വിഴിഞ്ഞം തുറമുഖ നിർമാണത്തിന്റെ ഒന്നാം ഘട്ടം ഉദ്‌ഘാടനത്തിനായി ഒരുങ്ങവെ കേന്ദ്രത്തിന്റേത് സമ്മർദ്ദ തന്ത്രമോ? അവസാന നിമിഷം പാലം വലിച്ചത് കേന്ദ്രമോ, അദാനിയോ? തൂത്തുക്കുടി തുറമുഖത്തിന് വേണ്ടി വിഴിഞ്ഞത്തെ ബലിയാടാക്കുകയാണോ?
ഇതിനൊക്കെ ഉത്തരം ആവശ്യപ്പെട്ടു കേന്ദ്രത്തിനു കത്തയച്ചിരിക്കുകയാണ് കേരളാ സർക്കാർ.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമാണത്തിനായി നൽകിയ വയബിലിറ്റി ഗ്യാപ് ഫണ്ട് തുക, വായ്‌പയാക്കി മാറ്റിയ കേന്ദ്ര സർക്കാരിന്റെ നിലപാടിനെതിരെ രൂക്ഷ വിമർശനമുയരുന്നു. കേന്ദ്രസർക്കാരിന്റെ ഈ മലക്കം മറിച്ചിലോടെ വിഴിഞ്ഞം പദ്ധതി പ്രതിസന്ധിയിലേക്ക് നീങ്ങുമോ എന്നാണ് ആശങ്ക. വിഴിഞ്ഞത്തിനായി കേന്ദ്രസർക്കാർ നൽകിയ തുക വായ്പയാക്കി മാറ്റിയതിനു പിന്നിൽ അദാനി ഗ്രൂപ്പിന്റെ സമ്മർദ്ദമെന്നാണ് ആരോപണമുയരുന്നത്.
കേന്ദ്രം നൽകിയ 817 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട്, പലിശ സഹിതം തിരിച്ചടയ്ക്കണമെന്നാണ് കേന്ദ്ര സർക്കാർ ഉപാധിവെച്ചത്. ഇതോടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനുള്ള കേന്ദ്രസർക്കാർ വാഗ്‌ദാനംചെയ്‌ത വയബിലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ചു. ഒക്ടോബർ അവസാന ആഴ്ചയിലാണ് കേന്ദ്രസർക്കാരിന്റെ ഈ തീരുമാനത്തിന്റെ മിനുട്ട്സ് സംസ്ഥാന സർക്കാരിന് ലഭിക്കുന്നത്.
കേന്ദ്ര സർക്കാർ അനുവദിച്ച ഫണ്ട് വായ്പയായാണ് നല്‍കിയത് എന്നാണ് കേന്ദ്രത്തിന്റെ കത്തില്‍ പറയുന്നത്. അങ്ങനെയെങ്കിൽ പലിശയുൾപ്പെടെ 10,000 കോടി രൂപയോളം സർക്കാരിന് തിരിച്ചടക്കേണ്ടിവരും.അതോടെയാണ് വാഗ്‌ദാനംചെയ്‌ത വയബിലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ചത് . തൂത്തുക്കുടി തുറമുഖത്തിന് കേന്ദ്രം നൽകിയ അതേ പരിഗണന വിഴിഞ്ഞത്തിന് നൽകണമെന്നും മുഖ്യമന്ത്രി ധനമന്ത്രി നിർമലാ സീതാരാമനോട് ആവശ്യപ്പെട്ടു..
മുഖ്യമന്ത്രിയുടെ കത്തിന്റെ പൂർണരൂപം ഇങ്ങനെ….
രാജ്യത്തിന്റെ വികസനക്കുതിപ്പിൽ വിഴിഞ്ഞത്തിന് സുപ്രധാന പങ്കുവഹിക്കാനുണ്ട്. വിഴിഞ്ഞം തുറമുഖ നിർമാണ ഘട്ടത്തിലെ വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയിൽ മാത്രമേ പണം അനുവദിക്കാനാകൂയെന്ന കേന്ദ്ര നിലപാട് പുനഃപരിശോധിക്കണം. പദ്ധതി വിഹിതമായ 8867 കോടി രൂപയിൽ 5595 കോടി രൂപയും സംസ്ഥാനമാണ് നിക്ഷേപം നടത്തുന്നത്. പരിമിതമായ സാമ്പത്തിക സ്രോതസ്സുകളുള്ള കേരളം പോലുള്ള ഒരു ചെറിയ സംസ്ഥാനത്തിന് ഇത് വലിയ ബാധ്യതയാണ്. തുക തിരിച്ചടയ്‌ക്കേണ്ടിവരുന്നത് സംസ്ഥാനത്തിന് 10,000 മുതൽ 12,000 കോടി രൂപയുടെ നഷ്ടം വരുത്തും. വിജിഎഫ് മാനദണ്ഡങ്ങൾക്ക് വിരുദ്ധവുമാണ് കേന്ദ്ര തീരുമാനം.
കസ്റ്റംസ് തീരുവയിൽ ഒരു രൂപയിൽ നിന്നും കേന്ദ്രസർക്കാരിന് 60 പൈസ ലഭിക്കും. അതേസമയം കേരളത്തിന് മൂന്ന് പൈസയിൽ താഴെയേ കിട്ടൂ. വിഴിഞ്ഞത്തുനിന്ന് പ്രതിവർഷം പതിനായിരം കോടി രൂപ കസ്റ്റംസ് തീരുവയായി ലഭിക്കും. ഇതുവഴി കേന്ദ്രത്തിന് 6000 കോടി രൂപയാണ് അധികവരുമാനം ലഭിക്കുക. തുറമുഖം മുഖേന രാജ്യത്തിന് പ്രത്യക്ഷവും പരോക്ഷവുമായ നേട്ടങ്ങളും വിദേശനാണ്യ സമ്പാദ്യവുമുണ്ടാകുമെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
Urging government intervention for the Vizhinjam International Seaport’s funding, highlighting financial implications and requesting the release of Viability Gap Funding without repayment conditions.