ഒരു രാജ്യത്തിന്റെ അഭിമാന സ്വപ്നങ്ങൾക്ക് ചിറക് പകരാൻ വിദേശികൾക്ക് കഴിയുമോ? അഥവാ ഈ മണ്ണുമായി യാതൊരു ബന്ധവുമില്ലാതെ കച്ചവടതാൽപര്യത്തിൽ ഇന്ത്യയിലെത്തുകയും, സ്വാതന്ത്ര്യാനന്തരം വിദേശികളായ ആ യുവാക്കൾ ഊതിതെളിയിച്ച സംരംഭത്തിന്റെ ചെറു കനലിന്, അവർ ഊഹിച്ചതിനും എത്രയോ അപ്പുറം ഈ മഹാരാജ്യത്തിന്റെ വികസനപന്തമാകാനും ചങ്കൂറ്റത്തിന്റെ മാരിക്കാറ്റാകാനും വ്യവസായ വിപ്ലവത്തിന്റെ തിരമാലയാകാനും കഴിയുമെങ്കിൽ അതിന് ഒരു പേരേ ഉണ്ടാവുകയുള്ളൂ. എൽ ആന്റ് ടി! അഥവാ ലാർസൻ ആന്റ് ടുബ്റോ! രണ്ട് യുവ ഡാനിഷ് എഞ്ചിനീയർമാർ 1938-ൽ മുംബൈയിൽ തുടങ്ങിയ ഒരു കട, 8 പതിറ്റാണ്ടുകൾക്കിപ്പുറം, രണ്ട് ലക്ഷം കോടിയുടെ വാർഷിക വരുമാനവും 5 ലക്ഷം കോടിയുടെ മാർക്കറ്റ് ക്യാപിറ്റലൈസേഷനും നേടി, ഇന്ത്യയുടെ ഇൻഫ്രാസ്ട്രക്ചർ ബിൽഡറായി മാറിയിരിക്കുന്നു.
1946-ൽ എഞ്ചിനീയറിംഗ് കൺസ്ട്രക്ഷൻ ആന്റ് കോൺട്രാക്റ്റ്സ് ലിമിറ്റഡ് സ്ഥാപിച്ചുകൊണ്ട്, കൺസ്ട്രക്ഷൻ ഫീൽഡിലേക്ക് കാലെടുത്തുവെച്ചു. 1947-ൽ കൊൽക്കത്തയിലും, അന്നത്തെ മദ്രാസിലും, ഡൽഹിയിലും ഓഫീസുകൾ തുറന്നു. 1950-ൽ Larsen & Toubro പബ്ളിക് കമ്പനിയായി. സ്വാതന്ത്യം കിട്ടിയിട്ട് മൂന്ന് വർഷത്തിനകം ഈ രാജ്യത്തിന്റെ ഇവിടുന്നങ്ങോട്ടുള്ള വളർച്ചയിൽ എൽ ആന്റ് ടിക്ക് എന്ത് റോളുണ്ടെന്ന് കാണാൻ ആ ബിസിനസ്സുകാർക്കായി. എൽ ആൻ ടി , പബ്ളിക് കമ്പനിയാകുമ്പോ 20 ലക്ഷം രൂപ, അതായത് ഇന്നത്തെ ഏതാണ്ട് 25 കോടിയോളം രൂപയായിരുന്നു അവരുടെ പെയ്ഡ്അപ് ക്യാപിറ്റൽ, അന്നത്തെ സെയിൽ ടേൺ ഓവറാകട്ടെ, 1 കോടി പത്ത് ലക്ഷവും! അതായത് ഇന്നത്തെ ഏതാണ്ട് 120 കോടിയോളം! അതായിരുന്നു ലാർസണും ടുബ്റോയും!
ആ മികവ് കണ്ടാകണം, 1965-ൽ രാജ്യം ആണവ ഊർജ്ജത്തെക്കുറിച്ചും അതിന്റെ മറ്റ് സാധ്യകളും തേടിയപ്പോൾ, മറ്റൊന്നും ചിന്തിച്ചില്ല, ഡോ ഹോമി ജെ ഭാഭ, എൽ ആൻ ടി-യെ പാർട്ണറാക്കി, ഈ രാജ്യത്തിന്റെ ആദ്യ നൂക്യയർ റിയാക്ടറുടെ നിർമ്മാണത്തിന്! അങ്ങനെ ആണവ കേന്ദ്രത്തിന്റെ ക്രിട്ടിക്കൽ കംപോണൻസിന്റെ നിർമ്മാത്തിൽ എൽ ആന്റ് ടിയുമായി അറ്റോമിക് എനർജി കമ്മീഷൻ ചർച്ചയ്ക്കെത്തി. 1970- ഐസ്ആർഒ ചെയർമാൻ വിക്രം സാരാഭായ്, എൽ ആൻ ടി-യെ മാനുഫാക്ചറിംഗ് പാർട്ണറായി കണ്ടെത്തി. എന്തിനായിരുന്നു, ഇന്ത്യയുടെ ആകാശ പദ്ധതികളിലും റോക്കറ്റ് സ്വപ്നങ്ങളിലും എഞ്ചിനീയറിഗ് വിസ്മയം ഒരുക്കാൻ! 1985- ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ , DRDO, എൽ ആൻ ടി-യെ ഇന്ത്യയുടെ യുദ്ധ ഉപകരണങ്ങളുടെ ഡിസൈൻ പാർട്ണറാക്കി! അന്ന് ഡിസൈൻ പങ്കാളിത്തം മാത്രമേ എൽ ആന്റ് ടിക്ക് കിട്ടിയുള്ളൂവെങ്കിൽ ഇന്ന് ഇന്ത്യൻ പ്രതിരോധ സേനകളുടെ മൂർച്ചയേറിയ ആയുധങ്ങളും മിസൈൽ സിസ്റ്റവും, കമാന്റ് ആന്റ് കൺട്രോൾ സിസ്റ്റവും സേനകൾക്കായുള്ള എഞ്ചിനീയറിംഗ് എക്യുപ്മെന്റുകളും മുങ്ങിക്കപ്പലുകളും ഡിആർഡിഒ വഴി നിർമ്മിക്കുന്നു.
182 മീറ്റർ നീളമുള്ള ലോകത്തെ ഏറ്റവും വലിയ സ്റ്റാച്യു, സ്റ്റാച്യു ഓഫ് യൂണിറ്റി, എൽ ആന്റി ടി-യുടെയാണ്. ഇന്ത്യയുടെ ഏറ്റവും വലിയ സിറ്റി സർവൈയലൻസ് നെറ്റ് വർക്ക് മൂംബൈയിലാണ്, 1500 കേന്ദ്രങ്ങളിലായി, 6000 സിസിടിവി ക്യാമറകൾ! അർബൻ സേഫ്റ്റിക്കായി സദാ കണ്ണുതുറന്നിരിക്കുന്ന ഈ മഹാക്യാമറാ കണ്ണുകൾ എൽ ആന്റി ടി- വിന്യസിച്ചതാണ്. രാജ്യത്തെ 3000-ത്തിലധികം ഗ്രാമങ്ങളിലായി 48 ലക്ഷം ആളുകൾക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതി എൽ ആന്റി ടി-നടപ്പാക്കുകയാണ്. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിൽ എൽ ആന്റി ടി-യുടെ കൈയ്യൊപ്പാണ്!
K9 Vajra-T-യിലെ പീരങ്കികൾ, പിനാക റോക്കറ്റിന്റെ പ്രധാന മെഷീനറികൾ , നേവിയുടെ മുങ്ങിക്കപ്പലുകളിൽ സങ്കീർണ്ണവും തന്ത്രപ്രധാനവുമായ ഹള്ളുകൾ, ന്യൂക്ലിയർ സബ്മറൈനുകളിലെ ക്രട്ടിക്കലായ ഹാർഡ് വെയറുകൾ തുടങ്ങിയവയിലെല്ലാം ഈ കമ്പനിയുടെ കയ്യൊപ്പ് പതിഞ്ഞിരിക്കുന്നു. അതിനെല്ലാമുപരി, ലാർസൻ ആന്റ് ടുബ്റോയുടെ അഭിമാനം എന്തെന്ന് അറിയോ? 94 ശതമാനത്തിലധികം കൃത്യയുള്ള ലോകത്തെ ഏറ്റവും വിശ്വസനീയമായ, ഒറ്റ ലോഞ്ചിൽ 100-ലധികം സാറ്റലൈറ്റുകളെ മാനത്ത് എത്തിച്ച നമ്മുടെ പിഎസ്എൽവി-യിൽ നിർണ്ണായകമായ നിർമ്മാണ പങ്കാളിത്തം എൽ ആൻ ടിക്ക് ഉണ്ട്. ഓർക്കുക, ഹെഡ്ലൈനുകളിലല്ല, ഇന്ത്യയുടെ ലൈഫ് ലൈൻ പ്രൊജക്റ്റുകളിലാണ് എൽ ആന്റ് ടി-യുടെ പേരുണ്ടാകുക.
എട്ട് പതിറ്റാണ്ടുകൊണ്ട് ഇന്ത്യയെന്ന രാജ്യത്തിന്റെ നിർമ്മാണ പങ്കാളിയായ എൽ ആന്റ് ടി, ഒരു രാജ്യത്തിനൊപ്പം നിന്ന് അവരുടെ വലുപ്പവും വൈദഗ്ധ്യവും വൈവിദ്ധ്യവും വസ്തുനിഷിഠമായി വരച്ചിട്ടപ്പോൾ, വരം പോലെ കിട്ടിയത് എന്താണെന്ന് അറിയുമോ? കോടിക്കണക്കിന് ഡോളർ ലാഭമുള്ള അന്താരാഷ്ട്ര പ്രൊജക്റ്റുകളിലേക്കുള്ള എൻട്രി! ഖത്തർ എനർജിയുടെ നോർത്ത് ഫീൽഡിലെ പ്രകൃതി വാതക ഖനനത്തിൽ 15,000 കോടിയുടെ ബിസിനസ്സ് ആണ് എൽ ആന്റ് ടി നേടിയിരിക്കുന്നത്! അതും ലോകത്തെ മറ്റ് ബിസിനസ്സ് ഭീമൻമാരെ പിന്തള്ളിക്കൊണ്ട്!
ഇങ്ങനെ എല്ലാ മേഖലയിലും കൈവെച്ച കമ്പനി ഇനി എങ്ങോട്ട് വളരും എന്നാണ് സാധാരണക്കാരന് തോന്നുന്നതെങ്കിൽ, L&T പറയും ഞങ്ങൾ തുടങ്ങിയിട്ടേ ഉള്ളൂവെന്ന്! മിഡിൽ ഈസ്റ്റിലെ കൂടുതൽ വമ്പൻ നിർമ്മാണ ഓർഡറുകൾ, സ്മാർട്ട് സിറ്റികളുടെ ബില്യൺ ഡോളർ പദ്ധതികൾ, രാജ്യത്ത് കോസ്റ്റൽ റോഡുകളുടേയും, മെട്രോകളുടേയും എക്സ്പ്രസ് വേകളുടേയും എയർപോർട്ടുകളുടേയും നിർമ്മാണം എന്നിവയിൽ തുടങ്ങി, സെമികണ്ടക്റ്ററുകളുടെ നിർമ്മാണം വരെ ബൃഹത്തായ വമ്പൻ കാര്യങ്ങളുടെ വലിയ ഭാവി മുന്നിൽ കാണുകയാണ് എൽ ആന്റ് ടി. അവർക്ക് ആ സ്വപ്നം കാണാനാകും. കാരണം 85 വർഷങ്ങൾക്ക് മുമ്പ് ചെറുതായി തുടങ്ങി, യുദ്ധകാലത്ത് പച്ചപിടിച്ച്, പുതിയതായി ജനിച്ചുവീണ ഒരു മഹാരാജ്യത്തിനൊപ്പം വളർന്ന് എട്ട് പതിറ്റാണ്ടുകൾ കൊണ്ട് ഇന്ത്യയുടെ അഭിമാനത്തിനൊപ്പം തലഉയർത്തി നിൽക്കുകയാണ് എൽ ആന്റ് ടി.