ദ്രവ്യ ധോലാകിയ എന്ന പേര് മലയാളിക്ക് അത്ര പരിചിതമായിരിക്കില്ല. എന്നാൽ ജീവിതം പഠിക്കാൻ കൊച്ചിയിലെത്തിയ കോടീശ്വര പുത്രൻ എന്ന് പറഞ്ഞാൽ ചിലർക്കെങ്കിലും ഓർമ കാണേണ്ടതാണ്. ഗുജറാത്തിലെ വജ്രവ്യാപാരിയായ സാവ്ജി ധൻജി ധോലാകിയയാണ് മകൻ ദ്രവ്യയെ ഏതാനും വർഷങ്ങൾക്കു മുൻപ് ജീവിതം പഠിക്കാൻ കേരളത്തിലേക്ക് അയച്ചത്. ജീവിതത്തിന്റെ ഫീസില്ലാ കോഴ്സ് പാസ്സായി തിരിച്ചുപോയ ദ്രവ്യ ഇപ്പോൾ വിവാഹിതനായിരിക്കുന്നു. വിവാഹത്തിന് ദ്രവ്യയെ ആശംസിക്കാനെത്തിയതാകട്ടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും.
2016ലാണ് കൊച്ചിയിലെത്തിയ ദ്രവ്യയെക്കുറിച്ചുള്ള വാർത്തകൾ പത്രങ്ങളിലും ചാനലുകളിലും നിറഞ്ഞത്. പണത്തിന്റെ വില അറിയാൻ കുടുംബത്തിലെ കൗമാരക്കാരെ ദൂരനഗരങ്ങളിലേക്ക് അയക്കുന്നത് ധോലാകിയ കുടുംബത്തിന്റെ പതിവാണ്. ഇതനുസരിച്ചാണ് എട്ട് വർഷങ്ങൾക്കു മുൻപ് ദ്രവ്യ കൊച്ചിയെലെത്തിയത്. അന്ന് 200 രൂപ ദിവസശമ്പളത്തിൽ കൊച്ചിയിലെ ഒരു ബേക്കറിയിലായിരുന്നു ദ്രവ്യക്ക് ജോലി.
ഗുജറാത്തിലെ ഏറ്റവും വലിയ ധനികരിൽപ്പെടുന്ന സാവ്ജി ധൻജി ധോലാകിയയുടെ മകനാണ് ദ്രവ്യ. ഇന്ത്യയിലെ പ്രമുഖ വജ്ര നിർമ്മാണ, കയറ്റുമതി കമ്പനിയായ ഹരി കൃഷ്ണ എക്സ്പോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും ചെയർമാനുമാണ് സാവ്ജി. 12000 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി.
കൊച്ചിയിലെ ജോലിക്ക് ശേഷം ഗുജറാത്തിലേക്ക് തിരിച്ചുപോയ ദ്രവ്യ പിന്നീട് ഹാർവാർഡിൽ നിന്നും ബിരുദം നേടി. ഇപ്പോൾ ധോലാകിയ കമ്പനികളുടെ സിഇഒയാണ് ദ്രവ്യ. അടുത്തിടെ ഡൽഹി ബ്രാഞ്ചിലെ ജീവനക്കാർക്ക് അറുന്നൂറോളം കാറുകൾ സമ്മാനം നൽകി ധോലാകിയ കമ്പനി വാർത്തകളിൽ ഇടം പിടിച്ചിരുന്നു.