മാറ്റങ്ങള്‍ക്ക് തുടക്കമിട്ട് എത്തിയ എച്ച്എല്‍എല്ലിന്‍റെ തിങ്കള്‍ പദ്ധതി മാറ്റിയെടുത്തത് രാജ്യത്തെ 7.5 ലക്ഷം വനിതകളെ. ഇതുവരെ 7.5 ലക്ഷം മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്ത് ആരോഗ്യ, പരിസ്ഥിതി, സാമൂഹിക പരിവര്‍ത്തനങ്ങള്‍ക്ക് നിർണായക ശക്തിയായി മാറിക്കൊണ്ടിരിക്കുകയാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റിഡിന്റെ എച്ച്എല്‍എല്ലിന്‍റെ ‘തിങ്കള്‍’ പദ്ധതി. 2018 പ്രളയകാലത്ത് നേരിട്ട സാനിട്ടറി നാപ്കിന്‍ നിര്‍മ്മാര്‍ജ്ജന പ്രതിസന്ധിക്ക് പരിഹാരമായാണ് പദ്ധതി രംഗത്തെത്തിച്ചത്.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനമാണ് എച്ച്എല്‍എല്‍ (HLL) ലൈഫ്കെയര്‍ ലിമിറ്റഡ്. ആര്‍ത്തവ ശുചിത്വവുമായി ബന്ധപ്പെട്ട് അവബോധം സൃഷ്ടിക്കുന്നതിനും, ആര്‍ത്തവ കപ്പുകളുടെ വിതരണത്തിനുമായി എച്ച്എല്‍എല്‍ ആവിഷ്കരിച്ച നവീനവും നൂതനവുമായ പദ്ധതിയാണ് ‘തിങ്കള്‍’. ഒക്ടോബര്‍ 31 വരെയുള്ള കണക്ക് പ്രകാരം 7.5 ലക്ഷം വനിതകള്‍ തിങ്കള്‍’ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞു എന്നതാണ് ശ്രദ്ധേയമായ കാര്യം.
ഒരു സ്ത്രീ ആര്‍ത്തവ കാലഘട്ടത്തില്‍ ശരാശരി 15,000 സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരു പാക്കറ്റ് പാഡിന് 50 രൂപ വില കണക്കാക്കിയാല്‍ ഒരു വര്‍ഷം കുറഞ്ഞത് 600 രൂപ ചിലവഴിക്കേണ്ടി വരുന്നു. കൂടാതെ പാഡുകള്‍ക്ക് ഉള്ളിലെ ജെല്‍, പ്ലാസ്റ്റിക് തുടങ്ങിയവ പരിസ്ഥിതി സൗഹൃദമല്ലാത്തതാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 7.5 ലക്ഷത്തിലധികം മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്യുക വഴി 10000 ടണ്‍ നാപ്കിന്‍ മാലിന്യം കുറയ്ക്കാനും കാര്‍ബണ്‍ എമിഷന്‍ 13,250 ടണ്‍ വരെ കുറയ്ക്കാനും സാധിച്ചു എന്നാണു കണക്കാക്കപ്പെടുന്നത്.
ഇന്ത്യയില്‍ കേരളത്തിനു പുറമെ ജാര്‍ഖണ്ഡ്, ഗുജറാത്ത്, മഹാരാഷ്ട്ര, തെലങ്കാന, കര്‍ണാടക, തമിഴ്നാട് എന്നിങ്ങനെ 7 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ ലക്ഷദ്വീപിലുമാണ് ഈ പദ്ധതി നിലവില്‍ നടപ്പിലാക്കി വരുന്നത്. വിവിധ സംസ്ഥാന സര്‍ക്കാരുകള്‍, കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍, എന്‍ജിഒകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ചാണ് ‘തിങ്കള്‍’ പദ്ധതി നടപ്പിലാക്കി വരുന്നത്. ആഭ്യന്തര വിപണിയില്‍ വെല്‍വെറ്റ്’ എന്ന ബ്രാന്‍ഡിലും വിദേശ വിപണിയില്‍ കൂള്‍ കപ്പ്’ എന്ന ബ്രാന്‍ഡിലുമാണ് എച്ച്എല്‍എല്‍ മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്തു വരുന്നത്.
തിങ്കള്‍ പദ്ധതിയുടെ നിര്‍വഹണ ചുമതല എച്ച്എല്‍എല്ലിന്‍റെ സാമൂഹിക വിദ്യാഭ്യാസ വികസന വിഭാഗമായ എച്ച്എല്‍എല്‍ മാനേജ്മെന്‍റ് അക്കാഡമിയ്ക്കാണ്. 2018 പ്രളയകാലത്ത് നേരിട്ട സാനിട്ടറി നാപ്കിന്‍ നിര്‍മ്മാര്‍ജ്ജന പ്രതിസന്ധിക്ക് പരിഹാരമായാണ് എച്ച്എല്‍എല്‍ ‘തിങ്കള്‍’ പദ്ധതിക്ക് രൂപം നല്‍കിയത്. തദ്ദേശസ്വയംഭരണ വകുപ്പ്, NGO, SHG, തുടങ്ങിയ വിവിധ വിഭാഗങ്ങളുടെയും സംഘടനകളുടെയും പിന്തുണയോടെയാണ് ‘തിങ്കള്‍’ പദ്ധതി കേരളത്തില്‍ നടപ്പിലാക്കി വരുന്നത്.
നഗരങ്ങളിലേയും, ഗ്രാമങ്ങളിലേയും, ഉള്‍ഗ്രാമങ്ങളിലേയും വനിതകളെ ഉള്‍ക്കൊള്ളിക്കുന്ന സമഗ്രമായ പദ്ധതിയാണിത്. ഈ പദ്ധതിയിലൂടെ കേരളത്തിലെ രണ്ട് ഗ്രാമങ്ങളെ, എറണാകുളത്തെ കുമ്പളങ്ങി ഗ്രാമപഞ്ചായത്തും, തിരുവനന്തപുരത്തെ കള്ളിക്കാട് പഞ്ചായത്തും, നാപ്കിന്‍ രഹിത പഞ്ചായത്തായി മാറ്റാന്‍ തിങ്കള്‍ പദ്ധതിയിലൂടെ സാധിച്ചു –
മെന്‍സ്ട്രല്‍ കപ്പുകളെ കുറിച്ചുള്ള വിപുലമായ പ്രചാരണവും അവബോധവുമാണ് തിങ്കള്‍ പദ്ധതിയിലൂടെ എച്ച്എല്‍എല്‍ ലക്ഷ്യം വയ്ക്കുന്നത്. കൊച്ചി മെട്രോ സ്റ്റേഷനുകളിലെ വനിതാ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും അന്താരാഷ്ട്ര വനിതാ ദിനത്തില്‍ മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്തത് ശ്രദ്ധേയമായിരുന്നു..
കേരള സര്‍ക്കാരിന്‍റെ പതിനാലാം പഞ്ചവത്സര പദ്ധതിയില്‍ ‘തിങ്കള്‍’ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ മാത്രം ഏകദേശം നാല് ലക്ഷം ഉപഭോക്താക്കള്‍ക്ക് മെന്‍സ്ട്രല്‍ കപ്പിന്‍റെ പ്രയോജനം ഇതിനോടകം ലഭിച്ചു കഴിഞ്ഞു. എയര്‍ഇന്ത്യ, കോള്‍ ഇന്ത്യ ലിമിറ്റഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ടാറ്റാ എലക്സി പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങി നിരവധി സ്ഥാപനങ്ങളും എച്ച്എല്‍എല്ലിന്‍റെ ഈ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.
ആര്‍ത്തവ ശുചിത്വത്തിലൂടെ ഗുണമേന്മയുള്ള ജീവിതം
എച്ച്എല്‍എല്‍ മെന്‍സ്ട്രല്‍ കപ്പ് പുനഃരുപയോഗിക്കാവുന്നതും രാജ്യാന്തര ഗുണമേന്മാമാനദണ്ഡമായ എഫ്ഡിഎ അംഗീകൃത മെഡിക്കല്‍ ഗ്രേഡ് സിലിക്കണ്‍ മെറ്റീരിയലില്‍ കൊണ്ട് നിര്‍മ്മിച്ചതുമാണ്. കുറഞ്ഞത് 5 വര്‍ഷം വരെ മെന്‍സ്ട്രല്‍ കപ്പുകള്‍ ഉപയോഗിക്കാനാകും. സാനിറ്ററി നാപ്കിനുകള്‍ക്കും ഡിസ്പോസിബിള്‍ ആര്‍ത്തവ ശുചിത്വ ഉത്പന്നങ്ങള്‍ക്കും സുരക്ഷിതമായ ബദലായി മെന്‍സ്ട്രല്‍ കപ്പുകളെ കണക്കാക്കപ്പെടുന്നു. ഉപയോഗിച്ചതിനു ശേഷം തിളപ്പിച്ച വെള്ളത്തില്‍ എം കപ്പുകള്‍ അണുവിമുക്തമാക്കാന്‍ സാധിക്കും.
സാമൂഹിക രംഗത്തെ ശ്രദ്ധേയമായ സംഭാവനകളെ പരിഗണിച്ച് തിങ്കള്‍ പദ്ധതിക്ക് സ്കോച്ച് അവാര്‍ഡും അടുത്തിടെ ലഭിച്ചിട്ടുണ്ട്.
HLL’s ‘Thingal’ project, a transformative initiative for menstrual hygiene, has reached 7.5 lakh women, reducing waste and carbon emissions. The project promotes menstrual cups as an eco-friendly and cost-effective alternative to sanitary napkins.