ബിഹാർ രാഷ്ട്രീയത്തിൽ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് മൈഥിലി താക്കൂർ. വെറും 25 വയസ്സിൽ, സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎ ആയാണ് മൈഥിലിയുടെ ചരിത്രനേട്ടം.
ബിഹാറിലെ നാടൻ പാട്ടുകളിലൂടെയും ഭജൻസിലൂടെയും റിയാലിറ്റി ഷോകളിലൂടെയുമാണ് മൈഥിലി ജനപ്രീതി നേടിയത്. ഇൻസ്റ്റഗ്രാമിൽ 63 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള മൈഥിലിയെ അലിനഗറിലെ ജനങ്ങളും പിന്തുടരുമെന്ന കൃത്യമായ കണക്കുകൂട്ടലിലാണ് ബിജെപി അവരെ സ്ഥാനാർത്ഥിയാക്കിയത്. മൈഥിലിയുടെ ശക്തമായ ഡിജിറ്റൽ സാന്നിധ്യം യുവ വോട്ടർമാരെ സ്വാധീനിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.
കുട്ടിക്കാലത്ത്, നിരവധി പാട്ട് റിയാലിറ്റി ഷോകളിൽ പങ്കെടുക്കാൻ ശ്രമിച്ച മൈഥിലി തുടർച്ചയായി നിരസിക്കപ്പെട്ടിരുന്നു. സ രീ ഗ മ പ ചാമ്പ്സിലും മറ്റ് ജനപ്രിയ സംഗീത മത്സരങ്ങളിലും പങ്കെടുക്കാൻ ശ്രമിച്ചെങ്കിലും വിജയിക്കാനായില്ല. ഇന്ത്യൻ ഐഡൽ ജൂനിയറിനായി ഒഡിഷൻ നടത്തിയെങ്കിലും അവസാന ഘട്ടത്തിലെത്തിയില്ല. എന്നാൽ 2017ൽ റൈസിംഗ് സ്റ്റാറിൽ സ്ഥാനം നേടിയതാണ് അവവരുടെ പാട്ട് കരിയറിൽ വഴിത്തിരിവായത്. ഭക്തിഗാനങ്ങളുടെ ആലാപനത്തിലൂടെ മൈഥിലി ശ്രദ്ധിക്കപ്പെട്ടു. ഫൈനലിലെത്തിയ മൈഥിലിക്ക് എന്നാൽ വെറും രണ്ട് വോട്ടുകൾക്ക് വിജയ കിരീടം നഷ്ടപ്പെട്ടു, രണ്ടാം സ്ഥാനം നേടി.
തേജസ്വി യാദവ്, തൗസീഫ് ആലം എന്നിവരുടെ 26 വയസ്സിൽ എംഎൽഎയായ റെക്കോർഡാണ് മൈഥിലി തകർത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗങ്ങൾ കേട്ട് പ്രചോദനം ഉൾക്കൊണ്ടാണ് താൻ രാഷ്ട്രീയത്തിലിറങ്ങിയത് എന്നാണ് മൈഥിലി പറഞ്ഞത്. ജയിച്ചാലും തോറ്റാലും ബിഹാറിന് വേണ്ടി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും മൈഥിലി വ്യക്തമാക്കിയിരുന്നു.
അലിനഗറിന്റെ പേര് സീതാനഗർ എന്നാക്കി മാറ്റുമെന്ന പ്രഖ്യാപനത്തിലൂടെ പ്രചാരണ സമയത്ത് മൈഥിലി വാർത്തകളിൽ നിറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം മാധ്യമങ്ങളെ കണ്ടപ്പോഴും അലിനഗർ സീതാനഗറാക്കുമെന്നത് അവർ ആവർത്തിച്ചു.
At just 25, folk singer and social media sensation Maithili Thakur has become Bihar’s youngest MLA, representing Alinagar. Learn about her journey from reality shows to politics, breaking the record held by Tejaswi Yadav.
