‘ഒരു രാജ്യം, ഒരു കമ്പോളം, ഒറ്റ നികുതി’ എന്ന പ്രഖ്യാപനത്തോടെയാണ് 2017 ജൂലൈ ഒന്നുമുതൽ രാജ്യത്ത് ഗുഡ്സ് സർവീസ് ടാക്സ് നടപ്പാക്കിയത്. ജിഎസ് ടി നിയമം കൃത്യമായി നടപ്പാക്കി നികുതി വെട്ടിപ്പ്  ഇല്ലാതാക്കിയും, നടക്കുന്ന വൻകിട വെട്ടിപ്പുകൾ കൈയോടെ കണ്ടെത്തി പിടികൂടി അതിന്റെ നികുതിയും പിഴത്തുകയും കേന്ദ്ര ഖജനാവിലേക്ക് ഒടുക്കിയും സംസ്ഥാനം ജിഎസ് ടി മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ട്. പക്ഷെ ജിഎസ് ടി കൗൺസിൽ കൊണ്ട് വരുന്ന പുതിയ നിർദേശങ്ങൾ കേരളത്തിലെ ചെറുകിട വ്യവസായത്തെയും സംരംഭങ്ങളെയും തളർത്തുന്നവയാണ്.

സ്വയം തൊഴിൽ കണ്ടെത്തുകയും ലക്ഷക്കണക്കായ ആളുകൾക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ നൽകുകയും ചെയ്യുന്ന സുപ്രധാനമായ വ്യവസായ മേഖലയാണ് ഈ നിലപാടുമൂലം തകർച്ചയെ അഭിമുഖീകരിക്കുന്നത്. വ്യാപാരികളും വ്യവസായികളും നൽകേണ്ട എല്ലാ ഫീസുകളും ജി എസ്ടി കുത്തനെ  വർധിപ്പിക്കുകയാണ്.

വ്യാപാരമേഖലയുടെ പ്രധാനപ്പെട്ട പ്രത്യേകത ഭൂരിപക്ഷം വരുന്ന സംരംഭകരും വാടകക്കാരാണെന്നുള്ളതാണ്. ജിഎസ്ടി കൗൺസിലിന്റെ പുതിയ തീരുമാനപ്രകാരം വാടകയ്ക്ക് കെട്ടിടങ്ങളോ ഭൂമിയോ എടുത്തിട്ടുള്ളവർ നൽകുന്ന വാടകയ്ക്കുമേൽ 18 ശതമാനം നികുതികൂടി ചുമത്തിയിരിക്കുന്നു. ഒക്ടോബർ 10 മുതൽ പ്രാബല്യത്തിലാക്കിയ നിലയിൽ ഉത്തരവുമിറക്കി.  ഇത്തരമൊരു വ്യവസ്ഥ 2017 ൽ തന്നെ  ആലോചിച്ചിരുന്നെങ്കിലും വ്യാപകമായ എതിർപ്പിനെത്തുടർന്ന് മാറ്റിവയ്ക്കപ്പെടുകയായിരുന്നു. അന്നത്തെ നിയമം പ്രകാരം  20 ലക്ഷം രൂപയിൽ കൂടുതൽ വാടക ലഭിക്കുന്ന കെട്ടിട ഉടമകളാണ് രജിസ്ട്രേഷൻ എടുക്കേണ്ടത്‌. കെട്ടിട ഉടമയും വ്യാപാരിയും രജിസ്ട്രേഷൻ എടുത്തവരായാൽ ചെറിയ ബാധ്യത മാത്രമാണ് വരുന്നത്. എന്നാൽ ഇപ്പോൾ നടപ്പാക്കി തുടങ്ങിയ നിർദേശങ്ങൾ പ്രകാരം കെട്ടിട ഉടമയും വാടകക്കാരനായ വ്യാപാരിയും രജിസ്ട്രേഷൻ എടുക്കാത്തവരാണെങ്കിലും  വാടകക്കാരനുമേൽ 18 ശതമാനം അധിക ബാധ്യത വരും.

ആരെയൊക്കെ ബാധിക്കും?
ഇവരിൽ ആരെങ്കിലും ഒരാൾ രജിസ്ട്രേഷൻ പരിധിക്ക് പുറത്താണെങ്കിലും 18 ശതമാനം അധിക നികുതി നൽകണം.
കോമ്പോസിഷൻ സ്കീമിൽ രജിസ്ട്രേഷൻ ചെയ്ത് കച്ചവടം നടത്തിവരുന്ന വ്യാപാരികൾക്കും 18 ശതമാനം ജിഎസ്ടി അടയ്ക്കേണ്ടി വരും.
കുടുംബാംഗങ്ങൾ സൗജന്യമായി കെട്ടിടം നൽകിയാലും വാടകക്കാരൻ നികുതി നൽകേണ്ടതായും വരും.
ഹോട്ടലുകൾ, ജ്വല്ലറികൾ തുടങ്ങിയവ നടത്തുന്ന കോമ്പോസിഷൻ വ്യാപാരികൾക്കാണ് ഏറ്റവും വലിയ ബാധ്യത.

വർഷങ്ങളായി വാടക കെട്ടിടങ്ങളിൽ വ്യാപാരം നടത്തിവരുന്നവർ വാടകക്കരാറോ എഗ്രിമെന്റോ പുതുക്കേണ്ടി വരുമ്പോൾ അക്കാര്യം  ജിഎസ്ടി പോർട്ടലിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്.  ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തുന്ന ജിഎസ്ടി കൗൺസിൽ തീരുമാനം വാടകക്കാർക്കുമേൽ അധിക ബാധ്യത വരുത്തും. ഇത് കൂടാതെ  കെട്ടിട ഉടമയും കരാറുകാരനും തമ്മിൽ നിരന്തര തർക്കങ്ങൾ രൂപപ്പെടാനും ഇടവരും.  

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മാത്രം രാജ്യത്ത് രണ്ടു ലക്ഷത്തിലേറെ വ്യാപാര സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്. നോട്ട് നിരോധനത്തിൽനിന്നും കോവിഡ് മഹാമാരിയിൽ നിന്നും വ്യാപാരമേഖല കരകയറി വരുന്ന സന്ദർഭത്തിലാണ് സാമ്പത്തികമാന്ദ്യത്തിന്റെ  ദുരന്തംകൂടി ഏൽക്കേണ്ടിവരുന്നത്. അതിനിടയിലാണ് വിലക്കയറ്റം നിയന്ത്രിച്ച് വിപണി ഇടപെടൽ ഫലപ്രദമായി നടത്തേണ്ട സർക്കാർ  വ്യാപാരികളും വ്യവസായികളും നൽകേണ്ട എല്ലാ ഫീസുകളും കുത്തനെ വർധിപ്പിക്കുന്നത്.

എന്നിട്ടും കേരളം നികുതി ചോർച്ച ഉണ്ടാകാതെ കേന്ദ്രത്തിന്റെ ജിഎസ് ടി നിയമങ്ങൾ കർശനമായി കേരളത്തിൽ സംസ്ഥാന നികുതി വകുപ്പ് നടപ്പാക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച തൃശൂരിൽ നടന്നത്‌ സംസ്ഥാന ജിഎസ്‌ടി ചരിത്രത്തിലെ ഏറ്റവും വലിയ ഇന്റലിജൻസ്‌ ഓപ്പറേഷനായിരുന്നു. ‘ടെറെ ദെൽ ഒറോ’ മിന്നൽ റെയ്‌ഡിൽ  104 കിലോഗ്രാം അനധികൃത സ്വർണമാണ് കണ്ടെത്തിയത്. രണ്ടു ദിവസം നീണ്ട ഓപ്പറേഷനിൽ 75 ഇടങ്ങളിൽ ഒരേ സമയം പരിശോധന നടത്തി. വ്യാപാര സ്ഥാപനങ്ങളും ഫ്ലാറ്റുകളും സൂക്ഷിപ്പ് കേന്ദ്രങ്ങളും വീടുകളും എല്ലാം നികുതി വകുപ്പ് പരിശോധിച്ചു.  

കണക്കിൽപ്പെടാത്ത സ്വർണത്തിന്‌ മൂല്യത്തിന്‌ അനുസരിച്ച്‌ നികുതിയും പിഴയും ഈടാക്കാനാണ് വകുപ്പ് നീക്കം. 72 ലക്ഷം രൂപയാണ്‌ ഒരു കിലോ സ്വർണ്ണത്തിന്റെ ഏകദേശ വില. ഇതുവരെ വ്യാപാരികളിൽനിന്ന്‌ 4.3 കോടി രൂപ നികുതിയും പിഴയുമായി ഈടാക്കിയിട്ടുണ്ട്‌. കണക്കില്‍പ്പെടാത്ത സ്വര്‍ണം പിടിച്ചെടുക്കുന്നതിനൊപ്പം അഞ്ചു വര്‍ഷമായി ജി.എസ്.ടി. വകുപ്പിനെ അറിയിക്കാതെ നടത്തിയ ഇടപാടുകള്‍ കണ്ടെത്തുക കൂടിയായിരുന്നു പരിശോധനയുടെ ലക്ഷ്യം.   ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിൽ വിറ്റുവരവ് നടക്കുന്നതാണ് കേരളത്തിലെ സ്വർണ്ണ വ്യാപാര മേഖല.

With the “One Country, One Market, One Tax” initiative, GST has affected small businesses in Kerala. New regulations, including an 18% tax on rental property for traders, place additional financial burdens on tenants and businesses already struggling post-COVID and economic challenges.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version