രത്തൻ ടാറ്റയുടെ അർദ്ധ സഹോദരനും ടാറ്റ ട്രസ്റ്റിന്റെ പുതിയ ചെയർമാനുമായ നോയൽ ടാറ്റയുടെ മരുമകളാണ് മാനസി കിർലോസ്കർ.
2019ൽ നോയലിന്റെ മകൻ നെവിലും മാനസിയും തമ്മിലുള്ള വിവാഹം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ രണ്ട് ബിസിനസ് കുടുംബങ്ങൾ തമ്മിലുള്ള ബന്ധത്തിന് ശക്തി പകർന്നു. നിലവിൽ ടാറ്റയുടെ റീട്ടെയിൽ വിഭാഗമായ ട്രെൻ്റിന്റെ തലവനാണ് നെവിൽ ടാറ്റ.
2022ൽ വിക്രം കിർലോസ്കറിന്റെ മരണശേഷമാണ് അദ്ദേഹത്തിന്റെ മകൾ മാനസി കിർലോസ്കർ ഗ്രൂപ്പിന്റെ തലപ്പത്തെത്തുന്നത്. വിക്രമിന്റെ ഏക മകളായ മാനസി കിർലോസ്കർ സംയുക്ത സംരംഭത്തിന്റെ ബോർഡ് ചെയർപേഴ്സണായിരുന്നു. ടൊയോട്ട മെറ്റീരിയൽ ഹാൻഡ്ലിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, കിർലോസ്കർ ടൊയോട്ട ടെക്സ്റ്റൈൽ പ്രൈവറ്റ് ലിമിറ്റഡ്, ടൊയോട്ട എഞ്ചിൻ ഇന്ത്യ ലിമിറ്റഡ് തുടങ്ങിയവയ്ക്ക്
നിലവിൽ നേതൃത്വം നൽകുന്നത് മാനസിയാണ്.
കിർലോസ്കർ സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനും എംഡിയുമാണ് മാനസിയുടെ അമ്മ ഗീതാഞ്ജലി കിർലോസ്കർ. മാനസി മുൻപ് കിർലോസ്കറിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ, സിഇഒ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. യുഎസ്സിലെ റോഡ് ഐലൻഡ് സ്കൂൾ ഓഫ് ഡിസൈനിംഗിൽ നിന്ന് ബിരുദം നേടിയ മാനസി എൻജിഒ പ്രവർത്തനങ്ങളിലും സജീവമാണ്. Caring with Colour എന്ന മാനസിയുടെ എൻജിഒ കർണാടകയിലെ നിരവധി സർക്കാർ സ്കൂളുകൾക്ക് സഹായമെത്തിക്കുന്നുണ്ട്. 130 വർഷം പാരമ്പര്യമുള്ള കിർലോസ്കർ ഗ്രൂപ്പിന്റെ അഞ്ചാം തലമുറയിൽപ്പെടുന്ന മാനസിയുടെ ആസ്തി 13488 കോടി രൂപയാണ്.
സംരംഭകത്വത്തിന് പുറമേ പെയിന്റിങ്ങും ഇഷ്ടപ്പെടുന്ന മാനസി ചെറുപ്പകാലം മുതൽക്ക് തന്നെ നിരവധി പെയിന്റിങ് എക്സിബിഷനുകളും നടത്തിയിട്ടുണ്ട്.