ടാകും എന്ന് മനസ്സിലാക്കിയാണ് നമ്പ്യാർ ബിപിഎൽ കളർ ടിവിയുമായി എത്തുന്നത്. പിന്നാലെ റഫ്രിജറേറ്റർ, വാഷിങ്മെഷീൻ എന്നിങ്ങനെ ഇരുനൂറിലധികം ഉൽപ്പന്നങ്ങളാണ് കമ്പനി മാർക്കറ്റിലെത്തിച്ചത്. പിന്നീട് ടെലിക്കമ്മ്യൂണിക്കേഷൻ രംഗത്തേക്ക് തിരിഞ്ഞ നമ്പ്യാർ ബിപിഎൽ മൊബൈൽ ഫോണുകളുമായി അരങ്ങ് വാണു. ഇങ്ങനെ മാറുന്ന കാലത്തിനനുസരിച്ച് വ്യവസായത്തെ നവീകരിച്ചുകൊണ്ടേ ഇരുന്ന പ്രക്രിയയാണ് ടി.പി.ജി. നമ്പ്യാരെ വേറിട്ടുനിർത്തിയത്.
Explore the legacy of T P G Nambiar and the rise of BPL, India’s iconic electronics brand from the 1990s, known for revolutionizing color TVs. Learn how BPL navigated challenges and re-emerged under new leadership.