അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇലോൺ മസ്കും അദ്ദേഹത്തിന്റെ എക്സ് പ്ലാറ്റ്ഫോമും വഹിച്ച പങ്ക് ചെറുതല്ല. പുതിയ നക്ഷത്രമെന്നാണ് മസ്കിനെ ട്രംപ് തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം പ്രകീർത്തിച്ചത്. ട്രംപിൻറെ വലംകൈ ആയി വിശേഷിപ്പിക്കപ്പെടുന്ന മസ്കിൻറെ ഇലക്ട്രിക് കാർ കമ്പനി ടെസ്ലയുടെ ഓഹരികളും ട്രംപിന്റെ മുന്നേറ്റത്തോടെ വൻ കുതിപ്പ് രേഖപ്പെടുത്തി.
ട്രംപ് 2 ഗവണമെന്റ് ഇലോൺ മസ്കിന്റെ നേതൃത്വത്തിൽ കാര്യക്ഷമതാ കമ്മീഷനെ നിയമിക്കുമെന്നും ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. മാഡിസൺ സ്ക്വയർ ഗാർഡനിൽ നടന്ന പ്രചാരണ റാലിക്കിടെ മസ്കിനെ ‘സൂപ്പർ ജീനിയസ്’എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ട്രംപ് സ്ഥാനാർത്ഥിത്വത്തെ പിന്തുണയ്ക്കുന്നതിനായി സ്ഥാപിച്ച അമേരിക്ക പിഎസിക്ക് സെപ്റ്റംബറിൽ മസ്ക് 75 മില്യൺ ഡോളർ സംഭാവന നൽകിയിരുന്നു. ട്രംപിനുള്ള പരസ്യ പിന്തുണയ്ക്ക് പുറമേ നിരവധിയിടങ്ങളിൽ നിയുക്ത പ്രസിഡന്റിനു വേണ്ടി മസ്ക് പ്രചാരണത്തിനും ഇറങ്ങി. മസ്കിൻറെ സംരംഭങ്ങളെ അനുകൂലിക്കുന്ന നിലപാടാണ് ട്രംപും കൈകൊള്ളുന്നത്. ഈ സ്വാധീനം ഭാവിയിൽ ടെസ്ലയ്ക്ക് ഏറെ ഗുണം ചെയ്യും.
അതേസമയം, ഇന്ത്യൻ ഇ-കാർ വിപണിയിൽ ടെസ്ലയുടെ വരവ് നിരവധി പ്രതിബന്ധങ്ങൾ കാരണം നീണ്ടു പോകുകയാണ്. ട്രംപിന്റെ വിജയത്തോടെ ഇതിലും മാറ്റങ്ങളുണ്ടാകും എന്ന് കരുതപ്പെടുന്നു. ലോകത്തെ ഏറ്റവും വമ്പൻ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള വരവ് നിയമ നൂലാമാലകളിൽപ്പെട്ടാണ് നീളുന്നത്. ഇക്കാരണം പറഞ്ഞ് കഴിഞ്ഞ മെയ്യിൽ മസ്ക് ഇന്ത്യയിലേക്കുള്ള സന്ദർശനം വേണ്ടെന്ന് വെച്ചിരുന്നു.
ഷാങ്ഹായിലെ ടെസ്ല ജിഗാഫാക്ടറി കേന്ദ്രീകരിച്ച് വൻ സംരംഭങ്ങളാണ് ഇപ്പോൾ മസ്ക് ചൈനയിൽ നടത്തുന്നത്. ചൈനീസ് വിരുദ്ധ നിലപാടുള്ള ട്രംപിന്റെ സ്വാധീനം ഇത്തരം ടെസ്ല സംരംഭങ്ങളെ ഇന്ത്യയിലേക്ക് അടുപ്പിക്കും എന്നു കരുതപ്പെടുന്നു. ഡൽഹിയിൽ മൂന്ന് ബില്യൺ ഡോളറിന്റെ ഇവി ഫാക്ടറി തുടങ്ങാൻ ടെസ്ലയ്ക്ക് നേരത്തെ പദ്ധതിയുണ്ടായിരുന്നു.
Elon Musk’s ties with Donald Trump influence Tesla’s market performance and its potential entry into India. Trump’s victory speech praising Musk as a “genius” spurred Tesla shares, raising investor confidence and possibly opening new doors for Tesla globally.