ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മിടുക്കനായ ഗണിതശാസ്ത്രജ്ഞൻമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ആളാണ് വസിഷ്ഠ നാരായൺ സിംഗ്. 1942-ൽ ബീഹാറിലെ ബസന്ത്പൂർ ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. രാമാനുജൻ്റെ പിൻഗാമിയായി വാഴ്ത്തപ്പെട്ട വസിഷ്ഠ, നാസ, ഐഐടി, ബെർക്ക്‌ലി തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളിൽ പഠിപ്പിച്ചിട്ടുണ്ട്.
മാനസികരോഗത്താൽ ഇടയ്ക്കൊന്ന് കരിയർ പാളം തെറ്റിയപ്പോൾ അദ്ദേഹം എല്ലാത്തിൽ നിന്നും ഒരു ഇടവേള എടുത്തിരുന്നു. ബഹിരാകാശ ഏജൻസിയുടെ കമ്പ്യൂട്ടറുകൾ തകരാറിലായപ്പോൾ കണക്കുകൂട്ടലുകൾ നടത്താൻ ഒരിക്കൽ നാസ അദ്ദേഹത്തെ വിളിച്ചിരുന്നുവെന്ന് വസിഷ്ഠ നാരായൺ സിങ്ങിനെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ പറയാറുണ്ട്. ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാനുള്ള അപ്പോളോ ദൗത്യത്തിനിടെ നാസയുടെ ശ്രമങ്ങൾക്ക് സംഭാവന നൽകിയതായി അദ്ദേഹത്തെ കുറിച്ചുള്ള മറ്റൊരു രസകരമായ കഥ അവകാശപ്പെടുന്നു.
ഒരു പോലീസ് കോൺസ്റ്റബിളിൻ്റെ മകനായിരുന്നു വസിഷ്ഠ നാരായണൻ. ജാർഖണ്ഡിലെ നെതർഹട്ട് സ്‌കൂളിലാണ് അദ്ദേഹം പഠിച്ചത്. തുടർന്ന് പട്‌ന സയൻസ് കോളേജിലേക്ക് പോയി. ഒരു ബാലപ്രതിഭയായും ഗണിതശാസ്ത്ര മാന്ത്രികനായും ചെറുപ്പത്തിൽ തന്നെ അദ്ദേഹം അംഗീകരിക്കപ്പെട്ടിരുന്നു. 1969 ൽ അദ്ദേഹം പിഎച്ച്ഡി നേടി. പ്രൊഫസർ ജോൺ എൽ കെല്ലി അദ്ദേഹത്തിൻ്റെ പ്രതിഭ തിരിച്ചറിയുകയും യുഎസിലേക്കുള്ള യാത്ര ക്രമീകരിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ പ്രവേശനം നേടി.
ഏകദേശം 9 വർഷത്തോളം അമേരിക്കയിൽ താമസിച്ച ശേഷം വസിഷ്ഠ നാരായണൻ ഇന്ത്യയിലേക്ക് മടങ്ങി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) കാൺപൂർ, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻ്റൽ റിസർച്ച് (ടിഐഎഫ്ആർ) മുംബൈ, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ഐഎസ്ഐ) കൊൽക്കത്ത എന്നിവിടങ്ങളിൽ അദ്ദേഹം പഠിപ്പിച്ചു. വിവാഹം കഴിച്ചെങ്കിലും വൈകാതെ അദ്ദേഹത്തിന് മാനസികരോഗം പിടിപെട്ടു. സ്കീസോഫ്രീനിയ ആയിരുന്നു അദ്ദേഹത്തിന് ബാധിച്ചത്. ജീവിതത്തിൽ വളരെയധികം നേട്ടങ്ങൾ കൈവരിച്ച വസിഷ്ഠയ്ക്ക് അസുഖം ബാധിച്ചതോടെ ദാമ്പത്യം വെറും രണ്ട് വർഷത്തിനുള്ളിൽ അവസാനിപ്പിക്കേണ്ടി വന്നു. 80-കളുടെ മധ്യത്തോടെ കരിയറിൽ നിന്നും ഇടവേള എടുത്ത അദ്ദേഹം പൂർണ്ണമായും ഒരു രോഗിയായി.
ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയ വസിഷ്ഠ നാരായണനെ ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ പെട്ടെന്ന് കാണാതായി. വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തെ കണ്ടെത്തുന്നത് ഒരു ഗ്രാമത്തിൽ അവശനായി ജീവിക്കുന്ന നിലയിൽ ആയിരുന്നു. ബംഗളൂരുവിലെ മാനസികാരോഗ്യ സ്ഥാപനമായ നിംഹാൻസ് ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചു. പിന്നീട് ബിജെപി എംപി ശത്രുഘ്നൻ സിൻഹ ഡൽഹിയിലെ ഐഎച്ച്ബിഎഎസിൽ അദ്ദേഹത്തിന് ചികിത്സ സഹായങ്ങൾ ചെയ്തു കൊടുത്തു. നിരവധി കഴിവുകൾ ഉണ്ടായിരുന്നിട്ടും, തൻ്റെ കരിയറിലും കഴിവിലും മുഴുവനായും എത്താൻ കഴിയാതെ, 2019 നവംബർ 14-ന് 72-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു. മരണാനന്തരം പത്മശ്രീ പുരസ്കാരം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.
Vashishta Narayan Singh, one of India’s most brilliant mathematicians, was renowned for his contributions to mathematics and his work with NASA. Discover his journey from a child prodigy to a renowned scholar and his struggles with mental illness.