5000 കോടിയോളം വിറ്റുവരവ് നേടിയ മലയാളിയുടെ ഈ ബ്രാൻഡിന് എന്തു സംഭവിച്ചു?

1990-കളുടെ അവസാനം. കേരളത്തിൽ മൊബൈൽ സർവ്വീസുകൾ തുടങ്ങിയിട്ടേ ഉള്ളൂ. മൊബൈൽ ഫോൺ ഒരു ആർഭാടവും ആഡംബരവുമായ വസ്തുവായിരുന്ന കാലം. ഔട്ട് ഗോയിംഗിന് മിനുറ്റിന് 20 രൂപയ്ക്കടുത്തും, ഇൻകമിങ്ങിന് 10 രൂപയോളവും ഒക്കെ ചാർജ്ജുണ്ടായിരുന്ന ആ അന്തകാലം. അന്ന് എന്റെ ഒരു ബന്ധു, അദ്ദേഹമന്ന് കോളേജിൽ പഠിക്കുകയാണ്. ബൈക്ക് വാങ്ങാൻ പണം കണ്ടെത്താനുള്ള ഒരു വഴിയായി മൊബൈൽ കണ്ക്ഷൻ ഏജന്റായി. ഒരു കണക്ഷൻ റെഡിയാക്കിയാൽ 500 രൂപ കമ്മീഷൻ! എസ്കോടെൽ, ബിപിൽ എന്നീ കമ്പനികളാണ് സർവ്വീസ് പ്രൊവൈഡർമാർ. ഹാൻഡ് സെറ്റാവട്ടെ എറിക്സണും, ബിപില്ലും മോട്ടോറോളയും. നാട്ടിലെ സമ്പന്നൻമാരായ ജുവല്ലറി മുതലാളിമാർ, ടെക്സ്റ്റൽ ഓണേഴ്സ് തുടങ്ങി, ബിസിനസ്സ് ആവശ്യത്തിനും, പിന്നെ ധനികനാണെന്ന് നാലാളറിയാനും മൊബൈൽ സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചവരെയൊക്കെ അദ്ദേഹം വരിക്കാരാക്കി. ഏറ്റവും കൂടുതൽ വിറ്റത് BPL ആണെന്ന് തോന്നുന്നു. അതിനു മുന്നേ ഞാൻ ആ ബ്രാൻഡ് കണ്ടിട്ടുണ്ട്, വീടുകളിൽ ഇരുന്ന മറ്റൊരു ആഡംബരം! ടിവി! അതുപോലെ റെഫ്രിജറേറ്റർ ! BPL. ചുവന്ന അരികുള്ള നീല വൃത്തത്തിനുള്ളിലെ വെളുത്ത അക്ഷരം.

കണ്ണൂരിലെ വ്യവസായി
വടക്കേ മലബാറിന്റെ മണ്ണിന് ഒരു പ്രത്യേകതയുണ്ട്. ഒന്ന് കൊടുത്താ പത്താക്കി തിരിച്ച് തരും. അത് അടിയായാലും ആലിംഗനമായാലും ആദായമായാലും. പ്രത്യേകിച്ച് കണ്ണൂര്. കാരണം അവിടുത്തെ മനുഷ്യര് എന്താലോചിച്ചാലും ബിഗ് പിക്ചറിലേ കാണൂ. അതുകൊണ്ടാകും പകയും പ്രണയവും പണവും എല്ലാം അവിടിങ്ങനെ കൂടുതൽ വീര്യത്തിൽ ചുറ്റിനിൽക്കുന്നത്. ഒരു കാലത്ത് ഇന്ത്യയിലെ മുൻനിര ധനികന്മാരുടെ ലിസ്റ്റിലെ ഏക മലയാളി കണ്ണൂർ കോടിയേരിയിലുള്ള ഒരു നമ്പ്യാരായിരുന്നു എന്ന് എത്ര പേർക്കറിയാം? ടിപി ഗോപാലൻ നമ്പ്യാർ എന്ന ടിപിജി നമ്പ്യാർ! ബിപിഎല്ലിന്റെ സ്ഥാപകൻ! ജീവിതമെന്ന സംരംഭത്തിന് താഴിട്ട് അദ്ദേഹം മടങ്ങുമ്പോൾ, ഒരുകാലത്തെ മലയാളിയുടെ സംരഭക ധൈര്യത്തിന്റേയും പ്രൊഫഷണലിസത്തിന്റേയും പ്രതീകമാണ് മറയുന്നത്.

മാർവാടിക്ക് മാത്രമേ അറിയൂ എന്ന് നമ്മൾ ധരിച്ചിരുന്ന കച്ചവടത്തിന്റെ ആ കാര്യതന്ത്രജ്‍ഞത ഉണ്ടല്ലോ, അതിങ്ങനെ കൈരേഖപോലെ കാത്ത് വെച്ച ദീർഘവീക്ഷണം ഉണ്ടായിരുന്ന ഒരു വ്യവസായി! ഒരുകാലത്ത് ഇലക്ട്രോണിക് ഹൗസ് ഹോൾഡ് പ്രൊ‍ഡക്റ്റുകളിൽ  ഇന്ത്യയിലെ ഇടിവെട്ട് ബ്രാൻഡായി വിലസിയ ബിപിഎല്ലിന്റെ സ്ഥാപകനായ ടിപിജി നമ്പ്യാർ, ഇന്ത്യൻ ഇലക്ട്രോണിക് പ്രൊ‍ഡക്റ്റ് ബിസിനസ്സിൽ വെന്നിക്കൊടി പാറിച്ച ആ മലയാളിയെ നല്ല ഒന്നാന്തരം പണികൊടുത്ത് ഇവിടെ നിന്ന് ഓടിച്ച ക്രെ‍‍ഡിറ്റും നമ്മൾ മലയാളികൾക്ക് തന്നെ! ആ കഥ വഴിയേ പറയാം.

മലയാളി ഫ്രം വടക്കേ മലബാർ
വടക്കേമലബാറിലെ, കൃത്യമായി പറഞ്ഞാൽ കണ്ണൂർ കോടിയേരിയിൽ അന്നത്തെ ജന്മി കുടുംബത്തിൽ ജനിച്ച താഴത്ത് പുല്ലായിക്കുടി ഗോപാലൻ നമ്പ്യാർ അഥവാ ടിപിജി നമ്പ്യാർ, 1950-കളിൽ ലണ്ടനിലെ നാഷണൽ കോളേജിൽ‌ നിന്ന് എയർ കണ്ടീഷനിംഗ് ആന്റ് റഫ്രിജറേഷനിൽ ‍ഡിപ്ലോമ എടുത്തു. ലണ്ടനിലും അമേരിക്കയിലും ജോലി ചെയ്തു.

ഇംഗ്ളണ്ടിലെ ബ്രിട്ടീഷ് ഫിസിക്കൽ ലബോറട്ടറി എന്ന കമ്പനിയെ ഏറ്റെടുക്കാനൊരു അവസരം വന്നപ്പോൾ, അതുവരെയുണ്ടായിരുന്ന സാങ്കേതിക പരിജ്ഞാനവും കണ്ണൂര്കാരന് സ്വതവേയുള്ള ചങ്കൂറ്റവും മൂലധനമാക്കി ആ തീരുമാനമങ്ങ് എടുത്തു. കോയമ്പത്തൂര് വഴി കമ്പനിക്കാവശ്യമായ റോ മെറ്റീരിയൽസ് കൊണ്ടുവരാമെന്ന് കണക്ക് കൂട്ടി, പാലക്കാട് ഫാക്ടറി സ്ഥാപിച്ചു. ബ്രിട്ടീഷ് ഫിസിക്കൽ ലബോറട്ടറി ചുരുക്കി ബിപിഎൽ എന്ന ബ്രാൻഡ് തുടങ്ങുമ്പോൾ വർഷം 1963! സൈനിക ആവശ്യങ്ങൾക്കുള്ള ഹെർമെറ്റിക്കലി സീൽഡ് പാനൽ മീറ്ററുകൾ (Hermetically sealed panel meters) നിർമ്മിച്ചുകൊണ്ടാണ് ബിപിഎൽ സംരംഭക രംഗത്തേക്ക് വരുന്നത്. ഇസിജി, മോണിറ്ററിംഗ് സിസ്റ്റം തുടങ്ങി മെഡിക്കൽ ഉപകരണങ്ങളും വികസിപ്പിക്കാൻ ആരംഭിച്ചു. 1982-ൽ ഏഷ്യൻഗെയിംസിന് ഇന്ത്യ ആതിഥ്യം അരുളിയതോടെ മറ്റൊരു സാധ്യത രാജ്യത്ത് തുറന്ന് വരുന്നത് കാണാൻ ടിപിജി നമ്പ്യാർ എന്ന സംരംഭകനായി. മറ്റേത് ലെഗസി ബ്രാൻഡുകളേപ്പോലെയും ബിപിഎൽ അതിന്റെ ജൈത്രയാത്ര തുടങ്ങുകയായിരുന്നു. ടെലിവിഷൻ, വിസിആർ എന്നിവയുടെ നിർമ്മണത്തോടെ ബിപിഎൽ രാജ്യത്തെ ഏറ്റവും ശക്തമായ ബ്രാൻഡായി മാറുകയായിരുന്നു. 1990-കളുടെ അവസാനം ടെലിവിഷൻ വിൽപ്പനയിൽ 15% മാർക്കറ്റ് ഷെയറാണ് ബിപിഎല്ലിന് ഉണ്ടായിരുന്നത് എന്ന് ഓർക്കണം.

ഇത്രചങ്കൂറ്റം അക്കാലത്ത് മറ്റേത് മലയാളിക്കുണ്ടാകും?
ആയിരക്കണക്കിന് ഷോറൂമുകളും, സർവ്വീസ് സെന്ററുകളും പൂത്തുലഞ്ഞു. ടെലിവിഷനിൽ നിന്ന് റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, എസി, മൈക്രോവേവ് തുടങ്ങിയ ഇലക്രോണിക് ഉപകരണങ്ങളിലും പേജർ, മൊബൈൽ തുടങ്ങിയവയിലൂടെ കമ്മ്യൂണിക്കേഷൻ രംഗത്തേക്കും ബിപിഎൽ അടിച്ചുകയറി. മറ്റൊരു ഇന്ത്യൻ ബ്രാൻഡുകളും കളത്തിലില്ലാത്തപ്പോഴാണ് ബിപിഎൽ മൊബൈൽ നെറ്റ്വർക്ക് ഓപ്പറേറ്ററായി എത്തിയതെന്ന് ഓർക്കണം. ടിപിജി നമ്പ്യാർ അല്ലാതെ ഇത്രചങ്കൂറ്റം അക്കാലത്ത് മറ്റേത് മലയാളി സംരംഭകനുണ്ടായിട്ടുണ്ട്? അദ്ദേഹത്തിന്റെ മരുമകൻ രാജീവ് ചന്ദ്രശേഖർ ആണ് ബിപിഎൽ മൊബൈലിന്റെ ചുക്കാൻ പിടിച്ചത്. തുടങ്ങി 10-ആം വർഷം, അതായത് 2005-ൽ രാജീവ് ചന്ദ്രശേഖർ, ബിപിഎൽ കമ്മ്യൂണിക്കേഷനിലെ തന്റെ ഷെയറുകൾ എസ്സാർ ഗ്രൂപ്പിന് വിറ്റു. 2009-ൽ ബിപിഎൽ മൊബൈലിന്റെ പേര് ലൂപ് മൊബൈൽ (Loop Mobile ) എന്നാക്കി മാറ്റി.

വിസിആർ നിർമ്മാണം കേരളത്തിൽ വേണ്ട
1963-ൽ പ്രവർത്തനം തുടങ്ങുമ്പോൾ ഏതാണ്ട് 10 ലക്ഷം രൂപയ്ക്കടുത്ത് വിറ്റുവരവുണ്ടായിരുന്നു ബിപിഎൽ, 2000-ത്തിന്റെ ആദ്യം 5000 കോടി വിറ്റുവരവുള്ള എണ്ണം പറഞ്ഞ കമ്പനികളിൽ ഒന്നായി വളർന്നു. വളരുന്നവരെ പിന്നിൽ നിന്ന് കുത്തുക നമ്മുടെ വിനോദമാണല്ലോ.

പ്രത്യേകിച്ച് അതൊരു മലയാളി ആകുമ്പോൾ. നാടിനോടുള്ള സ്നേഹം കൊണ്ട് ബിപിഎല്ലിന്റെ ആദ്യഫാക്ടറി ടിപിജി നമ്പ്യാർ പാലക്കാടാണ് തുറന്നതെന്ന് പറഞ്ഞല്ലോ. എല്ലാ ബൂർഷ്വാകളേയും കെട്ടുകെട്ടിക്കുന്ന അതേ തന്ത്രം നമ്മൾ എടുത്തു! കൂലി വർദ്ധനവിനെചൊല്ലി തൊഴിലാളി സമരം! അതും സ്കൂൾ പഠനകാലത്ത് കടുത്ത ഇടത് പക്ഷാനുഭാവിയും പാർട്ടി ക്ലാസുകളിലെ പങ്കാളിയുമായിരുന്ന ടിപിജി നമ്പ്യാരോട്! കണ്ണൂര് നിന്നുതന്നെയുള്ള, അതും കോടിയേരിയിൽ ജനിച്ചുവളർന്ന അദ്ദേഹത്തിനോട് സമരമെന്ന രോഗത്തിനുള്ള ചികിത്സ ആരും ഉപദേശിക്കണ്ടല്ലോ. ടിപിജി നമ്പ്യാർ പാലക്കാട്ടെ ബിപിഎൽ ഫാക്ടറി അടച്ചിട്ടു. സമരം ചെയ്ത തൊഴിലാളികൾക്ക് വരുമാനം നിലച്ചു. പ്രയാസത്തിലായി. സമരം പിൻവലിച്ചു. ഫാക്ടറി വീണ്ടും തുറന്നു. പക്ഷെ സ്വന്തം നാട്ടിൽ കൂടുതൽ സംരംഭം വേണമെന്ന ആ മധുരമായ ആഗ്രഹം അദ്ദേഹം അവിടെ ഉപേക്ഷിച്ചു. വിസിആർ നിർമ്മാണ കേന്ദ്രം കേരളത്തിൽ തുടങ്ങാമെന്നൊക്കെ കൂട്ടിയ കണക്കുകൾ അദ്ദേഹം അതോടെ മായ്ചു കളഞ്ഞു. തൊഴിലാളി സമരവും കേരളത്തിലെ മറ്റ് സംരംഭക വിരുദ്ധ നിലപാടുകളും ആയിരുന്നു കാരണമെന്ന് പിന്നീട് ചില അഭിമുഖങ്ങളിൽ ടിപിജി നമ്പ്യാർ തന്നെ പറഞ്ഞിട്ടുണ്ട്.

കേരളത്തിന്റെ ടെക്നോക്രാറ്റ്
ഒരു മീറ്റിംഗിൽ കൃത്യമായ ധാരണയോടെയാകും ടിപി ഗോപാലൻ നമ്പ്യാർ വരിക. വളരെ ഷാർപ്പായ ഡിസിഷനുകൾ താമസമില്ലാതെ എടുക്കാനും ഒരു സമയം പോലും പാഴാക്കാതെ കാര്യങ്ങൾ ഇംപ്ലിമെന്റ് ചെയ്യാനും അദ്ദേഹത്തിനായി. ഒരുപക്ഷെ റിവേഴ്സ് ബ്രെയിൻഡ്രെയിന് നമുക്കു മുന്നിലുള്ള ആദ്യ പ്രതിഭയായിരുന്നു അദ്ദേഹം.

അമേരിക്കയിലും ഇംഗ്ലണ്ടിലും പോയി ടെക്നോളജി ആർജ്ജിച്ച ശേഷം  1960-കളിൽ സ്വന്തം രാജ്യത്ത് തിരികെയെത്തി ആ നോളജിനെ പ്രൊഡക്റ്റാക്കിയ ടിപിജിയല്ലേ റിവേഴ്സ് ബ്രെയിൻഡ്രെയിന്റെ റോൾ മോഡൽ? വരുമാനം 5000 കോടിയോളം എത്തുമ്പോൾ സ്വന്തം ബിസിനസ്സിനെ കുടുംബ ബിസിനസ്സിന്റെ പരിമിതികളിൽ നിന്ന് സ്വന്ത്രമാക്കിയിരിന്നുവെങ്കിൽ ബിപിഎൽ ഇപ്പോഴും പ്രതാപത്തോടെ തന്നെ ഉണ്ടാകുമായിരുന്നു എന്ന് വിശ്വസിക്കുന്നവരുണ്ട്. ടെക്നോളജിയിൽ അഗ്രഗണ്യനായിരുന്ന ടിപിജിക്ക് പ്രൊഡക്റ്റ് ഡിസൈനും പ്രൊഡക്റ്റ് മാനുഫാക്ചറിംഗും, അതിന്റെ ക്വാളിറ്റിയും കൺസിസ്റ്റൻസിയും ഒക്കെ ഗംഭീരമാക്കാനായി. പക്ഷെ കമ്പനി മാനേജ്മെന്റും വെൽത്ത് മാനേജ്മെന്റും പ്രൊഫഷണലായി ശ്രദ്ധിക്കാനായിരുന്നുവെങ്കിൽ ബിപിഎൽ രാജ്യത്തെ ഏറ്റവും ഗംഭീരമായ ബ്രാൻഡായി നിലനിക്കുമായിരുന്നില്ലേ?

പ്രൊ‍ക്റ്റുകൾക്ക് മികച്ച നിലവാരം
തിളങ്ങി നിന്ന കാലത്തെ ബിപിഎല്ലിന്റെ പരസ്യങ്ങളും ദേശീയ ശ്രദ്ധ ആകർഷിച്ചവയാണ്. വീ സ്പീക്ക് യുവർ ലാംഗ്വേജ് എന്ന ടാഗ് ലൈനോടെ വന്ന ബിപിഎൽ ടെലിവിഷൻ പരസ്യങ്ങൾ ഓർക്കുന്നുണ്ടാകും. ബിപിഎല്ലിന്റെ പ്രൊഡക്റ്റുകളും മികച്ച നിലവാരമുള്ളവയായിരുന്നു. ടിവിയും റഫ്രിജറേറ്ററുമൊക്കെ വർഷങ്ങളോളം ഉപയോഗിച്ച എത്രയോ ആളുകളുണ്ട്. അമേരിക്കയിലും ഇംഗ്ളണ്ടിലും  എയർ കണ്ടീഷനിംഗ് ആന്റ് റഫ്രിജറേഷനിൽ പയറ്റിതെളിഞ്ഞ ടിപിജി നമ്പ്യാർ മുന്നിൽ നിൽക്കുമ്പോൾ ബിപിഎല്ലിന്റെ പ്രൊഡക്റ്റുകൾ മോശമാകുമോ?

തളർന്നതോ തളർത്തിയതോ?
ലക്ഷണം ഒത്ത ഒരു കോർപ്പറേറ്റ് ബ്രാൻഡിനെപ്പോലെയായിരുന്നു ബിപിഎല്ലിന്റെ തുടക്കവും വളർച്ചയുമെല്ലാം. പക്ഷെ എവിടെയാണ് ആ ബ്രാൻഡിന് പിഴച്ചുപോയത്? ബിപിഎൽ തുടങ്ങുന്ന അതേ കാലഘട്ടങ്ങളിൽ തുടങ്ങിയ പല ബ്രാൻഡുകളും കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങളിൽ നിൽക്കുന്നു! പാർലെ ജി പോലെയുള്ളവ ഉദാഹരണങ്ങളാണ്. ഉദാരവത്കരണത്തിന്റെ ഭാഗമായി ഇലക്ട്രോണിക്സ് പ്രൊ‍ഡക്റ്റുകളുടെ രംഗത്തും മൊബൈൽ ഓപ്പറേറ്റിംഗ് രംഗത്തും വിദേശ കമ്പനികൾ കടന്നുവന്നതോടെ വിപണി മത്സരത്തിൽ പിന്നോട്ട് പോയതാണോ? അതോ കുടുംബത്തിനുള്ളിലെ സ്വരചേർച്ചയില്ലാത്തതാണോ? അതുല്യമായ സംരംഭകത്വം ഉള്ളിലുള്ള അതികായനായ ഒരുവ്യക്തി ഊടും പാവും നെയ്തെടുക്കുന്ന ഒരു സംരംഭത്തെ മക്കളും ആ കുടുംബത്തിലേക്ക് വരുന്ന മറ്റുള്ളവരും ചേർന്ന് പുതിയ ദിശയിൽ നയിക്കുന്നതും രാജ്യത്തിന് പുറത്തേക്ക് ശിഖിരങ്ങൾ നീട്ടിയും ഫ്യൂച്ചറിസ്റ്റിക്കായ മേഖലയിലേക്ക് വേരുകൾ ആഴ്ത്തിയും വൻവൃക്ഷം പോലെ ആ സംരംഭത്തെ വളർത്തുന്നതും നമ്മൾ മറ്റ് പല ബ്രാൻഡുകളുടെ വളർച്ചയിലും കാണുന്നുണ്ട്. ആ കഥകളി‍ക്കിടയിൽ എവിടെയോ ബിപിഎൽ കാണുമ്പോൾ  ഒരു രസച്ചരട് പൊട്ടിയ പോലെ..മലയാളിയായ ഒരു മനുഷ്യൻ വേൾഡ് ക്ലാസായ ഉൽപ്പന്നങ്ങളുണ്ടാക്കിയിട്ടും, 200-ഓളം പ്രൊഡക്റ്റുകൾ മാർക്കറ്റിലിറക്കിയിട്ടും, അവയ്ക്ക് പുറം രാജ്യങ്ങളിൽ പോലും മാർക്കറ്റുണ്ടായിട്ടും, നമ്മുടെ രാജ്യത്ത് വളരാനുള്ള സാഹചര്യം ഉണ്ടായിട്ടും.. എന്താണ് പറ്റിയത്? മലയാളി സംരംഭകന്റെ ബിപിഎൽ സ്വയം തളർന്നതോ? തളർത്തിയതോ?

എന്തുതന്നെയായാലും രാജ്യം കണ്ട പ്രതിഭാധനനായിരുന്ന ആ സംരഭകന് പ്രണാമം!

TPG Nambiar, the visionary behind BPL, transformed the Indian electronics landscape with world-class products. His entrepreneurial journey from Kannur to national acclaim is a tale of innovation, challenges, and missed opportunities.

Share.
Leave A Reply

Exit mobile version